ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയില്‍ യുവത ഇരുപത്തിമൂന്നിന്റെ നിറവില്‍
യുവത പ്രസിദ്ധീകരിക്കുന്ന ‘1921: മലബാര്‍ സമരം ആറ് വാള്യങ്ങളില്‍ എന്ന ഗ്രന്ഥപരമ്പരയുടെ യു എ ഇ പ്രീ പബ്ലിക്കേഷന്‍ ബ്രോഷര്‍ കെ എം സി സി ജനറല്‍ സെക്രട്ടറി പി കെ അന്‍വര്‍ നഹ ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ വൈസ് പ്രസിഡന്റ് അഡ്വ. വൈ എ റഹീമിന് നല്‍കി പ്രകാശനം ചെയ്യുന്നു.
ഷാര്‍ജ: 39-ാമത് ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയില്‍ ‘യുവത’ ബുക്‌സിന് അഭിമാന നിമിഷങ്ങള്‍. തുടര്‍ച്ചയായി ഇരുപത്തിമൂന്നാം തവണയാണ് യുവത പങ്കെടുത്തത്. 1998 മുതലാണ് യുവത ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയുടെ ഭാഗമാകുന്നത്. ഈ വര്‍ഷത്തെ പുസ്തകമേളയിലും വ്യത്യസ്ത പരിപാടികളാല്‍ യുവത ശ്രദ്ധേയമായി. ഡോ. കെ കെ എന്‍. കുറുപ്പ് ജനറല്‍ എഡിറ്ററായി ‘യുവത’ പ്രസിദ്ധീകരിക്കുന്ന ‘1921: മലബാര്‍ സമരം ആറ് വാള്യങ്ങളില്‍’ ഗ്രന്ഥപരമ്പരയുടെ യു എ ഇ പ്രീ പബ്ലിക്കേഷന്റെ രജിസ്‌ട്രേഷന്‍ ഉദ്ഘാടനം റിജന്‍സി ഗ്രൂപ്പ് ചെയര്‍മാന്‍ ശംസുദ്ദീന്‍ ബിന്‍ മുഹ്‌യുദ്ദീന്‍ നിര്‍വഹിച്ചു. യു എ ഇ കെ എം സി സി ജനറല്‍ സെക്രട്ടറി പി കെ അന്‍വര്‍ നഹ ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ വൈ.പ്രസിഡന്റ് അഡ്വ. വൈ എ.റഹീമിന് നല്‍കി ബ്രോഷര്‍ പ്രകാശനം ചെയ്തു. പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍ വിശിഷ്ടാതിഥിയായി പങ്കെടുത്തു. യുവത സി ഇ ഒ ഹാറൂന്‍ കക്കാട് ഗ്രന്ഥപരിചയം നടത്തി.
‘യുവത’ പ്രസിദ്ധീകരിച്ച നാല് പുസ്തകങ്ങള്‍ പുസ്തകമേളയില്‍ പ്രകാശനം ചെയ്തു. മുജീബ് റഹ്മാന്‍ കിനാലൂര്‍ എഡിറ്റ് ചെയ്ത ‘കോവിഡ് കാലം അനന്തര ലോകം’ എന്ന കൃതി കെ എം സി സി പ്രസിഡന്റ് ഡോ. പുത്തൂര്‍ റഹ്മാന്‍ ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി അബ്ദുല്ല മല്ലിച്ചേരിക്ക് കോപ്പി നല്‍കി പ്രകാശനം ചെയ്തു. കോവിഡ് കാലം അനന്തര ലോകം പുസ്തകത്തിലെ ലേഖകന്‍ ഇ കെ ദിനേശന്‍ ചടങ്ങില്‍ മുഖ്യാതിഥിയായി പങ്കെടുത്തു.
സി കെ റജീഷ് എഴുതിയ ‘ആനന്ദം അകലെയല്ല’ എന്ന പുസ്തകം ഷാര്‍ജ ബുക്ക് അഥോറിറ്റിയുടെ കള്‍ച്ചറല്‍ ആന്റ് ഇന്‍ഫര്‍മേഷന്‍ എക്‌സ്‌റ്റേണല്‍ അഫേഴ്‌സ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ മോഹന്‍കുമാര്‍ എ എ കെ ഗ്രൂപ്പ് എം ഡി പാറപ്പുറത്ത് മുഹമ്മദ്കുട്ടി ഹാജിക്ക് കോപ്പി നല്‍കി പ്രകാശനം ചെയ്തു.
ടി പി എം റാഫി എഴുതിയ ‘പ്രപഞ്ചചിത്രം ഖുര്‍ആന്‍ വര്‍ണങ്ങളില്‍’ എന്ന പുസ്തകം ഷാര്‍ജ ഇന്ത്യന്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ എം മുഹമ്മദ് അമീന്‍ പാസണ്‍സ് ഗ്രൂപ്പ് എം ഡി നാസര്‍ പോക്കറാട്ടിലിന് കോപ്പി നല്‍കി പ്രകാശനം ചെയ്തു. ഹസന്‍ നെടിയനാട് രചിച്ച ‘കോടഞ്ചേരി മരക്കാര്‍ മുസലിയാരുടെ ദുരാചാരമര്‍ദനം’ എന്ന പുസ്തകം ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡന്റ് ഇ പി ജോണ്‍സണ്‍ പ്രകാശനം ചെയ്തു. കോടഞ്ചേരി മരക്കാര്‍ മുസ്‌ലിയാരുടെ പൗത്രന്റെ മകന്‍ ജഹാംഗീര്‍ എളയേടത്ത് ആദ്യപ്രതി ഏറ്റുവാങ്ങി.
ശബാബ് വാരികയുടെ യു എ ഇ പ്രചാരണോദ്ഘാടന പരിപാടി പുസ്തകമേളയില്‍ നടന്നു. ആദ്യകാല പ്രവാസി എം അബ്ദുല്‍ജബ്ബാര്‍ എഴുത്തുകാരന്‍ മുജീബ് എടവണ്ണക്ക് കോപ്പി നല്‍കിയാണ് പ്രചാരണോദ്ഘാടനം നിര്‍വഹിച്ചത്. പുടവ മാസികയുടെ പ്രചാരണോദ്ഘാടനം ഗോള്‍ഡ് എഫ് എം റേഡിയോ ന്യൂസ് എഡിറ്റര്‍ തന്‍സി ഹാഷിര്‍ പ്രമുഖ പ്രഭാഷക അസ്മാബി അന്‍വാരിയക്ക് കോപ്പി നല്‍കി നിര്‍വഹിച്ചു. മുനീബ എടവണ്ണ ആമുഖ ഭാഷണം നടത്തി. കോവിഡ് 19 മഹാമാരിയുടെ പ്രത്യേക സാഹചര്യത്തില്‍ നടന്ന ഈ വര്‍ഷത്തെ പുസ്തകമേളയില്‍ ഇന്ത്യ ഉള്‍പ്പടെയുള്ള രാജ്യങ്ങളില്‍നിന്ന് പല പ്രസാധകരും പങ്കെടുത്തിരുന്നില്ല.