25 Thursday
July 2024
2024 July 25
1446 Mouharrem 18

നിയോ ലിബറലിസം ധാര്‍മികമൂല്യങ്ങളുടെ അന്തകവിത്ത്

സഈദ് പൂനൂര്‍


ഫ്യൂഡലിസത്തിന്റെ തകര്‍ച്ചയോടെയാണ് ലിബറലിസം ശക്തമാകുന്നത്. ഫ്യൂഡല്‍ വ്യവസ്ഥക്ക് പകരമായി വന്ന കാപിറ്റലിസ്റ്റ് വ്യവസ്ഥ ശക്തമായ ഒരു മധ്യവര്‍ഗത്തെ സൃഷ്ടിച്ചു. വ്യവസ്ഥാപിതമായ രാജവാഴ്ചക്കും പ്രഭുവര്‍ഗത്തിനുണ്ടായിരുന്ന ആനുകൂല്യങ്ങള്‍ക്കും ഇവര്‍ എതിരായിരുന്നു. കേവലവാദത്തിനു പകരം ഭരണഘടനാധിഷ്ഠിതമായ ജനാധിപത്യ വ്യവസ്ഥയാണ് യൂറോപ്പിന്റെ മധ്യവര്‍ഗം മുന്നോട്ടു വെച്ചത്. ജനനം കൊണ്ട് ലഭിച്ചിരുന്ന ആനുകൂല്യങ്ങള്‍ അങ്ങേയറ്റം വിവേചനാത്മകമാണെന്നായിരുന്നു അവരുടെ വാദം. അവര്‍ വിശ്വാസ സ്വാതന്ത്ര്യത്തിനായി വാദിക്കുകയും സ്ഥാപിത സഭയെ വിമര്‍ശിക്കുകയും ചെയ്തു.
സൈദ്ധാന്തികമായി ലിബറലിസത്തിന്റെ അന്താരാഷ്ട്രീയ ബന്ധമെന്നത് കലാ-രാഷ്ട്രീയ-സാമ്പത്തിക മേഖലകളെ പ്രതിനിധീകരിക്കുന്നതാണ്. അത് ഇസ്‌ലാമിനോടും മനുഷ്യ പ്രകൃതിയോടും മാത്രമല്ല ഏറ്റുമുട്ടുന്നത്. മറിച്ച്, എല്ലാ മതങ്ങളോടും ധാര്‍മിക മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന എല്ലാ വ്യവസ്ഥിതിയോടുമാണ്. ഏതെങ്കിലും ഐഡിയോളജിയുടെയോ മറ്റോ പിന്‍ബലത്തില്‍ നിലനില്‍ക്കുന്ന വ്യവസ്ഥാപിതമായ ധാര്‍മിക ചട്ടക്കൂടുകളോ സദാചാര തത്വങ്ങളോ പാലിക്കാന്‍ സ്വതന്ത്ര ചിന്തകരായ ഇവര്‍ക്ക് മൗലികമായി ബാധ്യതയില്ല.
ലിബറല്‍ എത്തിക്‌സിന്റെ മഹാ ബുദ്ധിജീവിയായി അറിയപ്പെടുന്ന പീറ്റര്‍ സിംഗര്‍ തന്നെ തന്റെ ഹെവി പെറ്റിങ് (heavy petting) എന്ന ലേഖനത്തിലൂടെ ബെസ്റ്റ്യാലിറ്റിയിലും ശരികേടൊന്നും ഇല്ലെന്ന് സമര്‍ഥിക്കുന്നു. ലിബറലിസത്തിന്റെ ഏറ്റവും ആധുനിക ചിന്തകൊണ്ടു പോലും ധാര്‍മികമായ ശരിതെറ്റുകളെ വിലയിരുത്താന്‍ കഴിയുന്നില്ലാ എന്നത് തന്നെയാണ് ആധുനിക ലിബറല്‍ സമൂഹത്തിന്റെ മൂല്യത്തകര്‍ച്ചക്കു കാരണം. ധാര്‍മികതയെ നിര്‍ണയിക്കുന്നിടത്ത് മാത്രമല്ല അതിന് റീസണ്‍ നല്‍കുന്നിടത്തും ലിബറലിസത്തിന്റെ മൊറാലിറ്റി പരാജയമാകുന്നു. മറ്റൊരാള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാകുന്നത് കൊണ്ട് മാത്രമാണ് ഒരു കാര്യം തെറ്റാകുന്നത് എന്ന ലിബറല്‍ ഡെഫിനിഷനെ അംഗീകരിച്ചാല്‍ തന്നെ ആ തെറ്റ് എന്തുകൊണ്ട് ചെയ്തുകൂടാ എന്ന ചോദ്യം അതുണ്ടാക്കുന്നുണ്ട്.

ഇന്‍ഡിവിജ്വലിസവും
അധാര്‍മികതയും

മനുഷ്യാവകാശത്തിന്റെയും വ്യക്തി സ്വാതന്ത്ര്യത്തിന്റെയും അകമ്പടിയോടെയാണ് സ്വതന്ത്ര ലൈംഗികത, അബോര്‍ഷന്‍, LGBTQIA+, ആത്മഹത്യ, ശവരതി, മൃഗരതി തുടങ്ങിയ ‘പുരോഗമന’ ചിന്തകള്‍ നിയോ ലിബറല്‍ വക്താക്കള്‍ സമൂഹത്തിലേക്ക് ആനയിക്കുന്നത്. അതിനാല്‍ തന്നെ ഇവയുടെ സ്വീകാര്യതയിലും എതിരഭിപ്രായക്കാരെ പ്രാകൃതരും മാനവിക വിരുദ്ധരുമായി ചാപ്പയടിക്കപ്പെടുന്നതിലും അതിശയപ്പെടാനൊന്നുമില്ല. യഥാര്‍ഥത്തില്‍ വ്യക്തി സ്വാതന്ത്ര്യം, മനുഷ്യാവകാശം തുടങ്ങിയവ ഏതെങ്കിലും ഒരു ലോകക്രമത്തിനകത്ത്, അന്തര്‍ലീനമായി മറ്റു പല ആശയങ്ങളുമുണ്ടാകുമ്പോള്‍ മാത്രം അര്‍ഥവത്താകുന്ന പൊള്ളയായ പദങ്ങളാണ്. മനുഷ്യാവകാശം എന്ന് പറഞ്ഞാല്‍, സന്തോഷത്തോടെ സുരക്ഷിതരായി ഭയരഹിതരായി ജീവിക്കാനുള്ള മാനുഷിക താല്‍പര്യ സംരക്ഷണം. അല്ലാതെ My body is my right എന്ന ടാഗ്‌ലൈനില്‍ എന്തും ചെയ്യാനുള്ള അള്‍ട്രാ ഫ്രീഡമല്ല.
മനുഷ്യരുടെ താല്പര്യമെന്താണെന്ന് പറയണമെങ്കില്‍ മനുഷ്യനെന്താണെന്ന് നിര്‍വചിക്കണം. അതിനൊരു സത്തമീമാംസയും (Ontology) ജ്ഞാനശാസ്ത്രവും (Epistemology) വേണം. ശാസ്ത്രമാത്രവാദമാണ് നിയോലിബറലിസത്തിന്റെ ജ്ഞാന സമ്പാദന രീതി. യഥാര്‍ഥത്തില്‍ അടിസ്ഥാനപരമായ സത്യങ്ങളെ വളച്ചൊടിച്ച്, ഭൗതികവാദമെന്ന തത്വചിന്തയെ ശാസ്ത്രത്തിന്റെ പേരില്‍ ആധികാരികമാക്കാനുള്ള ഒരു ശ്രമമാണ് സയന്റിസം. ശാസ്ത്രത്തിന്റെ ആധികാരികതയിലും ജനകീയതയിലും ഭൗതികവാദം വില്‍ക്കാനുള്ള ഒരു ശ്രമം. ശാസ്ത്രത്തിന്റെ പാന്ഥാവ് തത്ത്വചിന്താ-നിരപേക്ഷമാണ് (philosophical neutral). ഏതെങ്കിലും തത്വചിന്ത തെളിയിക്കാനോ ഇല്ലാതാക്കാനോ അല്ല ശാസ്ത്രം മുന്നേറേണ്ടത്. നിരപേക്ഷമായ ഭൗതികാന്വേഷണമാണ് ശാസ്ത്രം നടത്തേണ്ടത്. ശാസ്ത്രത്തിന്റെ നിരപേക്ഷതയില്‍ വെള്ളം ചേര്‍ത്ത്, ശാസ്ത്രത്തിന്റെ പേരില്‍ ഭൗതികവാദം പ്രചരിപ്പിക്കാനുള്ള ഒരു ശ്രമം മാത്രമാണിത്. നിയോ ലിബറല്‍ പ്രമാണമായ ഈ സയന്റിസം പ്രകാരം മനുഷ്യന്‍ കുറേ കാര്‍ബണും പ്രോട്ടീനുമടങ്ങിയ മാംസ യന്ത്രം മാത്രമാണെന്നാണ് പറയുന്നത്. മനുഷ്യന്റെ ആത്മീയ മാനം നിലവിലെ ശാസ്ത്രീയ രീതിയുടെ പരിധിയിലില്ല. ആത്മാവില്ല, ദൈവമില്ല. കുറച്ച് കാലം ജീവിക്കും പിന്നെ മരിക്കും. അത്രയും കാലം ഐഹിക നേട്ടങ്ങളിലൂടെ ദേഹേച്ഛകളെ തൃപ്തിപ്പെടുത്തിയും ശാസ്ത്രസാങ്കേതിക വിദ്യകളിലൂടെ ജീവിതം എളുപ്പമാക്കിയും വിനോദങ്ങളിലൂടെ പരമാവധി സന്തോഷിച്ചും ജീവിച്ചു പോകും. അതിനായി എന്തും ചെയ്യാം. പ്രത്യക്ഷത്തില്‍ മറ്റുള്ളവരെ ഉപദ്രവിക്കുന്നതായിരിക്കരുത് എന്ന ഒമൃാ ുൃശിരശുഹല മാത്രമാണ് നിബന്ധന.
കുടുംബബന്ധ കെട്ടുപാടുകളില്‍ നിന്ന് മോചിതരായി സ്വാതന്ത്ര്യം തേടിപ്പോയി ചതിയിലകപ്പെട്ടവര്‍ക്കോ, ലിംഗ മാറ്റ ശസ്ത്രക്രിയ നടത്തി പശ്ചാത്തപിക്കുന്നവര്‍ക്കോ ഇതൊന്നും ‘പുരോഗമന’ ലോകക്രമത്തിന്റെ പ്രശ്‌നമായി ഒരിക്കലും തോന്നില്ല എന്നതാണ് വസ്തുത. എല്ലാം വ്യക്തി സ്വാതന്ത്ര്യത്തിന്റെയും അവകാശത്തിന്റെയും സ്വയം തിരഞ്ഞെടുപ്പുകളാണെന്ന മിഥ്യാബോധമാണ്. അതിനാല്‍ പിഴവുകളെല്ലാം വ്യക്തിനിഷ്ഠമായിരിക്കും. അവെരപ്പോഴും പ്രതിസ്ഥാനത്ത് കാണുന്നത് മതങ്ങളെയും സമൂഹത്തെയും സമ്പ്രദായങ്ങളേയുമായിരിക്കും.
നാം സമ്പൂര്‍ണ സ്വതന്ത്രരാണ്, നമ്മുടെ പൂര്‍ണമായ ഉടമസ്ഥാവകാശവും ഉത്തരവാദിത്തവും നമുക്ക് തന്നെയാണ്, നമ്മളാണ് നമ്മുടെ പരമമായ യജമാനന്‍, My body is my right, മറ്റുള്ളവരെ പ്രത്യക്ഷത്തില്‍ ഉപദ്രവിക്കാത്തതെല്ലാം ധാര്‍മികമായി ശരിയാണ് തുടങ്ങിയവയാണ് ലിബറല്‍ പുരോഗമന സ്വതന്ത്ര ചിന്തയുടെ അടിസ്ഥാനമായ ഇന്‍ഡിവിജ്വലിസ്റ്റിക് ആശയങ്ങള്‍.
സ്വന്തം ജനനത്തിലോ സൃഷ്ടിപ്പിലോ യാതൊരു പങ്കുമില്ലാത്ത നമുക്ക് ഏതു നിമിഷം മുതലാണ് നമ്മുടെ പൂര്‍ണ ഉടമസ്ഥാവകാശവും സ്വാതന്ത്ര്യവും ലഭിച്ചത്? ആരില്‍ നിന്നാണ് നമുക്ക് സ്വാതന്ത്ര്യം ലഭിച്ചത്? എത്രയാണ് ആ സ്വാതന്ത്ര്യത്തിന്റെ അളവ്? ആരാണത് തീരുമാനിച്ചത്? ശരിക്കും നമുക്കെത്രത്തോളം സ്വാതന്ത്ര്യമുണ്ട്? ടാക്‌സ് കൊടുക്കാതിരിക്കാനോ അധ്വാനിച്ചുണ്ടാക്കിയ കാശ് കൊണ്ട് ഭരണകൂടത്തിന്റെ ഇടപെടലില്ലാതെ സ്ഥലം വാങ്ങാനോ ആ സ്ഥലത്ത് ഭരണകൂടത്തിന്റെ അനുമതിയില്ലാതെ നമ്മുടെ ഇഷ്ടത്തിന് വീട് വെക്കാനോ സ്വാതന്ത്ര്യമുണ്ടോ? ആത്മാവില്ലാത്ത കേവല ഭൗതിക വസ്തുവായ മനുഷ്യന് സ്വതന്ത്ര ഇച്ഛയുണ്ടോ? സ്വതന്ത്ര ഇച്ഛയില്ലാത്ത മനുഷ്യന് എന്തിനാണ് സ്വാതന്ത്ര്യം?
സാമൂഹിക- സാംസ്‌കാരിക- സദാചാര മൂല്യങ്ങളുടെ തിരസ്‌കരണമാണ് നിയോ ലിബറല്‍ തിയറി. ഇത് നന്മ തിന്മ എന്നിവക്കപ്പുറം വ്യക്തിഗുണമാണ് അടിസ്ഥാന തത്വമായി വിഭാവനം ചെയ്യുന്നത്. അപ്പോള്‍ തുടക്കവും ഒടുക്കവുമെല്ലാം വ്യക്തിയാകുന്നു. സാമൂഹിക കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തില്‍ സമൂഹത്തിനോ സാമൂഹിക വിഭാഗങ്ങള്‍ക്കോ യാതൊരു പരിഗണനയും ഉണ്ടാവില്ല. അഥവാ വ്യക്തി ഉടമയാകുകയും വ്യക്തിയുടെ വ്യക്തിത്വം ധാര്‍മികമായി അളക്കാതിരിക്കുകയും ചെയ്യുന്നു. എല്ലാ മൂല്യങ്ങളെയും, ധാര്‍മികതയെയും വെടിയുന്ന വ്യക്തികേന്ദ്രീകൃതമായ കാഴ്ചപ്പാടാണ് നിയോ ലിബറലിസം. മാനുഷിക മൂല്യങ്ങളും, മനുഷ്യന്റെ ആവശ്യങ്ങളും പരിഗണിക്കാതെ ഭൗതിക ജീവിയെന്ന അടിസ്ഥാനത്തിലാണ് വ്യക്തിവാദം സംബന്ധിച്ച ലിബറല്‍ കാഴ്ചപ്പാടുകളുടെ അന്തസത്ത നിലകൊള്ളുന്നത്.
ഇംഗ്ലീഷ് സാമ്പത്തിക ശാസ്ത്രജ്ഞനായിരുന്ന ലോര്‍ഡ് ജോണ്‍ കീന്‍സ് ലിബറലിസത്തെ അടിസ്ഥാനത്തില്‍ നിന്നുകൊണ്ട് തന്നെ വിമര്‍ശിക്കുന്നുണ്ട്. വ്യക്തിവാദ കാഴ്ചപ്പാട് കാരണമായി പൊതുകാഴ്ചപ്പാടിന്റെ അഭാവമെന്നത് ആ വിമര്‍ശനങ്ങളില്‍ പെട്ടതാണ്. വ്യക്തിവാദം സമൂഹത്തിലെ ഒരു കൂട്ടം വ്യക്തികളിലേക്ക് തിരിയുകയും, പ്രവര്‍ത്തനങ്ങളില്‍ പൂര്‍ണമായ സ്വാതന്ത്ര്യം അനുവദിച്ച് നല്‍കുകയുമാണ്. എന്നാല്‍, തങ്ങളുടെ പ്രവര്‍ത്തനങ്ങളില്‍ പൂര്‍ണ സ്വാതന്ത്ര്യമുള്ള വ്യക്തികള്‍ക്കിടയിലെ ബന്ധങ്ങളുടെ അടിസ്ഥാനത്തില്‍ സമൂഹം സ്വയം വ്യവസ്ഥ ചെയ്യപ്പെടുന്നതാണ്. ലിബറലിസത്തെ വിമര്‍ശിക്കുന്നതിനായി ധാരാളം പാശ്ചാത്യ ചിന്തകരെ കീന്‍സ് അനുഗമിക്കുന്നുണ്ട്.
‘എന്റെ ശരീരം എന്റെ സ്വാതന്ത്ര്യം’ പ്രമാണമായ ലിബറലിസം പ്രകാരം മയക്കുമരുന്ന് ഉപയോഗം ഹലാലാണ്. ആത്യന്തികമായി നന്മതിന്മകള്‍ ഒന്നുമില്ല എന്നു പറയുന്നവരുടെ ചിന്ത ഉപയോഗിച്ച് ബലാത്സംഗം ആത്യന്തികമായി തെറ്റാണെന്ന് പറയാനുമാവില്ല. Rape is morally arbitrary എന്നാണ് റിച്ചാര്‍ഡ് ഡോക്കിന്‍സ് പറഞ്ഞത്.
സ്വന്തം രക്തബന്ധത്തില്‍ പെട്ടവരുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്ന ഇന്‍സെസ്റ്റ് പോലും നിയോലിബറല്‍ തിയറി പ്രകാരം ധാര്‍മികമായി ശരിയാണ്.
ഓക്‌സ്‌ഫോര്‍ഡ് നിഘണ്ടു ഇന്‍സെസ്റ്റിനെ നിര്‍വചിക്കുന്നത് ഇങ്ങനെയാണ് : Sexual activtiy between two people who are very closely related in a family, for example, a brother and sister, or a father and daughter (ഒരു കുടുംബത്തിലെ വളരെ അടുത്ത ബന്ധമുള്ള രണ്ടാളുകള്‍ തമ്മിലുള്ള ലൈംഗിക പ്രവര്‍ത്തനം. ഉദാഹരണത്തിന്, സഹോദരി- സഹോദരന്മാര്‍ അല്ലെങ്കില്‍ പിതാവും മകളും). സാധാരണ ഗതിയില്‍ മനുഷ്യര്‍ അറപ്പോടെ കാണുന്ന ഇന്‍സെസ്റ്റിനെ അംഗീകരിക്കുന്നവരും അതിന് വേണ്ടി അവകാശ വാദമുന്നയിക്കുന്നവരുമാണ് നിയോ ലിബറലിസ്റ്റുകള്‍.

ബ്രിട്ടണിലെ മുസ്ലിം പ്രഭാഷകനും ഗവേഷകനുമായ Hamza Andreas Tzotrzis ഉം അമേരിക്കന്‍ കനേഡിയന്‍ ഫിസിസ്റ്റായ Lawrence Maxwell Krauss എന്ന ലിബറല്‍ ചിന്തകനും തമ്മില്‍ നടന്ന സംവാദത്തില്‍ ‘എന്തുകൊണ്ട് ഇന്‍സെസ്റ്റ് തെറ്റായി?’ എന്ന ചോദ്യത്തിന് ലോറന്‍സ് മാക്‌സ്വെല്‍: ‘എനിക്ക് അതൊരു തെറ്റായി തോന്നുന്നില്ല’ എന്നാണ് മറുപടി നല്‍കിയത്. അഥവാ ഉഭയ സമ്മത പ്രകാരം മാതാവുമായോ സഹോദരിയുമായോ മകളുമായോ ആണെങ്കിലും ലൈംഗിക ബന്ധം പറ്റുമെന്നാണ് ലിബറലിസത്തിന്റെ വാദം.
‘ബലാത്സംഗത്തിന്റെ ജൈവിക സിദ്ധാന്തം’ എന്ന ടൈറ്റിലില്‍ കേരളത്തിലെ പ്രമുഖ ലിബറല്‍ ചിന്തകന്‍ എഴുതിയ ലേഖനത്തില്‍ ഇന്‍സെസ്റ്റിന് പരിണാമത്തിന്റെ പരിവേഷം നല്‍കുന്നത് കാണാം: ‘ചുരുങ്ങിയ സമയത്തില്‍ പരമാവധി പങ്കാളികളിലേക്ക് തന്റെ ജനിതക പദാര്‍ഥം എത്തിച്ചേരുന്നുണ്ട് എന്ന് ഉറപ്പുവരുത്തുക വഴി അടുത്ത തലമുറയിലേക്ക് തന്റെ ജനിതക പദാര്‍ഥത്തിന്റെ കോപ്പികള്‍ വിജയകരമായി എത്തിക്കുക എന്നതാണ് പുരുഷന്റെ ‘പരിണാമ ലക്ഷ്യം’. അതിനാല്‍ ഓരോ സ്ത്രീയും പുരുഷന് പുതിയ സാധ്യതയാണ്’ (യുക്തിയുഗം, ഏപ്രില്‍ 2013, പേ: 50).
ഇന്‍സെസ്റ്റ് മൂലം അനേകം സാമൂഹിക, മന:ശാസ്ത്ര, ജീവശാസ്ത്ര പ്രശ്‌നങ്ങള്‍ ഉണ്ടാകുമെന്ന് ഗവേഷണ പഠനങ്ങള്‍ വന്നിട്ടുണ്ട്. പക്ഷേ അത്തരം പ്രശ്‌നങ്ങളൊക്കെ ഗര്‍ഭനിരോധന മാര്‍ഗങ്ങള്‍ സ്വീകരിച്ച് പരിഹരിക്കാമെന്നാണ് ലിബറലിസ്റ്റുകളുടെ ലളിത ന്യായം!.
ഇന്‍സെസ്റ്റ് മാത്രമല്ല, ശവരതിയും നിയമവിധേയമാക്കണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭം നടത്തുക പോലുമുണ്ടായി ഉദാരവാദികള്‍. സ്വീഡിഷ് ലിബറല്‍ പീപ്പിള്‍സ് പാര്‍ട്ടിയുടെ യൂത്ത് ബ്രാഞ്ച് ഇന്‍സെസ്റ്റും ശവരതിയും നിയമപരമാക്കണമെന്ന് ആവശ്യപ്പെട്ട വൃത്താന്തം ബ്രിട്ടണിലെ ഇന്‍ഡിപ്പെന്‍ഡന്റ് മാഗസിന്‍ റിപ്പോര്‍ട്ട് ചെയ്യുകയുണ്ടായി. ലോകം ഞെട്ടലോടെയാണ് അത് വായിച്ചത്. ഓരോരുത്തര്‍ക്കും അവരവരുടെ യുക്തി അനുസരിച്ച് എന്തും ചെയ്യാം എന്നത് കൊണ്ട്, എന്തെങ്കിലും ഒരു ആദര്‍ശം മുന്നോട്ട് വെക്കാന്‍ ഇവര്‍ക്കില്ല. ആദര്‍ശപരമായി ഒന്നും ഇവരുടെ പൂര്‍വികര്‍ രേഖപ്പെടുത്തി വെച്ചിട്ടില്ല, അത് കൊണ്ട് തന്നെ ഒരു പാരമ്പര്യവും സംരക്ഷിക്കേണ്ട ബാധ്യത ഇവര്‍ക്കില്ല.
പീറ്റര്‍ സിംഗറും
ലിബറല്‍ എത്തിക്‌സും

ദൈവമില്ലായ്മ അജണ്ടയാക്കി ധാര്‍മികതയ്ക്ക് മതമോ ദൈവമോ വേണ്ടെന്ന് നിരന്തരമായി എഴുതുന്ന ലിബറല്‍ – യുക്തിചിന്തകരുടെ ഇന്റര്‍നാഷണല്‍ ഐക്കണാണ് പീറ്റര്‍ സിംഗര്‍. പ്രിന്‍സ്റ്റെണ്‍ യൂണിവേഴ്‌സിറ്റിയില്‍ ബയോ എത്തിക്‌സില്‍ പ്രൊഫസറായ ഇദ്ദേഹത്തിന്റെ കേന്ദ്ര വിഷയം ധാര്‍മികതയാണ്. കൂടാതെ ധാര്‍മികതയെ മുന്‍നിര്‍ത്തി ETHICS IN THE REAL WORLD , PRACTICAL ETHICS, ANIMAL LIBERATION, THE MOST GOOD YOU CAN DO തുടങ്ങി, സ്വതന്ത്ര ചിന്ത ലോകത്ത് ശ്രദ്ധേയമായ നിരവധി ഗ്രന്ഥങ്ങളുടെ കര്‍ത്താവ് കൂടിയാണ് പീറ്റര്‍ സിംഗര്‍.
അടുത്തകാലങ്ങളിലായി ദ ഗാര്‍ഡിയന്‍, വാള്‍സ്ട്രീറ്റ് തുടങ്ങിയ അന്താരാഷ്ട്ര മാധ്യമങ്ങള്‍ അദ്ദേഹത്തിന്റെ വാദഗതികളെ വിലയിരുത്തുകയുണ്ടായി. ‘THE MOST DANGEROUS MAN IN THE WORLD’ എന്നാണ് അദ്ദേഹത്തിന് ദി ഗാര്‍ഡിയന്‍ നല്‍കിയ വിശേഷണം. ‘PROFESSOR DEATH’ എന്നാണ് വാള്‍ സ്ട്രീറ്റ് ജേര്‍ണല്‍ ഇദ്ദേഹത്തെക്കുറിച്ച് എഴുതിയത്. മാനവികതയെത്തന്നെ നാണിപ്പിക്കും വിധം, സ്വതന്ത്ര ലൈംഗികതയെയും സ്വവര്‍ഗരതിയെയും അഗമ്യഗമനത്തെയും ഭ്രൂണഹത്യയെയും ആത്മഹത്യയെയും ലഹരിയെയും അംഗവൈകല്യമുള്ള കുഞ്ഞുങ്ങളെ കൊല്ലുന്നതിനെയുമെല്ലാം യുക്തിശൂന്യമായ ലിബറല്‍ ധാര്‍മികതാ അളവുകോല്‍ വെച്ച് പച്ചയായി ഇദ്ദേഹം ന്യായീകരിക്കുന്നുണ്ട്. ലോറന്‍സ് ക്രൗസ് ഭൗതിക ശാസ്ത്രത്തിലും റിച്ചാര്‍ഡ് ഡോക്കിന്‍സ് ബയോളജിയിലും വിദഗ്ധരാണെങ്കില്‍ സമാനനിലയില്‍ മൊറാലിറ്റിയുടെ കാര്യത്തില്‍ നാസ്തിക ലോകത്ത് അപ്പോസ്തലത്വം നിര്‍വഹിക്കുന്ന വ്യക്തി തന്നെയാണ് പീറ്റര്‍ സിംഗര്‍ എന്ന് ഡൗകിന്‍സുമായുള്ള അദ്ദേഹത്തിന്റെ അഭിമുഖങ്ങള്‍ ശ്രദ്ധിച്ചാല്‍ വ്യക്തമാകും.
നിയോ ലിബറലിസത്തിന്റെ ആഗോള അംബാസിഡറായ പീറ്റര്‍ സിംഗറിന്റെ ധാര്‍മികധാര മാനവികവിരുദ്ധമാണ്. സ്വതന്ത്രരതി, സ്വവര്‍ഗരതി, ഭ്രൂണഹത്യ, ആത്മഹത്യ, ശവഭോഗം, മദ്യം, ലഹരി, ഇന്‍സെസ്റ്റ്, പീഡോഫീലിയ തുടങ്ങിയവയെല്ലാം സ്വന്തം സന്തോഷത്തിനും ആനന്ദത്തിനും വേണ്ടി ചെയ്യാമെന്ന് എത്തിക്‌സ് ഫിലോസഫര്‍ കൂടിയായ പീറ്റര്‍ സിംഗര്‍ നിരീക്ഷിക്കുന്നുണ്ട്.
നവമാധ്യമങ്ങളില്‍ വന്ന വിശേഷണങ്ങള്‍ക്ക് പീറ്റര്‍ സിംഗറെ അര്‍ഹനാക്കിയത് അദ്ദേഹത്തിന്റെ ‘പ്രായോഗിക ധാര്‍മികത’ (Practical Ethics) എന്ന കൃതിയിലെ ചില വാദങ്ങളാണ്. അംഗവൈകല്യങ്ങളുള്ള കുട്ടികള്‍ ജനിക്കുകയാണെങ്കില്‍ അവരുടെ മാതാപിതാക്കള്‍ക്ക് ചില പ്രയാസങ്ങള്‍ അനുഭവപ്പെടും. സന്തോഷത്തിന്റെ അളവുകോല്‍ വെച്ച് ജീവിതത്തെ നോക്കുകയാണെങ്കില്‍ ആ കുടുംബത്തിന്റെ സന്തോഷത്തിന്റെ അളവ് കുറയും. അതുകൊണ്ട് ആകെ സന്തോഷത്തിന്റെ അളവ് വര്‍ധിപ്പിക്കാന്‍ അംഗവൈകല്യങ്ങളുള്ള കുഞ്ഞുങ്ങളെ കൊല്ലാം എന്നാണ് അദ്ദേഹം ഈ കൃതിയില്‍ സമര്‍ഥിക്കുന്നത്. പ്രശസ്ത ശാസ്ത്ര മാസികയായ ‘സൈക്കോളജി ടുഡേ’ക്ക് നല്‍കിയ അഭിമുഖത്തില്‍, പീറ്റര്‍ സിംഗര്‍ ‘ഹെപ്പറ്റൈറ്റിസി’നെതിരെയുള്ള പ്രതിരോധ കുത്തിവെപ്പിന്റെ പരീക്ഷണത്തിന് ചിമ്പാന്‍സിയെ ഉപയോഗിക്കുന്നതിനു പകരം അംഗവൈകല്യമുള്ള മനുഷ്യരെ ഉപയോഗിക്കാന്‍ നിര്‍ദേശിക്കുന്നുണ്ട്. പ്രാക്ടിക്കല്‍ എത്തിക്‌സ് എന്ന പുസ്തകത്തില്‍ കുട്ടികളെ കൊല്ലാമെന്നതിന് ന്യായീകരണമായി ഇദ്ദേഹം എഴുതിയത് ഇങ്ങനെയാണ്: ‘ശാരീരിക വൈകല്യമുള്ള കുഞ്ഞുങ്ങളെ കൊന്നുകളയുന്നതിലൂടെ കൂടുതല്‍ മെച്ചപ്പെട്ട മറ്റൊരു കുഞ്ഞിന് ജന്മം നല്‍കാം. അതിലൂടെ കൂടുതല്‍ സന്തോഷകരമായി ജീവിക്കാം. സന്തോഷത്തിന്റെ അളവ് വെച്ച് ജീവിതത്തെ വിലയിരുത്തുമ്പോള്‍ അതിന്റെ അളവ് കൂട്ടാന്‍ സഹായിക്കുന്നതാണ് അംഗവൈകല്യമുള്ള കുഞ്ഞിനെ കൊന്നുകളയുന്നത്. അതിനാല്‍ കുറവുകളും അംഗ വൈകല്യവുമുള്ള കുഞ്ഞുങ്ങളെ കൊല്ലാവുന്നതാണ്, അതാണ് ധാര്‍മികമായി ശരി’.
മറ്റൊരിടത്ത്, വികലാംഗര്‍ക്കും കുഞ്ഞുങ്ങള്‍ക്കും വ്യക്തിത്വം അവകാശപ്പെടാന്‍ ഇല്ലെന്നും അവരെക്കാള്‍ വ്യക്തിത്വം മൃഗങ്ങള്‍ക്കാണെന്നും സയന്റിഫിക് ടെംപര്‍ മുന്‍നിര്‍ത്തി വാദിക്കുന്നുണ്ട് ഇദ്ദേഹം. മനുഷ്യര്‍ക്ക് മൃഗങ്ങളെക്കാള്‍ പ്രത്യേകിച്ച് യാതൊരു മുന്‍തൂക്കവും അവകാശപ്പെടാനായി ഇല്ലെന്നതാണ് സിംഗറുടെ ഫിലോസഫികളുടെയെല്ലാം അടിസ്ഥാനം. ആ ന്യായീകരണത്തിന് വേണ്ടിയാണ് Speciesism എന്നൊരു പദം കൊണ്ടു വന്നതും. ലിംഗപരമായ വിവേചനങ്ങളെ വിളിക്കാന്‍ ഉപയോഗിക്കുന്ന sexism, വര്‍ഗപരമായ വിവേചനങ്ങളെ കുറിക്കാന്‍ ഉപയോഗിക്കുന്ന racism, തുടങ്ങിയവ പോലെ ജന്തു വര്‍ഗങ്ങളുടെ അടിസ്ഥാനത്തില്‍ മറ്റു ജീവികളെ വിവേചനപരമായി പെരുമാറുന്നതിനെയാണ് ഇദ്ദേഹം Speciesism എന്ന പദം കൊണ്ട് ഉദ്ദേശിക്കുന്നത്. ഇങ്ങനെ മനുഷ്യരും മൃഗങ്ങളും എല്ലാം തുല്യരാണെന്ന സര്‍വ സമത്വ സുന്ദര യുക്തിവാദം പറഞ്ഞ് നിര്‍ത്തുക മാത്രമല്ല, ചില സാഹചര്യങ്ങളില്‍ മനുഷ്യന് മൃഗങ്ങളെക്കാള്‍ താഴ്ന്ന വ്യക്തിത്വം മാത്രമാകുന്ന അവസ്ഥകളും ഉണ്ടാകുമെന്നാണ് അദ്ദേഹം എഴുതുന്നത്:
‘Does it mean that every member of homo sapiens is automatically a perosn, even if they are an anencephalic [a child born without a whole, or part of, a brain] or something like that. Then you would have to say something about why the anencephalic human being is a person and a fully intact chimpanzee is not. Yes, I know that the word ‘person’ is in common use, and I know that I am trying to shift it by suggesting that non-human animals could be ‘persons’ and that some humans might not be ‘persons’. But that is a way of getting people involved in species membership. And try and get them to break this automatic nexus between species membership and moral status.’
പ്രാക്ടിക്കല്‍ എത്തിക്‌സ് എന്ന പുസ്തകത്തില്‍ വൈകല്യം ഇല്ലാത്ത പന്നിക്കും നായക്കും കുരങ്ങിനും താഴെ മാത്രമാണ് മനുഷ്യകുഞ്ഞിന് മൂല്യം കൊടുക്കേണ്ടതെന്ന് വ്യക്തമായി ഇദ്ദേഹം എഴുതുന്നുണ്ട് : ‘Human babies are not born self-aware, or capable of grasping that they exist over time. They are not persons.’ But animals are self-aware, and therefore, ‘the life of a newborn is of less value than the life of a pig, a dog, or a chimpanzee.’ ( Practical Ethics by Peter singer )
ഈ രീതിയില്‍ മനുഷ്യന്‍ മൃഗതുല്യനാണെന്നും, വികലാംഗര്‍ മൃഗങ്ങളേക്കാള്‍ താഴെയാണെന്നും വാദിക്കുന്ന പീറ്റര്‍ സിംഗര്‍ ജെഫ് മെക്മഹനുമായി ചേര്‍ന്ന് ‘ന്യൂയോര്‍ക്ക് ടൈംസി’ല്‍ എഴുതിയ Who Is the Victim in the Anna Stubblefield Case? എന്ന ലേഖനത്തില്‍, വൈകല്യമുള്ള മനുഷ്യരെ ബലാത്സംഗം ചെയ്യുന്നതിലും ചൂഷണം ചെയ്യുന്നതിലുമൊന്നും യാതൊരു തെറ്റുമില്ലെന്ന് സമര്‍ഥിക്കുന്നുണ്ട്! ഒന്നും വിവേചിച്ചറിയാനോ തിരിച്ചറിയാനോ കഴിയാത്ത ആളുകള്‍ക്ക്, എന്താണ് ലൈംഗികതയെന്നോ, അതുകൊണ്ടുള്ള ഭവിഷ്യത്ത് എന്താണെന്നോ അറിയാനുള്ള ബുദ്ധി ഉണ്ടാകില്ലെന്നും, അതുകൊണ്ട് ലൈംഗിക ബന്ധത്തിനുള്ള ഉഭയകക്ഷി സമ്മതം ഉണ്ടായിരിക്കുക എന്നത് അത്തരക്കാരുടെ കാര്യത്തില്‍ പ്രാവര്‍ത്തികമല്ലെന്നും, സ്വബോധമോ തിരിച്ചറിവോ ഇല്ലാത്തതു കൊണ്ട് അത്തരക്കാരെ ആ നിലക്ക് ചൂഷണം ചെയ്യുന്നതും ലൈംഗികമായി ഉപയോഗിക്കുന്നതുമൊന്നും തെറ്റല്ലെന്നും വാദിക്കുന്നു!
ഈ തത്വങ്ങള്‍ പ്രകാരം കാനിബലിസത്തെയും ശവഭോഗത്തെയും ന്യായീകരിക്കാവുന്നതുമാണ്. അമ്മയും പെങ്ങളും ഭാര്യയും കൂട്ടുകാരിയും അയല്‍വാസിയും എല്ലാം പെണ്ണു തന്നെയാണ്. നിയോ ലിബറല്‍ മാപിനി ഉപയോഗിച്ച് അവര്‍ക്കിടയിലുള്ള ബന്ധവ്യത്യാസം ശാസ്ത്രത്തിനു തെളിയിക്കാന്‍ കഴിയില്ല. അത് തികച്ചും ധാര്‍മിക മൂല്യങ്ങളില്‍ പെട്ടതാണ്. വിവാഹബന്ധത്തിനപ്പുറമുള്ള ലൈംഗികത തെറ്റാണെന്ന് മതം ഘോഷിക്കുമ്പോള്‍ പീറ്റര്‍ സിംഗറിന്റെ ലിബറല്‍ കാഴ്ചപ്പാട് പ്രകാരം അത് തള്ളാനോ കൊള്ളാനോ കഴിയില്ല. കാരണം ദാമ്പത്യത്തിലെ ലൈംഗികബന്ധവും വ്യഭിചാരവും തമ്മില്‍ ശരീരശാസ്ത്രപരമായ വേര്‍തിരിവില്ല.

മോറല്‍ ലിബറലിസം
മോറല്‍ ലിബറലിസത്തിന്റെ തത്വസംഹിതകളില്‍ ആദ്യത്തേത് യൂട്ടിലിറ്റേറിയനിസമാണ്. പീറ്റര്‍ സിംഗര്‍ തന്നെയാണ് ഇതിന്റെ ഉപജ്ഞാതാവ്. ലിബറല്‍ ഫിലോസഫി ജോണ്‍ ലോക്കില്‍ നിന്നു ജെരമി ബെന്തമില്‍ എത്തുമ്പോള്‍ പ്രത്യക്ഷപ്പെട്ടു കാണുന്ന ചിന്തയാണ് യൂട്ടിലിറ്റേറിയനിസം.
ഹെഡോണിസ്റ്റിക് വീക്ഷണത്തിന്റെ തന്നെ ഒരു വികസിച്ച പതിപ്പായി ഇതിനെ കാണാം. ഇതനുസരിച്ച് കൂടുതല്‍ പേര്‍ക്ക് കൂടുതല്‍ ഗുണം ചെയ്യുന്നത് എന്താണോ അതാണ് ധാര്‍മികമായ ശരി. ‘the greatest good for the greatest number’ എന്നിത് പൊതുവില്‍ നിര്‍വചിക്കപ്പെട്ടിരിക്കുന്നു. എന്നാല്‍ കൂടുതല്‍ പേര്‍ക്ക് കൂടുതല്‍ സുഖം നല്‍കുന്നതാണ് പരമമായ ശരിയെന്ന് വാദിക്കുന്നിടത്ത് പ്രശ്‌നങ്ങളുണ്ട്. കൂട്ടബലാത്സംഗങ്ങളില്‍ ഒരു സ്ത്രീയെ നിരവധി പുരുഷന്മാര്‍ ചൂഷണം ചെയ്യുന്നു. അവിടെയും കൂടുതല്‍ പേര്‍ക്ക് ഒരേസമയം സംതൃപ്തി ഉണ്ടാവുകയാണ് ചെയ്യുന്നത്. യൂട്ടിലിറ്റേറിയന്‍ ഫിലോസഫി അനുസരിച്ച് കൂടുതല്‍പേര്‍ക്ക് തങ്ങളാഗ്രഹിക്കുന്ന ഗുണം ഉണ്ടാകുന്നു എന്നതുകൊണ്ട് മാത്രം ഇത് ധാര്‍മികമായി ശരിയാകുമോ?
മറ്റൊന്ന് ഹെഡോണിസമാണ്. സുഖം പരമാവധി വര്‍ധിപ്പിക്കുക എന്ന ലിബറല്‍ വീക്ഷണത്തില്‍ പുരാതന ഗ്രീസില്‍ രൂപപ്പെട്ടതാണ് ഹെഡോണിസം. സോക്രട്ടീസിന്റെ ശിഷ്യനായ അരിസ്റ്റിഷസാണ് (മരണം: ബി.സി 346) ഹെഡോണിസത്തിന്റെ ഉപജ്ഞാതാവായി അറിയപ്പെടുന്നതെങ്കിലും, എപിക്യൂറസാണ് (മരണം: ബി.സി 270) പ്രസ്തുത ദര്‍ശനത്തെ ജനകീയമാക്കിയത്. അവരെല്ലാം വിശദീകരിച്ചത് കേവലം ഭൗതിക സുഖങ്ങളാണ് മനുഷ്യന് സമാധാനം നല്‍കുക എന്നായിരുന്നു. ഭൗതിക സുഖത്തിന് വേണ്ടി എന്തും ചെയ്യാമെന്ന ദര്‍ശനമാണ് വിഭാവനം ചെയ്യുന്നത്.
മോറല്‍ ലിബറലിസത്തില്‍ പ്രധാനപ്പെട്ടത് ഹാം പ്രിന്‍സിപ്പളാണ്. മറ്റൊരാള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കാതെ ചെയ്യുന്നതെല്ലാം ശരിയാണെങ്കില്‍, ഇന്‍സസ്റ്റ് റിലേഷന്‍ഷിപ്പുകളില്‍ തെറ്റില്ലെന്ന് വാദിക്കാന്‍ കഴിയുമോ എന്ന ചോദ്യമാണ് മറ്റൊരു പ്രശ്‌നമായി ഉന്നയിച്ചു കാണുന്നത്.
പ്രശസ്ത നാസ്തിക ചിന്തകനായ ലോറന്‍സ് ക്രോസുമായുള്ള തന്റെ സംവാദത്തില്‍ ഈ പ്രശ്‌നം ഹംസ സോര്‍ട്സിസ് ചോദിക്കുന്നുണ്ട്. തന്റെ ലിബറല്‍ എത്തിക്‌സ് വെച്ച് അതിനെ തെറ്റെന്നു പറയാന്‍ കഴിയില്ലെന്ന് സമ്മതിക്കുന്ന ക്രോസ് പക്ഷേ അത് പാടില്ല എന്നേ ഞാന്‍ പറയൂ എന്നുകൂടി ചേര്‍ക്കുന്നു! അപ്പോള്‍ സ്വയം അരുതായ്മ ആണെന്ന് കരുതുന്ന ഒന്നിനെ ഭൗതികവാദത്തിന്റെ മഹാ ശാസ്ത്രജ്ഞന് പോലും ലിബറല്‍ ഫിലോസഫി അനുസരിച്ച് തെറ്റെന്ന് വിശദീകരിക്കാന്‍ കഴിയുന്നില്ലെങ്കില്‍ അത് തന്നെയാണ് ലിബറല്‍ എത്തിക്സിന്റെ പരാജയം.
സെക്‌സ് ലിബറേഷനും
കുടുംബ വ്യവസ്ഥിതിയും

സ്വതന്ത്ര ലൈംഗിക, ഫെമിനിസ്റ്റ് ലിബറല്‍ ചിന്ത മൂലം തകര്‍ന്ന കുടുംബങ്ങളില്‍ നിന്നുള്ള ശരിയായ പാരന്റിംഗ് കിട്ടാത്ത കുട്ടികളില്‍ അക്രമ വാസന കൂടുത ലാണെന്ന് ഡേവിഡ് ബ്ലാങ്കന്‍ഹോണ്‍സിന്റെ ‘Fatherless America’ എന്ന പുസ്തകത്തില്‍ പറയുന്നുണ്ട്. ഇതാണ് ആധുനികത, പുരോഗമനം, സ്വാതന്ത്ര്യം, ശാക്തീകരണം, വിമോചനം എന്നതാണ് നിയോ ലിബറല്‍ നയം.
വിവാഹവും കുടുംബവും കുട്ടികളും പ്രതിബന്ധമാണെന്നും അതില്‍ നിന്നുള്ള മോചനം സ്വാതന്ത്ര്യമാണെന്നും കരിയറിന് വേണ്ടി അബോര്‍ഷന്‍ ചെയ്യുന്നതും സ്വതന്ത്ര ലൈംഗികതയും, ലിംഗമാറ്റവും സ്വവര്‍ഗരതിയും അവകാശമാണെന്നും സമൂഹത്തില്‍ ഇന്‍ജക്ട് ചെയ്യാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്.
സാമൂഹിക സദാചാരത്തിന്റെ മര്‍മമാണ് ക്രമാവസ്ഥ അഥവാ സോഷ്യല്‍ ഓര്‍ഡര്‍. കുടുംബ ബന്ധം, വൈവാഹിക ബന്ധം, കള്‍ച്ചര്‍, മതം തുടങ്ങിയവയാണ് ക്രമാവസ്ഥയെ സമൂഹത്തില്‍ നിലനിര്‍ത്തുന്ന പ്രധാന ഘടകങ്ങള്‍. ഇതില്‍ കുടുംബ/ വൈവാഹിക ബന്ധങ്ങളെ ആശ്രയിച്ചാണ് അടിസ്ഥാനപരമായി സോഷ്യല്‍ ഓര്‍ഡര്‍ നിലനില്‍ക്കുന്നത്. കുടുംബ ബന്ധം വ്യക്തികളില്‍ ഉത്തരവാദിത്തബോധം നിര്‍മിക്കുകയും, താന്‍ സമൂഹത്തിന്റെ ഭാഗമാണെന്ന ചിന്ത വളര്‍ത്തുകയും ചെയ്യുന്നു. പരസ്പരം പങ്കുവയ്ക്കുന്ന ഒരേ ഐഡന്റിറ്റി ഒരേ കൂട്ടരെന്ന ബോധമുണ്ടാക്കുന്നു. മനുഷ്യന്‍ സ്വത്വപരമായി തന്റെ ആളുകളെന്ന് കരുതുന്നവരെ ഉപദ്രവിക്കാനുള്ള സാധ്യത വളരെ കുറവാണെന്ന് മനഃശാസ്ത്ര പഠനങ്ങള്‍ വ്യക്തമാക്കുന്നുണ്ട്.
ഈ രീതിക്ക് സോഷ്യല്‍ ഓര്‍ഡറിനെ നിര്‍മിക്കുന്നതില്‍ സുപ്രധാന പങ്കുവഹിക്കുന്ന സാമൂഹ്യ ഘടകമാണ് വിവാഹം. എന്നാല്‍ സെക്ഷ്വല്‍ റെവല്യൂഷന്‍ എന്ന പേരില്‍ ഫ്രീ സെക്‌സിനെയും, ഹോമോ സെക്ഷ്വാലിറ്റിയെയും പ്രോത്സാഹിപ്പിക്കുന്ന സാമൂഹിക അന്തരീക്ഷമാണ് ലിബറല്‍ സമൂഹങ്ങളില്‍ ഉള്ളത്. ഇത് സോഷ്യല്‍ ഓര്‍ഡറിനെ നിലനിര്‍ത്തുന്ന കുടുംബ വ്യവസ്ഥിതിയെ തകര്‍ക്കുകയും, സാമൂഹിക ക്രമത്തെ അപനിര്‍മിക്കുകയും ചെയ്യുന്നു.
കുട്ടികളിലെ കുറ്റവാസനക്കും, ബൗദ്ധിക ശേഷിക്കുറവിനും കെട്ടുറപ്പില്ലാത്ത കുടുംബബന്ധങ്ങള്‍ കാരണമാകുന്നുണ്ടെന്ന് വ്യത്യസ്ത പഠനങ്ങള്‍ നിരീക്ഷിക്കുന്നു. വ്യക്തി കേന്ദ്രീകൃതമായ കേവല ഇച്ഛകളെ പരമമായ അവകാശങ്ങളായി കാണുകയും, എന്നാല്‍ സമൂഹത്തിന് അതുകൊണ്ട് ഉണ്ടാകാവുന്ന ദോഷങ്ങളെ കാണാതിരിക്കുകയും ചെയ്യുന്നത് ലിബറല്‍ ഫിലോസഫിയുടെ ഒരു പ്രധാന പരിമിതിയായി കാണുന്നു.
പോസിറ്റീവ് സൈക്കോളജിയില്‍ മനുഷ്യര്‍ക്ക് സന്തോഷവും സംതൃപ്തിയും തരുന്ന നിരവധി കാര്യങ്ങള്‍ പറയുന്നുണ്ട്. പക്ഷേ അതെല്ലാം ലിബറല്‍ ഭൗതിക യുക്തിക്ക് വിരുദ്ധമായ കാര്യങ്ങളാണ്. സുദൃഢമായ കുടുംബം, കുട്ടികള്‍, സാമൂഹിക ബന്ധങ്ങള്‍ എന്നിവയൊക്കെ അവയില്‍ പ്രധാനമാണ്. വിവാഹത്തിന് മുന്‍പുള്ള ലൈംഗിക പങ്കാളികളുടെ എണ്ണം കൂടുന്നതിനനുസരിച്ച് വിവാഹ ജീവിതം അസംതൃപ്തമാവുന്നുവെന്നും വിവാഹമോചനം കൂടുന്നുവെന്നും പല പഠനങ്ങളും പറയുന്നു. ധാര്‍മികത ഇല്ലാത്ത സമൂഹ സൃഷ്ടിയാണ് ലിബറലിസത്തിലൂടെ സാധ്യമാവുക. അത് അപകടകരവും ധാര്‍മിക മൂല്യങ്ങളുടെ നിരാസവുമാണ്.

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x