14 Tuesday
July 2026
2026 July 14
1448 Mouharrem 28

സംവരണ അട്ടിമറി: സര്‍ക്കാര്‍ ഇച്ഛാശക്തി കാണിക്കണം- ഐ എസ് എം

കോഴിക്കോട്: സാമ്പത്തിക സംവരണത്തിന്റെ മറവില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നടക്കുന്ന സംവരണ അട്ടിമറി പിന്നാക്ക സമൂഹത്തോടുള്ള അനീതിയാണെന്ന് ഐ എസ് എം സംസ്ഥാന സെക്രട്ടറിയേറ്റ് അഭിപ്രായപ്പെട്ടു.
സംവരണത്തിന്റെ എല്ലാ അടിസ്ഥാന തത്ത്വങ്ങളും നിരാകരിക്കുന്നതാണ് സാമ്പത്തിക സംവരണം എന്നിരിക്കെ, അതിന്റെ മറവില്‍ കൂടുതല്‍ പിന്നാക്ക അവകാശങ്ങള്‍ അപഹരിക്കുന്നത് അംഗീകരിക്കാനാവില്ല. സാമൂഹ്യനീതി ഉയര്‍ത്തിപ്പിടിക്കുന്നവര്‍ക്ക് സാമ്പത്തിക സംവരണത്തെ പിന്തുണക്കാനാവില്ല. കക്ഷി ഭേദമന്യേ എല്ലാ രാഷ്ട്രീയ പാര്‍ടികളും ഈ അസമത്വത്തിനെതിരെ രംഗത്തിറങ്ങണം. മുന്നോക്ക സാമ്പത്തിക സംവരണം കേരളത്തില്‍ നടപ്പിലാക്കുമ്പോള്‍ സംവരണ സമുദായങ്ങളുടെ അവകാശം കവര്‍ന്നെടുക്കുകയില്ല എന്ന ഉറപ്പ് പാലിക്കാന്‍ സര്‍ക്കാര്‍ ഇച്ഛാശക്തി കാണിക്കണമെന്നും ഉദ്യോഗ മേഖലയില്‍ സാമ്പത്തിക സംവരണം നടപ്പിലാക്കാനുള്ള ശ്രമത്തില്‍നിന്ന് പിന്തിരിയണമെന്നും ഐ എസ് എം ആവശ്യപ്പെട്ടു.
സംസ്ഥാന പ്രസിഡന്റ് ഡോ. ഫുക്കാര്‍ അലി അധ്യക്ഷത വഹിച്ചു. ജന.സെക്രട്ടറി ഡോ. അന്‍വര്‍ സാദത്ത്, ട്രഷറര്‍ ഷാനിഫ് വാഴക്കാട്, അബ്ദുസ്സലാം മുട്ടില്‍, യൂനുസ് നരിക്കുനി, അബ്ദുല്‍ ജലീല്‍ മദനി, ഷമീര്‍ ഫലാഹി, മുഹ്‌സിന്‍ തൃപ്പനച്ചി, അഫ്താഷ് ചാലിയം, ജാബിര്‍ വാഴക്കാട്, ഐ വി അബ്ദുല്‍ ജലീല്‍ എന്നിവര്‍ സംസാരിച്ചു.

Back to Top