20 Wednesday
November 2024
2024 November 20
1446 Joumada I 18

മത്സര പരീക്ഷ കുംഭകോണം


നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി ഈയിടെ നടത്തിയ പ്രവേശന പരീക്ഷകളെല്ലാം വിവാദമായിരിക്കുകയാണ്. മെഡിക്കല്‍ പ്രവേശന പരീക്ഷയായ നീറ്റ്, യൂണിവേഴ്‌സിറ്റി ഗ്രാന്റ്‌സ് കമ്മീഷനു വേണ്ടി നടത്തുന്ന നാഷണല്‍ എലിജിബിലിറ്റി ടെസ്റ്റ് (യുജിസി നെറ്റ്) എന്നിവ ഉള്‍പ്പെട്ട സമീപകാല അഴിമതികള്‍, പരീക്ഷകളുടെ വിശ്വാസ്യതയെക്കുറിച്ചും മേല്‍നോട്ടം വഹിക്കുന്ന അധികാരികളുടെ കാര്യക്ഷമതയെക്കുറിച്ചും ഗുരുതരമായ ആശങ്കകളാണ് ഉയര്‍ത്തുന്നത്. ഇന്ത്യയുടെ വിദ്യാഭ്യാസ മേഖലയിലുടനീളം ഇതുണ്ടാക്കുന്ന പ്രത്യാഘാതം വലുതാണ്. ഈ പരീക്ഷകള്‍ കേവലം അക്കാദമിക് യോഗ്യതക്ക് വേണ്ടിയുള്ളതല്ല, മറിച്ച് രാജ്യത്തുടനീളമുള്ള ദശലക്ഷക്കണക്കിന് വിദ്യാര്‍ഥികളുടെയും അധ്യാപകരുടെയും ഭാവി നിര്‍ണയിക്കുന്ന സുപ്രധാന നാഴികക്കല്ലുകളാണ്.
യുജിസി നെറ്റ് പരീക്ഷ റദ്ദാക്കിയത് 9 ലക്ഷത്തോളം ഉദ്യോഗാര്‍ത്ഥികളെയാണ് ബാധിച്ചിരിക്കുന്നത്. പരീക്ഷയുടെ വിശ്വാസ്യതയില്‍ വിട്ടുവീഴ്ചയുണ്ടായെന്ന് പറഞ്ഞ് വിദ്യാഭ്യാസ മന്ത്രാലയം ഈ കടുത്ത നടപടിയെ ന്യായീകരിക്കാന്‍ ശ്രമിക്കുകയാണ്. ഇതുവഴി പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നതിന് ഗണ്യമായ സമയവും വിഭവങ്ങളും നിക്ഷേപിച്ച ഉദ്യോഗാര്‍ഥികള്‍ക്കിടയില്‍ വ്യാപകമായ രോഷവും നിരാശയുമാണ് ഉണ്ടാക്കിയത്. ഇന്ത്യന്‍ സര്‍വ്വകലാശാലകളിലും കോളജുകളിലും എന്‍ട്രി ലെവല്‍ ടീച്ചിംഗ് ജോലികള്‍ക്കും പിഎച്ച്ഡി പ്രോഗ്രാമുകള്‍ക്കുമുള്ള മാനദണ്ഡമാണ് യുജിസി നെറ്റ് എന്നത് സാഹചര്യത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നു. ഇത് ഭരണപരമായ ഒരു പരാജയത്തോടൊപ്പം തന്നെ, വിദ്യാര്‍ഥികള്‍ക്ക് വ്യക്തിപരമായും തൊഴില്‍പരമായും തിരിച്ചടി കൂടിയാണ്. എന്‍ ടി എ വിദ്യാര്‍ഥികളുടെ ജീവിതം കൊണ്ടാണ് കളിക്കുന്നത്.
ചഋഋഠ യുജി പരീക്ഷ വിവാദത്തോടെയാണ് സംഭവങ്ങളുടെ തുടക്കം. 1,600 ഓളം വിദ്യാര്‍ഥികള്‍ക്ക് എങ്ങനെ അധികം മാര്‍ക്ക് ലഭിച്ചു എന്നതിന് അധികാരികള്‍ക്ക് ഉത്തരമില്ല. മുഴുവന്‍ മാര്‍ക്ക് ലഭിച്ചവരുടെ ആധിക്യവും അവരില്‍ ഭൂരിഭാഗവും ഒരു സെന്ററില്‍ നിന്ന് തന്നെ ആയതും സംശയം ജനിപ്പിക്കുന്നതാണ്. ചോദ്യപേപ്പര്‍ ചോര്‍ച്ചയോ ക്രമക്കേടുകളോ ഉണ്ടായിട്ടുണ്ട് എന്നത് തീര്‍ച്ചയാണ്. എന്നാല്‍ പരീക്ഷ റദ്ദാക്കാനോ വീണ്ടും നടത്താനോ സാധിക്കാത്ത വിധം പ്രതിസന്ധിയിലാണ് ഭരണകൂടം. മെഡിക്കല്‍ പ്രവേശന പരീക്ഷക്ക് വേണ്ടിയുള്ള തയ്യാറെടുപ്പ് മാസങ്ങളുടെ അധ്വാനമാണ്. അതിനെ മുഖവിലക്കെടുക്കാതെ മുന്നോട്ട് പോകാന്‍ സാധിക്കില്ല. അതേസമയം, പരീക്ഷയില്‍ ക്രമക്കേട് നടത്തിയവരെയും അനര്‍ഹമായി കയറിപ്പറ്റിയവരെയും നിയമത്തിന്റെ മുമ്പില്‍ കൊണ്ടുവരേണ്ടതുണ്ട്. അനര്‍ഹമായി മാര്‍ക്ക് നേടിയവര്‍ നാളെ ആരോഗ്യരംഗം കൈകാര്യം ചെയ്യുന്ന അവസ്ഥയും പരിതാപകരമാണ്. അതേസമയം, നീറ്റ് പിജി മാറ്റിവച്ചതും നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി മേധാവിയെ നീക്കം ചെയ്തതും ഭരണപരമായ അരാജകത്വവും പരീക്ഷാ സമ്പ്രദായത്തിനുള്ളില്‍ നടക്കേണ്ട പരിഷ്‌കരണത്തിന്റെ അടിയന്തിര ആവശ്യവും എടുത്തുകാണിക്കുന്നു.
യുജിസി നെറ്റ് ചോദ്യപേപ്പര്‍ ടെലിഗ്രാമില്‍ പ്രചരിച്ചുവെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി തന്നെ സമ്മതിക്കുന്ന സ്ഥിതിയുണ്ടായി. പരീക്ഷ കുംഭകോണത്തെക്കുറിച്ച് അന്വേഷിക്കാന്‍ ഉന്നതതല സമിതിയെ നിയോഗിച്ചിട്ടുണ്ടെങ്കിലും പൊതുജന വിശ്വാസത്തിന് കോട്ടം വന്നുകഴിഞ്ഞു. ഈ നിര്‍ണായക പരീക്ഷകള്‍ വ്യവസ്ഥാപിതമായി നടത്തുന്നതില്‍ സര്‍ക്കാരിന്റെ കഴിവില്ലായ്മയാണ് വെളിച്ചത്ത് വന്നിരിക്കുന്നത്. മത്സര പരീക്ഷകള്‍ പലപ്പോഴും നഗരകേന്ദ്രീകൃതമായ വരേണ്യര്‍ക്ക് വേണ്ടി മാത്രമുള്ളതാണ് എന്ന വിമര്‍ശനവും ഒരു ഭാഗത്തുണ്ട്. അതിനിടയിലാണ് പരീക്ഷയുടെ വിശ്വാസ്യത പോലും ചോദ്യം ചെയ്യപ്പെടുന്നത്. ഇന്ത്യയിലെ വിദ്യാഭ്യാസ സമ്പ്രദായത്തെ സംബന്ധിച്ചിടത്തോളം, ഇത്തരം പരീക്ഷ കുംഭകോണങ്ങള്‍ തടയേണ്ടത് അനിവാര്യമാണ്. പുതിയ പേപ്പര്‍ ചോര്‍ച്ച വിരുദ്ധ നിയമം കൊണ്ടുവരുന്നത് വഴി ഈ ദിശയിലേക്കുള്ള ഒരു ചുവടുവയ്പായിരിക്കുമെന്ന് കരുതാമെങ്കിലും അത് താത്കാലികമായി പ്രതിഷേധം ശമിപ്പിക്കാനുള്ള തന്ത്രം മാത്രമാണ്.
ചഋഋഠ, ഡഏഇ നെറ്റ് മത്സര പരീക്ഷകളുടെ കുംഭകോണം ഇന്ത്യന്‍ വിദ്യാഭ്യാസ ചട്ടക്കൂടിനുള്ളിലെ ആഴത്തിലുള്ള പ്രശ്‌നങ്ങളുടെ ലക്ഷണം കൂടിയാണ്. ഓരോ പരീക്ഷ പേപ്പറും ലക്ഷക്കണക്കിന് രൂപക്കാണ് വില്‍പ്പനക്ക് വെച്ചിരുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ദേശീയ മത്സര പരീക്ഷകളുടെ വിശ്വാസ്യത വീണ്ടെടുക്കാന്‍ ഘടനാപരമായ പരിഷ്‌കാരങ്ങളും കര്‍ശനമായ സുരക്ഷാസംവിധാനങ്ങളും അനിവാര്യമാണ്. വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും പൊതുജനങ്ങള്‍ക്കും ഇടയില്‍ ആത്മവിശ്വാസം പുനഃസ്ഥാപിക്കാന്‍ സര്‍ക്കാര്‍ വേഗത്തിലുള്ളതും സുതാര്യവും ഫലപ്രദവുമായ നടപടികള്‍ കൈക്കൊള്ളണം.

Back to Top