28 Tuesday
March 2023
2023 March 28
1444 Ramadân 6

നീതി ശാസ്ത്രം: സൈദ്ധാന്തിക തലങ്ങളും ഇസ്ലാമിക ദര്‍ശനത്തിന്റെ മൗലികതയും

അന്‍വര്‍ അഹ്മദ്‌


അമേരിക്കയിലെ കറുത്ത വര്‍ഗക്കാരുടെ നേതാവായിരുന്ന മാര്‍ട്ടിന്‍ ലൂഥര്‍ കിംഗിന്റെ ഒരു വാചകമുണ്ട്: ”എന്റെ സ്വപ്‌നത്തിലൊരു അമേരിക്കയുണ്ട്. രാജ്യത്തിന്റെ മക്കള്‍ തൊലിയുടെ നിറം നോക്കുന്നതിനുപകരം കുറ്റങ്ങളുടെ ഗൗരവം നോക്കി വിചാരണ ചെയ്യപ്പെടുന്ന അമേരിക്കയാണത്”.
സ്വന്തം രാജ്യത്തിന്റെ നീതിന്യായവ്യവസ്ഥയുടെ ദയനീയാവസ്ഥയെക്കുറിച്ച് പരിതപിക്കുന്ന ലൂഥറിന്റെ നാട്ടില്‍ സാഹചര്യങ്ങള്‍ കുറേകൂടി വഷളായ അവസ്ഥയാണിന്ന്. കറുത്തവനെക്കൊന്ന വെളുത്തവന്‍, തൊലിനിറത്തിന്റെ ബലം കൊണ്ട് കുറ്റവിമുക്തനായതിന്റെ പേരില്‍ അവിടെ കലാപമുണ്ടായത് അടുത്ത കാലത്താണല്ലോ. ലോകനീതിക്കുവേണ്ടി ബഹളം കൂട്ടുന്ന ഈ വികസിത രാഷ്ട്രത്തിന്റെ മാറില്‍ അന്യായമായി ചിന്തുന്ന രക്തത്തിലധികവും കറുത്തവന്റേതാണ്. രാഷ്ട്രനിര്‍മാണ പ്രക്രിയയ്ക്കിടയില്‍ പടര്‍ന്ന വര്‍ണവെറിയുടെ അര്‍ബുദം നീതിന്യായ വ്യവസ്ഥയുടെ ഞരമ്പുകളെ ബലഹീനമാക്കിയപ്പോള്‍ അമേരിക്കന്‍ നീഗ്രോ വര്‍ഗം അപ്പടി അരക്ഷിതാവസ്ഥയിലാവുകയാണുണ്ടായത്. അതുകൊണ്ട് തന്നെയാണ് നീതിനിര്‍വഹണം നിഷ്പക്ഷമാവുന്ന ഒരു സുന്ദരമായ നാട് സ്വപ്‌നം കാണേണ്ട അവസ്ഥ, മനുഷ്യാവകാശങ്ങളുടെ മൊത്തം കുത്തക അവകാശപ്പെടുന്ന അമേരിക്ക എന്ന രാജ്യത്തിലെ ജനനായകന്‍മാര്‍ക്ക് നേരിടേണ്ടിവന്നത്.
മനുഷ്യനോളം പഴക്കമുണ്ട് നീതിയെക്കുറിച്ച അവന്റെ തിരിച്ചറിവിനും. മനുഷ്യന്റെ സ്വത്വബോധം അവനു ലഭിക്കേണ്ട നീതിയെക്കുറിച്ച് ഒരു വാഞ്ഛ അവനില്‍ ഉണ്ടാക്കിയെടുക്കുന്നുണ്ട്. വ്യക്തിയുടെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ സാമൂഹിക പുരോഗതിക്കു നിദാനമാകുന്നുണ്ടെന്ന് അവനറിയാം. അതുകൊണ്ട് തന്നെ സമൂഹത്തില്‍ നിന്ന് അവന്‍ സുരക്ഷിതത്വവും നീതിയും പ്രതീക്ഷിക്കുന്നു. താന്‍ ജീവിക്കുന്ന സമൂഹത്തിലിഴുകിച്ചേരാന്‍ വ്യക്തിയില്‍ പ്രേരണ ചെലുത്തുന്നത്, അതുവഴി സുരക്ഷിതത്വം കൈവരിക്കാമെന്ന ശുഭപ്രതീക്ഷയാണ്. ഈ പ്രതീക്ഷയ്ക്ക് വിപരീതമായി കാര്യങ്ങള്‍ നീങ്ങുമ്പോള്‍ അവന് സമൂഹത്തിലുള്ള വിശ്വാസത്തിന് ഭംഗം വരുന്നു. നീതി നടത്തിപ്പില്‍, രാഷ്ട്രീയവും സാമ്പത്തികവുമായ ശക്തികള്‍ സൃഷ്ടിക്കുന്ന ആസുരതകള്‍ സാമൂഹിക ഭദ്രതക്ക് കോട്ടംവരുത്തുകയും സമൂഹത്തിന്റെ വിശ്വാസ്യതയെ അത് അപകടത്തിലാക്കുകയും ചെയ്യുന്നു. അത്തരമൊരു സമൂഹത്തില്‍ അരാജകത്വം വളര്‍ച്ചയുടെ പരിണാമ ദശകള്‍ അതിവേഗതയില്‍ പിന്നിടുന്ന അവസ്ഥയുണ്ടാകും.
വ്യക്തികള്‍ വ്യാപരിക്കുന്ന ജീവിത മേഖലകളിലൊക്കെയും സമൂഹനിയമങ്ങള്‍ അനുശാസിക്കുന്ന അവകാശങ്ങളും അവന്‍ അനുസരിക്കേണ്ടുന്ന ചട്ടങ്ങളുമുണ്ട്. ഇതു നിര്‍വചിക്കപ്പെടുന്നിടത്തൊക്കെ നീതിയുടെ താല്പര്യം ഇഴചേര്‍ന്നു നില്‍ക്കേണ്ടതുമുണ്ട്. നീതിനിര്‍വഹണത്തിന് രാഷ്ട്രങ്ങള്‍ നിയമങ്ങളുണ്ടാക്കി പൗരന്മാരെ അനുസരിക്കാന്‍ നിര്‍ബന്ധിതരാക്കുമ്പോള്‍, മതങ്ങള്‍ അവയ്ക്ക് ഐച്ഛിക ഭാവമാണ് നല്‍കുന്നത്. ആത്മീയതയുടെ ശക്തിയുപയോഗിച്ചുകൊണ്ടാണ് മതങ്ങള്‍ നിയമങ്ങള്‍ അനുസരിപ്പിച്ചുകൊണ്ടിരിക്കുന്നത്. രണ്ടിടത്തും നിയമലംഘനം സ്വഭാവികമായൊരു പ്രക്രിയയായി നിലനില്‍ക്കുന്നുണ്ട്. ഇന്നത്തെ സാമൂഹ്യഘടനയില്‍ രാഷ്ട്രം എന്നത് ഒരു സംഘടനയാണ്. നിയമനിര്‍മാണങ്ങള്‍ നടത്തുക എന്ന തന്ത്രപ്രധാനമായ ചുമതല സമൂഹം ഈ സംഘടനയെ ഏല്‍പ്പിച്ചിരിക്കുന്നു. രാഷ്ട്രം എന്ന സംഘടന നിര്‍മിക്കുന്ന നിയമങ്ങള്‍ അനുസരിക്കാന്‍ അതുകൊണ്ടുതന്നെ അതിലെ പൗരന്മാര്‍ ബാധ്യസ്ഥരാകുന്നു. സ്വാഭാവികമായ അനുസരണം നടക്കാത്തിടത്ത് രാഷ്ട്രം ശക്തിയുടെ പ്രയോഗം നടത്തുകയും ചെയ്യുന്നു. പലപ്പോഴും ഭരണപ്രക്രിയയുടെ സിരാവ്യൂഹങ്ങളില്‍ അനീതിയുടെ സൂക്ഷ്മാണുക്കളുടെ കടന്നുകയറ്റമുണ്ടാവുന്നു. ഈ സൂക്ഷ്മാണുക്കളുടെ പ്രവര്‍ത്തനം സാമൂഹിക താളങ്ങളെ അസന്തുലിതമാക്കുകയാണ് ചെയ്യുന്നത്. അങ്ങനെ വരുമ്പോള്‍ ലിഖിത നിയമങ്ങളുടെ പോലും ആത്മാവുകള്‍ അവയില്‍ നിന്ന് ഊരിയെടുക്കപ്പെടുന്ന പ്രതീതിയാണുണ്ടാവുക. അധികാരമെന്നത് ജനങ്ങള്‍ക്കുമേലുള്ള അധീശത്വം മാത്രമായി പരിണമിക്കുന്ന സാഹചര്യങ്ങള്‍ ഉണ്ടാകുന്നത് ഇത്തരം സ്ഥിതിവിശേഷങ്ങള്‍ കൊണ്ടാണ്. ഇത് ജനമനസ്സുകളില്‍ അസംതൃപ്തി ജനിപ്പിക്കുകയും പീഡനങ്ങള്‍ക്കെതിരെ അത് ഒരുണര്‍വുണ്ടാക്കുകയും ചെയ്യുന്നു.
ജനമനസ്സുകളില്‍ പെരുകി വരുന്ന അസംതൃപ്തി നിബിഡമായ അരക്ഷിതത്വബോധമായി വളരുകയും നിയമാതിരുകള്‍ ഭേദിക്കപ്പെടുന്ന അക്രമാസക്തമായ സാമൂഹികാവസ്ഥയായി അത് രൂപാന്തരപ്പെടുകയും ചെയ്യുമ്പോള്‍ അരാജകത്വം സമ്പൂര്‍ണമാവുന്നു. വിവിധ ദേശങ്ങളില്‍ നടന്ന സായുധ വിപ്ലവങ്ങളുടെ സാമൂഹിക മനശ്ശാസ്ത്രമിതാണ്. ഫ്രഞ്ചു വിപ്ലവത്തിലെ തലവെട്ടു പ്രക്രിയയായ ‘ഗില്ലറ്റിനും’ ഒക്‌ടോബര്‍ വിപ്ലവത്തിന്റെ ഭാഗമായ ‘ക്രെംലിന്‍ കശാപ്പു’മൊക്കെ ഈയൊരവസ്ഥയുടെ നടുക്കുന്ന ഉദാഹരണങ്ങളാണ്.
ബുദ്ധിശക്തിയും ധനവുമുള്ള ഒരു ചെറിയ വിഭാഗം, ശാക്തിക മത്സരങ്ങളില്‍ നേടിയ വിജയങ്ങളിലൂടെ അധികാരസീമകള്‍ സ്ഥാപിച്ച പഴയകാലത്തും നീതിയുടെ പക്ഷപാതരഹിതമായ നിലനില്‍പ് സമൂഹത്തിന്റെ പൊതു ആവശ്യമായി അന്നത്തെ ജനത ഗണിച്ചു പോന്നിരുന്നു. എന്നാല്‍ അധികാര സംരക്ഷണത്തിന്റെ ഭാഗമായി നീതിയുടെ അര്‍ഥ തലങ്ങള്‍ക്ക് സ്വന്തമായ വ്യാഖ്യാനങ്ങള്‍ അന്നത്തെ പ്രാദേശിക ദേശീയതകള്‍ പടച്ചുണ്ടാക്കുകയായിരുന്നു. രാഷ്ട്രീയാധീശത്വം പോഷിപ്പിക്കാന്‍ നീതിയുടെ പ്രായോഗികവത്കരണത്തിനിടെ കുറ്റകരമായ പക്ഷപാതിത്വം കാണിച്ച ഭരണവൃന്ദങ്ങള്‍ ഒട്ടേറെ കഴിഞ്ഞുപോയിട്ടുണ്ട്. വിവിധ ദേശങ്ങളില്‍ രാജനീതി പുതിയ രൂപഭാവങ്ങള്‍ പൂണ്ടപ്പോള്‍ കൂടെ കുടിലതയും പുഷ്ടിപ്പെട്ടുവന്നു. അര്‍ഥശാസ്ത്രങ്ങളിലൂടെ ഇതിന് സൈദ്ധാന്തിക മാനമുണ്ടാക്കാന്‍ ചാണക്യന്‍മാരും മുന്നോട്ടുവന്നു. ബി സി 300ന് മുമ്പുതന്നെ ഇത്തരം സൈദ്ധാന്തിക പ്രക്ഷാളനങ്ങള്‍ നടന്നിട്ടുണ്ട് എന്നതിനുള്ള തെളിവാണല്ലോ ചാണക്യന്റെ അധ്യാപനങ്ങള്‍. തത്ത്വശാസ്ത്രത്തിന്റെ നിര്‍മല ഭാവങ്ങളെ രാഷ്ട്രീയാവശ്യങ്ങള്‍ക്കുവേണ്ടി ദുരുപയോഗം ചെയ്ത ഇത്തരം വൈജ്ഞാനിക ദുരന്തങ്ങള്‍ വേറെയും ഉണ്ടായിട്ടുണ്ട്.
ആധുനിക കാലഘട്ടത്തിലും നീതിയുടെ കാര്യത്തില്‍ കൈയൂക്കുള്ളവന്‍ കാര്യക്കാരന്‍ എന്ന തത്ത്വം വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടിട്ടുണ്ട്. രാഷ്ട്രീയാധിപത്യത്തിന്റെ ചുമരുകളില്‍ കോറിവെക്കപ്പെട്ടതൊക്കെയും പവിത്രങ്ങളായ ആപ്തവാക്യങ്ങളാണെന്ന് വരുത്താന്‍ ബോധപൂര്‍വമായ ശ്രമങ്ങള്‍ ഇപ്പോഴും നടക്കുന്നുണ്ട്. യൂറോപ്യന്‍ ബുദ്ധികേന്ദ്രങ്ങളില്‍ ജന്മംകൊണ്ട നിയമസംഹിതകള്‍ മിക്കതും സാമ്രാജ്യത്വ താല്പര്യങ്ങള്‍ സംരക്ഷിക്കാന്‍ തട്ടിക്കൂട്ടിയ ഒറ്റമൂലികളാണ്. മുസ്‌ലിം ഭരണങ്ങളുടെ തകര്‍ച്ചയുടെ അവസാനത്തില്‍ ഉയിര്‍ക്കൊണ്ട ഇംഗ്ലീഷുകാരുടെ അധികാര സ്വപ്‌നങ്ങള്‍ കോളനികളായി പൂവണിയാന്‍ അധികകാലമെടുത്തില്ല. ആധിപത്യത്തോടൊപ്പം വെളുത്തവന്‍ പടച്ചുണ്ടാക്കിയ നീതിശാസ്ത്രവും കോളനികളില്‍ വേഗത്തില്‍ പ്രചരിച്ചു. സമൂഹത്തിന്റെ ഉയിര്‍ത്തെഴുന്നേല്‍പ്പിനു മുന്നില്‍ സാമ്രാജ്യത്വം ഒലിച്ചുപോയെങ്കിലും, ശേഷിപ്പുകള്‍ പലതും കൊളോണിയലിസത്തിന്റെ സ്മാരകങ്ങളായി അവശേഷിച്ചു. ബ്രിട്ടീഷുകാരന്റെ ചില നിയമത്താളുകള്‍ അതിലൊന്നാണ്. നീതി ലഭ്യതയുടെ കാര്യത്തില്‍ ഇന്ന് പൗരന്മാരെ സഹായിക്കേണ്ടത് നിയമക്കുരുക്കുകള്‍കൊണ്ട് സങ്കീര്‍ണമായ ഈ കോഡുകളാണ്. ഇംഗ്ലീഷുകാരില്‍ നിന്ന് അധികാരമേറ്റുവാങ്ങിയ സ്വദേശി ഭരണകൂടങ്ങളില്‍ നിന്നാകട്ടെ, നീതിനിര്‍വഹണത്തിന് സഹായകമായ രീതിയില്‍ നിയമനിര്‍മാണ പ്രക്രിയ പൂര്‍ണമായും ഉണ്ടായതുമില്ല. ഭേദഗതികള്‍ക്ക് ഭേദഗതികളൊരുക്കിക്കൊണ്ട് ഇന്നും നിയമനിര്‍മാണസഭകള്‍ തീവ്രപരിശ്രമങ്ങളിലാണ്.
സോഷ്യലിസത്തിന്റെ ബലമുപയോഗിച്ച് വര്‍ഗീകരണം നടത്തി അധികാരം പിടിച്ചെടുത്ത കമ്യൂണിസ്റ്റ് സൈദ്ധാന്തികതയാകട്ടെ, ‘പവിത്ര’മായൊരു ലക്ഷ്യപ്രാപ്തിക്കുവേണ്ടി വിചിത്രമായ നീതിശാസ്ത്രമാണ് ലോകത്തെ പഠിപ്പിച്ചത്. രാജ്യഭരണം പ്രജകളോട് ചെയ്ത അനീതിയോട് പകരം വീട്ടാന്‍ സാര്‍ ചക്രവര്‍ത്തിയുടെ കുടുംബത്തിലെ പിഞ്ചുകുഞ്ഞുങ്ങളുടെ പോലും തലയറുക്കുക എന്ന ഭീകരതയാണ് റഷ്യന്‍ ബോള്‍ഷെവിക്കുകള്‍ ചെയ്തത്! കുറഞ്ഞ വര്‍ഷങ്ങള്‍ക്കുശേഷം ഒരു ശുദ്ധീകരണ പ്രക്രിയയുടെ ഭാഗമായി ഇതേ സൈദ്ധാന്തികതയുടെ മറവില്‍ സ്റ്റാലിന്‍ എന്ന ഏകാധിപതി കൊന്നൊടുക്കിയത് പതിനായിരക്കണക്കിനു വരുന്ന സ്വന്തം ‘വര്‍ഗ’ത്തെതന്നെയായിരുന്നു. അങ്ങനെ കമ്യൂണിസം, അതില്‍ വിശ്വാസമര്‍പ്പിച്ച ഹതഭാഗ്യരായ ചില അനുയായികളുടെ അന്തകനായി പരിണമിക്കുകയായിരുന്നു. രണ്ടാം ലോകമഹായുദ്ധത്തിനുശേഷം ഒരു കുതിപ്പായി കടന്നുവന്ന നാറ്റോ ശക്തികളും നീതി നിര്‍വഹണത്തിന്റെ കാര്യത്തില്‍ പക്ഷപാതിത്വത്തിന്റെ പുതിയ മുഖങ്ങള്‍ ലോകത്തിന് കാണിച്ചു കൊടുത്തു. ഇസ്‌റാഈല്‍ എന്ന ‘അരുമ’യ്ക്കുവേണ്ടി അനീതിയുടെ ഏതറ്റം വരെയും ചെല്ലാന്‍ അമേരിക്കന്‍ ഭരണകൂടങ്ങള്‍ തയ്യാറാണെന്ന് കഴിഞ്ഞകാല സംഭവങ്ങള്‍ തെളിയിച്ചുകഴിഞ്ഞതാണല്ലോ. സ്വന്തം ഭവനങ്ങളില്‍ നിന്ന് പുറത്താക്കപ്പെടുകയും അതിന്റെ മതിലുകള്‍ ബുള്‍ഡോസറുകളുടെ ദംഷ്ട്രകള്‍ക്കിടയില്‍പെട്ട് ഞെരിഞ്ഞമരുന്നത് കാണേണ്ടിവരികയും ചെയ്ത നിര്‍ഭാഗ്യവാനായ ഫലസ്തീനി, ആധുനിക നീതിനിഷേധത്തിന്റെ ഏറ്റവും വലിയ ഇരയാണ്. അന്യരാജ്യങ്ങളില്‍നിന്നും ജറുസലേമില്‍ തെരുവുകച്ചവടക്കാരായെത്തുകയും കുടിലബുദ്ധിയുടെ വൈഭവം കൊണ്ട് അധിപന്മാരാവുകയും ചെയ്ത ജൂതന്‍മാര്‍ക്ക് മുന്നില്‍ പാവം ഫലസ്തീനിക്ക് അടിയറവെക്കേണ്ടിവന്നത് രാജ്യവും സ്വാതന്ത്ര്യവുമായിരുന്നു. സ്വന്തം പിഞ്ചോമനയുടെ ജീവന്‍ രക്ഷിക്കാന്‍ തെരുവിന്റെ ഓരത്ത് ജൂതസേനയുടെ വെടിയുണ്ടകളുടെ നേര്‍ക്ക് ശരീരം വെച്ചുകൊടുത്തിട്ടുപോലും പരാജിതനാകുന്ന ഫലസ്തീനി, ജൂത ഭീകരതയ്ക്ക് പുതിയ ദൃഷ്ടാന്തമായി മാറുകയാണ്. ഈ ജൂത ഭീകരതയുടെ മൊത്തം സ്‌പോണ്‍സര്‍ഷിപ്പും അമേരിക്കയാണേറ്റെടുത്തിട്ടുള്ളത്.
അനീതിയുള്ള പുതിയ നിഴല്‍ രൂപങ്ങള്‍ നമുക്ക് മുന്നില്‍ നൃത്തം വെച്ചുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍ സമൂഹം കൂടുതല്‍ നിഷ്‌ക്രിയമാവുന്ന കാഴ്ച ഇതിനെക്കാളൊക്കെ ഭീകരമാണ്. കാല പ്രവാഹത്തിനിടെ എവിടെയോവെച്ച് നമ്മുടെ സമൂഹത്തിന്റെ പ്രതികരണശേഷി കൈമോശം വന്നുപോയിരിക്കുന്നുവെന്ന കാര്യം നാമിനിയും വേണ്ടത്ര ഗൗരവത്തിലെടുത്തിട്ടുണ്ടോ എന്ന് സംശയമുണ്ട്. ജീവിതത്തോടുള്ള തൃഷ്ണകൊണ്ട് താന്‍ ഭയപ്പെടുന്ന ഏത് വ്യക്തിയില്‍നിന്നും സമൂഹത്തില്‍നിന്നും അനീതി, തലകുനിച്ചുകൊണ്ട് സ്വീകരിക്കാന്‍ തയ്യാറാകുന്ന പുതിയ മനുഷ്യന്റെ ചിത്രം ജൂഗുപ്‌സാവഹംതന്നെയാണ്. ഹരിതാഭമായ ജീവിതത്തിന്റെ ശാന്തതയിലേക്ക് അസ്വസ്ഥതയുടെ നേരിയ താപതരംഗങ്ങള്‍പോലും കടന്നുവരുന്നത് ഇഷ്ടമില്ലാത്ത പുതിയ മനസ്സുകള്‍ക്ക് അനീതിയെക്കുറിച്ച് ചിന്തിക്കാന്‍ താല്പര്യമില്ലാതായിരിക്കുന്നു. സാമൂഹിക നീതിക്കുവേണ്ടി പോരാടിയിരുന്ന ഭൗതികപ്രസ്ഥാനങ്ങളില്‍ പലതും തികഞ്ഞ ‘എസ്റ്റാബ്ലിഷുമെന്റു’കളായി മാറിയിരിക്കുന്നു. ഇല്ലാത്തവനുവേണ്ടിയുള്ള സമരത്തീച്ചൂളയില്‍ യുവത്വം ഹോമിച്ച നേതൃത്വത്തിന് ബെന്‍സുകാറുകളല്ലാത്ത വാഹനങ്ങള്‍ പഥ്യമാവാതിരിക്കുന്ന ജീര്‍ണമായ അവസ്ഥയ്ക്ക് കാരണം, ജീവിതത്തോടുള്ള മനുഷ്യന്റെ അഭിനിവേശത്തിന് തീവ്രത വര്‍ധിച്ചതുതന്നെയാണ്.
ഒരേ പില്ലറുകള്‍ താങ്ങുന്ന കോണ്‍ക്രീറ്റു പാളികള്‍ക്ക് കീഴെ, വാസസ്ഥലത്തിന്റെ അപകട സാധ്യത തികച്ചും ജനാധിപത്യപരമായി പങ്കുവെക്കുന്ന ഫ്‌ളാറ്റു വാസികളായ അണുകുടുംബങ്ങളില്‍ പലര്‍ക്കും അയല്‍വാസികളുടെ പേരുകള്‍പോലുമറിയില്ല എന്നത് നമ്മുടെ സാമൂഹികബോധത്തിനേറ്റ കനത്ത തിരിച്ചടിയെക്കുറിച്ചാണ് സൂചന നല്‍കുന്നത്. വളരെ വേഗത്തില്‍ ‘എസ്‌കിമോ’ (മഞ്ഞുമനുഷ്യന്‍)കളായി മാറിക്കൊണ്ടിരിക്കുന്ന മനുഷ്യരിലെ ഒരു വലിയ വിഭാഗം ഭരണകൂടങ്ങളുടെയോ സാമൂഹ്യവിരുദ്ധ ശക്തികളുടെയോ ഏത് നീതിനിഷേധ പ്രക്രിയകള്‍ക്കും പച്ചക്കൊടി കാട്ടുമെന്ന് ഉറപ്പാണ്. നീതിബോധമെന്നതിന് വളരെ വിശാലമായ മാനങ്ങളൊന്നും ആധുനിക മനുഷ്യരുടെ വീക്ഷണത്തിലുണ്ടാവുകയില്ല. ഉണ്ടെങ്കില്‍തന്നെ പുതിയ ജീവിത സാഹചര്യങ്ങളുടെ സമ്മര്‍ദത്തില്‍ അതൊക്കെ നഷ്ടമാവാന്‍ അധികകാലം വേണ്ടിവരില്ല. ഈയൊരു സാഹചര്യത്തില്‍ നീതിബോധമെന്നത് കേവലം ഉപഭോക്തൃസംരക്ഷണ സമിതിയില്‍മാത്രം ഒതുക്കി നിര്‍ത്തേണ്ട ഒന്നല്ല എന്നത് സമൂഹത്തെ തെര്യപ്പെടുത്തേണ്ടതാവശ്യമാണ്. മനുഷ്യന്റെ മൗലികതയില്‍ നിന്നുത്ഭവിച്ച് സാമൂഹിക, രാഷ്ട്രീയ, സാംസ്‌കാരിക മേഖലകളെയാകമാനം ചൂഴ്ന്നുനില്‍ക്കുന്ന നീതിബോധത്തിന്റെ വേരുകള്‍ ദുര്‍ബലമാവുന്നത് ഒട്ടും ആശാസ്യമല്ല.
ഈയൊരു സ്ഥിതിവിശേഷത്തിലാണ് ഇസ്‌ലാമിക ജീവിതചര്യയുടെ പ്രസക്തി നമുക്ക് ജനതതികളെ ബോധ്യപ്പെടുത്താനുള്ളത്. വ്യക്തികളിലൂടെ രൂപംകൊണ്ട സമൂഹത്തില്‍ വ്യക്തി സംസ്‌കരണത്തിലൂടെ സാമൂഹിക നീതി സ്ഥാപിതമാവുന്നതെങ്ങനെ എന്നതിന് കഴിഞ്ഞകാല ഇസ്‌ലാമിക സമൂഹങ്ങളില്‍ ചിലത് ഉദാഹരണങ്ങളാവുന്നുണ്ട്. ദൈവിക ശാസനകളുടെ വെളിച്ചത്തില്‍ സാമൂഹിക പ്രശ്‌നങ്ങളെ നേരിടുന്നതുകൊണ്ടാണ് നീതിക്കുവേണ്ടി നിലകൊള്ളുന്ന സമൂഹത്തെ സൃഷ്ടിക്കാനാവുമെന്ന് ഇസ്‌ലാം അവകാശപ്പെടുന്നത്. തന്നെ സൃഷ്ടിച്ച നാഥനെ മാത്രം ആരാധിക്കുക എന്ന നിഷ്ഠയിലൂടെ ഒരു മുസ്‌ലിം പ്രാഥമികമായും ദൈവത്തോടുള്ള ബന്ധത്തില്‍ നീതിമാനാവുന്നു. പിന്നീടങ്ങോട്ട് ജീവിതത്തെ സ്പര്‍ശിക്കുന്ന ഓരോ തലങ്ങളിലും ഖുര്‍ആനികാധ്യാപനങ്ങളുടെ വെളിച്ചത്തില്‍ നീതിയില്‍ വര്‍ത്തിക്കാന്‍ അവനു സാധിക്കുന്നു. ”ഒരു വിഭാഗത്തോടുള്ള ശത്രുത അവരോട് അനീതി കാണിക്കാന്‍ നിങ്ങളെ പ്രേരിപ്പിക്കാതിരിക്കട്ടെ” എന്ന മുന്നറിയിപ്പ് ഖുര്‍ആന്‍ പകരുന്ന ധാര്‍മികോര്‍ജത്തിനുദാഹരണമാണ്.
ഇസ്‌ലാമികാദര്‍ശത്തിന്റെ ഏറ്റവും വലിയ കരുത്ത് അതിലെ നന്മ-തിന്മകളുടെ വേര്‍തിരിവിന്റെ മൗലികത തികച്ചും ദൈവികമാണ് എന്നതാണ്. ചോദ്യംചെയ്യപ്പെടേണ്ട ഒരു മനുഷ്യായുസ്സിന്റെ ഗമന പ്രക്രിയയ്ക്കിടെ അല്ലാഹുവിന്റെ ഹിതത്തിനു വിപരീതമായ ചിന്തകള്‍പോലും അപകടം വരുത്തിവെക്കുമെന്ന തിരിച്ചറിവ് മനുഷ്യനെ സര്‍വനാശത്തില്‍നിന്ന് പിന്നോട്ടു വലിക്കുന്നു. കാല-ദേശങ്ങള്‍ക്കതീതമായ നീതിയെക്കുറിച്ച ദൈവിക മാനദണ്ഡം ജീവിതത്തിന്റെ ഇരുണ്ട ഇടനാഴികളിലെ പ്രകാശധാരകളായി വര്‍ത്തിക്കാതിരിക്കില്ല. ചിന്തകളെപ്പോലും ധാര്‍മിക അതിരുകളിലേക്കും സദാചാര സാഹചര്യങ്ങളിലേക്കും പരിമിതമാക്കുന്ന ഇസ്‌ലാമിക നിയമങ്ങള്‍ പ്രാപ്തനായ വ്യക്തിയെയാണ് സൃഷ്ടിച്ചെടുക്കുന്നത്.
ധര്‍മ സംസ്ഥാപനത്തിന്റെ മാര്‍ഗത്തില്‍ യുദ്ധനിയമങ്ങള്‍ ലംഘിച്ചുകൊണ്ട് ചതിയുടെ വാണം, ശത്രുവിനുനേരെ തൊടുത്തുവിടാനുള്ള അനുവാദം അല്ലാഹു മനുഷ്യനു നല്‍കുന്നില്ല. ഈ വ്യതിരിക്തതയാണ് ഭൗതികവും ആത്മീയവുമായ മോചനസാധ്യത നിലനിര്‍ത്തുന്ന ദര്‍ശനമെന്ന നിലയില്‍ ഇസ്‌ലാമിന് സമകാലീന സമൂഹത്തില്‍ സ്വീകാര്യത വര്‍ധിപ്പിച്ചുകൊണ്ടിരിക്കുന്നത്. അനീതിയുടെ വക്താക്കള്‍ക്കാവട്ടെ, ഏറെ അരോചകമായ ഈ ചുറ്റുപാട് ഒരു നിഴല്‍യുദ്ധത്തിനവരെ പ്രേരിപ്പിക്കുന്നു. അതുവഴി ഭീകരതയുടെയും വര്‍ഗീയതയുടെയും ചായംതേച്ച വേറിട്ടൊരു ഇസ്‌ലാമിനെ മാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കാന്‍ ഈ ശക്തികള്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നു. അല്ലാഹുവിന്റെ മുന്നിലല്ലാതെ തലകുനിക്കേണ്ടതില്ലെന്ന ബോധം പകരുന്ന ധൈര്യത്തില്‍ നിന്നാണ് നീതിക്കുവേണ്ടിയുള്ള യുദ്ധത്തിന് മനുഷ്യന്‍ ഊര്‍ജം കൈവരിക്കേണ്ടത്. ജീവിത വിശുദ്ധിയിലൂടെ നേടിയെടുക്കുന്ന ശക്തി അതിന് നമ്മെ കൂടുതല്‍ പ്രാപ്തരാക്കുകയും ചെയ്യും. ഒരു നല്ല സമൂഹത്തിന്റെ സൃഷ്ടിപ്പിലൂടെ സാധ്യമാവുന്ന നീതിയുടെ പുനസജ്ജീകരണം, നിയമനിര്‍മാണങ്ങള്‍കൊണ്ട് നടത്താനാവാത്തൊരു കാര്യമാണ്. ഇസ്‌ലാമിക ആദര്‍ശ പ്രബോധകനെ സംബന്ധിച്ചിടത്തോളം സാമൂഹിക പരിവര്‍ത്തനത്തിന്റെ കര്‍മപഥങ്ങളില്‍ ഇത് കരുത്ത് പകരുക തന്നെ ചെയ്യും.

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x