15 Wednesday
July 2026
2026 July 15
1448 Mouharrem 29

അയല്‍ രാജ്യങ്ങള്‍ അതിര്‍ത്തി കയ്യേറുമ്പോഴും കേന്ദ്രസര്‍ക്കാര്‍ നിസ്സംഗരായിക്കരുത് – കെ എന്‍ എം

കോഴിക്കോട്: രാജ്യത്തിന്റെ അതിര്‍ത്തിപ്രദേശങ്ങള്‍ ഓരോന്നും അയല്‍രാജ്യങ്ങള്‍ കയ്യേറി കൈവശപ്പെടുത്തുമ്പോഴും കേന്ദ്രസര്‍ക്കാര്‍ കൈയും കെട്ടി നോക്കി നില്‍ക്കുന്നത് കടുത്ത അപരാധമാണെന്ന് കെ എന്‍ എം (മര്‍കസുദ്ദഅ്‌വ) സംസ്ഥാന സെക്രട്ടറിയേറ്റ് അഭിപ്രായപ്പെട്ടു. രാജ്യത്തെ പൗരാവകാശ പ്രവര്‍ത്തകരെ രാജ്യദ്രോഹക്കുറ്റം ചുമത്തി ജയിലിലടയ്ക്കാന്‍ മോദീസര്‍ക്കാര്‍ കാണിക്കുന്ന ജാഗ്രതയുടെ നൂറിലൊരംശം ജാഗ്രത പാലിച്ചിരുന്നെങ്കില്‍ നേപ്പാളും ചൈനയും പാകിസ്താനും രാജ്യത്തിന്റെ അതിര്‍ത്തി പ്രദേശങ്ങള്‍ ഇന്നു കാണുംവിധം ഓഹരി വെച്ചെടുക്കില്ലായിരുന്നു. വിദ്വേഷ രാഷ്ടീയം മാത്രം അജണ്ടയാക്കി പ്രവര്‍ത്തിക്കുന്ന മോദീസര്‍ക്കാറിന് രാജ്യത്തിന്റെ ഭദ്രതയും സുരക്ഷയും കാത്തുസൂക്ഷിക്കുക സാധ്യമല്ലെന്ന് ബോധ്യപ്പെട്ട സാഹചര്യത്തില്‍ രാജ്യാര്‍ത്തി സുരക്ഷ ഉറപ്പുവരുത്താന്‍ രാഷ്ട്രപതി നേരിട്ടിടപെടണമെന്ന് കെ എന്‍ എം (മര്‍കസുദ്ദഅവ) അഭ്യര്‍ഥിച്ചു. കോവിഡ് ദുരിതത്തിലകപ്പെട്ട രാജ്യത്തെ ജനങ്ങളെ കൊള്ളയടിക്കാന്‍ എണ്ണക്കമ്പനികള്‍ക്ക് അവസരമൊരുക്കുകയാണ് മോദീസര്‍ക്കാര്‍. പെട്രോളിയം ഉല്പന്നങ്ങളുടെ വില ദിനേനയെന്നോണം ഉയര്‍ത്തി രാജ്യത്തെ ജനങ്ങളെ ദുരിതത്തില്‍ നിന്ന് ദുരിതത്തിലേക്ക് തള്ളിവിടുന്ന ജനദ്രോഹ നയങ്ങള്‍ക്കെതിരെ ശക്തമായ പ്രതിഷേധമുയരണം.
സംസ്ഥാന പ്രസിഡന്റ് ഡോ. ഇ കെ അഹ്മദ് കുട്ടി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി സി പി ഉമര്‍ സുല്ലമി ഉദ്ഘാടനം ചെയ്തു. കെ അബൂബക്കര്‍ മൗലവി, അഡ്വ. പി മുഹമ്മദ് ഹനീഫ, എം അഹമ്മദ് കുട്ടി മദനി, എന്‍ എം അബ്ദുല്‍ജലീല്‍, പ്രഫ. ശംസുദ്ദീന്‍ പാലക്കോട്, ഡോ. കെ ടി അന്‍വര്‍ സാദത്ത്, അബ്ദുല്ലത്തീഫ് കരുമ്പുലാക്കല്‍, സി അബ്ദുല്ലത്തീഫ്, കെ എല്‍ പി ഹാരിസ്, ബി പി എ ഗഫൂര്‍, അബ്ദുസ്സലാം പുത്തൂര്‍, പി പി ഖാലിദ്, ഡോ. ഐ പി അബ്ദുസ്സലാം, ഡോ. ജാബിര്‍ അമാനി, കെ എം കുഞ്ഞമ്മദ് മദനി, കെ പി മുഹമ്മദ് കല്പറ്റ, കെ പി അബ്ദുറഹ്മാന്‍, ഇസ്മാഈല്‍ കരിയാട്, ഫാസില്‍ ആലുക്കല്‍, റുഖ്‌സാന വാഴക്കാട്, ജുവൈരിയ ടീച്ചര്‍ പ്രസംഗിച്ചു.`

Back to Top