6 Friday
March 2026
2026 March 6
1447 Ramadân 17

പാലത്തായി പീഡനം പ്രതിക്ക് ജാമ്യം അനുവദിക്കരുത് ആയിരം വീടുകളില്‍ എം ജി എം ഭവനസമരം

തുടരുന്ന നീതിനിഷേധം, വൈകുന്ന കുറ്റപത്രം, തകരുന്ന സ്ത്രീസുരക്ഷ’ സന്ദേശവുമായി എം ജി എം സംസ്ഥാന കമ്മിറ്റി ആയിരം വീടുകളില്‍ സംഘടിപ്പിച്ച ഭവനസമരത്തിന്റെ സംസ്ഥാന ഉദ്ഘാടനം അഡ്വ. കെ പി മറിയുമ്മ നിര്‍വഹിക്കുന്നു

തിരൂര്‍: ‘തുടരുന്ന നീതിനിഷേധം, വൈകുന്ന കുറ്റപത്രം, തകരുന്ന സ്ത്രീസുരക്ഷ’ സന്ദേശവുമായി എം ജി എം സംസ്ഥാന കമ്മിറ്റി ആയിരം വീടുകളില്‍ ഭവനസമരം സംഘടിപ്പിച്ചു. സ്ത്രീകള്‍ക്കെതിരെ ഉയര്‍ന്നുവരുന്ന അക്രമങ്ങളിലും പീഡനങ്ങളിലും നീതി നിഷേധിക്കുന്നതും വൈകിപ്പിക്കുന്നതും പതിവായിരിക്കുകയാണ്. കണ്ണൂര്‍ പാലത്തായി പീഡന കേസിലെ പ്രതി പത്മരാജന് ജാമ്യം അനുവദിക്കുന്നത് മാതൃത്വത്തോടുള്ള കടുത്ത അപരാധമാണ്. സ്ത്രീ സുരക്ഷയും നീതിയും നിലനിര്‍ത്താന്‍ സര്‍ക്കാര്‍ കാലതാമസം വരുത്തുന്നത് ശക്തമായി ചെറുക്കും. പ്രതിക്ക് കോടതിജാമ്യം നല്‍കുന്നതിന് ഒത്താശ നല്‍കുന്ന തരത്തില്‍ കുറ്റപത്രം സമര്‍പ്പിക്കുന്നതില്‍ ക്രൈംബ്രാഞ്ച് തുടരുന്ന കുറ്റകരമായ അനാസ്ഥ വെടിയണമെന്നും പ്രതികളെ മുഖം നോക്കാതെ സമൂഹത്തിന്റെ മുമ്പില്‍ ശിക്ഷിക്കാന്‍ സര്‍ക്കാര്‍ ഇച്ഛാശക്തി കാണിക്കണമെന്നും പ്രതിഷേധം ആവശ്യപ്പെട്ടു. സംസ്ഥാന ഉദ്ഘാടനം തിരൂരില്‍ മലപ്പുറം ജില്ല പഞ്ചായത്ത് മുന്‍ പ്രസിഡന്റ് അഡ്വ. കെ പി മറിയുമ്മ നിര്‍വഹിച്ചു. സ്ത്രീസംരക്ഷണത്തിന് രാജ്യത്ത് നിയമങ്ങള്‍ സുലഭമാണെങ്കിലും അത് യഥാസമയം ഇരകള്‍ക്ക് ലഭ്യമാകുന്നില്ലെന്ന് അവര്‍ പറഞ്ഞു. അക്രമങ്ങളും പീഡനങ്ങളും നടക്കുമ്പോള്‍ മാധ്യമങ്ങള്‍ വാര്‍ത്തകള്‍ നല്‍കുമെങ്കിലും കേസന്വേഷണത്തിന്റെ തുടര്‍ച്ച പലപ്പോഴും വിസ്മരിക്കുകയാണ്. നീതി വൈകിപ്പിക്കുന്നത് ഇരകളാക്കപ്പെടുന്നവരെ മാനസികമായി തളര്‍ത്താനും നിരുത്സാഹപ്പെടുത്താനും മാത്രമേ ഉപകരിക്കൂ. സ്ത്രീകളുടെ സ്വത്വം ഉയര്‍ത്തിപ്പിടിക്കാവുന്ന തരത്തില്‍ നീതി നടപ്പിലാക്കാന്‍ ഭരണകൂടം തയ്യാറാകുമ്പോഴേ സ്ത്രീകള്‍ക്കെതിരെയുള്ള പീഡനങ്ങള്‍ക്ക് അറുതിവരികയുള്ളൂവെന്ന് അവര്‍ പറഞ്ഞു. റുഖ്‌സാന വാഴക്കാട്, ജുവൈരിയ കണ്ണൂര്‍, ഇ ഒ ഹസനത്ത്, നജ്മ ലത്തീഫ്, ഡോ. ഖദീജ പ്രസംഗിച്ചു.

Back to Top