21 Thursday
November 2024
2024 November 21
1446 Joumada I 19

ഭൗതിക നേട്ടത്തിനായി നേര്‍ച്ച ചെയ്യരുത്‌

മുസ്തഫ നിലമ്പൂര്‍


മതസമൂഹങ്ങളിലെല്ലാം അറിയപ്പെട്ട ആരാധനയാണ് നേര്‍ച്ച. നദ്ര്‍ എന്ന അറബി വാക്കിന് നേര്‍ച്ച, വഴിപാട്, പ്രാര്‍ഥന, ശപഥം എന്നിങ്ങനെ വിവിധ അര്‍ഥങ്ങളുണ്ട്. പ്രായപൂര്‍ത്തിയും വിവേകവുമുള്ള ഒരു മുസ്ലിം വ്യക്തിപരമായി തനിക്ക് നിര്‍ബന്ധമല്ലാത്ത ആരാധനയെ സ്വയം നിര്‍ബന്ധമാക്കി ശപഥം ചെയ്യുന്നതിനാണ് സാങ്കേതികമായി ഇസ്ലാമില്‍ നേര്‍ച്ച എന്ന് പറയുന്നത്.
പുണ്യകരമോ സാമൂഹിക ബാധ്യതയോ ആയിട്ടുള്ള സ്വയം ശപഥം ചെയ്യുന്ന കാര്യങ്ങളെല്ലാം ഇതില്‍ ഉള്‍പ്പെടും. നിര്‍ബന്ധ നമസ്‌കാരമോ നോമ്പോ സകാത്തോ ഒരാള്‍ക്ക് നേര്‍ച്ചയാക്കാന്‍ പറ്റില്ല. കാരണം അത് അവന്റെ മേല്‍ നിര്‍ബന്ധമാണ്. പുണ്യകരമായതില്‍ മാത്രമേ നേര്‍ച്ച പാടുള്ളൂ. പ്രായപൂര്‍ത്തിയായ ഒരാള്‍ തനിക്ക് നിര്‍ബന്ധമല്ലാത്ത ആരാധനയെ സ്വയം നിര്‍ബന്ധമായി ശപഥം ചെയ്യലാണ് നേര്‍ച്ച എന്നതിന്റെ ശരിയായ നിര്‍വചനം (ഖുര്‍ത്വുബി). നേര്‍ച്ച മതപരമായി പുണ്യമായതിനാല്‍ പുണ്യമായതില്‍ മാത്രമേ അത് സ്വഹീഹാവുകയുള്ളൂ. (റൂഹുല്‍ ബയാന്‍)
പുണ്യമല്ലാത്ത, അനുവദനീയമായ കാര്യമാണെങ്കില്‍ പോലും അത് നേര്‍ച്ച ആവുകയില്ല. ഇമാം നവവി(റ) പറയുന്നു: പുണ്യകര്‍മം നേര്‍ച്ചയാക്കിയാല്‍ അത് പൂര്‍ത്തീകരിക്കല്‍ നിര്‍ബന്ധമാണ്. എന്നാല്‍ കുറ്റകരമായ കാര്യങ്ങളിലോ അനുവദനീയമായവയിലോ നേര്‍ച്ചയാക്കല്‍ അനുവദനീയമല്ല. അങ്ങാടിയില്‍ പ്രവേശിക്കാന്‍ ഒരാള്‍ നേര്‍ച്ചയാക്കുന്നതുപോലെ, ഈ കാര്യത്തില്‍ മുസ്ലിംകള്‍ക്ക് എല്ലാം ഏകോപിച്ച അഭിപ്രായമുണ്ട് (ശറഹ് മുസ്ലിം)
പുണ്യകരമായ ഒരു കാര്യം, ഒരാള്‍ വിശ്വാസിയാകുന്നതിന് മുമ്പ് നേര്‍ച്ച നേര്‍ന്നതാണെങ്കിലും അത് പൂര്‍ത്തീകരിക്കേണ്ടതാണ്. ഇബ്‌നു ഉമര്‍(റ) പറയുന്നു: ഉമര്‍(റ) പറഞ്ഞു: അല്ലാഹുവിന്റെ റസൂലേ, ഞാന്‍ മുസ്ലിം ആകുന്നതിനു മുമ്പ് മസ്ജിദുല്‍ ഹറമില്‍ ഒരു രാത്രി ഭജനമിരിക്കാന്‍ നേര്‍ച്ചയാക്കിയിരുന്നു. നബി(സ) പറഞ്ഞു: നീ നിന്റെ നേര്‍ച്ച പൂര്‍ത്തീകരിക്കുക. അങ്ങനെ അദ്ദേഹം ഒരു രാത്രി ഹറമില്‍ ഭജനമിരുന്നു. (ബുഖാരി) നമ്മുടെ കഴിവില്‍ പെട്ടതും ചെയ്യാന്‍ സാധിക്കുന്നതും ആയ കാര്യങ്ങള്‍ മാത്രമേ നേര്‍ച്ചയാക്കാവൂ.
അബ്ദുല്ലാഹിബ്‌നു അബ്ബാസ്(റ) പറയുന്നു: നബി(സ) പ്രസംഗിക്കുന്നതിനിടയില്‍ ഒരാള്‍ വെയിലത്ത് നില്‍ക്കുന്നത് കണ്ടു. അദ്ദേഹത്തെ സംബന്ധിച്ച് നബി അന്വേഷിച്ചു. അവര്‍ പറഞ്ഞു: അദ്ദേഹം അബൂഇസ്രായീലാണ്. ഇരിക്കാതെ തുടര്‍ച്ചയായി നില്‍ക്കാനും തണലേല്‍ക്കാതെ, സംസാരിക്കാതെ നോമ്പ് അനുഷ്ഠിക്കാനും അദ്ദേഹം നേര്‍ച്ചയാക്കിയിരിക്കുന്നു. നബി പറഞ്ഞു: അദ്ദേഹത്തോട് സംസാരിക്കാനും ഇരിക്കാനും തണലേല്‍ക്കാനും കല്‍പ്പിക്കൂ. അദ്ദേഹത്തിന്റെ നോമ്പ് അദ്ദേഹം പൂര്‍ത്തിയാക്കട്ടെ. (ബുഖാരി, അബൂദാവൂദ്, ഇബ്‌നുമാജ)
അബൂഹുറയ്‌റ(റ) പറയുന്നു: രണ്ടു മക്കളുടെ സഹായത്തില്‍ ഊന്നി നടക്കുന്ന ഒരാളെ നബി(സ) കണ്ടു. നബി ചോദിച്ചു: എന്താണ് ഇദ്ദേഹത്തിന്റെ കാര്യം? അവര്‍ പറഞ്ഞു: നബിയേ, അവര്‍ അദ്ദേഹത്തിന്റെ രണ്ടു മക്കളാണ്. ഇപ്രകാരം ഹജ്ജിനു പോകാന്‍ അദ്ദേഹം നേര്‍ച്ചയാക്കിയിരിക്കുന്നു. നബി(സ) പറഞ്ഞു: പ്രായാധിക്യം ഉള്ളവരേ, വാഹനത്തില്‍ കയറുക, തീര്‍ച്ചയായും അല്ലാഹു താങ്കളെയും താങ്കളുടെ നേര്‍ച്ചയെയും ആവശ്യമില്ലാത്തവനാണ്. (മുസ്ലിം)
നമുക്ക് ഉടമസ്ഥാവകാശം ഇല്ലാത്തതില്‍ നേര്‍ച്ചയാക്കാന്‍ പാടില്ല. ഒരു അന്‍സാരി വനിത ബന്ധനത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ഉപയോഗിച്ച ഒട്ടകത്തെ അറുത്തു ധര്‍മം ചെയ്യുമെന്ന് നേര്‍ച്ചയാക്കി, അത് സംബന്ധിച്ച് ചോദിച്ചപ്പോള്‍ നബി(സ) പറഞ്ഞു: അല്ലാഹു മഹാപരിശുദ്ധന്‍! എത്ര മോശം പ്രതിഫലമാണ് ആ ഒട്ടകത്തിന് അവള്‍ നല്‍കിയത്! തെറ്റായ കാര്യത്തിലും ഉടമസ്ഥാവകാശം ഇല്ലാത്തതിലും നേര്‍ച്ച നിറവേറ്റേണ്ടതില്ല. (മുസ്ലിം, ദാറഖുത്‌നി)
സ്വത്ത് മുഴുവനായോ കുടുംബ ബന്ധം വിച്ഛേദനത്തിനോ നേര്‍ച്ചയാക്കാന്‍ പാടില്ല. തന്റെ സഹോദരനുമായി അനന്തരാവകാശം പങ്കുവെക്കുന്നതിന് വൈമനസ്യം കാണിച്ച അന്‍സാരിയായ സ്വഹാബി തന്റെ ധനം കഅ്ബയിലേക്ക് നല്‍കാന്‍ ഉദ്യമിച്ചപ്പോള്‍ ഉമര്‍(റ) അദ്ദേഹത്തോട് പറഞ്ഞു: കഅ്ബക്ക് നിന്റെ ധനം ആവശ്യമില്ല, നീ നിന്റെ ശപഥത്തിന് പ്രായശ്ചിത്തം നല്‍കുകയും നിന്റെ സഹോദരനോട് സംസാരിക്കുകയും ചെയ്യുക. നബി(സ) പറയുന്നത് ഞാന്‍ കേട്ടിരിക്കുന്നു: നീ ഉടമയാക്കാത്തതിലോ കുടുംബബന്ധം വിച്ഛേദിക്കുന്നതിനോ റബ്ബിന്റെ നിയമത്തിനെതിരോ ആയ നേര്‍ച്ച പൂര്‍ത്തീകരിക്കാന്‍ നിനക്ക് പാടില്ല. (സുനനു അബീദാവൂദ്)
പുണ്യകരവും ദൈവപ്രീതി കാംക്ഷിച്ചും മാത്രമേ നേര്‍ച്ച പാടുള്ളൂ. അബ്ദുല്ലാഹിബ്‌നു അംറ്(റ) പറയുന്നു: നബി(സ) പറഞ്ഞിരിക്കുന്നു: അല്ലാഹുവിനെ പ്രീതി കാംക്ഷിക്കുന്നതിലല്ലാതെ നേര്‍ച്ച പാടില്ല. കുടുംബബന്ധം വിച്ഛേദിക്കാന്‍ ശപഥവും പാടില്ല. (അബൂദാവൂദ്)
ഭൗതിക താല്‍പര്യത്തിനായുള്ള നേര്‍ച്ച ഇസ്ലാം അംഗീകരിക്കുന്നില്ല. അതിന്റെ സാധ്യത കണ്ടതിനാല്‍ നബി(സ) നേര്‍ച്ചയെ നിരുത്സാഹപ്പെടുത്തി. നബി(സ) പറഞ്ഞു: നിങ്ങള്‍ നേര്‍ച്ചയാക്കരുത്. തീര്‍ച്ചയായും നേര്‍ച്ച അല്ലാഹുവിന്റെ വിധിയില്‍ യാതൊരു ഗുണവും ചെയ്യുകയില്ല. പിശുക്കനില്‍ നിന്ന് അത് മുഖേന ധനം പുറത്തെടുക്കപ്പെടുന്നു എന്ന് മാത്രം. (മുസ്ലിം)
നേര്‍ച്ച അനുവദനീയമായതും അനുവദനീയമല്ലാത്തതുമുണ്ട്. നന്മ ചെയ്യാന്‍ നേര്‍ച്ചയാക്കുന്നതിന് നദ്‌റു തബര്‍റുര്‍ എന്ന് പറയുന്നു. ഇത് രണ്ടു വിധമുണ്ട്. ഉപാധി ഇല്ലാതെ പുണ്യം ഉദ്ദേശിച്ചു മാത്രം ചെയ്യുന്നത്. ഇത് സാധുവും അഭികാമ്യവുമാണ്. ഉപാധി വെച്ചുകൊണ്ടുള്ള നേര്‍ച്ചയാണ് മറ്റൊന്ന്. എനിക്ക് ഇന്ന കാര്യം സാധിച്ചു കിട്ടിയാല്‍ ഇന്നത് പ്രവര്‍ത്തിക്കുമെന്ന് നേര്‍ച്ചയാക്കലാണത്. ഇത് അഭികാമ്യമല്ല. കാരണം, അല്ലാഹുവിന്റെ അനുഗ്രഹങ്ങളെ അവമതിക്കുന്ന ഭാവം അതിലുണ്ട്. ഈ രണ്ട് തരത്തിലുള്ള നേര്‍ച്ചയായാലും അത് വീട്ടല്‍ നിര്‍ബന്ധമാണ്.
കുറ്റകരമായ നേര്‍ച്ചയാണ് മറ്റൊന്ന്. ഇതിനു നദ്‌റു ലജാജ് എന്ന് പറയുന്നു. ഇതു രണ്ടു വിധമുണ്ട്. നിഷിദ്ധം ചെയ്യുന്നതുമായി ബന്ധപ്പെട്ടതാണ് അതിലൊന്ന്. അബ്ദുല്ലാഹിബ്‌നു അബ്ബാസിന്റെ(റ) സമീപത്ത് ഒരു സ്ത്രീ വന്നു പറഞ്ഞു: ഞാന്‍ എന്റെ മകനെ ബലി അറുക്കാന്‍ നേര്‍ച്ചയാക്കിയിരിക്കുന്നു. ഇബ്‌നു അബ്ബാസ്(റ) പറഞ്ഞു: നീ നിന്റെ മകനെ ബലിയറുക്കരുത്. നിന്റെ ശപഥത്തിന് നീ പ്രായശ്ചിത്തം നല്‍കുകയും ചെയ്യുക. (മുവത്വ 1016). ഗുണകരമല്ലാത്തതോ അനുവദനീയം മാത്രമുള്ളതോ ആയ കാര്യം നേര്‍ച്ചയാക്കുന്നതാണ് മറ്റൊന്ന്. ഈ കാര്യത്തില്‍ ഭിന്ന വീക്ഷണങ്ങള്‍ ഉണ്ട്.
നേര്‍ച്ച
പൂര്‍ത്തീകരിക്കല്‍

നിങ്ങളെന്തൊന്ന് ചെലവഴിച്ചാലും ഏതൊന്ന് നേര്‍ച്ച നേര്‍ന്നാലും തീര്‍ച്ചയായും അല്ലാഹു അതറിയുന്നതാണ് . അക്രമകാരികള്‍ക്ക് സഹായികളായി ആരും തന്നെ ഉണ്ടാവുന്നതല്ല. (2:270). നേര്‍ച്ച അവര്‍ നിറവേറ്റുകയും ആപത്തു പടര്‍ന്ന് പിടിക്കുന്ന ഒരു ദിവസത്തെ അവര്‍ ഭയപ്പെടുകയും ചെയ്യും. (76:7)
അന്ത്യനാള്‍ സംഭവിക്കുന്ന അവസാന കാലത്തെ ദുഷ്ട ജനങ്ങളുടെ ലക്ഷണങ്ങള്‍ വിവരിച്ചപ്പോള്‍ പറഞ്ഞ ഒന്ന് ‘അവര്‍ നേര്‍ച്ചയാക്കും, എന്നാല്‍ നിറവേറ്റുകയില്ല’ (ബുഖാരി) എന്നാണ്. നേര്‍ച്ച കൊണ്ട് ഒരു ഉപകാരവും സിദ്ധിക്കില്ല, ഖദ്‌റിനെ മാറ്റം വരുത്തില്ല, കാര്യങ്ങളെ മുന്തിക്കുകയോ പിന്തിക്കുകയോ ചെയ്യുകയില്ല എന്നിങ്ങനെ ഹദീസുകളില്‍ വന്നിട്ടുണ്ട്.
നേര്‍ച്ച അല്ലാഹുവിന്
മാത്രം

നേര്‍ച്ച ആരാധനയാണ്. അത് അല്ലാഹുവിനു വേണ്ടി മാത്രമേ അനുവാദമുള്ളൂ. അല്ലാഹു അല്ലാത്തവരുടെ കീര്‍ത്തിക്കോ അവരുടെ സാമീപ്യം തേടിയോ ശുപാര്‍ശ പ്രതീക്ഷിച്ചോ നേര്‍ച്ച ചെയ്യാവുന്നതല്ല. മുശ്‌രിക്കുകള്‍ അല്ലാഹുവല്ലാത്തവര്‍ക്ക് അര്‍പ്പിച്ച് വിവിധ നേര്‍ച്ചകളെ സംബന്ധിച്ച് വിശുദ്ധ ഖുര്‍ആന്‍ വ്യക്തമാക്കിയിട്ടുണ്ട് (5:103). അവര്‍ വിഗ്രഹങ്ങള്‍ക്കും ബിംബങ്ങള്‍ക്കും അര്‍പ്പിച്ചിരുന്ന അതേ ലക്ഷ്യത്തോടെ മഹാന്മാര്‍ എന്ന് വിശേഷിപ്പിക്കപ്പെട്ടവരിലേക്ക് ഈ കാലത്തും നേര്‍ച്ച വഴിപാടുകള്‍ അര്‍പ്പിക്കുന്നുണ്ട്
വിശുദ്ധ ഖുര്‍ആന്‍ 5:103 ന്റെ വ്യാഖ്യാനത്തില്‍ ഇമാം സ്വാവി(റ) പറയുന്നു: ഹറാമിന്റെ വിഷയത്തില്‍ ഇതുപോലെ തന്നെയാണ് ജനങ്ങളിലെ ചില മൂഢവിശ്വാസക്കാര്‍ ചെയ്യുന്നത്! അതായത് ഏതെങ്കിലും ഒരു വലിയ്യിന്റെ പേരില്‍ ആടിനെയോ കാളയെയോ അഴിച്ചുവിടുന്നു. അത് ജനങ്ങളുടെ സ്വത്ത് ഭക്ഷിച്ചാല്‍ അവയെ തടയാന്‍ തുനിയില്ല. ഇത് ശരിയല്ലാത്തതും നിഷിദ്ധവും ആണെന്ന് ആരെങ്കിലും ഉപദേശിച്ചാല്‍ അവനെ ഔലിയാക്കളെ സ്‌നേഹിക്കാത്തവന്‍ എന്ന് ആക്ഷേപിക്കും. എന്നാല്‍ ഇത് (നേര്‍ച്ചയാക്കല്‍) ആരാധനയും സല്‍കര്‍മവുമാണെന്ന് ആരെങ്കിലും വിശ്വസിച്ചാല്‍ അവര്‍ മതത്തില്‍ നിന്ന് പുറത്തുപോയി. അങ്ങനെ വിശ്വസിച്ചിട്ടില്ലെങ്കിലും നിഷിദ്ധമാണ് അവര്‍ ചെയ്യുന്നത്. നല്ല കാര്യത്തിലാണ് നിലകൊള്ളുന്നത് എന്ന് അവര്‍ വിചാരിക്കുന്നു. അറിയുക! തീര്‍ച്ചയായും അവര്‍ കളവ് പറയുന്നവരാണ്. (തഫ്‌സീര്‍ സ്വാവി)
ഇമാം റാസി(റ) പറയുന്നു: പണ്ഡിതന്മാര്‍ പറഞ്ഞിരിക്കുന്നു. ഒരു മുസ്ലിം ഒരു മൃഗത്തെ അറുക്കുകയും അത് കൊണ്ട് അല്ലാഹു അല്ലാത്തവരുടെ സാമീപ്യം ഉദ്ദേശിക്കുകയും ചെയ്താല്‍ അവന്‍ ഇസ്ലാമില്‍ നിന്ന് പുറത്തായി. അവന്‍ അറുത്തത് അമുസ്ലിം അറുത്തത് പോലെ ആയിത്തീരും (റാസി).
ഇബ്‌നു ഹജര്‍ ഹൈഥമി(റ) പറയുന്നു: ഖബ്‌റില്‍ കിടക്കുന്നവന്റെ സാമീപ്യം ഉദ്ദേശിച്ച് നേര്‍ച്ചയാക്കിയാല്‍ ആ നേര്‍ച്ച ബാത്വിലാണ്. കാരണം പുണ്യകര്‍മം കൊണ്ട് അല്ലാഹുവിലേക്ക് മാത്രമേ സാമീപ്യം ഉദ്ദേശിക്കാന്‍ പാടുള്ളൂ. അവന്റെ സൃഷ്ടികളിലേക്ക് അനുവാദമില്ല. നബി(സ) അലി (റ)യോട് പറഞ്ഞു: നാല് വിഭാഗത്തെ അല്ലാഹു ശപിച്ചിരിക്കുന്നു. മാതാപിതാക്കളെ ശപിക്കുന്നവന്‍, അല്ലാഹുവല്ലാത്തവര്‍ക്ക് ബലി നടത്തിയവന്‍, പുതു നിര്‍മിതിക്കാര്‍ക്ക് അഭയം നല്‍കിയവന്‍, ഭൂമിയിലെ പ്രഭ കെടുത്തുന്നവന്‍. (മുസ്ലിം 1978)
സാമീപ്യം തേടണമെന്നില്ല. ദുരഭിമാനം കാരണം നേര്‍ച്ചയാക്കിയാലും അത് നിഷിദ്ധമാണ്. ഫറസ്ദഖിന്റെ പിതാവ് ഗാലിബ് ഭക്ഷണവിതരണ കാര്യത്തില്‍ സുഹൈമ്ബ്‌നു വസീലുരിയാഹിയുമായി ആഭിജാത്യം പ്രകടിപ്പിച്ചു നൂറു ഒട്ടകം അറുത്തു. സുഹൈമ് 300 ഒട്ടകം അറുത്തു. എന്നിട്ട് അയാള്‍ ജനങ്ങളോട് പറഞ്ഞു: ഇഷ്ടം പോലെ എടുത്തുകൊള്ളുക. അതറിഞ്ഞ് അലി(റ) പറഞ്ഞു: അല്ലാഹുവല്ലാത്തവര്‍ക്കായി പ്രഖ്യാപിച്ചതില്‍ പെട്ടതാണിത്. അത് ഭക്ഷിക്കല്‍ അനുവദനീയമല്ല. അങ്ങനെ ജനങ്ങള്‍ ആ സദ്യ അവഗണിച്ചു. പിന്നീട് വന്യമൃഗങ്ങളും പക്ഷികളുമാണ് അത് തിന്നത്. (സംഗ്രഹം ഫത്ഹുല്‍ബാരി)
ഒരു സ്ത്രീ തന്റെ കുഞ്ഞിന് വിലപിടിപ്പുള്ള ഒരു പാവ വാങ്ങി. അതിന്റെ പോരിശ പരസ്യപ്പെടുത്തുന്നതിനായി അവള്‍ മൃഗങ്ങളെ അറുത്ത് ജനങ്ങളെ സദ്യക്ക് ക്ഷണിച്ചു. എന്നാല്‍ ഹസനുബ്‌നു അലി(റ) ആ ഭക്ഷണം കഴിക്കാന്‍ പാടില്ല എന്ന് വിധി പുറപ്പെടുവിച്ചു. ഇലാഹാണെന്ന് വിശ്വസിക്കാതെ തന്നെ അല്ലാഹു അല്ലാത്തവര്‍ക്ക് നേര്‍ച്ച നിര്‍വഹിച്ചാലും അത് നിഷിദ്ധമാണ്. മേല്‍ സംഭവങ്ങള്‍ അതാണ് വ്യക്തമാക്കുന്നത്.
മഹാന്മാരുടെ സാമീപ്യം സിദ്ധിക്കാനും അവരുടെ ശുപാര്‍ശ ലഭിക്കാനുമായി, ഇന്ന് ചിലര്‍ ഖബറുകളെ ഉയര്‍ത്തുകയും വഴിപാടുകള്‍ നടത്തുകയും ചെയ്യുന്നത് പൂര്‍വികരായ ബഹുദൈവാരാധകര്‍ നടത്തിയ നേര്‍ച്ച വഴിപാടുകള്‍ക്ക് തുല്യമാണ്. അവ കടുത്ത നിഷിദ്ധങ്ങളാണ്. പ്രവാചകനോടുള്ള ഈര്‍ഷ്യതയില്‍ മുനാഫിഖുകള്‍ മദീനയില്‍ നിര്‍മിച്ച മസ്ജിദ് ളിറാറിനേക്കാള്‍ അപകടകരമാണ് അവ.
ഇബ്‌നു ഹജര്‍ ഹൈഥമി(റ) പറയുന്നു: ഉയര്‍ത്തപ്പെട്ട ഖബ്‌റുകളും അവയുടെ മീതെയുള്ള ഖുബ്ബകളും പൊളിച്ചുമാറ്റാന്‍ ധൃതി കാണിക്കല്‍ നിര്‍ബന്ധമാണ്. അവ മസ്ജിദു ളിറാറിനേക്കാള്‍ ഉപദ്രവകരമാണ്. തീര്‍ച്ചയായും ഇവ നിര്‍മിക്കപ്പെട്ടത് നബി(സ)ക്ക് എതിരു പ്രവര്‍ത്തിക്കുക എന്ന നിലയിലാണ്. എന്തുകൊണ്ടെന്നാല്‍ നബി(സ) ഇവയെ വിരോധിക്കുകയും ഉയര്‍ത്തപ്പെട്ട ഖബ്‌റുകള്‍ പൊളിച്ചു മാറ്റാന്‍ കല്‍പ്പിക്കുകയും ചെയ്തിട്ടുണ്ട്. അപ്രകാരം തന്നെ ഖബറിന്മേല്‍ സ്ഥാപിച്ച വിളക്കുകളും കിന്തീലുകളും നീക്കി കളയലും അനിവാര്യമാണ്. ഇവയൊന്നും തന്നെ വഖ്ഫ് ചെയ്യുന്നതോ നേര്‍ച്ച നേരുന്നതോ അനുവദനീയമല്ല. (സവാജിര്‍).
പ്രായശ്ചിത്തം
നേര്‍ച്ച പൂര്‍ത്തിയാക്കാതെ അതിന് പ്രായശ്ചിത്തം നല്‍കേണ്ടി വരുന്നവര്‍ ശപഥത്തിന് ഉള്ള പ്രായശ്ചിത്തം തന്നെയാണ് നിര്‍വഹിക്കേണ്ടത്. ‘ബോധപൂര്‍വമല്ലാത്ത നിങ്ങളുടെ ശപഥങ്ങളുടെ പേരില്‍ അവന്‍ നിങ്ങളെ പിടികൂടുകയില്ല. എന്നാല്‍ നിങ്ങള്‍ ഉറപ്പിച്ചു ചെയ്ത ശപഥങ്ങളുടെ പേരില്‍ അവന്‍ നിങ്ങളെ പിടികൂടുന്നതാണ്. അപ്പോള്‍ അതിന്റെ (അത് ലംഘിക്കുന്നതിന്റെ) പ്രായശ്ചിത്തം നിങ്ങള്‍ നിങ്ങളുടെ വീട്ടുകാര്‍ക്ക് നല്‍കാറുള്ള മധ്യനിലയിലുള്ള ഭക്ഷണത്തില്‍ നിന്ന് പത്തു സാധുക്കള്‍ക്ക് ഭക്ഷിക്കാന്‍ കൊടുക്കുകയോ, അല്ലെങ്കില്‍ അവര്‍ക്ക് വസ്ത്രം നല്‍കുകയോ, അല്ലെങ്കില്‍ ഒരു അടിമയെ മോചിപ്പിക്കുകയോ ആകുന്നു. ഇനി വല്ലവന്നും (അതൊന്നും) കിട്ടിയില്ലെങ്കില്‍ മൂന്നു ദിവസം നോമ്പെടുക്കുകയാണ് വേണ്ടത്. നിങ്ങള്‍ സത്യം ചെയ്തു പറഞ്ഞാല്‍, നിങ്ങളുടെ ശപഥങ്ങള്‍ ലംഘിക്കുന്നതിനുള്ള പ്രായശ്ചിത്തമാകുന്നു അത് . ”നിങ്ങളുടെ ശപഥങ്ങളെ നിങ്ങള്‍ സൂക്ഷിച്ച് കൊള്ളുക. അപ്രകാരം അല്ലാഹു അവന്റെ വചനങ്ങള്‍ നിങ്ങള്‍ക്ക് വിവരിച്ചുതരുന്നു; നിങ്ങള്‍ നന്ദിയുള്ളവരായിരിക്കാന്‍ വേണ്ടി” (5:89)

Back to Top