15 Wednesday
July 2026
2026 July 15
1448 Mouharrem 29

കോവിഡിന്റെ മറവില്‍ മോദി സര്‍ക്കാര്‍ വിദ്വേഷ അജണ്ടകള്‍ നടപ്പിലാക്കുന്നത് അപലപനീയം -കെ എന്‍ എം (മര്‍കസുദ്ദഅ്‌വ)

കോഴിക്കോട്: കോവിഡ് മഹാമാരിയില്‍ രാജ്യത്തെ ജനങ്ങള്‍ പൊറുതിമുട്ടുമ്പോള്‍ ദുരിത പരിഹാരത്തിന് ഒന്നും ചെയ്യാതെ രാഷ്ട്രീയ പകപോക്കലിനും വിദ്വേഷ അജണ്ടകള്‍ നടപ്പിലാക്കാനും ധൃതികാണിക്കുന്ന മോദി സര്‍ക്കാര്‍ രാജ്യത്തിന് ഭാരമായി മാറിയിരിക്കുകയാണെന്ന് കെ എന്‍ എം (മര്‍കസുദ്ദഅ്‌വ) സംസ്ഥാന സെക്രട്ടറിയേറ്റ് അഭിപ്രായപ്പെട്ടു. കോവിഡിന്റെ മറപിടിച്ച് വിദ്യാഭ്യാസ മേഖലയില്‍ വിദ്വേഷത്തിന്റെ അജണ്ട നടപ്പിലാക്കുകയാണ് സി ബി എസ് ഇ പാഠ്യപദ്ധതിയില്‍നിന്നു രാജ്യത്തിന്റെ അടിസ്ഥാന മൂല്യങ്ങളായ ദേശീയത, മതേതരത്വം, ജനാധിപത്യം തുടങ്ങിയ പാഠഭാഗങ്ങള്‍ നീക്കം ചെയ്തതിലൂടെ മോദി സര്‍ക്കാര്‍ ചെയ്തിരിക്കുന്നത്.
സംഘപരിവാര്‍ ആസൂത്രണം ചെയ്ത് നടപ്പിലാക്കിയ ദില്ലി കൂട്ടക്കൊലയുടെ ഇരകളെ പ്രതിസ്ഥാനത്ത് ചേര്‍ത്തും പൗരത്വ പ്രക്ഷോഭകരെ ജയിലിലടച്ചും ഗാന്ധി കുടുംബ ട്രസ്റ്റുകള്‍ക്കെതിരെ കള്ളക്കേസുകള്‍ ചുമത്തിയും രാഷ്ട്രീയ പകപോക്കലുകള്‍ തുടരുകയാണ് മോദി സര്‍ക്കാര്‍. കോവിഡ് മഹാമാരിയെ തുടര്‍ന്ന് തൊഴിലും ജീവിതോപാധികളും നഷ്ടപ്പെട്ട് രാജ്യത്തെ ജനങ്ങള്‍ അനുഭവിക്കുന്ന ദുരിതമകറ്റാന്‍ യാതൊന്നും ചെയ്യുന്നില്ലെന്ന് മാത്രമല്ല, പെട്രോളിയം കമ്പനികള്‍ക്ക് ജനങ്ങളെ കൊള്ളയടിക്കാന്‍ വിട്ടുകൊടുക്കുകയും ചെയ്തിരുക്കുന്നു. ജനദ്രോഹ ജനവിരുദ്ധ രാജ്യദ്രോഹ നിലപാടുകളുമായി ധാര്‍ഷ്ട്യം തുടരുന്ന മോദി സര്‍ക്കാറിനെതിരെ ദേശീയ പ്രക്ഷോഭത്തിന് മതേതര കക്ഷികള്‍ ഒന്നിച്ച് മുന്നോട്ട് വരണമെന്ന് കെ എന്‍ എം മര്‍കസുദ്ദ്‌വ സെക്രട്ടറിയേറ്റ് ആഹ്വാനം ചെയ്തു.
പ്രസിഡന്റ് ഡോ. ഇ കെ അഹ്മദ്കുട്ടി അധ്യക്ഷത വഹിച്ചു. ജന. സെക്രട്ടറി സി പി ഉമര്‍ സുല്ലമി ഉദ്ഘാടനം ചെയ്തു. അബൂബക്കര്‍ മൗലവി പുളിക്കല്‍, അഡ്വ. മുഹമ്മദ് ഹനീഫ്, സി അബ്ദുല്ലത്തീഫ്, അബ്ദുല്ലത്തീഫ് കരുമ്പുലാക്കല്‍, എന്‍ എം അബ്ദുല്‍ജലീല്‍, ഇസ്മാഈല്‍ കരിയാട്, പി പി ഖാലിദ്, ഡോ. ഐ പി അബ്ദുസ്സലാം, ഡോ. അനസ് കടലുണ്ടി, ഡോ. ജാബിര്‍ അമാനി, ബി പി എ ഗഫൂര്‍ പ്രസംഗിച്ചു.

Back to Top