തര്‍ക്കമല്ല; വേണ്ടത് പ്രതിവിധിയാണ്
അഷ്റഫ് തിരൂര്‍
വര്‍ഷാവര്‍ഷവും ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന പ്രളയക്കെടുതികളില്‍ വിറങ്ങലിച്ചു നില്‍ക്കുകയാണ് കേരളം. ആര്‍ ത്തലച്ചുവരുന്ന മലവെള്ളം മനുഷ്യജീവനുകളെ കവര്‍ന്നുകൊണ്ടുപോകുന്നത് നിത്യസംഭവങ്ങളായി മാറുന്നു. തുടര്‍ച്ചയായ മണ്ണിടിച്ചിലുകളിലും ഉരുള്‍പൊട്ടലുകളിലും മണ്‍മറഞ്ഞില്ലാതാകുന്നത് മനുഷ്യജീവനുകള്‍ മാത്രമല്ല മലയോര മനുഷ്യര്‍ പതിറ്റാണ്ടുകളുടെ വിയര്‍പ്പില്‍ നെയ്‌തെടുന്ന ജീവിത ഭൂമികകൂടിയാണ്.
എത്രയെത്ര മനുഷ്യരാണ് മലവെള്ളത്തിലൊലിച്ചുപോയത്, എത്രയെത്ര ജീവിതങ്ങളാണ് മണ്ണിനടിയിലമര്‍ന്നുപോയത്. തുടര്‍ച്ചയായ പ്രകൃതി ദുരന്തങ്ങള്‍ ആഘാതമേല്‍പ്പിക്കുന്നത് കേരളത്തിന്റെ ഭൂപ്രകൃതിയെയോ, പാരിസ്ഥിതിക സന്തുലിതാവസ്ഥയെയോ മാത്രമല്ല, സാധാരണക്കാരായ മനുഷ്യരുടെ ജീവിത താളത്തെ കൂടിയാണ്.
ദുരന്തങ്ങള്‍ക്ക് കാരണമെന്തെന്ന തര്‍ക്കങ്ങള്‍ക്ക് തീര്‍പ്പ് കല്‍പിക്കുക അസാധ്യമാണ്. പക്ഷേ മനുഷ്യജീവനുകളെ സംരക്ഷിക്കാന്‍, ദുരന്തങ്ങള്‍ക്ക് പ്രതിരോധം തീര്‍ക്കാന്‍ നാമെന്ത് ചെയ്യണമെന്നത് സംബന്ധിച്ച് ഗൗരവമായ പ ഠനങ്ങള്‍ നടത്തി ശാസ്ത്രീയമായി നടപ്പിലാക്കേണ്ടത് അത്യന്താപേക്ഷിതമാണ്. അത് മനുഷ്യ ജീവനും ജീവിതവുമായി ബന്ധപ്പെട്ട പ്രശ്‌നമാണ്. വര്‍ഷാവര്‍ഷവും ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ഈ ദുരന്തങ്ങളെ ഇനിയും അപ്ര തീക്ഷിതമെന്ന് വിലയിരുത്താനാവില്ല. ഭരണകൂടം ദുരന്തങ്ങളെ പ്രതീക്ഷിക്കേണ്ടതുണ്ട്, പ്രതിരോധിക്കേണ്ടതുണ്ട്. ദുരന്തങ്ങള്‍ക്ക് കാരണമാകുന്ന വസ്തുതകള്‍ സംബന്ധിച്ച് കൃത്യമായ പഠനങ്ങള്‍ നടത്തേണ്ടതുണ്ട്, അതനുസരിച്ച് നയസമീപനങ്ങള്‍ തിരുത്തേണ്ടതുണ്ട്.