30 Thursday
April 2026
2026 April 30
1447 Dhoul-Qida 13

കോവിഡ് പ്രതിരോധം: ഫാസിസ്റ്റ് ഒളിയജണ്ട അപലപനീയം -കെ എന്‍ എം

കോഴിക്കോട്: കോവിഡ് എന്ന മഹാമാരിക്കെതിരെയുള്ള പോരാട്ടം യുക്തിരഹിതവും അശാസ്ത്രീയവുമായ ചടങ്ങുകള്‍ അടിച്ചേല്‍പിച്ച് ഫാസിസ്റ്റ് ഒളിയജണ്ട നടപ്പാക്കാനുള്ള കേന്ദ്ര സര്‍ക്കാറിന്‍റെ ശ്രമം അപലപനീയമാണെന്ന് കെ എന്‍ എം (മര്‍കസുദ്ദ അ്വ) അഭിപ്രായപ്പെട്ടു. വൈദ്യുതി വിളക്കുകള്‍ അണച്ച് ദീപം തെളിയിച്ച് കോവിഡിനെ പ്രതിരോധിക്കാമെന്ന കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം യുക്തിരഹിതവും അശാസ്ത്രീയവുമാണ്. ഇന്ത്യയിലെ നൂറു കണക്കിന് ഗ്രാമങ്ങളില്‍ ഇതിന്‍റെ പേരില്‍ വൈക്കോല്‍ രൂപങ്ങളുണ്ടാക്കി കൊറോണ വൈറസ് പിശാചിനെ തീ കൊളുത്തി നശിപ്പിക്കാനൊരുങ്ങിയെന്ന വാര്‍ത്തകള്‍ പ്രധാനമന്ത്രിയുടെ ആഹ്വാനത്തോട് ചേര്‍ത്ത് വായിക്കേണ്ടതാണ്. ആളുകളില്‍ യുക്തിബോധവും ശാസ്ത്രീയ പ്രതിരോധ മാര്‍ഗങ്ങളും നടപ്പില്‍ വരുത്താന്‍ ബാധ്യതപ്പെട്ട ഭരണകൂടം മൂഢവിശ്വാസങ്ങള്‍ക്ക് പിന്‍ബലം നല്‍കാന്‍ ശ്രമിക്കുന്നത് ഫാസിസ്റ്റ് ഒളിയജണ്ടയുടെ ഭാഗമാണ്.
രാജ്യത്തെ ആരോഗ്യ സംവിധാനം മെച്ചപ്പെടുത്തുന്നതിനോ ലോക്ഡൗണ്‍ കാരണമായി ജീവിതോപാധികള്‍ നഷ്ടമായി കൂട്ട പലായനം നടത്തുന്നവര്‍ക്ക് ആശ്വാസം നല്‍കുന്നതിനോ ഫലപ്രദമായ പാക്കേജുകളൊന്നും പ്രഖ്യാപിക്കാതെ ഏകപക്ഷീയമായ വണ്‍മാന്‍ഷോകളും മിത്തുകളും പുരാണങ്ങളും മഹത്വവത്കരിക്കുന്നത് ഒരു ഭരണകൂടത്തിന് ഭൂഷണമല്ല. സാമൂഹിക അകലത്തിലൂടെ കോവിഡ് തടയുക എന്ന ലക്ഷ്യത്തോടെ ജനതാ കര്‍ഫ്യു പ്രഖ്യാപിച്ചപ്പോള്‍ മതരാഷ്ട്രീയ ഭേദമന്യെ ഇന്ത്യന്‍ ജനത ഒന്നടങ്കം അണിനിരന്നത് മഹാമാരിക്കെതിരെയുള്ള ഒരുമിച്ചു നിന്നുള്ള ചെറുത്തുനില്‍പ് അനിവാര്യമാണ് എന്ന തിരിച്ചറിവ് കൊണ്ടാണ്. എന്നാല്‍ പാത്രം കൊട്ടി ജനങ്ങളെ തെരുവിലിറക്കി രാഷ്ട്രീയശക്തി തെളിയിക്കാനുള്ള അവസരമായാണ് ഫാസിസ്റ്റ് ശക്തികള്‍ ഇത് ഉപയോഗപ്പെടുത്തിയത്. സാമൂഹിക അകലം എന്ന സന്ദേശത്തെ അട്ടിമറിച്ച് ഉന്നത പോലീസ് ഉദ്യോഗസ്ഥരടക്കമുള്ളവര്‍ ഭരിക്കുന്നവരെ പ്രീതിപ്പെടുത്താന്‍ പാത്രം കൊട്ടി ഘോഷയാത്രയായി തെരുവിലിറങ്ങിയിട്ടും നടപടിയെടുത്തില്ല. അപ്രതീക്ഷിത ലോക്ഡൗണ്‍ പ്രഖ്യാപനത്തിലൂടെ പതിനായിരങ്ങളെ കൂട്ട പലായനത്തിലേക്ക് തള്ളിവിടുകയും കോവിഡ് പ്രതിരോധത്തിന്‍റെ നിര്‍ണായക ഘട്ടങ്ങളില്‍ പോലും റിസോര്‍ട്ട് നാടകങ്ങളും നിയമസഭാ സമ്മേളനങ്ങളും വിളിച്ചുചേര്‍ക്കുകയും ചെയ്തവര്‍ കോവിഡ് വ്യാപനത്തെപ്പോലും വര്‍ഗീയവത്കരിച്ച് ഒരു വിഭാഗത്തിനെതിരെ ദേശസുരക്ഷാ കുറ്റങ്ങള്‍ ചുമത്തി ഫാസിസ്റ്റ് അജണ്ട നടപ്പാക്കുകയാണ്. ഇതിനെതിനെതിരെ പ്രതിപക്ഷകക്ഷികള്‍ ഉത്തരവാദിത്തം നിര്‍വഹിക്കണമെന്നും കെ എന്‍ എം അഭിപ്രായപ്പെട്ടു.
ഓണ്‍ലൈന്‍ സെക്രട്ടറിയേറ്റ് യോഗത്തില്‍ പ്രസിഡന്‍റ് ഡോ. ഇ കെ അഹമ്മദ് കുട്ടി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി സി പി ഉമര്‍ സുല്ലമി ഉദ്ഘാടനം ചെയ്തു. അബ്ദുല്‍ അലിമദനി, അഹമ്മദ് കുട്ടി മദനി, കെ പി സകരിയ്യ, എന്‍ എം അബ്ദുല്‍ ജലീല്‍, കെ പി മുഹമ്മദ്, ശംസുദ്ദീന്‍ പാലക്കോട്, ഡോ. ഐ പി അബ്ദുസ്സലാം, അബ്ദുല്ലത്തീഫ് കരുമ്പുലാക്കല്‍, ഡോ. ജാബിര്‍ അമാനി, ഡോ. അന്‍വര്‍ സാദത്ത്, ഫാസില്‍ ആലുക്കല്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. ബി പി എ ഗഫൂര്‍ പ്രമേയം അവതരിപ്പിച്ചു.

Back to Top