29 Wednesday
March 2023
2023 March 29
1444 Ramadân 7

ഗോള്‍വാര്‍ക്കറുടെ നാമകരണം കേരളത്തോടുള്ള വെല്ലുവിളി -കെ എന്‍ എം (മര്‍കസുദ്ദഅ്‌വ)

കോഴിക്കോട്: രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റിയൂട്ടിന്റെ കീഴിലുള്ള സ്ഥാപനത്തിന് ആര്‍ എസ് എസ് താത്വികാചാര്യന്‍ ഗുരു ഗോള്‍വാര്‍ക്കറുടെ പേരിടാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കം വര്‍ഗീയ ഫാസിസത്തോട് ഒരിക്കലും രാജിയാവാത്ത കേരളത്തിന്റെ പ്രബുദ്ധതയോടുള്ള വെല്ലുവിളിയാണെന്ന് കെ എന്‍ എം (മര്‍കസുദ്ദഅ്‌വ) സംസ്ഥാന സെക്രട്ടറിയേറ്റ് അഭിപ്രായപ്പെട്ടു. രാജ്യത്തിന്റെ സ്വാതന്ത്ര്യസമരത്തിനെതിരെ നിലപാടെടുക്കുകയും ഇന്ത്യന്‍ ഭരണഘടനയെ തള്ളിപ്പറയുകയും ഗാന്ധി വധത്തെ വിശുദ്ധവത്കരിക്കുകയും ചെയ്ത ഗോള്‍വാര്‍ക്കറുടെ പേരില്‍ കേരളത്തിലൊരു പൊതു സ്ഥാപനമെന്നത് ലജ്ജാകരമാണ്.
കേരളത്തിന്റെ സാംസ്‌കാരിക പ്രബുദ്ധതയെ വെല്ലുവിളിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നടപടിക്കെതിരെ സാംസ്‌കാരിക കേരളം ഒന്നിച്ച് ശബ്ദമുയര്‍ത്തണം. മോദീ സര്‍ക്കാറിന്റെ വാഗ്ദാനങ്ങളൊക്കെയും ലംഘിക്കപ്പെട്ടതാണെന്നിരിക്കെ കര്‍ഷക പ്രക്ഷോഭത്തെ വാഗ്ദാനങ്ങള്‍ നല്കി പരാജയപ്പെടുത്താനുള്ള മോദി സര്‍ക്കാറിന്റെ നീക്കത്തെ ജാഗ്രതയോടെ കാണണം. കര്‍ഷകരെയും കര്‍ഷക തൊഴിലാളികളെയും വഴിയാധാരമാക്കുന്ന കാര്‍ഷിക ബില്ലുകള്‍ പിന്‍വലിക്കുക തന്നെ വേണമെന്ന് യോഗം ആവശ്യപ്പെട്ടു.
യോഗത്തില്‍ പ്രസിഡന്റ് ഡോ. ഇ കെ അഹമ്മദ് കുട്ടി അധ്യക്ഷത വഹിച്ചു. ജന. സെക്രട്ടറി സി പി ഉമര്‍ സുല്ലമി ഉദ്ഘാടനം ചെയ്തു. കെ അബൂബക്കര്‍ മൗലവി, അഡ്വ. എം മൊയ്തീന്‍ കുട്ടി, പ്രഫ. പി അബ്ദുല്‍അലി മദനി, പ്രഫ. കെ പി സകരിയ്യ, എന്‍ എം അബ്ദുല്‍ജലീല്‍, കെ എല്‍ പി ഹാരിസ്, പി പി ഖാലിദ്, കെ എം കുഞ്ഞമ്മദ് മദനി, അഡ്വ. പി മുഹമ്മദ് ഹനീഫ, സി അബ്ദുല്ലത്തീഫ്, അബ്ദുല്ലത്തീഫ് കരുമ്പുലാക്കല്‍, കെ പി മുഹമ്മദ് കല്പറ്റ, ഡോ. ജാബിര്‍ അമാനി, ബി പി എ ഗഫൂര്‍, കെ എ സുബൈര്‍, പ്രഫ. ശംസുദ്ദീന്‍ പാലക്കോട്, സുഹൈല്‍ സാബിര്‍ രണ്ടത്താണി, എം അഹമ്മദ് കുട്ടി മദനി, എം ടി മനാഫ്, അബ്ദുസ്സലാം പുത്തൂര്‍, ഫൈസല്‍ നന്മണ്ട, ഡോ. ഐ പി അബ്ദുസ്സലാം, അഡ്വ. പി കുഞ്ഞമ്മദ് പയ്യോളി, ഷഹീര്‍ വെട്ടം, ഫാസില്‍ ആലുക്കല്‍, വി സി മറിയക്കുട്ടി സുല്ലമിയ്യ പ്രസംഗിച്ചു.

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x