30 Thursday
April 2026
2026 April 30
1447 Dhoul-Qida 13

ലോക്ഡൗണ്‍: ദുരിതമനുഭവിക്കുന്നവരെ സഹായിക്കുക: സി പി ഉമര്‍ സുല്ലമി

കോഴിക്കോട്: രാജ്യം സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ആയതിന്‍റെ പേരില്‍ ജീവിത ദുരിതം അനുഭവിക്കുന്ന കൂലിപ്പണിക്കാര്‍, ഓട്ടോ- ടാക്സി തൊഴിലാളികള്‍, ചരക്ക് കടത്ത് തൊഴിലാളികള്‍ തുടങ്ങിയവരെ സഹായിക്കാന്‍ മഹല്ല് കമ്മിറ്റികളോടും കെ എന്‍ എം, ഐ എസ് എം, എം ജി എം ഘടകങ്ങളോടും കെ എന്‍ എം (മര്‍കസുദ്ദഅ്വ) സംസ്ഥാന ജന.സെക്രട്ടറി സി പി ഉമര്‍ സുല്ലമി ആവശ്യപ്പെട്ടു. ഭക്ഷണത്തിനും അത്യാവശ്യ ചികിത്സക്കും വകയില്ലാതെ വിഷമിക്കുന്നവരെ കണ്ടെത്തി അടിയന്തിര പരിഹാരം ചെയ്യണം.
നാട്ടിലെ കുടുംബങ്ങള്‍ക്ക് യാതൊന്നും ചെയ്യാന്‍ കഴിയാതെ വിദേശ രാജ്യങ്ങളില്‍ ഒറ്റപ്പെട്ടു കഴിയുന്ന പ്രവാസി സഹോദരങ്ങളുടെ കുടുംബങ്ങളുടെ വിഷമതകള്‍ പരിഹരിക്കാന്‍ വേണ്ടത് ചെയ്യണം. പ്രാദേശിക ഘടകങ്ങളും സകാത്ത് സെല്ലുകളും സംഘടനയുടെ സാമൂഹ്യക്ഷേമ വിഭാഗവും ഇതിനായി ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കണം. സംസ്ഥാന സര്‍ക്കാറിന്‍റെയും ആരോഗ്യ ക്ഷേമ പ്രവര്‍ത്തകരുടെയും നിര്‍ദേശങ്ങള്‍ സര്‍വാത്മനാ പാലിക്കുകയും മഹല്ലിലെ ജനങ്ങളെ അതിന് പ്രേരിപ്പിക്കുകയും ചെയ്യണം. കോവിഡ്-19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ രൂപീകരിക്കുന്ന സന്നദ്ധ സേനയില്‍ ചേര്‍ന്നിട്ടുള്ള കെ എന്‍ എം, ഐ എസ് എം, എം എസ് എം പ്രവര്‍ത്തകര്‍ ഉത്തരവാദിത്വങ്ങളില്‍ വീഴ്ച വരുത്തരുതെന്നും സേനയില്‍ ചേര്‍ന്നിട്ടില്ലാത്ത പ്രാപ്തരായ പ്രവര്‍ത്തകര്‍ സേനയില്‍ അംഗങ്ങളായി ചേരണമെന്നും സി പി ഉമര്‍ സുല്ലമി പ്രവര്‍ത്തകരെ ആഹ്വാനം ചെയ്തു.

Back to Top