24 Thursday
September 2026
2026 September 24
1448 Rabie Al-Âkher 11

വിദ്യാഭ്യാസനയം: ലക്ഷ്യംമറന്നുള്ള പൊളിച്ചെഴുത്ത് -കെ എന്‍ എം (മര്‍കസുദ്ദഅ്‌വ)

കോഴിക്കോട്: രാജ്യത്തിന്റെ ഭാവി നിര്‍ണയത്തില്‍ നിര്‍ണായകമായ വിദ്യാഭ്യാസ നയത്തിന്റെ പൊളിച്ചെഴുത്തില്‍ സംസ്ഥാന സര്‍ക്കാറുകളെയും നിയമ നിര്‍മ്മാണ സഭകളെയും ജനപ്രതിനിധികളെയും വിദ്യാഭ്യാസ സമിതികളെയും നോക്കുകുത്തിയാക്കി മാറ്റിയ കേന്ദ്ര സര്‍ക്കാറിന്റെ ധിക്കാരപരമായ നടപടി നീതീകരിക്കാനാവില്ലെന്ന് കെ എന്‍ എം (മര്‍കസുദ്ദഅ്‌വ) സംസ്ഥാന സെക്രട്ടറിയേറ്റ് വ്യക്തമാക്കി. വിദ്യാഭ്യാസം സംസ്ഥാന വിഷയം കൂടിയാണെന്നിരിക്കെ സംസ്ഥാന സര്‍ക്കാറുകളെ പാടെ അവഗണിച്ചുകൊണ്ട് പുതിയ വിദ്യാഭ്യാസ നയ പ്രഖ്യാപനം രാജ്യത്തിന്റെ ഫെഡറല്‍ സംവിധാനത്തോടുള്ള വെല്ലുവിളിയാണ്.
കുട്ടികളുടെ ബൗദ്ധികവും സര്‍ഗാത്മകവുമായ വ്യക്തിത്വ രൂപീകരണത്തിന് അടിസ്ഥാനമായി വര്‍ത്തിക്കേണ്ട വിദ്യാഭ്യാസത്തെ വിപണിയുടെ ഉല്പന്നമാക്കിത്തീര്‍ക്കുന്ന പുതിയ വിദ്യാഭ്യാസ നയം കോര്‍പറേറ്റുകള്‍ക്ക് വിദ്യാഭ്യാസ മേഖലയില്‍ കടന്നു കയറാനുള്ള വഴി തുറന്നു കൊടുക്കുകയാണ്. മനുഷ്യ വിഭവ ശേഷിയെന്നാല്‍ തൊഴില്‍ വിപണിയിലെ സാങ്കേതിക വൈദഗ്ധ്യം മാത്രമാണെന്ന കേന്ദ്ര സര്‍ക്കാറിന്റെ മൗഢ്യമായ ധാരണയാണ് പുതിയ വിദ്യാഭ്യാസ നയത്തില്‍ നിഴലിച്ചിരിക്കുന്നത്. വിദ്യാഭ്യാസ മേഖലയില്‍ മത ഭാഷാ ന്യൂനപക്ഷങ്ങള്‍ക്കുള്ള ഭരണഘടനാപരമായ അവകാശങ്ങള്‍ എടുത്തു കളയാനുള്ള ഗൂഢമായ പദ്ധതി കൂടിയാണ് പുതിയ വിദ്യാഭ്യാസ നയമെന്നിരിക്കെ അതിനെ സ്വാഗതം ചെയ്യുന്നവര്‍ കഥയറിയാതെ ആട്ടം കാണുകയാണെന്നും കെ എന്‍ എം (മര്‍കസുദ്ദഅ്‌വ) സംസ്ഥാന സെക്രട്ടറിയേറ്റ് അഭിപ്രായപ്പെട്ടു.
ഓണ്‍ലൈനായി നടന്ന യോഗത്തില്‍ പ്രസിഡന്റ് ഇ കെ അഹമ്മദ് കുട്ടി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി സി പി ഉമര്‍ സുല്ലമി ഉദ്ഘാടനം ചെയ്തു. കെ അബൂബക്കര്‍ മൗലവി, അഡ്വ. കുഞ്ഞമ്മദ്, അഡ്വ. മുഹമ്മ് ഹനീഫ, അഡ്വ. എം മൊയ്തീന്‍ കുട്ടി, ഡോ. ഐ പി അബ്ദുസ്സലാം, ഡോ. അനസ് കടലുണ്ടി, ഡോ. ജാബിര്‍ അമാനി, എന്‍ എം അബ്ദുല്‍ജലീല്‍, ശംസുദ്ദീന്‍ പാലക്കോട്, പി അബ്ദുസ്സലാം മദനി പുത്തൂര്‍, കെ എല്‍ പി ഹാരിസ്, കെ പി അബ്ദുറഹിമാന്‍ കല്‍പ്പറ്റ, പി പി ഖാലിദ് ചര്‍ച്ചയില്‍ പങ്കെടുത്തു.

Back to Top