പെണ്‍കുട്ടികളുടെ വിവാഹപ്രായം ഉയര്‍ത്താനുള്ള നീക്കം ഉപേക്ഷിക്കണം – സി പി ഉമര്‍ സുല്ലമി
കോഴിക്കോട്: പെണ്‍കുട്ടികളുടെ വിവാഹപ്രായം 21 ആയി വര്‍ധിപ്പിക്കാനുള്ള പ്രധാനമന്ത്രിയുടെ ഏകപക്ഷീയമായ നീക്കം രാജ്യത്തെ സാമൂഹ്യ അരാജകത്വത്തിലേക്ക് നയിക്കുമെന്ന് കെ എന്‍ എം (മര്‍കസുദ്ദഅ്‌വ) സംസ്ഥാന ജന.സെക്രട്ടറി സി പി ഉമര്‍ സുല്ലമി പറഞ്ഞു. മാനസികവും ശാരീരികവുമായ പക്വതയും വളര്‍ച്ചയുമെത്തി കുടുംബ ജീവിതം നയിക്കാന്‍ പ്രാപ്തി നേടിയ പെണ്‍കുട്ടികളുടെ വിവാഹ ജീവിതം നയിക്കാനുള്ള അവകാശം നിഷേധിക്കുന്നത് അവരോട് ചെയ്യുന്ന ക്രൂരതയാണ്. രാജ്യത്തിന്റെ ഭരണ സാരഥ്യം ആരു വഹിക്കണമെന്ന് തീരുമാനിക്കാനുള്ള വോട്ടവകാശം കൈവരിച്ച പതിനെട്ടുകാരികളായ പെണ്‍കുട്ടികള്‍ക്ക് ജീവിത പങ്കാളിയെ തെരെഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യവും അവകാശവും നിഷേധിക്കുന്നത് എന്തിന്റെ പേരിലാണെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കണം. പതിനെട്ടു കഴിഞ്ഞവര്‍ക്ക് നിയമപ്രകാരമല്ലാതെ തന്നെ ഒരുമിച്ചു ജീവിക്കാന്‍ നിയമ പ്രാബല്യമുള്ള ഇന്ത്യയില്‍ പതിനെട്ടു കഴിഞ്ഞ പെണ്‍കുട്ടികള്‍ക്ക് നിയമപ്രകാരമുള്ള വിവാഹ ജീവിതം നിഷേധിക്കുന്നത് സാമൂഹ്യ അരാജകത്വത്തിന് വഴിവെക്കുമെന്നതില്‍ തര്‍ക്കമില്ല. പെണ്‍കുട്ടികളെ കെട്ടിച്ചയച്ച് സന്തോഷകരമായ കുടുംബ ജീവിതം നയിക്കുന്നത് സ്വപ്‌നം കണ്ടു കഴിയുന്ന കോടിക്കണക്കായ രക്ഷിതാക്കളെ കണ്ണീരു കുടിപ്പിക്കുന്ന വിവാഹപ്രായമുയര്‍ത്താനുള്ള നീക്കം പ്രധാനമന്ത്രി ഉപേക്ഷിക്കണമെന്നും സി പി ഉമര്‍ സുല്ലമി ആവശ്യപ്പെട്ടു.