15 Wednesday
July 2026
2026 July 15
1448 Mouharrem 29

പ്രവാസികള്‍ക്ക് അവശ്യമരുന്നെത്തിക്കാന്‍ നടപടി വേണം: കെ എന്‍ എം (മര്‍കസുദ്ദഅ്‌വ)

കോഴിക്കോട്: കോവിഡ് മഹാമാരിയില്‍ ദുരിതമനുഭവിക്കുന്ന പ്രവാസികളുടെ പ്രശ്‌നപരിഹാര ബാധ്യത പ്രവാസി സംഘടനകളുടെ ചുമലില്‍ കെട്ടിവെച്ച് കയ്യൊഴിയുന്ന കേന്ദ്ര- സംസ്ഥാന സര്‍ക്കാറുകളുടെ നിഷേധാത്മക നിലപാട് കടുത്ത അപരാധമാണെന്ന് കെ എന്‍ എം (മര്‍കസുദ്ദഅ്‌വ) സംസ്ഥാന സെക്രട്ടറിയേറ്റ് അഭിപ്രായപ്പെട്ടു. അവശ്യമരുന്നുകള്‍ ലഭ്യമാകാതെ നിത്യരോഗികളായ ആയിരക്കണക്കിന് പ്രവാസികള്‍ ഏറെ പ്രയാസമനുഭവിക്കുകയാണ്. ഇന്ത്യയില്‍ നിന്നുള്ള വിമാന സര്‍വീസുകള്‍ മുടങ്ങിയതില്‍ പിന്നെ നാട്ടില്‍ നിന്ന് വരുത്തിയിരുന്ന മരുന്നുകളുടെ ലഭ്യത നിലച്ചിരിക്കുകയാണ്. കാര്യമായ വരുമാനമില്ലാത്ത പ്രവാസികള്‍ക്ക് വലിയ വില കൊടുത്ത് ഗള്‍ഫില്‍ നിന്ന് മരുന്ന് വാങ്ങാനോ താങ്ങാനാവാത്ത കാര്‍ഗോ ചാര്‍ജ് നല്‍കി നാട്ടില്‍ നിന്ന് മരുന്ന് എത്തിക്കാനോ കഴിയാത്ത സാഹചര്യത്തില്‍ അവശ്യ മരുന്നുകള്‍ ലഭ്യമാക്കാന്‍ എംബസി മുഖേന കേന്ദ്ര- സംസ്ഥാന സര്‍ക്കാറുകള്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് കെ എന്‍ എം (മര്‍കസുദ്ദഅ്‌വ) ആവശ്യപ്പെട്ടു.
കോവിഡ് മഹാമാരിയെ തുടര്‍ന്ന് ജോലി നഷ്ടപ്പെട്ട് നാട്ടില്‍ സ്ഥിരതാമസമാക്കുന്ന പ്രവാസികളുടെ പുനരധിവാസത്തിിന് വ്യവസ്ഥാപിതമായ പദ്ധതികളാവിഷ്‌കരിച്ച് നടപ്പിലാക്കണമെന്നും കെ എന്‍ എം ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡന്റ് ഡോ. ഇ കെ അഹമ്മദ്കുട്ടി അധ്യക്ഷത വഹിച്ചു. ജന.സെക്രട്ടറി സി പി ഉമര്‍ സുല്ലമി ഉദ്ഘാടനം ചെയ്തു. അബൂബക്കര്‍ മൗലവി പുളിക്കല്‍, അഡ്വ. മുഹമ്മദ് ഹനീഫ്, സി അബ്ദുല്ലത്തീഫ്, അബ്ദുല്ലത്തീഫ് കരുമ്പുലാക്കല്‍, എന്‍ എം അബ്ദുല്‍ജലീല്‍, ഇസ്മാഈല്‍ കരിയാട്, പി പി ഖാലിദ്, ഡോ. ഐ പി അബ്ദുസ്സലാം, ഡോ. അനസ് കടലുണ്ടി, ഡോ. ജാബിര്‍ അമാനി, ബി പി എ ഗഫൂര്‍ പ്രസംഗിച്ചു.

Back to Top