നെതന്യാഹുവിനെ അധികാരത്തില്‍ നിന്ന് പുറത്താക്കാന്‍ ഷിന്‍ ബെതിന്റെ ശ്രമമെന്ന് മകന്‍ യായിര്‍
തന്റെ പിതാവ് ഇസ്രായേല്‍ പ്രധാനമന്ത്രി ബിന്യമിന്‍ നെതന്യാഹുവിനെ അധികാരത്തില്‍ നിന്ന് പുറത്താക്കാന്‍ രാജ്യത്തിന്റെ ആഭ്യന്തര സുരക്ഷ കാര്യങ്ങളുടെ ചുമതലയുള്ള ‘ഷിന്‍ ബെത്’ ശ്രമിക്കുന്നതായി മകന്‍ യായിര്‍ നെതന്യാഹു. തന്റെ പിതാവിന്റെ സര്‍ക്കാറിനെ അട്ടിമറിക്കാനും ഐ ഡി എഫ് സൈനികരെ പീഡിപ്പിക്കാനും ‘ഷിന്‍ ബെത്’ ശ്രമിക്കുന്നുവെന്നാണ് യായിറിന്റെ ആരോപണം. സമൂഹമാധ്യമമായ എക്‌സില്‍ തുടരെയുള്ള കുറിപ്പുകള്‍ പോസ്റ്റ് ചെയ്താണ് യായിര്‍ ‘ഷിന്‍ ബെതി’നെതിരെ രംഗത്തുവന്നത്. ഒക്ടോബര്‍ 7ന് ഹമാസ് ആക്രമണം ആരംഭിക്കുന്നതിന് മുമ്പ് ഇസ്രായേല്‍ സിം കാര്‍ഡുകള്‍ വ്യാപകമായി ആക്ടിവേറ്റ് ചെയ്യപ്പെട്ടത് നെതന്യാഹുവിന് അറിയാമായിരുന്നെന്ന റിപ്പോര്‍ട്ട് മുഴുവന്‍ തെറ്റാണെന്നും കെട്ടിച്ചമച്ചതാണെന്നും യായിര്‍ പറഞ്ഞു. ഒക്ടോബര്‍ 7ന് നടന്ന സൈന്യത്തിന്റെ സംഭാഷണങ്ങളും അവര്‍ ഈ ചര്‍ച്ചകള്‍ പ്രധാനമന്ത്രിയില്‍ നിന്ന് മറച്ചുവെച്ച വസ്തുതയും ഇല്ലാതാക്കാനുള്ള ശ്രമമാണിതെന്നും യായിര്‍ കുറ്റപ്പെടുത്തി. 60 കളിലെ തെക്കേ അമേരിക്ക പോലെയുള്ള ഒരു ബനാന റിപ്പബ്ലിക്കാണിത്. ഇപ്പോള്‍ ഇസ്രായേല്‍ സൈനികരെ അറസ്റ്റ് ചെയ്യുകയും പീഡിപ്പിക്കുകയും ചെയ്യുന്ന ഷിന്‍ ബെത് തന്നെയാണ്, ഏതാനും മാസങ്ങള്‍ക്ക് മുമ്പ് ഷിഫ ആശുപത്രി അഡ്മിനിസ്ട്രേറ്ററെ മോചിപ്പിച്ചതെന്നും യായിര്‍ കുറ്റപ്പെടുത്തി. അമേരിക്കയിലെ ഫ്‌ലോറിഡയിലാണ് യായിര്‍ കഴിയുന്നത്. ഗസ്സയില്‍ യുദ്ധം ആരംഭിച്ചപ്പോള്‍, 33കാരനായ മകന്റെ സുരക്ഷ വര്‍ധിപ്പിക്കണമെന്ന് നെതന്യാഹു അമേരിക്കയോട് ആവശ്യപ്പെട്ടിരുന്നു. പ്രകോപനപരമായ ഓണ്‍ലൈന്‍ പോസ്റ്റുകള്‍ക്ക് നിരവധി തവണ യായിര്‍ നിയമനടപടി നേരിട്ടിട്ടുണ്ട്.