സംവരണ വിഭാഗങ്ങളെ അധിക്ഷേപിക്കുന്ന സി പി എം സെക്രട്ടറിക്ക് ഇരിക്കുന്ന കസേരയെക്കുറിച്ച് ബോധ്യം വേണ- കെ എന്‍ എം മര്‍കസുദ്ദഅ്‌വ
കോഴിക്കോട്: സംവരണവിഭാഗങ്ങളുടെ അവകാശങ്ങള്‍ കവര്‍ന്നെടുത്ത് സവര്‍ണ വിഭാഗങ്ങള്‍ക്ക് ദാനം ചെയ്തതിനു പുറമെ സംവരണ വിഭാഗങ്ങളെ അധിക്ഷേപിക്കുക കൂടി ചെയ്യുന്ന സി പി എം സംസ്ഥാന സെക്രട്ടറി ഇരിക്കുന്ന കസേര ഏതെന്നു സ്വയം വിലയിരുത്തുന്നത് നന്നാവുമെന്ന് കെ എന്‍ എം മര്‍കസുദ്ദഅ്‌വ സംസ്ഥാന സെക്രട്ടറിയേറ്റ് അഭിപ്രായപ്പെട്ടു. മുസ്‌ലിംകളാദി പിന്നാക്ക വിഭാഗങ്ങള്‍ക്ക് സംവരണമുണ്ടായിട്ടും ജനസംഖ്യാനുപാതികമായ പ്രാതിനിധ്യം ലഭ്യമായിട്ടില്ലെന്ന യാഥാര്‍ഥ്യത്തെ അവഗണിച്ചുകൊണ്ട് ഉദ്യോഗ- വിദ്യാഭ്യാസ മേഖലകളില്‍ എഴുപത് ശതമാനത്തോളം കയ്യടക്കി വെച്ചിരിക്കുന്ന സവര്‍ണ മുന്നാക്ക വിഭാഗങ്ങള്‍ക്കുവേണ്ടി സി പി എം സെക്രട്ടറി കസേരയിരിക്കുന്ന ആള്‍ കുഴലൂത്ത് നടത്തുന്നത് ലജ്ജാകരമാണ്.
നിലവിലുള്ള സാമുദായിക സംവരണം കൊണ്ട് മുസ്‌ലിം സമുദായം അനര്‍ഹമായത് വല്ലതും നേടിയെടുത്തിട്ടുണ്ടെങ്കില്‍ അത് തെളിയിക്കാന്‍ സി പി എം സെക്രട്ടറിയെ കെ എന്‍ എം വെല്ലുവിളിച്ചു. ഭരണഘടനാപരമായി പിന്നാക്ക വിഭാഗങ്ങള്‍ക്ക് അര്‍ഹതപ്പെട്ടത് നല്കാന്‍ തയ്യാറില്ലെങ്കില്‍ അവരെ അധിക്ഷേപിക്കുന്നതെങ്കിലും അവസാനിപ്പിക്കണമെന്ന് കെ എന്‍ എം ആവശ്യപ്പെട്ടു. കെ എന്‍ എം മര്‍കസുദ്ദഅ്‌വ പ്രസിഡന്റ് ഡോ. ഇ കെ അഹ്മദ് കുട്ടി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി സി പി ഉമര്‍ സുല്ലമി ഉദ്ഘാടനം ചെയ്തു.