1 Tuesday
July 2025
2025 July 1
1447 Mouharrem 5

ദുരിത കാലത്തും ജനങ്ങളെ കൊള്ളയടിക്കുന്ന കേന്ദ്ര സര്‍ക്കാറിനെതിരെ മൗനം വെടിയണം- കെ എന്‍ എം

കോഴിക്കോട്: തൊഴിലില്ലായ്മയും ദാരിദ്ര്യവും പട്ടിണിയും രാജ്യത്തെ ജനങ്ങളെ വരിഞ്ഞുമുറുക്കുമ്പോഴും പെട്രോളിയം കമ്പനികള്‍ക്ക് ജനങ്ങളെ കൊള്ളടയിക്കാന്‍ വിട്ടുകൊടുക്കുന്ന കേന്ദ്ര സര്‍ക്കാറിന്റെ ജനദ്രോഹ നയങ്ങള്‍ക്കെതിരെ മൗനം വെടിയാന്‍ സമയമായിരിക്കുന്നു എന്ന് കെ എന്‍ എം സംസ്ഥാന സെക്രട്ടറിയേറ്റ് അഭിപ്രായപ്പെട്ടു. ദുരിതകാലത്തും ജനങ്ങളെ കൊള്ളയടിക്കുന്ന കേന്ദ്ര സര്‍ക്കാറിനെതിരെ ശക്തമായ പ്രക്ഷോഭത്തിന് ദേശീയകക്ഷികള്‍ ഇനിയും മടിച്ചുനില്‍ക്കുന്നത് അംഗീകരിക്കാവതല്ല. രാജ്യത്തിന്റെ സമ്പദ്ഘടനയുടെ അടിത്തറ തകര്‍ത്ത മോദീസര്‍ക്കാര്‍ കോര്‍പ്പറേറ്റുകളുടെ സര്‍ക്കാറായി അധപ്പതിച്ചിരിക്കുകയാണ്.
സംഘ് പരിവാറിന്റെ അജണ്ടകള്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന കേരള പൊലീസ് നിയമം ദുരുപയോഗം ചെയ്യില്ലെന്ന് വിശ്വസിക്കുക സാധ്യമല്ലെന്നിരിക്കെ നിയമം നടപ്പിലാക്കില്ലെന്ന മുഖ്യമന്ത്രിയുടെ ഉറപ്പ് സ്വീകാര്യമല്ല. യു എ പി എ സംസ്ഥാനത്ത് നടപ്പിലാക്കില്ലെന്ന് മുഖ്യമന്ത്രി തന്നെ ആവര്‍ത്തിച്ച് ഉറപ്പ് നല്‍കിയിരുന്നെങ്കിലും യു എ പി എ യുടെ മറ പിടിച്ച് ഒട്ടേറെ നിരപരാധികളെ ജയിലിലടച്ചത് കേരള പൊലീസാണെന്നത് വിസ്മരിക്കാവതല്ലെന്നും കെ എന്‍ എം സെക്രട്ടറിയേറ്റ് വ്യക്തമാക്കി. യോഗത്തില്‍ പ്രസിഡന്റ് ഡോ. ഇ കെ അഹമ്മദ്കുട്ടി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി സി പി ഉമര്‍ സുല്ലമി ഉദ്ഘാടനം ചെയ്തു. കെ അബൂബക്കര്‍ മൗലവി, അഡ്വ. എം മൊയ്തീന്‍ കുട്ടി, പ്രഫ. പി അബ്ദുല്‍അലി മദനി, പ്രഫ. കെ പി സകരിയ്യ, എന്‍ എം അബ്ദുല്‍ജലീല്‍, പി പി ഖാലിദ്, അഡ്വ. പി മുഹമ്മദ് ഹനീഫ, സി അബ്ദുല്ലത്തീഫ്, അബ്ദുല്ലത്തീഫ് കരുമ്പുലാക്കല്‍, കെ എല്‍ പി ഹാരിസ്, കെ പി മുഹമ്മദ് കല്‍പറ്റ, ഡോ. ജാബിര്‍ അമാനി, ബി പി എ ഗഫൂര്‍, കെ എ സുബൈര്‍, പ്രഫ. ശംസുദ്ദീന്‍ പാലക്കോട്, പ്രഫ. ഇസ്മാഈല്‍ കരിയാട്, സുഹൈല്‍ സാബിര്‍ രണ്ടത്താണി, എം അഹമ്മദ് കുട്ടി മദനി, എം ടി മനാഫ്, ഡോ. അനസ് കടലുണ്ടി, അബ്ദുസ്സലാം പുത്തൂര്‍, ഫൈസല്‍ നന്മണ്ട, ഡോ. ഐ പി അബ്ദുസ്സലാം, കെ പി അബ്ദുറഹ്മാന്‍, ഡോ. അന്‍വര്‍ സാദത്ത്, ഡോ. ഫുഖാര്‍ അലി, ഫാസില്‍ ആലുക്കല്‍, സല്‍മ അന്‍വാരിയ്യ പ്രസംഗിച്ചു.

Back to Top