24 Thursday
September 2026
2026 September 24
1448 Rabie Al-Âkher 11

കോവിഡ് ലോക്ഡൗണ്‍: വീഴ്ച മറക്കാന്‍ മതസ്ഥാപനങ്ങളെ കരുവാക്കരുത്: കെ എന്‍ എം

കോഴിക്കോട്: യാതൊരു മുന്നൊരുക്കവും നടത്താതെ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച് രാജ്യത്തെ ജനങ്ങളെ മുഴുവന്‍ ദുരിതത്തിലേക്ക് തള്ളിവിട്ട കേന്ദ്രസര്‍ക്കാറിന്‍റെയും ദില്ലി സംസ്ഥാന സര്‍ക്കാറിന്‍റെയും വീഴ്ച മറച്ചുവെക്കാന്‍ മതസ്ഥാപനങ്ങളെ കരുവാക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് കെ എന്‍ എം (മര്‍കസുദ്ദഅ്വ) സംസ്ഥാന പ്രസിഡന്‍റ് ഡോ. ഇ കെ അഹമ്മദ്കുട്ടി, ജന.സെക്രട്ടറി സി പി ഉമര്‍ സുല്ലമി എന്നിവര്‍ പ്രസ്താവനയില്‍ പറഞ്ഞു. അതിഥി തൊഴിലാളികളെയും കൂലിത്തൊഴിലാളികളെയും തെരുവിലിറക്കിവിട്ട് പലായനം ചെയ്യിച്ച് ഒന്നും കണ്ടില്ലെന്ന മട്ടില്‍ സീരിയല്‍ കണ്ട് ആര്‍മാദിച്ച ഭരണനേതൃത്വം രാജ്യത്തെ കോവിഡ് ബാധയുടെ മൊത്ത ഉത്തരവാദിത്വം ദില്ലി നിസാമുദ്ദീന്‍ മസ്ജിദ് കമ്മിറ്റിക്കു മേല്‍ കെട്ടിവെക്കാന്‍ ശ്രമിക്കുന്നത് നീതീകരിക്കാനാവില്ല. നിസാമുദ്ദീന്‍ മസ്ജിദ് കമ്മിറ്റിക്ക് തെറ്റുപറ്റിയിട്ടുണ്ടെങ്കില്‍ അന്വേഷിക്കുകയും നടപടിയെടുക്കുകയും വേണമെന്നതില്‍ ആര്‍ക്കും എതിര്‍പ്പില്ല. എന്നാല്‍ കോവിഡ് അടിയന്തരാവസ്ഥ നിലനില്‍ക്കേ തന്നെ തിരുപ്പതിയില്‍ അര ലക്ഷത്തോളം പേര്‍ ഒത്തുകൂടുകയും ജനതാ കര്‍ഫ്യൂ ദിനത്തില്‍ രാജ്യത്തെ തെരുവുകളില്‍ ആയിരങ്ങള്‍ പാത്രങ്ങള്‍ കൊട്ടി ഘോഷയാത്ര നടത്തുകയും ചെയ്തപ്പോഴും ഹിന്ദു മഹാസഭ ഗോമൂത്ര പാര്‍ട്ടികള്‍ സംഘടിപ്പിച്ചപ്പോഴും കേന്ദ്ര- സംസ്ഥാന സര്‍ക്കാറുകള്‍ എന്തെടുക്കുകയായിരുന്നുവെന്ന് വ്യക്തമാക്കണം. കോവിഡ് ബാധയെ ചെറുക്കാന്‍ രാജ്യം ഒറ്റക്കെട്ടായില്‍ നിലകൊള്ളേണ്ട സാഹചര്യത്തില്‍ കേന്ദ്രഭരണകൂടവും ദില്ലി സര്‍ക്കാറും പക്ഷപാതപരമായ നടപടികളുമായി നീങ്ങുന്നത് അവസാനിപ്പിക്കണമെന്ന് ഡോ. ഇ കെ അഹമ്മദ്കുട്ടിയും സി പി ഉമര്‍ സുല്ലമിയും പറഞ്ഞു.

Back to Top