സമ്പദ് ഘടനയുടെ പുനരുജ്ജീവനത്തിന് നടപടി വേണം: കെ എന്‍ എം (മര്‍കസുദ്ദഅ്വ)
കോഴിക്കോട്: ഇന്ത്യന്‍ സമ്പദ്ഘടന തകര്‍ന്നടിഞ്ഞതിന്റെ ഫലമായി രാജ്യത്തെ കോടിക്കണക്കായ ജനങ്ങള്‍ ഒരു നേരത്തെ വിശപ്പടക്കാന്‍ കഴിയാതെ ദുരിതമനുഭവിക്കുമ്പോള്‍ കളിപ്പാട്ടങ്ങളെക്കുറിച്ചും നായ വളര്‍ത്തലിനെക്കുറിച്ചും ‘മാന്‍കി ബാത്ത്’ നടത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ ജനങ്ങളെ അപഹസിക്കുകയാണെന്ന് കെ എന്‍ എം (മര്‍കസുദ്ദഅ്വ) സംസ്ഥാന പ്രവര്‍ത്തക സമിതി യോഗം അഭിപ്രായപ്പെട്ടു. കോവിഡ് മഹാമാരിയെ തുടര്‍ന്ന് രാജ്യത്തെ ജനങ്ങള്‍ക്കുണ്ടായ ദുരിതമകറ്റാന്‍ ക്രിയാത്മക നടപടികളെടുക്കാതെ നിരുത്തരവാദപരമായി പെരുമാറുകയാണ് കേന്ദ്ര സര്‍ക്കാര്‍. തകര്‍ന്നടിയുന്ന ഇന്ത്യന്‍ സമ്പദ്ഘടനയുടെ പുനരുജ്ജീവനത്തിന് അടിയന്തിര നടപടി വേണം. രാജ്യത്ത് കുതിച്ചുയരുന്ന തൊഴിലില്ലായ്മയ്ക്കും ദാരിദ്ര്യത്തിനും അറുതി വരുത്താന്‍ ഒന്നും ചെയ്യാതെ ദൈവവിധിയെന്ന് പറഞ്ഞ് ഒഴിഞ്ഞുമാറുന്നത് ഉത്തരവാദപ്പെട്ട ഭരണനേതൃത്വത്തിന് യോജിച്ചതല്ല. രാജ്യത്തെ മുഴുവന്‍ പൗരന്മാര്ക്കും ജനാധിപത്യ പ്രക്രിയയില്‍ പങ്കാളിത്തം ഉറപ്പു വരുത്തുന്നതും ഫെഡറല്‍ സംവിധാനത്തെയും അധികാര വികേന്ദ്രീകരണങ്ങളെയും ശക്തിപ്പെടുത്തും വിധം രാജ്യത്തെ തെരഞ്ഞെടുപ്പ് സമ്പ്രദായം പരിഷ്ക്കരിക്കണമെന്ന് കെ എന്‍ എം ആവശ്യപ്പെട്ടു.
സംസ്ഥാന പ്രസിഡന്റ് ഡോ. ഇ കെ അഹമ്മദ് കുട്ടി അധ്യക്ഷത വഹിച്ചു. ജന. സെക്രട്ടറി സി പി ഉമര്‍ സുല്ലമി ഉദ്ഘാടനം ചെയ്തു. എന്‍ എം അബ്ദുല്‍ജലീല്‍, എം അഹമ്മദ് കുട്ടി മദനി, കെ പി സകരിയ്യ, ഡോ. ജാബിര്‍ അമാനി, ഇസ്മാഈല്‍ കരിയാട്, ഡോ. അനസ് കടലുണ്ടി, പി പി ഖാലിദ്, ബി പി എ ഗഫൂര്‍, അബ്ദുല്ലത്തീഫ് കരുമ്പുലാക്കല്‍, അഡ്വ. എം മൊയ്തീന് കുട്ടി, സി അബ്ദുല്ലത്തീഫ്, കെ എം കുഞ്ഞമ്മദ് മദനി, ഡോ. അന്‍വര്‍ സാദത്ത്, സഹീര്‍ വെട്ടം, കെ എ സുബൈര്‍ പ്രസംഗിച്ചു. വിവിധ ജില്ലകളെ പ്രതിനീധകരിച്ച് ആബിദ് മദനി, എം കെ ശാക്കിര്‍, ഇ ഐ സിറാജ് മദനി, എ പി നൗഷാദ്, കുഞ്ഞുമോന് കൊല്ലം, അബ്ദുല്‍ ജബ്ബാര്‍ ഫുജൈറ, സി എ അബൂബക്കര്‍, ശുക്കൂര്‍ കോണിക്കല്‍, വി പി അഹമ്മദ് കുട്ടി, അബ്ദുല്ലത്തീഫ് കൊല്ലം, അബ്ദുല്ലത്തീഫ് തൃശൂര്‍, അലി ചര്‍ച്ചയില്‍ പങ്കെടുത്തു.`
