ആരോഗ്യ മന്ത്രാലയത്തിന്‍റെ നിര്‍ദേശങ്ങളോട് സഹകരണം ഉറപ്പുവരുത്തണം -ഐ എസ് എം
കോഴിക്കോട്: ആരോഗ്യ മന്ത്രാലയത്തിന്‍റെ നിര്‍ദേശങ്ങള്‍ പരിഗണിക്കാതെ പൊതുജനങ്ങളുമായി സമ്പര്‍ക്കം പുലര്‍ത്തുന്നവര്‍ മനുഷ്യകുലത്തോട് കൊടിയ അപരാധമാണ് ചെയ്യുന്നതെന്ന് ഐ എസ് എം അഭിപ്രായപ്പെട്ടു. സാമൂഹിക അകലം പാലിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതിനാല്‍ ഓണ്‍ലൈനായി ചേര്‍ന്ന അടിയന്തിര സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിലാണ് ഈ അഭിപ്രായമുയര്‍ന്നത്. ഈ രോഗബാധയില്‍ നിന്ന് രക്ഷപ്പെടാന്‍ സാമൂഹികമായ അകലം പാലിക്കല്‍ മാത്രമേ നിലവില്‍ പരിഹാരമായുള്ളൂ എന്നറിയാവുന്നതാണ്. നിതാന്ത ജാഗ്രതയോടെ ഓരോ മനുഷ്യന്‍റെയും ജീവന് വിലകല്‍പ്പിക്കാന്‍ ഓരോരുത്തരും തയ്യാറാകണമെന്ന് ഓര്‍മപ്പെടുത്തുകയാണ്. ഈ പ്രതിസന്ധിയില്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് പരിപൂര്‍ണ്ണമായ സഹായ സഹകരണങ്ങള്‍ ഐ എസ് എം ഉറപ്പുനല്‍കുന്നു. സര്‍ക്കാര്‍ നിര്‍ദേശങ്ങളെ കര്‍ശനമായും എല്ലാവരും പിന്തുടരുകയും വേണം. സാമൂഹ്യപ്രതിബദ്ധതയുള്ള യുവജന പ്രസ്ഥാനമെന്ന നിലക്ക് ഐ എസ് എം അതിന്‍റെ എല്ലാ സംവിധാനങ്ങളെയും സര്‍ക്കാര്‍ സേവനങ്ങള്‍ക്കായി ഈ സമയത്ത് സമര്‍പ്പിക്കുകയാണ്. ഐ എസ് എമ്മിന്‍റെ യൂണിറ്റി വളണ്ടിയേര്‍സ് ആരോഗ്യ പ്രവര്‍ത്തകരോടൊപ്പം റെയില്‍വേ സ്റ്റേഷന്‍, ബസ് സ്റ്റാന്‍ഡ് എന്നിവിടങ്ങളില്‍ സേവന നിരതരാണ്. കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ മൂന്ന് ഷിഫ്റ്റുകളിലായി 18 പേരും ഫറോക്ക് സ്റ്റേഷനില്‍ സമാനമായ ഷെഡ്യൂളില്‍ 6 പേരും കഴിഞ്ഞ കുറേ ദിവസങ്ങളായി ഡ്യൂട്ടി എടുത്തുകൊണ്ടിരിക്കുകയാണ്.
പൂര്‍ണമായും വീടുകളില്‍ താമസിക്കാന്‍ നിര്‍ദേശമുള്ളവര്‍ക്ക് ആരോഗ്യ മന്ത്രാലയത്തിന്‍റെ മേല്‍നോട്ടത്തില്‍ സുരക്ഷിതമായി ഭക്ഷ്യവസ്തുക്കള്‍ എത്തിച്ചു നല്‍കാനും യൂണിറ്റി വളണ്ടിയേര്‍സ് സജ്ജരാണ്. സാമ്പത്തിക പ്രയാസം മൂലം പട്ടിണിയിലേക്ക് പോകുന്ന കുടുംബങ്ങള്‍ക്ക് സൗജന്യമായി ആഹാര പദാര്‍ത്ഥങ്ങള്‍ ഏര്‍പ്പെടുത്താനും വളണ്ടിയര്‍മാരെ ഒരുക്കിയിട്ടുണ്ട്. ഓരോ ശാഖയിലെയും പ്രവര്‍ത്തകര്‍ അവരവരുടെ ശാഖാ പരിധിയിലെ ഇത്തരം കേസുകളില്‍ ഇടപെടേണ്ടതാണെന്ന് പ്രസിഡന്‍റ് ഡോ. ഫുക്കാര്‍ അലി ആവശ്യപ്പെട്ടു.
പള്ളികളിലെ കൂട്ടായ നമസ്കാരങ്ങള്‍ ഒഴിവാക്കേണ്ടുന്ന ഘട്ടമാണിത്. അതുമായി ബന്ധപ്പെട്ട നിര്‍ദേശം കെ എന്‍ എം മര്‍ക്കസുദ്ദഅവയുടേതായി വന്നിട്ടുണ്ട്. മുഴുവന്‍ പള്ളികളിലെയും കൂട്ടായ നമസ്കാരങ്ങള്‍ അടിയന്തിരമായും ഒഴിവാക്കി വീടുകളില്‍ നിന്ന് പ്രാര്‍ത്ഥനകള്‍ നിര്‍വഹിക്കണമെന്നും ഐ എസ് എം അഭിപ്രായപ്പെടുന്നു. ബ്രെയ്ക്ക് ദി ചെയിന്‍ പദ്ധതിയുടെ ഭാഗമായി നിരവധി സ്ഥലങ്ങളില്‍ പൊതുജനങ്ങള്‍ക്ക് കൈകഴുകാനുള്ള സംവിധാനവും ഐ എസ് എം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഐ എസ് എം സംസ്ഥാന കാര്യാലയമായ മര്‍ക്കസുദ്ദഅവ സര്‍ക്കാര്‍ നിര്‍ദേശം പാലിച്ചുകൊണ്ട് ഭാഗികമായി മാത്രം പ്രവര്‍ത്തിപ്പിച്ചാല്‍ മതിയെന്നും ഓണ്‍ലൈനില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. മാര്‍ച്ച് 31 വരെ ഏര്‍പ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങള്‍ക്ക് ശേഷം മാത്രം ഓഫീസ് കാര്യങ്ങള്‍ നടക്കുകയുള്ളൂ. ഡോ. അന്‍വര്‍ സാദത്ത്, ഷാനിഫ് വാഴക്കാട്, അബ്ദുസ്സലാം മുട്ടില്‍, ഫൈസല്‍ മതിലകം, യൂനുസ് നരിക്കുനി, ജലീല്‍ വൈരംങ്കോട്, അബദുല്‍ ജലീല്‍ മദനി വയനാട്, മുഹ്സിന്‍ തൃപ്പനച്ചി, അഫ്താഷ് ചാലിയം, ജാബിര്‍ വാഴക്കാട്, ഷാനവാസ് പറവന്നൂര്‍, ഐ വി ജലീല്‍, ഫിറോസ് കൊച്ചിന്‍, ഷമീര്‍ ഫലാഹി, ഡോ. പിടി നൗഫല്‍, പി കെ ഷബീബ് എന്നിവര്‍ സംസാരിച്ചു.
