24 Thursday
September 2026
2026 September 24
1448 Rabie Al-Âkher 11

ചൂഷണമുക്തമായ സാമ്പത്തിക ക്രമം രൂപപ്പെടണം: കെ ജെ യു പണ്ഡിത സംഗമം



കോഴിക്കോട്: ലോകം കടുത്ത സാമ്പത്തിക, തൊഴില്‍ മാന്ദ്യം നേരിടുന്ന ഇക്കാലത്ത് ചൂഷണമുക്തവും വികസനക്ഷമവുമായ സാമ്പത്തിക ക്രമം രൂപപ്പെടണമെന്നും ഭരണസാരഥികളും സാമ്പത്തിക വിദഗ്ധരും അക്കാര്യം സഗൗരവം ആലോചിക്കണമെന്നും കേരള ജംഇയ്യത്തുല്‍ ഉലമ (കെ ജെ യു) പണ്ഡിതസമ്മേളനം ആഹ്വാനം ചെയ്തു. പലിശയിലധിഷ്ഠിതമായ ലോക സാമ്പത്തികക്രമം പരാജയവും വിനാശകരവുമാണെന്ന് ലോക പ്രശസ്തരായ സാമ്പത്തിക വിദഗ്ധര്‍ തന്നെ ചൂണ്ടിക്കാണിച്ചതും ലോകത്ത് അനുഭവവേദ്യമായ കാര്യവുമാണ്. സാമ്പത്തികമായി കഷ്ടപ്പെടുന്നവനെ കടം നല്‍കി സഹായിക്കുന്നു എന്ന വ്യാജേന അതിന് വന്‍ പലിശ ഈടാക്കി പാവങ്ങളെ ചൂഷണം ചെയ്യുകയാണ് ആധുനിക സാമ്പത്തിക ക്രമം ചെയ്യുന്നത്. അതിന് പകരം പലിശമുക്തവും സാമൂഹ്യക്ഷേമപരവുമായ സാമ്പത്തികക്രമത്തിന് മാത്രമേ ലോകത്തെ ശരിയായ സാമ്പത്തിക വികാസത്തിലേക്കും വിശുദ്ധിയിലേക്കും നയിക്കാന്‍ കഴിയുകയുള്ളൂ. വേദഗ്രന്ഥമായ ഖുര്‍ആന്‍ ബുദ്ധിപരമായി സംവദിക്കേണ്ട വിശുദ്ധ ഗ്രന്ഥമാണെന്നും ആധുനിക സമൂഹം അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ക്ക് ഖുര്‍ആന്റെ പരിഹാരമാര്‍ഗങ്ങള്‍ ബന്ധപ്പെട്ടവര്‍ ശ്രദ്ധിക്കണമെന്നും പണ്ഡിതസമ്മേളനം ആഹ്വാനം ചെയ്തു.
കുവൈത്ത് യൂണിവേഴ്‌സിറ്റിയിലെ ഡോ. മുതലക് ബിന്‍ ജാസിര്‍ ബ്ന്‍ മുതലക് അല്‍ജാസിര്‍ ഉദ്ഘാടനം ചെയ്തു. കെ ജെ യു വൈസ് പ്രസിഡന്റ് കെ അബൂബക്കര്‍ മൗലവി അധ്യക്ഷത വഹിച്ചു. ഡോ. ഇ കെ അഹമ്മദ് കുട്ടി, സി പി ഉമര്‍ സുല്ലമി, പ്രൊഫ. എ അബ്ദുല്‍ ഹമീദ് മദീനി, ഡോ. കെ ജമാലുദ്ദീന്‍ ഫാറൂഖി, പി കെ മൊയ്തീന്‍ സുല്ലമി, ഡോ. ഫുക്കാര്‍ അലി, പ്രൊഫ. കെ എന്‍ സുലൈമാന്‍ മദനി, വി സി മറിയക്കുട്ടി സുല്ലമിയ്യ, എന്‍ എം ഹുസൈന്‍, എ അബ്ദുല്‍അസീസ് മദനി, അബ്ദുല്ലത്തീഫ് കരുമ്പുലാക്കല്‍, പ്രൊഫ. കെ പി സകരിയ്യ, പ്രൊഫ. ശംസുദ്ദീന്‍ പാലക്കോട്, പ്രൊഫ. അലി മദനി മൊറയൂര്‍, ഡോ. മുസ്തഫ കൊച്ചിന്‍, സല്‍മ അന്‍വാരിയ്യ, ഡോ. അനസ് കടലുണ്ടി, എം അഹമ്മദ് കുട്ടി മദനി, സയ്യിദ് അബ്ദുര്‍റഹ്മാന്‍ തങ്ങള്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. ഡോ. വി കുഞ്ഞാലി, എം ടി മനാഫ്, സി.ടി ആയിഷ കണ്ണൂര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. പി അബ്ദുല്‍അലി മദനി സ്വാഗതവും അബ്ദുസ്സലാം പുത്തൂര്‍ നന്ദിയും പറഞ്ഞു.

Back to Top