നീതി, സമത്വം, വിവേചനം വാക്കുകളുടെ അര്‍ഥവും പ്രയോഗവും
സി പി അബ്ദുസ്സമദ്
വ്യത്യസ്ത കോണുകളില്‍ നിന്നു നോക്കിയാല്‍ സ്ത്രീ-പുരുഷന്‍, മുതലാളി-തൊഴിലാളി, ദരിദ്രന്‍-സമ്പന്നന്‍ തുടങ്ങി നിരവധി വിഭാഗങ്ങള്‍ സമൂഹത്തില്‍ പ്രകൃത്യാ ഉള്ളതായി കാണാം. ഈ വ്യത്യസ്ത വിഭാഗങ്ങള്‍ക്കിടയില്‍ എങ്ങനെയാണ് സംവിധാനങ്ങളും നിയമങ്ങളും വിതരണം ചെയ്യേണ്ടത്? എങ്ങനെയാണ് അവരെ പരിഗണിക്കേണ്ടത്? ഈ ചോദ്യത്തിന് മറുപടിയായി മനുഷ്യരില്‍ നിന്നു വരുന്ന ഉത്തരമാണ് ‘നീതിയോടെ’ എന്നത്.
അര്‍ഹതക്കും ആവശ്യത്തിനും അനുസരിച്ച് ഓരോരുത്തര്‍ക്കും വേണ്ട പരിഗണന നല്‍കുന്നതാണ് നീതി. പക്ഷേ, ഈ അര്‍ഹതയും ആവശ്യവും ആര് എങ്ങനെ തീരുമാനിക്കും എന്ന ചോദ്യം പ്രസക്തമാണ്. നിയമങ്ങളും സംവിധാനങ്ങളുമെല്ലാം നീതിയുക്തമായിരിക്കണം എന്ന് എല്ലാ തരം പ്രത്യയശാസ്ത്രങ്ങളുടെ വക്താക്കളും പറയുന്നു. ഒപ്പം തന്നെ തങ്ങളുടെ ആശയമാണ് നീതിയില്‍ അധിഷ്ഠിതം എന്നും ഓരോരുത്തരും വാദിക്കുന്നു. ആ വിശ്വാസമാണല്ലോ അവരെ അതിന്റെ വക്താക്കളാക്കി മാറ്റുന്നത്.
ഇസ്‌ലാമിനും അതേ വാദം തന്നെയാണുള്ളത്. പക്ഷേ അത് കേവലം മറ്റു മനുഷ്യ നിര്‍മിത ആശയങ്ങളെ പോലെ ‘ഈ ആശയത്തിന്റെ വക്താക്കളായ ചില ആളുകളുടെ വീക്ഷണത്തില്‍ ഇതാണ് നീതി എന്നതുകൊണ്ട് ഇതാണ് ‘നീതി’ എന്ന വാദമല്ല. ചില പ്രത്യേക ആശയങ്ങള്‍ കൊണ്ടുവന്ന ആളുകള്‍ക്ക് അവരുടെ പരിമിതമായ ജീവിതാനുഭവം കൊണ്ടും അറിവ് കൊണ്ടും ഒരു രീതി നീതിയുക്തമാണെന്ന് തോന്നിയതുകൊണ്ട് അതങ്ങനെയാവണമെന്നില്ല.
മനുഷ്യര്‍ എത്രയധികമുണ്ടെങ്കിലും അവരുടെ അറിവിന്റെയും ചിന്തയുടെയും പരിമിതി കാരണം എല്ലാ മനുഷ്യര്‍ക്കും അനുയോജ്യമായ നീതിയില്‍ അധിഷ്ഠിതമായ നിയമങ്ങള്‍ ഉണ്ടാക്കാന്‍ അവര്‍ക്ക് സാധിക്കില്ല. ആര്‍ക്കു വേണ്ടിയാണോ നിയമങ്ങള്‍ ഉണ്ടാക്കുന്നത്, അവരെപ്പറ്റി പൂര്‍ണമായ ബോധ്യം നിയമദാതാവിന് ഉണ്ടാകല്‍ അനിവാര്യമാണ്. പുരുഷനും സ്ത്രീയും, മുതലാളിയും തൊഴിലാളിയും, സമ്പന്നനും ദരിദ്രനും അടക്കം സമൂഹത്തിലെ ഏതൊരു വിഭാഗത്തെപ്പറ്റിയുമുള്ള വ്യക്തമായ ബോധ്യം ആ വിഭാഗങ്ങള്‍ക്കോ മറ്റുള്ളവര്‍ക്കോ ഉണ്ടായിക്കൊള്ളണമെന്നില്ല.
സ്വന്തത്തെപ്പറ്റിയുള്ള ബോധ്യം എല്ലാവര്‍ക്കും ഉണ്ടാവില്ലേ എന്ന് സംശയം വന്നേക്കാം. എന്നാല്‍ തങ്ങള്‍ക്ക് നല്ലതാണെന്നു കരുതി സ്വീകരിച്ച എത്രയോ കാര്യങ്ങള്‍ പില്‍ക്കാലത്ത് വിപരീതഫലം ഉണ്ടാക്കുന്നതാണെന്ന് മനസ്സിലാക്കി ഉപേക്ഷിച്ച അസംഖ്യം സംഭവങ്ങള്‍ മനുഷ്യ ചരിത്രത്തിലുണ്ട്. സ്വന്തത്തെപ്പറ്റി പോലും ഇത്തരത്തില്‍ പരീക്ഷണങ്ങളിലൂടെ പഠനം നടത്തി കൂടുതല്‍ ശരികളിലേക്കെത്താന്‍ ശ്രമിക്കുന്നതാണ് മനുഷ്യ പ്രകൃതി. സ്വന്തത്തെപ്പറ്റിയും പ്രകൃതിയെപ്പറ്റിയുമുള്ള അറിവിന്റെ കുറവ് മാത്രമല്ല, ഇതോടൊപ്പം നാളെ എന്തു സംഭവിക്കുമെന്ന കാലാതീതമായ അറിവിന്റെ കുറവു കൂടി ഇവിടെ പ്രകടമാണ്. മാത്രമല്ല, മനുഷ്യര്‍ നിയമങ്ങള്‍ ഉണ്ടാക്കുമ്പോള്‍, നിയമമുണ്ടാക്കുന്നവരുടെ സ്വാര്‍ഥതാല്‍പര്യങ്ങളും അറിഞ്ഞോ അറിയാതെയോ നിയമങ്ങളെ സ്വാധീനിക്കാനും അതിലൂടെ അനീതി സംഭവിക്കാനുമുള്ള സാധ്യതയും വളരെ അധികമാണ്.
സ്ത്രീപക്ഷവാദമായ ഫെമിനിസത്തിന്റെ പ്രയോഗവത്കരണം ചില പുരുഷന്മാരെയും സ്ത്രീകളെയും ബുദ്ധിമുട്ടിക്കുന്നതും, ഇതുകൊണ്ടുണ്ടാകുന്ന പുരുഷന്മാരുടെ പ്രയാസങ്ങള്‍ പരിഹരിക്കാന്‍ മെനിനിസം എന്ന പുരുഷപക്ഷവാദം ഉടലെടുക്കുന്നതും കാണാം. ഇവ രണ്ടിലും സമൂഹത്തെ രണ്ടു വ്യത്യസ്ത വശങ്ങളില്‍ നിന്നു നോക്കിക്കാണുന്ന ആളുകളുടെ വീക്ഷണങ്ങളെ മാത്രമേ കാണാന്‍ കഴിയൂ. പുരുഷനും സ്ത്രീക്കും സന്തുലിതമായി ജീവിക്കാന്‍ കഴിയുന്ന ഒരു സംവിധാനം രണ്ട് ആശയങ്ങളും വാഗ്ദാനം ചെയ്യുന്നില്ല. മുതലാളിമാരുടെ സര്‍വാധിപത്യത്തിനു വേണ്ടി വാദിക്കുന്ന ക്യാപിറ്റലിസം തൊഴിലാളികളെ പ്രയാസപ്പെടുത്തിയപ്പോള്‍, തൊഴിലാളികളുടെ സര്‍വാധിപത്യത്തിനു വേണ്ടി വാദിക്കുന്ന കമ്മ്യൂണിസം/മാര്‍ക്‌സിസം ഉടലെടുത്തു. ഒടുവില്‍ ഒരു പ്രത്യയശാസ്ത്രം എന്ന നിലയ്ക്ക് കമ്മ്യൂണിസവും പരാജയപ്പെട്ടു.
ഒരു സമൂഹത്തില്‍ മുതലാളിയും തൊഴിലാളിയും വേണം, സ്ത്രീയും പുരുഷനും വേണം, ഇവരില്‍ ഏതെങ്കിലും ഒരു വിഭാഗത്തിന്റെ പക്ഷത്തുനിന്നു ലോകത്തെ നോക്കി നിയമങ്ങള്‍ ഉണ്ടാക്കിയാല്‍ അത് മറ്റു വിഭാഗങ്ങളുടെ നീതിയെ ലംഘിക്കുകയും പ്രശ്‌നങ്ങള്‍ ഉണ്ടാക്കുകയും ചെയ്യും. മനുഷ്യനാണെങ്കില്‍ ഇത്തരത്തിലുള്ള പരിമിതികള്‍ക്ക് പുറത്തു കടന്നു നിയമങ്ങളുണ്ടാക്കല്‍ അസാധ്യമാണുതാനും. കാരണം അറിവിന്റെ ലഭ്യതക്കുറവിനു പുറമേ എല്ലാ മനുഷ്യരും അതിവൈകാരികതയുള്ളവരും ചില വിഭാഗങ്ങളില്‍ പെടുന്നവരും ചില നിലപാട് സ്വീകരിച്ചവരുമാണ്.
ഇത്തരത്തിലുള്ള മനുഷ്യര്‍ നിര്‍മിക്കുന്ന ആശയങ്ങളുടെ വക്താക്കള്‍ ‘ഞങ്ങളുടെ വീക്ഷണകോണിലൂടെ നോക്കുമ്പോള്‍ ഇതാണ് നീതിയായി തോന്നുന്നത്’ എന്ന് ഏതെങ്കിലും ഒരു സംവിധാനത്തെപ്പറ്റി പറയുന്നത് എത്രത്തോളം പരിഹാസ്യമാണ്. ഇസ്‌ലാം മുന്നോട്ടുവെക്കുന്ന സംവിധാനമാണ് നീതിയുക്തമെന്ന വാദം ഇസ്‌ലാമിനുണ്ടെങ്കിലും അത് രൂപപ്പെടുന്നത് ഇത്തരത്തിലല്ല. മുഹമ്മദ് നബിക്കോ അദ്ദേഹത്തിന്റെ ഏതെങ്കിലും അനുചരര്‍ക്കോ പില്‍ക്കാല പണ്ഡിതര്‍ക്കോ ശരിയെന്നു തോന്നിയതോ നീതിയെന്നു തോന്നിയതോ അല്ല ഇസ്‌ലാമിലെ ശരിയും നീതിയും. മറിച്ച് അത് സ്രഷ്ടാവില്‍ നിന്നുള്ളതാണ് എന്നാണ് ഇസ്‌ലാമിന്റെ പക്ഷം. അവന് സമൂഹത്തിലെ എല്ലാ വിഭാഗത്തെപ്പറ്റിയുമുള്ള പൂര്‍ണമായ അറിവുണ്ട്. കാലാതീതമായ വിവരങ്ങളടക്കം അവനറിയാത്തതായി ഒന്നുമില്ല. അവന് സമൂഹത്തിലെ ഏതെങ്കിലും വിഭാഗങ്ങളോട് മമതയോ വിദ്വേഷമോ ഇല്ലതാനും. അവനെ ഇസ്‌ലാം പരിചയപ്പെടുത്തുന്നത് മനുഷ്യനോട് അങ്ങേയറ്റം സ്‌നേഹമുള്ളവനായിട്ടുമാണ്. ഈ സ്രഷ്ടാവിനെക്കാള്‍ മികച്ച നിയമദാതാവായി മറ്റാരെയാണ് സങ്കല്‍പിക്കാനാവുക? മനുഷ്യര്‍ക്കിടയില്‍ നീതി പുലര്‍ത്താന്‍ അവനേക്കാള്‍ നന്നായി കഴിയുന്നവരായി മറ്റാരുമില്ലെന്നത് തീര്‍ച്ചയാണ്. ഈ ആശയം സ്രഷ്ടാവില്‍ നിന്നുള്ളതാണ് എന്ന് കേവലം പറഞ്ഞുവെക്കുക മാത്രമല്ല ഇസ്‌ലാം ചെയ്യുന്നത്. മറിച്ച്, ഈ ലോകത്തിന് ഒരു സ്രഷ്ടാവുണ്ട് എന്നതും അവന്‍ മനുഷ്യര്‍ക്ക് നല്‍കിയ സന്ദേശങ്ങളുടെ അവസാനത്തെ പതിപ്പാണ് വിശുദ്ധ ഖുര്‍ആന്‍ എന്നും സമര്‍ഥിക്കാനുള്ള മതിയായ തെളിവും ഇസ്‌ലാമിന്റെ പക്കലുണ്ട്.
സമത്വം
ചില മനുഷ്യനിര്‍മിത ആശയങ്ങള്‍ കൊണ്ടുനടക്കുന്ന ആളുകള്‍ നീതിക്ക് അവരുടേതായ വ്യാഖ്യാനങ്ങള്‍ കൊടുക്കുന്നത് കാണാം. അതില്‍ ലിബറലിസം, ഫെമിനിസം പോലുള്ള ആശയങ്ങള്‍ തുല്യത/ സമത്വം നീതിയുടെ മാനദണ്ഡമായി വെക്കുന്നു. ഒത്തിരി പരിമിതികളുള്ള മനുഷ്യന്റെ നിഗമനമായതുകൊണ്ടു തന്നെ അതില്‍ അബദ്ധങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത വളരെയധികമാണ്. ഈ ആശയത്തെ ഒന്നു പരിശോധിക്കാം. എല്ലാവരെയും ഒരു വ്യത്യാസവുമില്ലാതെ ഒരേ രീതിയില്‍ പരിഗണിക്കുന്നതിനെയാണ് സമത്വം എന്നു പറയുന്നത്. സമൂഹത്തിലെ ഒരു ശ്രേണിയും ഒരു വിഭാഗങ്ങളും പ്രത്യേകം പരിഗണന അര്‍ഹിക്കുന്നില്ല, ആരെയും ഒരിടത്തും അവഗണിക്കുകയും ചെയ്യരുത് എന്നാണ് ഈ ആശയത്തിന്റെ അടിസ്ഥാന തത്വം.
മനുഷ്യരെല്ലാം അടിസ്ഥാനപരമായി തുല്യരാണോ എന്ന് ചോദിച്ചാല്‍ ആണെന്നുതന്നെയാണ് ഉത്തരം. ജനനം കൊണ്ടോ പ്രകൃതം കൊണ്ടോ ആര്‍ക്കും ആഢ്യത്വമോ അധമത്വമോ വന്നുചേരുന്നില്ല. അവര്‍ ഒരു മാതാവില്‍ നിന്നും പിതാവില്‍ നിന്നുമുള്ളതാണ് എന്നും മനുഷ്യര്‍ക്കിടയിലെ ഗോത്രങ്ങളും വര്‍ഗങ്ങളും പരസ്പരം തിരിച്ചറിയുക എന്ന ദൗത്യത്തിനപ്പുറം മറ്റൊന്നും ചെയ്യുന്നില്ല എന്നും ഖുര്‍ആന്‍ വ്യക്തമാക്കുന്നുണ്ടല്ലോ. പക്ഷേ, ഇതിനോടൊപ്പം പടച്ചവന്‍ പറഞ്ഞുവെക്കുന്നത്, ആരാണോ ധര്‍മനിഷ്ഠ പാലിക്കുന്നത് അവനാണ് പടച്ചവന്റെ അടുക്കല്‍ ശ്രേഷ്ഠന്‍ എന്നാണ്. അതായത് പടച്ചവന്റെ ഈ ലോകത്തും പരലോകത്തും പടച്ചവന്‍ എല്ലാവരെയും ഒരുപോലെ പരിഗണിക്കുകയോ സ്‌നേഹിക്കുകയോ ചെയ്യുന്നില്ല. അവനെ സൂക്ഷിക്കുകയും ധര്‍മനിഷ്ഠ പാലിക്കുകയും ചെയ്യുന്നവര്‍ക്ക് അവന്‍ കൂടുതല്‍ പരിഗണന നല്‍കുന്നു.
മനുഷ്യര്‍ എന്ന അര്‍ഥത്തില്‍ എല്ലാവര്‍ക്കും തുല്യ മൂല്യമാണുള്ളത് എങ്കിലും, അവര്‍ക്കിടയില്‍ കഴിവിലും പ്രകൃതത്തിലും പ്രവര്‍ത്തനങ്ങളിലുമെല്ലാം ഏറെ വ്യത്യാസങ്ങളുണ്ട് എന്നത് ഒരു വസ്തുതയാണ്. ഈ വ്യത്യാസങ്ങള്‍ക്കനുസരിച്ച് ഓരോ സംവിധാനങ്ങളിലും മനുഷ്യരെ വ്യത്യസ്തമായി പരിഗണിച്ചാല്‍ മാത്രമേ അവര്‍ക്കിടയില്‍ നീതി നടപ്പാവൂ. നന്മയും തിന്മയും സമമാവില്ല എന്നിരിക്കെ അവ രണ്ടും പ്രവര്‍ത്തിച്ചവര്‍ക്കുള്ള പ്രതിഫലവും സമമാവാന്‍ പാടില്ല. കാലിനു പരിക്കുള്ളവനും ഇല്ലാത്തവനും ഉള്ളത് ഒരേ ശാരീരിക ശേഷിയല്ല എന്നതുകൊണ്ട് അവര്‍ക്ക് ഇരിപ്പിടങ്ങളില്‍ തുല്യ മുന്‍ഗണനയല്ല നല്‍കേണ്ടത്. സാമൂഹികമായും സാമ്പത്തികമായും പിന്നിട്ടുനില്‍ക്കുന്നവരും മുന്നിട്ടുനില്‍ക്കുന്നവരും ജോലിയുടെയും ജീവിതവിഭവങ്ങളുടെയും ആനുകൂല്യങ്ങളില്‍ ഒരുപോലെയല്ല പരിഗണിക്കപ്പെടേണ്ടത്. സൈന്യത്തിലേക്ക് ശാരീരികക്ഷമതയില്ലാത്തവര്‍ തിരഞ്ഞെടുക്കപ്പെടില്ലല്ലോ.
മനുഷ്യരെല്ലാം തുല്യരാണെന്നു പറഞ്ഞ് ഇവിടെയെല്ലാം എല്ലാവരെയും ഒരേപോലെ പരിഗണിച്ചാല്‍ അത് നീതിയാണെന്നു പറയാന്‍ കഴിയില്ല. മാത്രമല്ല, അത് സമൂഹത്തിന്റെ സന്തുലിതാവസ്ഥയെ തെറ്റിക്കും. ഇത്തരം വേളകളിലെല്ലാം സമത്വം അനീതിയാണ്. അസമത്വവും അര്‍ഹിക്കുന്ന തോതിലുള്ള പരിഗണനയുമാണ് ഇവിടെയല്ലാം നീതി കൊണ്ടുവരുന്നത്. സമത്വത്തിന്റെ പൊതുവായ തലം നാം അംഗീകരിക്കുന്നുണ്ടെങ്കിലും അന്ധമായി സമത്വം നടപ്പാക്കുന്നത് അനീതിയും സമൂഹത്തിന്റെ സന്തുലിതാവസ്ഥയെ ബാധിക്കുന്നതുമാണ്. പക്ഷേ സമത്വവാദികളെല്ലാം പ്രതിനിധാനം ചെയ്യുന്നത് ഇത്തരത്തിലുള്ള അന്ധമായ സമത്വത്തെയാണ് എന്നതുകൊണ്ടുതന്നെ പലപ്പോഴും ആ വാക്കിനെത്തന്നെ പ്രശ്‌നവത്കരിക്കേണ്ടിവരുന്നു.
വിവേചനം
അസമത്വമാണ് ഭൂരിഭാഗം സന്ദര്‍ഭങ്ങളിലും നീതിയെ കൊണ്ടുവരുന്നത് എന്നതിനര്‍ഥം, ആളുകള്‍ക്കിടയിലുള്ള വിവേചനം നീതിയാണ് എന്നല്ല. ഏറ്റവും ക്രൂരമായ അനീതിയുടെ രൂപങ്ങളില്‍ ഒന്നുതന്നെയാണ് വിവേചനം. എന്താണ് വിവേചനം എന്ന് നാം മനസ്സിലാക്കണം. സാങ്കേതികമായി നോക്കിയാല്‍ ഓക്‌സ്ഫഡ് ഡിക്ഷണറി ഈ പദത്തിനു നല്‍കിയ വ്യാഖ്യാനം ‘മനുഷ്യരിലെ വ്യത്യസ്ത വിഭാഗങ്ങളോട് അന്യായത്തോടെയും വിപ്രതിപത്തിയോടെയുമുള്ള പെരുമാറ്റം, വിശിഷ്യാ വംശം, പ്രായം, ലിംഗം, വൈകല്യം എന്നിവയുടെ അടിസ്ഥാനത്തില്‍’ എന്നാണ്. ജാതിയുടെ അടിസ്ഥാനത്തില്‍ നമ്മുടെ നാട്ടില്‍ നിലനിന്നിരുന്ന തൊട്ടുകൂടായ്മയും തീണ്ടിക്കൂടായ്മയും, ഒന്നുരണ്ടു നൂറ്റാണ്ടു മുമ്പുവരെ യൂറോപ്പിലടക്കം വിദ്യാഭ്യാസരംഗത്തും വോട്ടിങ് രംഗത്തുമെല്ലാം സ്ത്രീയെ മാറ്റിനിര്‍ത്തിയിരുന്നതും, നിറത്തിന്റെ പേരില്‍ യൂറോപ്പിലും അമേരിക്കയിലുമെല്ലാം നിലനിന്നിരുന്ന അസ്പൃശ്യതകളുമല്ലാം വിവേചനത്തിന്റെ ഉദാഹരണങ്ങളായി മനസ്സിലാക്കാം. വിപ്രതിപത്തിയും അന്യായവുമാണ് ഇവിടെയെല്ലാം നിഴലിക്കുന്നത്. മേല്‍ജാതിക്കാര്‍ കീഴ്ജാതിക്കാരെക്കാളും, വെളുത്തവര്‍ കറുത്തവരെക്കാളും, പുരുഷന്‍ സ്ത്രീയേക്കാളും മികച്ചവരും ഉന്നതരുമാണെന്ന ചിന്തകളാണ് ഇവിടെയുള്ള മാറ്റിനിര്‍ത്തലുകള്‍ക്ക് പ്രേരകം.
”അറബിക്ക് അനറബിയെക്കാളോ അനറബിക്ക് അറബിയെക്കാളോ വെളുത്തവന് കറുത്തവനെക്കാളോ കറുത്തവന് വെളുത്തവനെക്കാളോ യാതൊരു സ്ഥാനവുമില്ല. ഹൃദയത്തില്‍ ഭക്തിയുള്ളവന്‍ മാത്രമാണ് ശ്രേഷ്ഠന്‍. ജനങ്ങളെല്ലാം ആദമില്‍ നിന്നാണ്, ആദമാവട്ടെ മണ്ണില്‍ നിന്നും” എന്ന പ്രവാചക വചനം മനുഷ്യരിലെ വംശീയപ്രവണതകളുടെ അടിവേരറുക്കുന്നുണ്ട്. സ്ത്രീയായാലും പുരുഷനായാലും പ്രവര്‍ത്തനങ്ങള്‍ക്കനുസരിച്ചാണ് പ്രതിഫലം നല്‍കപ്പെടുക എന്നും അനേകം ഖുര്‍ആന്‍ വചനങ്ങളിലും പ്രവാചക വചനങ്ങളിലും കാണാം. ഇസ്‌ലാം വിവേചനത്തിന് പൂര്‍ണമായും എതിരാണ് എന്നത് സുവ്യക്തമാണ്.
വേര്‍തിരിവ്
എല്ലാവരും എല്ലാ അര്‍ഥത്തിലും തുല്യരാണെന്നും എല്ലാ ഇടങ്ങളിലും അവരെ തുല്യരായി പരിഗണിക്കുന്നതാണ് നീതി എന്നും വാദിക്കുന്ന ലിബറലുകളും ഫെമിനിസ്റ്റുകളുമായ സമത്വവാദികള്‍ സമൂഹത്തിലെ വേര്‍തിരിവുകളെ അനീതിയുടെ പ്രതീകമായിട്ടാണ് കാണുന്നത്. എല്ലാ വേര്‍തിരിവുകളെയും വിവേചനമായി കാണുന്നതാണ് ഇവിടെയുള്ള പ്രശ്‌നം. വേര്‍തിരിവ് എന്നു പറഞ്ഞാല്‍ ആളുകളെ മാറ്റിനിര്‍ത്തുന്നു എന്നു മാത്രമേ അര്‍ഥമുള്ളൂ. വിവേചനങ്ങളിലെല്ലാം വേര്‍തിരിവുണ്ട്, പക്ഷേ എല്ലാ വേര്‍തിരിവുകളും വിവേചനങ്ങളല്ല. വേര്‍തിരിക്കപ്പെടുന്നവര്‍ക്കിടയില്‍ ഏതെങ്കിലും ഒരു വിഭാഗത്തോടുള്ള വിപ്രതിപത്തിയും അന്യായവും വേര്‍തിരിവിന്റെ പ്രേരകമായി മാറുമ്പോഴാണ് അത് വിവേചനമായി മാറുന്നത്.
ഉദാഹരണത്തിന്, കുറവ് മാര്‍ക്ക് കിട്ടിയ കുട്ടികളെല്ലാം മോശക്കാരാണെന്ന ആശയത്തില്‍ കുറവു മാര്‍ക്ക് ലഭിച്ച കുട്ടികളെയും കൂടുതല്‍ മാര്‍ക്ക് ലഭിച്ച കുട്ടികളെയും വേര്‍തിരിച്ച് ഇരുത്തുന്നത് വിവേചനമാണ്. ഇവിടെ സ്വാഭാവികമായും ഉന്നതരായി ഗണിക്കപ്പെടുന്നവര്‍ക്ക് ലഭിക്കുന്ന സൗകര്യങ്ങളും മികച്ചതായിരിക്കും. പക്ഷേ ഈ രണ്ടു കൂട്ടര്‍ക്കും പ്രത്യേകമായി അവര്‍ക്ക് ആവശ്യമുള്ള തരത്തിലുള്ള പരിശീലനം നല്‍കാന്‍ വേണ്ടി അവരെ വേര്‍തിരിച്ചിരുത്തുന്നത് വിവേചനമല്ല, അത് നീതിയാണ്. അത്തരത്തിലുള്ള സംവിധാനങ്ങള്‍ ഒത്തിരി വിദ്യാഭ്യാസ സംവിധാനങ്ങള്‍ വിജയകരമായി പരീക്ഷിക്കുകയും ചെയ്തിട്ടുണ്ട്. അതായത് ചില സാഹചര്യങ്ങളില്‍ നീതി പുലരാന്‍ വേര്‍തിരിവ് അനിവാര്യമാണെന്നര്‍ഥം.
സ്ത്രീ-പുരുഷ വിഷയത്തിലാണ് കൂടുതലും ഇത്തരത്തില്‍ വേര്‍തിരിവും വിവേചനവും കൂട്ടിക്കലര്‍ത്തി അവതരിപ്പിച്ച് പലപ്പോഴും വിമര്‍ശനം ഉന്നയിക്കാറുള്ളത്. ഇസ്‌ലാമിക സദസ്സുകളിലും കല്യാണങ്ങളുടെ ഊട്ടുപുരകളിലും പള്ളികളിലുമെല്ലാം സ്ത്രീയെയും പുരുഷനെയും വേര്‍തിരിച്ചിരുത്തുന്നത് വിവേചനവും അനീതിയുമാണത്രേ.
ഈ വിമര്‍ശകരുടെ യുക്തി പ്രകാരം സ്ത്രീയും പുരുഷനും ഇടകലരുമ്പോള്‍ മാത്രമേ സമത്വവും അതിലൂടെ നീതിയും ഉണ്ടാവുന്നുള്ളൂ. സമത്വമാണ് നീതിയുടെ മാനദണ്ഡം എന്നതുകൊണ്ട് അതുണ്ടാവാന്‍ വേണ്ടിയാണ് പുരുഷനും സ്ത്രീയും ഇടകലരണമെന്ന് അവര്‍ വാശി പിടിക്കുന്നത്. ഈ വാദത്തിന്റെ അടിസ്ഥാനമായ സമത്വവാദത്തിന്റെ പ്രശ്‌നങ്ങള്‍ മുകളില്‍ നാം സൂചിപ്പിച്ചല്ലോ. സമത്വമോ തുല്യതയോ അല്ല നീതിയുടെ പര്യായം എന്നത് വ്യക്തമാണ്.
സ്ത്രീയെയും പുരുഷനെയും വേര്‍തിരിക്കുന്നത് വിവേചനത്തിലേക്ക് നയിക്കുന്നു എന്നാണ് പ്രശ്‌നമായി ഉന്നയിക്കുന്നത്. വിവേചനത്തിന്റെയും വേര്‍തിരിവിന്റെയും വ്യത്യാസം മുകളില്‍ പറഞ്ഞല്ലോ. അത്തരത്തില്‍ സ്ത്രീയേക്കാള്‍ പുരുഷന്‍ ഉന്നതനാണ് എന്നു ധരിച്ചുകൊണ്ട് സ്ത്രീയോട് വിവേചനം കാണിക്കുന്ന ഒത്തിരി വിഭാഗങ്ങളും ആശയക്കാരും സമൂഹത്തിലുണ്ട് എന്നത് യാഥാര്‍ഥ്യമാണ്. ഇസ്‌ലാമിന്റെ നിര്‍ദേശാനുസരണമുള്ള വേര്‍തിരിവുകളില്‍ അത്തരത്തിലുള്ള വിവേചനം കാണാന്‍ കഴിയില്ല.
സ്ത്രീയോ പുരുഷനോ ആവുന്നതല്ല, മറിച്ച്, കര്‍മനിഷ്ഠയും പ്രവര്‍ത്തനങ്ങളുമാണ് ഉന്നതിയുടെയും മികവിന്റെയും മാനദണ്ഡം എന്നതാണ് ഇസ്‌ലാമിന്റെ തത്വം. സ്ത്രീക്കും പുരുഷനും ഇടയില്‍ ഏതെങ്കിലും തരത്തിലുള്ള സൗകര്യങ്ങളുടെ ഏറ്റക്കുറച്ചിലുകള്‍ സൃഷ്ടിച്ചുകൊണ്ടാണോ ഇത്തരത്തില്‍ വേര്‍തിരിക്കുന്നത്? അങ്ങനെ വേര്‍തിരിക്കാനല്ല ഇസ്‌ലാമിന്റെ നിര്‍ദേശം. സ്വയം ത്യാഗം സഹിക്കുന്നതല്ലാതെ അങ്ങനെ സംഭവിക്കുന്നുണ്ടെങ്കില്‍ അവിടെ വിവേചനം വരുന്നുണ്ടെന്നു വേണമെങ്കില്‍ പറയാം.
ഊട്ടുപുരയിലെ ഇരിപ്പിടങ്ങള്‍ എവിടെയാണ് എന്നതല്ലല്ലോ, ലഭിക്കുന്ന ഭക്ഷണവും സൗകര്യങ്ങളും എവ്വിധമാണ് എന്നതല്ലേ പ്രധാനം. അത് ഒരുപോലെയാണെങ്കില്‍ പിന്നെ എന്താണ് പ്രശ്‌നം? സ്ത്രീയും പുരുഷനും തമ്മില്‍ കാണലും കൂടിക്കലരലും ഊട്ടുപുരയുടെ ലക്ഷ്യങ്ങളില്‍ പെട്ടതല്ലല്ലോ.
പിന്നെ എല്ലാത്തിനുമപ്പുറം, ശാരീരികവും മാനസികവുമായി വ്യത്യാസങ്ങളേറെയുള്ള സ്ത്രീക്കും പുരുഷനും ഇടയില്‍ സംവിധാനങ്ങള്‍ ക്രമീകരിക്കേണ്ടത് അവരെപ്പറ്റി പൂര്‍ണമായ ബോധ്യമുള്ള, അവരുടെ ഉടമയായ, അവരില്‍ ഏതെങ്കിലും ഒരു കൂട്ടത്തില്‍ പെടാത്ത പടച്ചവന്‍ തന്നെയാണല്ലോ. ഇവര്‍ കൂടിക്കലരുന്നതുകൊണ്ട് മനുഷ്യന്റെ പരിമിതമായ യുക്തിക്കും അറിവിനും എത്തിപ്പിടിക്കാന്‍ കഴിയുന്നതും കഴിയാത്തതുമായ ഒത്തിരി പ്രശ്‌നങ്ങളുണ്ടായേക്കാം. അതിനെപ്പറ്റി പടച്ചവനാണല്ലോ ഏറ്റവും നന്നായി അറിയുന്നത്.
ഈ വിമര്‍ശനങ്ങളിലെ ഏറ്റവും രസകരമായ ഭാഗം ഇവിടെയെല്ലാം സ്ത്രീവിവേചനമാണ് സംഭവിക്കുന്നത് എന്നു പറയുന്നിടത്താണ്. സൗകര്യങ്ങളുടെ കുറവ് സ്ത്രീ അനുഭവിക്കുന്നുണ്ടെങ്കില്‍ അത് സ്ത്രീവിവേചനമാണ്. മറിച്ച്, കേവലം സ്ത്രീയും പുരുഷനും വേര്‍തിരിഞ്ഞിരിക്കുന്നത് ഇവരുടെ വാദപ്രകാരം പുരുഷവിവേചനം കൂടിയാണല്ലോ. സ്ത്രീയും പുരുഷനും ഇടകലരുന്നത് ആര്‍ക്കെങ്കിലും പ്രയാസമുണ്ടാക്കുന്നുണ്ടെങ്കില്‍ അത് കൂടുതലും സ്ത്രീക്കാണ്.
കൂടുതല്‍ ആളുകള്‍ കൂടുന്ന ആഘോഷപരിപാടികളില്‍ പൂവാലശല്യം കാരണം സ്ത്രീക്കും പുരുഷനും വ്യത്യസ്ത സ്ഥലങ്ങള്‍ ഉണ്ടായിരുന്നു എങ്കില്‍ സ്വസ്ഥമായി ആഘോഷം ആസ്വദിക്കാമായിരുന്നു എന്ന് സാമൂഹിക മാധ്യമങ്ങളില്‍ എഴുതിയ ഫെമിനിസ്റ്റ് സ്ത്രീകള്‍ പോലുമുണ്ട്.
ഈ വേര്‍തിരിവ് അവര്‍ക്ക് സൗകര്യമാണ് എന്നത് അത്തരം സാക്ഷ്യങ്ങളില്‍ വ്യക്തമാണ്. പുരുഷന്മാരെ സംബന്ധിച്ച് ഈ കൂടിക്കലരല്‍ കൂടുതല്‍ ആനന്ദദായകമാണ്. അവരില്‍ ഭൂരിഭാഗവും അത് ഇഷ്ടപ്പെടുന്നു. ഇതില്‍ നിന്നു രണ്ടു കാര്യങ്ങള്‍ മനസ്സിലാക്കാം: ഒന്ന്, ഈ കൂടിക്കലരല്‍ വാദം പുരുഷനു വേണ്ടിയുള്ളതാണ്. രണ്ട്, ഇത്തരത്തിലുള്ള വേര്‍തിരിവ് പുരുഷന്റെ ആനന്ദം കുറയ്ക്കുന്നു എന്നതുകൊണ്ട് സ്ത്രീവിവേചനത്തേക്കാള്‍ പുരുഷ വിവേചനം എന്ന പദമാണ് കൂടുതല്‍ അനുയോജ്യം.