നീലത്തെളി മാനത്തിന്നൊളി
റസാഖ് മലോറം
നീലത്തെളിമാനത്തിന്നൊളി
നീയിനിയും മായ്ക്കരുതേ
നീ നിന്‍ തെളിഹൃദയം പാപ-
പങ്കിലമായ് തീര്‍ക്കരുതേ.
റമദാനില്‍ നേടിയൊരീമാന്‍
റഹ്മത്തായ് കിട്ടിയൊരീമാന്‍ (2)
നീളേ നിന്‍ ജീവിതവീഥിയില്‍
നീ വിട്ടുകളയല്ലേ.
(നീല…)
ഫുര്‍ഖാനിന്നിതളു വിടര്‍ത്തിയ
പരിമളമന്നെത്ര നുകര്‍ന്നു
ഫലമേറും ദിക്‌റിന്‍ വാക്കുകള്‍
അധരം കൊണ്ടെത്ര പകര്‍ന്നു.
നിവരാതെ സുജൂദില്‍ വീണ്
തസ്ബീഹുകളെത്ര മൊഴിഞ്ഞു
നിസ്‌കാരപ്പായയില്‍ കണ്ണീര്‍
മലരുകളന്നെത്ര പൊഴിഞ്ഞു.
ആ റയ്യാന്‍ വാതിലിലൂടെ
നാളെ കടക്കണ്ടേ?
ആരമ്പനൂറിനെയവിടെ
നിറകണ്ണാല്‍ കാണണ്ടേ? (2)
(നീല…)
പൈദാഹം റബ്ബിനു വേണ്ടി
പകലാകെ വെടിഞ്ഞില്ലേ
പാപക്കറ നീങ്ങിക്കിട്ടാന്‍
പരനോട് പറഞ്ഞില്ലേ?.
ദീനര്‍ക്കായഭയക്കൈകള്‍
ദാനത്താല്‍ നീണ്ടില്ലേ
നീതമായകവും പുറവും
നിസ്തുലമായ്ത്തീര്‍ത്തില്ലേ?.
നീ നെയ്‌തൊരു ദൃഢമാം പാശം
പിരിയുടച്ച് കളയല്ലേ?
നീയെത്തും സ്വര്‍ഗത്തോപ്പത്
വിസ്മൃതിയില്‍ തള്ളല്ലേ? (2)
(നീല…)