6 Friday
March 2026
2026 March 6
1447 Ramadân 17

പൊതു പ്രവര്‍ത്തകരെ വേട്ടയാടുന്നത് കേന്ദ്ര സര്‍ക്കാര്‍ അവസാനിപ്പിക്കണം: കെ എന്‍ എം

കോഴിക്കോട്: കേന്ദ്ര സര്‍ക്കാറിന്റെ ജനവിരുദ്ധ ജനദ്രോഹ നിലപാടുകളെ ചോദ്യം ചെയ്യുന്നവരെയൊക്കെ തടങ്കലിലാക്കുകയെന്ന ഫാസിസ്റ്റ് നടപടിക്കെതിരെ രാജ്യത്തുടനീളം ജനാധിപത്യ മുന്നേറ്റത്തിന് സമയമായെന്ന് കെ എന്‍ എം (മര്‍കസുദ്ദഅ്‌വ) സംസ്ഥാന പ്രതിനിധി സമ്മേളനം അഭിപ്രായപ്പെട്ടു.
ദില്ലി കലാപത്തിന് നേതൃത്വം നല്‍കുകയും ഗൂഢാലോചന നടത്തുകയും ചെയ്തവരെ വെറുതെ വിട്ടയക്കുകയും കലാപ ബാധിതരുടെ രക്ഷക്കെത്തിയവരെ കള്ളക്കേസ് ചുമത്തി ജയിലിലടക്കുകയും ചെയ്യുന്നതിനെ നിസ്സാരമായി കണ്ടുകൂടാ. ജനാധിപത്യാവകാശങ്ങളും അഭിപ്രായ സ്വാതന്ത്ര്യവും തടങ്കലിലാക്കപ്പെടുമ്പോള്‍ മൗനികളായിരിക്കുന്നത് രാജ്യത്തിന്റെ ഭാവി തന്നെ അപകടപ്പെടുത്തും. സീതാറാം യെച്ചൂരി, യോഗേന്ദ്ര യാദവ് തുടങ്ങിയ രാഷ്ട്രീയ നേതാക്കളെയും പൊതു പ്രവര്‍ത്തകരെയും ഗൂഢാലോചനാ കുറ്റം ചുമത്തിയ ദില്ലികലാപ കുറ്റപത്രം പിന്‍വലിക്കണമെന്ന് കെ എന്‍ എം ആവശ്യപ്പെട്ടു. കോവിഡ് മഹാമാരിയെ തുടര്‍ന്ന് സംസ്ഥാനത്തെ വിദ്യാഭ്യാസ മേഖലയിലുണ്ടായ അനിശ്ചിതാവസ്ഥ വിദ്യാര്‍ത്ഥികളിയും അധ്യാപക സമൂഹത്തുലുമുണ്ടാക്കിയിട്ടുള്ള ആശങ്കക്ക് അറുതി വരുത്താന്‍ അടിയന്തിര നടപടി സ്വീകരിക്കണം. ഈ അധ്യയന വര്‍ഷത്തെക്കുറിച്ച് വ്യക്തമായ നിലപാടെടുക്കാന്‍ ഇനിയും വൈകരുതെന്ന് സമ്മേളനം ആവശ്യപ്പെട്ടു.
സംസ്ഥാന ജന. സെക്രട്ടറി സി പി ഉമര്‍ സുല്ലമി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഡോ. ഇ കെ അഹമ്മദ് കുട്ടി അധ്യക്ഷത വഹിച്ചു. എം അഹ്മദ് കുട്ടി മദനി, എന്‍ എം അബ്ദുല്‍ജലീല്‍, പ്രൊഫ. കെ പി സകരിയ്യ, ഡോ. ഐ പി അബ്ദുസ്സലാം, ഡോ. അന്‍വര്‍ സാദത്ത്, സല്‍മ അന്‍വാരിയ്യ, പ്രൊഫ. ഇസ്മായില്‍ കരിയാട്, പ്രൊഫ. ശംസുദ്ദീന്‍ പാലക്കോട് ഡോ. അനസ് കടലുണ്ടി, സലാഹ് കാരാടന്‍ (ജിദ്ദ), ഡോ. ജാബിര്‍ അമാനി, അബ്ദുല്ലത്തീഫ് കരുമ്പുലാക്കല്‍, എം ടി മനാഫ്, സഹീര്‍ വെട്ടം, അഫ്‌നിദ പുളിക്കല്‍, ബി പി എ ഗഫൂര്‍, സുഹൈല്‍ സാബിര്‍ രണ്ടത്താണി പ്രസംഗിച്ചു.

Back to Top