24 Thursday
September 2026
2026 September 24
1448 Rabie Al-Âkher 11

ബാബരി വിധി: ജൂഡീഷ്യറിയുടെ വിശ്വാസ്യതക്കേറ്റ പ്രഹരം

കോഴിക്കോട്: ബാബരി മസ്ജിദ് വിഷയത്തില്‍ സി ബി ഐ പ്രത്യേക കോടതി വിധി ജൂഡീഷ്യറിയുടെ വിശ്വാസ്യതക്ക് കനത്ത പ്രഹരമാണ് ഏല്‍പിച്ചിരിക്കുന്നതെന്ന് കെ എന്‍ എം (മര്‍കസുദ്ദഅ്‌വ) കോഴിക്കോട് സൗത്ത് ജില്ലാ പ്രതിനിധി സമ്മേളനം ‘ഡിയേര്‍സ് മീറ്റ്’ അഭിപ്രായപ്പെട്ടു. രാജ്യത്തെ പൗരന്‍മാര്‍ക്ക് നീതിന്യായ വ്യവസ്ഥയിലുള്ള വിശ്വാസം നഷ്ടപ്പെടുന്നത് കടുത്ത അരക്ഷിതാവസ്ഥയിലേക്ക് നയിക്കും. സത്യവും നീതിയും പരസ്യമായി ഗളച്ഛേദം ചെയ്ത് സംഘ്പരിവാറിന് പാദസേവ ചെയ്യുന്ന സമീപനം അംഗീകരിക്കാവതല്ല. ഇന്ത്യയുടെ മതേതരത്വത്തിന് ആഴത്തില്‍ മുറിവേല്പിച്ച മസ്ജിദ് ധ്വംസനത്തെ ഗൂഢാലോചനക്ക് തെളിവില്ലെന്ന് പറഞ്ഞ് തള്ളിയത് നീതിയെ അപഹസിക്കലാണ്. വിധിക്കെതിരെ നിയമത്തിന്റെ വഴിയില്‍ ശക്തമായ പോരാട്ടം തുടരണമെന്നും പ്രതിനിധി സമ്മേളനം അഭിപ്രായപ്പെട്ടു. ഇന്ത്യന്‍ കാര്‍ഷിക ഘടനയുടെ നട്ടെല്ലൊടിക്കുന്ന കാര്‍ഷിക കരിനിയമം ഉടന്‍ പിന്‍വലിക്കണമെന്ന് സമ്മേളനം കേന്ദ്ര സര്‍ക്കാറിനോട് ആവശ്യപ്പെട്ടു.
കെ എന്‍ എം (മര്‍കസുദ്ദഅ്‌വ) സംസ്ഥാന സെക്രട്ടറി എന്‍ എം അബ്ദുല്‍ജലീല്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് പി ടി അബ്ദുല്‍മജീദ് സുല്ലമി അധ്യക്ഷത വഹിച്ചു. ബി പി എ ഗഫൂര്‍, ഡോ. അനസ് കടലുണ്ടി, എം അബ്ദുറശീദ് മടവൂര്‍, ടി പി ഹുസൈന്‍കോയ, ശുക്കൂര്‍ കോണിക്കല്‍, പി സി അബ്ദുറഹിമാന്‍, റഫീഖ് നല്ലളം, സഫൂറ സിറ്റി, ഹിബ പ്രസംഗിച്ചു. പി അബ്ദുല്‍ മജീദ് പുത്തൂര്‍, അബ്ദു മങ്ങാട്, റഫീഖ് നരിക്കുനി, ജാബിര്‍ ഫറോഖ്, ആസാദ് കൂളിമാട്, വി പി നൂറുദ്ദീന്‍ കുട്ടി ചര്‍ച്ചയില്‍ പങ്കെടുത്തു.

Back to Top