10 Tuesday
December 2024
2024 December 10
1446 Joumada II 8

നേര്‍ച്ച: നിഷിദ്ധവും അനുവദനീയവും

അബ്ദുല്‍അസീസ് മദനി വടപുറം


നദ്ര്‍ എന്ന അറബി പദത്തിനാണ് നേര്‍ച്ച എന്ന് മലയാളത്തില്‍ പറഞ്ഞുവരുന്നത്. ഖുര്‍ആനില്‍ ഈ പദം ആലുഇംറാന്‍ 35ാം വചനത്തിലും മര്‍യം 26ാം വചനത്തിലും അല്‍ബഖറ 270ാം വചനത്തിലും വന്നിട്ടുണ്ട്. നേര്‍ച്ച ഒരു ഇബാദത്താണ്. ഇബാദത്തുകള്‍ അല്ലാഹുവിന്റെ പേരില്‍ മാത്രമേ ആകാവൂ എന്ന് വിശുദ്ധ ഖുര്‍ആനില്‍ അസന്ദിഗ്ധമായി പ്രഖ്യാപിച്ചിട്ടുണ്ട്. ”നിങ്ങള്‍ ചെലവില്‍ നിന്ന് എന്ത് ചെലവഴിക്കുന്നുവോ അതും, നേര്‍ച്ചയില്‍ നിന്നു നിങ്ങള്‍ എന്ത് നേരുന്നുവോ അതും തീര്‍ച്ചയായും അല്ലാഹു അറിയുന്നതാണ്.” (അല്‍ബഖറ 270).
അല്ലാഹു അല്ലാത്തവരുടെ പേരില്‍ നേര്‍ച്ചയാക്കുന്നത് അത് അക്രമം (ശിര്‍ക്ക്) ആണെന്നും അങ്ങനെ ചെയ്യുന്നവര്‍ അക്രമികളാണെന്നും ഖുര്‍ആന്‍ നിസ്സംശയം പ്രസ്താവിക്കുന്നു. ”ഇംറാന്റെ ഭാര്യ പറഞ്ഞ സന്ദര്‍ഭം നീ സ്മരിക്കുക: തീര്‍ച്ചയായും എന്റെ ഗര്‍ഭസ്ഥ ശിശുവിനെ സ്വതന്ത്രമാക്കപ്പെട്ട അവസ്ഥയില്‍ ഞാന്‍ നിനക്ക് നേര്‍ച്ചയാക്കിയിരിക്കുന്നു. അതിനാല്‍ എന്നില്‍ നിന്നു നീ ഇത് സ്വീകരിക്കേണമേ. തീര്‍ച്ചയായും നീ എല്ലാം കേള്‍ക്കുന്നവനും അറിയുന്നവനുമാകുന്നു” (ആലുഇംറാന്‍ 35).
അല്ലാഹുവിന്റെ തൃപ്തി ലഭിക്കുന്നതിന് ബൈത്തുല്‍ മുഖദ്ദസ് പരിപാലിക്കുന്നതിനു വേണ്ടിയാണ് ഇംറാന്റെ ഭാര്യ കുഞ്ഞിനെ നേര്‍ച്ചയാക്കിയത്. നേര്‍ച്ച എന്ന ഇബാദത്ത് അല്ലാഹുവിന്റെ പേരില്‍ മാത്രമേ പാടുള്ളൂവെന്നാണ് ഈ വചനം സൂചിപ്പിക്കുന്നത്. മര്‍യം 26ാം വചനം: ”മനുഷ്യരില്‍ നിന്ന് വല്ലവനെയും നീ കാണുകയാണെങ്കില്‍ പറയുക: തീര്‍ച്ചയായും പരമകാരുണികനു വേണ്ടി ഞാന്‍ വ്രതം നേര്‍ച്ചയാക്കിയിരിക്കുന്നു. ഇന്ന് ഞാന്‍ ഒരു മനുഷ്യനോടും സംസാരിക്കില്ലെന്ന്.”
”നേര്‍ച്ചെയന്നാല്‍ വിവേകമുള്ള, പ്രായപൂര്‍ത്തിയും പക്വതയുമുള്ള മുസ്‌ലിമായ ഒരു വ്യക്തി നിര്‍ണിതമല്ലാത്ത സുന്നത്തോ ഫര്‍ള് കിഫായയോ ഖുര്‍ബത്ത് (ദൈവസാമീപ്യത്തിന് ഉതകുന്ന കാര്യം) ആയ കാര്യമോ സ്വന്തം ശരീരത്തിന് നിര്‍ബന്ധമാക്കുന്നതിന് പറയുന്ന പേരാണ്. വിത്ര്‍ നമസ്‌കാരം പതിവായി നിര്‍വഹിക്കും, അല്ലെങ്കില്‍ രോഗിയെ സന്ദര്‍ശിക്കും എന്നൊക്കെ പ്രതിജ്ഞ ചെയ്യുന്നപോലെ” (ഫത്ഹുല്‍ മുഈന്‍). ”ശറഅ് നിര്‍ബന്ധമാക്കിയിട്ടില്ലാത്ത ആരാധനാ കര്‍മങ്ങളില്‍ നിന്നു ഒരു മുകല്ലഫ് (ബുദ്ധിയും വിവേകവും ഉള്ള ഒരു മനുഷ്യന്‍) സ്വന്തം ശരീരത്തിന് നിര്‍ബന്ധമാക്കുന്നതിനാണ് നേര്‍ച്ചെയന്ന്് പറയുന്നത്” (ഖുര്‍തുബി).
ഒരാള്‍ തന്റെ മനസ്സിനെ ഒരു കാര്യം ചെയ്യുന്നതില്‍ ഉറപ്പിക്കുകയും നിര്‍ണിതപ്പെടുത്തുകയും ചെയ്യുന്നതിനാണ് നേര്‍ച്ച എന്നു പറയുന്നത്. നേര്‍ച്ചക്ക് തഫ്‌സീറുകളിലും ഫിഖ്ഹ് ഗ്രന്ഥങ്ങളിലും നല്‍കിയിട്ടുള്ള നിര്‍വചനങ്ങളാണ് നാം മുകളില്‍ കണ്ടത്. ഇതിന്റെ അടിസ്ഥാനത്തിലാണ് നേര്‍ച്ചകളുടെ വിവിധ ഇനങ്ങളെക്കുറിച്ച് നാം വിശകലനം ചെയ്യേണ്ടത്. ശറഹ് മുസ്‌ലിമില്‍ ഇമാം നവവി പറയുന്നു: സ്വയം ശപഥം ചെയ്ത് നിര്‍ബന്ധമാക്കപ്പെടുന്ന കാര്യം ശറഇയായി അനുസരിക്കപ്പെടേണ്ട കാര്യമാണെങ്കില്‍ അത് പൂര്‍ത്തീകരിക്കല്‍ നിര്‍ബന്ധവും ആ നേര്‍ച്ച സ്വീകാര്യവുമാണെന്നതില്‍ മുസ്‌ലിംകള്‍ എല്ലാവരും ഏകോപിച്ചിട്ടുണ്ട്.
”അങ്ങാടിയില്‍ പ്രവേശിക്കുന്നതുപോലുള്ള അനുവദനീയമായ കാര്യത്തിനു വേണ്ടിയോ അനുസരണക്കേടായ കാര്യത്തിനു വേണ്ടിയോ ആണ് ഒരാള്‍ നേര്‍ച്ചയാക്കിയതെങ്കില്‍ ആ നേര്‍ച്ച കെട്ടിക്കുടുക്കുണ്ടാക്കുമെന്നാണ് പറയുന്നത്. എന്നാല്‍ അതിന് അവന്‍ പ്രായശ്ചിത്തം നല്‍കേണ്ടതില്ല എന്നതാണ് നമ്മുടെ അഭിപ്രായം. അതാണ് ഭൂരിപക്ഷം പണ്ഡിതന്മാരും പറഞ്ഞിട്ടുള്ളതും. എന്നാല്‍ അതിന് സത്യം ചെയ്ത് ലംഘിച്ചാലുള്ള പ്രായശ്ചിത്തം നല്‍കണമെന്നാണ് ഇമാം അഹ്മദും ഒരു വിഭാഗവും പറയുന്നത് (ശറഹ് മുസ്‌ലിം, വാള്യം 6, പേജ് 107).
നേര്‍ച്ച
അല്ലാഹുവിന്റെ
വിധിയെ തടുക്കില്ല

”അബ്ദുല്ലാഹിബ്‌നു ഉമര്‍ പറയുന്നു: ഒരു ദിവസം റസൂല്‍(സ) നേര്‍ച്ചയില്‍ നിന്നു ഞങ്ങളെ നിരോധിക്കാന്‍ തുടങ്ങി. അദ്ദേഹം അത് പറയുകയും ചെയ്തു. തീര്‍ച്ചയായും അത് (നേര്‍ച്ച) യാതൊന്നും തടുക്കുകയില്ല. അതുവഴി പിശുക്കനില്‍ നിന്നു ധനം പറത്തപ്പെടും.” ഇബ്‌നു ഉമറില്‍ നിന്നുള്ള മറ്റൊരു റിപ്പോര്‍ട്ട്: ”തീര്‍ച്ചയായും പ്രവാചകന്‍ നേര്‍ച്ച നിരോധിച്ചു. എന്നിട്ട് പറഞ്ഞു: തീര്‍ച്ചയായും അത് (നേര്‍ച്ച) ഒരു നന്മയും കൊണ്ടുവരില്ല. അതു മുഖേന പിശുക്കനില്‍ നിന്ന് ധനം പുറത്തുകൊണ്ടുവരപ്പെടും.”
മാസ്‌രി പറഞ്ഞു: ”നേര്‍ച്ചയുടെ നിരോധനം കാരണം നേര്‍ച്ചയാക്കിയവര്‍ അതുമായി ഒട്ടിച്ചേര്‍ന്നുനില്‍ക്കാന്‍ സാധ്യതയുണ്ടാകും. അപ്പോള്‍ യാതൊരു ഉന്മേഷവുമില്ലാതെ അത് നിര്‍ബന്ധിതനായിക്കൊണ്ടുവരും… തന്റെ നേര്‍ച്ചയില്‍ ഒട്ടിച്ചേര്‍ന്നു നില്‍ക്കുന്നതായ ദൈവസാമീപ്യം തന്നോട് ആവശ്യപ്പെട്ടതായ കല്‍പനക്ക് എതിരായ രൂപത്തില്‍ വരാനുള്ള നിമിത്തമായി ഭവിച്ചേക്കാം. അപ്പോള്‍ അതിന്റെ പ്രതിഫലം കുറഞ്ഞുപോയേക്കും.” ആരാധനയുടെ കാര്യം അല്ലാഹുവിന് മാത്രമുള്ളതായിരിക്കും.
ഖാദി ഇയാള് പറഞ്ഞു: ”തീര്‍ച്ചയായും നേര്‍ച്ച ദൈവവിധിയെ തടുക്കുമെന്ന് ചില വിഡ്ഢികള്‍ വിചാരിക്കുമെന്നതിനാലാവാം നേര്‍ച്ച നിരോധിച്ചത് എന്നതിന് സാധ്യതയുണ്ട്. ഒരു വിഡ്ഢി അങ്ങനെ വിശ്വസിക്കുമെന്ന ഭീതി കാരണത്താല്‍ അല്ലാഹുവിന്റെ വിധിയെപ്പോലും അവന്‍ തള്ളിപ്പറയാന്‍ ഇടയാക്കിയേക്കും” (ശറഹ് മുസ്‌ലിം, പേജ് 108, 109, വാള്യം 6).
ഒരാളുടെ നേര്‍ച്ച
മറ്റൊരാള്‍ക്ക്
വീട്ടാമോ?

ഇസ്‌ലാം അനുവദിച്ച ഒരു കാര്യമാണ് ഒരാള്‍ നേര്‍ച്ചയാക്കിയതെങ്കില്‍, നേര്‍ച്ചയാക്കിയ വ്യക്തി മരണപ്പെടുകയോ ആ വ്യക്തിക്ക് അത് വീട്ടാന്‍ സാധിക്കാതെ വരികയോ ചെയ്താല്‍ മറ്റൊരാള്‍ക്ക് അത് വീട്ടാവുന്നതാണ്. ഇമാം മുസ്‌ലിം പറയുന്നു: ”ഇബ്‌നു അബ്ബാസി(റ)ല്‍ നിന്ന് നിവേദനം. അദ്ദേഹം പറഞ്ഞു: ”സഅ്ദ് ബിന്‍ ഉബാദ(റ) റസൂലി(സ)നോട് തന്റെ മാതാവ് നേര്‍ച്ച നേര്‍ന്നതിനെ സംബന്ധിച്ച് ചോദിച്ചു. നേര്‍ച്ചയാക്കിയത് വീട്ടുന്നതിനു മുമ്പ് അദ്ദേഹത്തിന്റെ മാതാവ് മരണപ്പെട്ടു. അപ്പോള്‍ റസൂല്‍ പറഞ്ഞു: നീ അവര്‍ക്ക് വേണ്ടി അത് വീട്ടുക.”
എന്നാല്‍ നേര്‍ച്ചയാക്കിയ കാര്യം തന്റെ നിയന്ത്രണത്തിലല്ലാത്തതോ, അല്ലാഹുവിന് അനുസരണക്കേട് കാണിക്കുന്ന കാര്യത്തിലോ ആണെങ്കില്‍ അത് പൂര്‍ത്തിയാക്കാന്‍ പാടില്ല. ഒരാള്‍ ജാറം മൂടാനോ അവിടെ നിലവിളക്ക് വെക്കാനോ ജാറത്തിങ്കല്‍ മുട്ടും വിളിയും നടത്താനോ മഖ്ബറയില്‍ സുജൂദ് ചെയ്യാനോ നേര്‍ച്ചയാക്കുന്നുവെങ്കില്‍ അത് നിറവേറ്റാന്‍ പാടില്ല. റസൂല്‍(സ) അരുള്‍ ചെയ്ത ധാരാളം ഹദീസുകളില്‍ വന്നിട്ടുള്ളത് ‘അല്ലാഹുവിന് അനുസരണക്കേട് കാണിക്കുന്ന കാര്യത്തില്‍ ഒരാള്‍ നേര്‍ച്ചയാക്കിയാല്‍ അത് വീട്ടാന്‍ പാടില്ല’ എന്നാണ്.
നേര്‍ച്ചയാക്കിയതിന് അവര്‍ പ്രായശ്ചിത്തം നല്‍കേണ്ടത് സത്യം ചെയ്തിട്ട് അത് ലംഘിച്ചാല്‍ എന്താണോ പ്രായശ്ചിത്തം നല്‍കേണ്ടത് അതുതന്നെയാണ്. ആയിശ(റ), അനസ്(റ) തുടങ്ങിയവര്‍ ഈ ഹദീസ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇമാം മാലിക്, ഇമാം ശാഫിഈ, ഇമാം അബൂഹനീഫ, ദാവൂദ് ഥാഹിരി തുടങ്ങിയവരും ഇതേ അഭിപ്രായക്കാരാണ്. ഒരാള്‍ മദ്യപിക്കാന്‍ വേണ്ടി നേര്‍ച്ചയാക്കിയാല്‍ അവന്റെ നേര്‍ച്ച ബാത്വിലാണെന്ന് പണ്ഡിതന്മാര്‍ അഭിപ്രായപ്പെടുന്നു.
ശരീരത്തിന്
ബുദ്ധിമുട്ടാകുന്ന
കാര്യങ്ങള്‍ക്ക്
നേര്‍ച്ചയാക്കാമോ?

ഇബ്‌നു അബ്ബാസ് പറയുന്നു: ”നബി(സ) വെയിലത്ത്് നില്‍ക്കുന്ന ഒരാളെ കണ്ടു. അവിടുന്ന് ചോദിച്ചു: എന്താണത്? അവര്‍ (സഹാബികള്‍) പറഞ്ഞു: ഇത് അബൂഇസ്‌റാഈല്‍ ആണ്. അദ്ദേഹം വെയിലത്ത് നില്‍ക്കുമെന്നും തീരെ തണല്‍ കൊള്ളില്ലെന്നും ആരോടും സംസാരിക്കില്ലെന്നും നോമ്പെടുക്കുമെന്നും നേര്‍ച്ചയാക്കിയിരിക്കുന്നു. നബി പറഞ്ഞു: നിങ്ങള്‍ അദ്ദേഹത്തോട് കല്‍പിക്കുക: അദ്ദേഹം (ആവശ്യമായ) കാര്യം സംസാരിക്കുകയും തണല്‍ കൊള്ളുകയും (ആവശ്യമെങ്കില്‍) ഇരിക്കുകയും അദ്ദേഹത്തിന്റെ നോമ്പ് പൂര്‍ത്തിയാക്കുകയും ചെയ്യട്ടെ” (സ്വഹീഹ് ബുഖാരി).
നേര്‍ച്ചയാക്കപ്പെട്ട ഒരു കാര്യം ഒരാള്‍ക്ക് ചെയ്യാന്‍ സാധിക്കാതെ വന്നാല്‍, അഥവാ ആ കാര്യം ചെയ്യാന്‍ അദ്ദേഹത്തിന് വല്ലാതെ പ്രയാസപ്പെടേണ്ടിവരുന്നു എങ്കില്‍ ആ കാര്യം അദ്ദേഹം ഉപേക്ഷിക്കുകയും അതിന് പ്രായശ്ചിത്തം നല്‍കുകയും വേണം. ഉഖ്ബതുബ്‌നു ആമിര്‍ റിപ്പോര്‍ട്ട് ചെയ്യുന്ന ഒരു ഹദീസ് ഇങ്ങനെയാണ്:
”അദ്ദേഹത്തിന്റെ സഹോദരി കാല്‍നടയായി ഹജ്ജിനു പോകാന്‍ നേര്‍ച്ചയാക്കിയത് അറിഞ്ഞ പ്രവാചകന്‍ പറഞ്ഞു: നിന്റെ സഹോദരി അവളുടെ ശരീരത്തെ പീഡിപ്പിക്കാന്‍ ഉദ്ദേശിച്ചതില്‍ നിന്നു അല്ലാഹു ധന്യനാകുന്നു. അതുകൊണ്ട് വാഹനത്തില്‍ കയറി ഹജ്ജിന് പുറപ്പെടാനായി നീ അവളോട് കല്‍പിക്കുക” (സ്വഹീഹുല്‍ ബുഖാരി, ഹദീസ് 1866. ഈ സംഭവം ഫതാവാ ഇബ്‌നു തൈമിയ വാള്യം 45, പേജ് 124, 125ലും കാണാം).
ഇമാം മുസ്‌ലിം ഉദ്ധരിച്ച ഒരു ഹദീസ്: ”അബൂഹുറയ്‌റ പറയുന്നു: തീര്‍ച്ചയായും രണ്ട് മക്കളുടെ മേല്‍ ഊന്നിപ്പിടിച്ചുകൊണ്ട് നടന്നുപോവുന്ന ഒരു വൃദ്ധനെ കണ്ടപ്പോള്‍ നബി(സ) ചോദിച്ചു: എന്താണ് ഇദ്ദേഹത്തിന്റെ കാര്യം? മക്കള്‍ പറഞ്ഞു: അല്ലാഹുവിന്റെ റസൂലേ, അദ്ദേഹം നടന്നുപോകാന്‍ നേര്‍ച്ചയാക്കിയതാണ്. നബി(സ) പറഞ്ഞു: ഹേ പ്രായം ചെന്നവരേ, നിങ്ങള്‍ വാഹനത്തില്‍ കയറുക. തീര്‍ച്ചയായും അല്ലാഹു താങ്കളില്‍ നിന്നും താങ്കളുടെ നേര്‍ച്ചയില്‍ നിന്നും ധന്യനാണ്.”
അവിശ്വാസിയായിരിക്കെ
നേര്‍ച്ചയാക്കിയത് വിശ്വാസിയാവുമ്പോള്‍ വീട്ടേണ്ടതുണ്ടോ?
അബ്ദുല്ലാഹിബ്‌നു ഉമറില്‍ നിന്ന് നിവേദനം: ”ഉമര്‍(റ) പറഞ്ഞു: അല്ലാഹുവിന്റെ ദൂതരേ, ഞാന്‍ ജാഹിലിയ്യാ കാലത്ത് മസ്ജിദുല്‍ ഹറാമില്‍ ഒരു രാത്രി ഭജനമിരിക്കാന്‍ നേര്‍ച്ചയാക്കി. നബി(സ) പറഞ്ഞു: നീ നിന്റെ നേര്‍ച്ച പൂര്‍ത്തിയാക്കുക.” ഒരാള്‍ നേര്‍ച്ചയാക്കുന്ന കാര്യം ശിര്‍ക്കില്‍ പെട്ടതോ അനാചാരങ്ങളില്‍ പെട്ടതോ ആണെങ്കില്‍ ആ നേര്‍ച്ച ഒരിക്കലും നിറവേറ്റാന്‍ പാടില്ല. അത് ജാഹിലിയ്യാ കാലത്ത് മുശ്‌രിക്കുകള്‍ നേര്‍ച്ചയാക്കിയിരുന്ന ചില മൃഗങ്ങളുടെ ഗണത്തില്‍ പെട്ടതാണ്. ”അല്ലാഹു ബഹീറാത്ത്, സാഇബത്ത്, വസീലത്ത്, ഹേമ് എന്നീ (നേര്‍ച്ച ഒട്ടകങ്ങളെ) നിശ്ചയിച്ചിട്ടില്ല. എന്നാല്‍ അവിശ്വസിച്ചവര്‍ അല്ലാഹുവിന്റെ പേരില്‍ വ്യാജം പറയുന്നു. അവരില്‍ അധികവും ചിന്തിക്കുന്നില്ല.” (അല്‍മാഇദ 103)
ഒരു ഒട്ടകം അഞ്ചു കുട്ടികളെ പ്രസവിച്ചാല്‍ അതിന്റെ ചെവി കീറി ദൈവങ്ങള്‍ക്കായി ഉഴിഞ്ഞിടുന്ന ഒട്ടകത്തിനാണ് ബഹീറ എന്നു പറയുന്നത്. യഥേഷ്ടം മേഞ്ഞുനടക്കാനായി വിടുന്ന നേര്‍ച്ച ഒട്ടകത്തിന് സാഇബത്ത് എന്നു പറയുന്നു. ഒരു ആടിന് ആദ്യ പ്രസവത്തില്‍ ആണും പെണ്ണുമായി രണ്ട് കുട്ടികള്‍ ഉണ്ടാവുകയാണെങ്കില്‍ അതിന് വസീല എന്ന് പറയുന്നു. ഒരു നിശ്ചിത പ്രായമുള്ള ഒട്ടകക്കൂറ്റന് ഹേമ് എന്നും പറയുന്നു.
ഈ ആയത്തിന്റെ വിശദീകരണത്തില്‍ തഫ്‌സീര്‍ സ്വാവിയില്‍ വന്ന ഇബാറത്ത് ഇപ്രകാരമാണ്: ”ഹറാമാകുന്ന കാര്യത്തില്‍ അതുപോലെ തന്നെയാണ് (ജാഹിലിയ്യാ കാലത്തെ ജനങ്ങള്‍ നേര്‍ച്ച നേര്‍ന്നിരുന്ന മൃഗങ്ങള്‍) സാധാരണക്കാരായ ചില വിഡ്ഢികള്‍ ചെയ്തുകൊണ്ടിരുന്ന കാര്യങ്ങളും. അതായത് അവര്‍ (പുണ്യം കിട്ടുമെന്ന് പ്രതീക്ഷിച്ചുകൊണ്ട്) ആടിനെയോ മൂരിക്കുട്ടിയേയോ ഏതെങ്കിലും ഔലിയാക്കളില്‍പെട്ട ഒരു വലിയ്യിന്റെ പേരില്‍ നേര്‍ച്ചയാക്കി വിടുന്നു. ആ മൃഗം മനുഷ്യന്‍ പ്രയാസപ്പെട്ടുണ്ടാക്കിയ സമ്പത്ത് (കൃഷികള്‍) തിന്നുന്നു.
വലിയ്യിന്റെ ശാപം തട്ടുമെന്നു ഭയന്ന് ഒരാളും അതിനെ തടുക്കില്ല. ആ മൂരിക്കുട്ടി അല്ലെങ്കില്‍ ആട് കൃഷിയിടത്തില്‍ കയറി അത് തിന്നുന്നത് നിങ്ങള്‍ കാണുന്നില്ലേ എന്ന് വല്ലവരും ചോദിച്ചാല്‍ അവനെ അവര്‍ തെറ്റിദ്ധരിക്കുന്നു. അവന്‍ ഔലിയാക്കളെ സ്നേഹിക്കാത്തവനാണെന്ന് അവര്‍ പ്രസ്താവിക്കുകയും ചെയ്യുന്നു. അറിയുക: ആ ആടിനെയോ പശുവിനെയോ അവര്‍ അതില്‍ നിന്നു തടയാതിരിക്കുന്നത് ഔലിയാക്കളിലുള്ള വിശ്വാസം നിമിത്തമാണെങ്കില്‍ അവര്‍ അവിശ്വാസികളായി. എന്നാല്‍ വിശ്വാസമില്ലാതെയാണ് അവര്‍ അത് നോക്കിനില്‍ക്കുന്നതെങ്കില്‍ അത് ഹറാമുമാണ്.”
ചുരുക്കത്തില്‍, ഇസ്‌ലാമുമായി അതിന് യാതൊരു ബന്ധവുമില്ലെന്ന് വ്യക്തമാണ്. ഉള്ളാള്‍ തങ്ങളുടെ പേരില്‍ നേര്‍ച്ചയാക്കി വിടുന്ന സഞ്ചി ആടും നാഗൂര്‍ കാളയും മുഹ്‌യിദ്ദീന്‍ ശൈഖിന്റെ പേരില്‍ നേര്‍ച്ചയാക്കുന്ന കോഴിയുമെല്ലാം ഈ ഗണത്തില്‍ പെടുന്നു.

Back to Top