നവോത്ഥാനത്തിന്റെ മുഖം മൂടിയണിഞ്ഞ് അന്ധവിശ്വാസം പ്രചരിപ്പിക്കുന്നവരെ തിരിച്ചറിയണം – ഐ എസ് എം
കോഴിക്കോട്: നവോത്ഥാനത്തിന്റെ മുഖം മൂടിയണിഞ്ഞ് അന്ധവിശ്വാസം പ്രചരിപ്പിക്കുന്നവരുടെ പൊയ്മുഖം വലിച്ചു കീറണമെന്ന് ഐ എസ് എം സംസ്ഥാന കമ്മിറ്റി കോഴിക്കോട് ടൗണ്‍ഹാളില്‍ സംഘടിപ്പിച്ച ‘ഇസ്‌ലാഹ്: വ്യതിയാനങ്ങള്‍, വസ്തുതകള്‍’ ആദര്‍ശപഠന സമ്മേളനം ആവശ്യപ്പെട്ടു. ‘കാലം തേടുന്ന ഇസ്‌ലാഹ്’ പ്രമേയത്തില്‍ കെ എന്‍ എം മര്‍കസുദ്ദഅ്‌വ സംസ്ഥാന കമ്മിറ്റി നടത്തിവരുന്ന ത്രൈമാസ കാമ്പയിന്റെ ഭാഗമായാണ് ആദര്‍ശപഠന സമ്മേളനം സംഘടിപ്പിച്ചത്.
ഇസ്‌ലാമിന്റെ അടിസ്ഥാനപ്രമാണങ്ങള്‍ തള്ളിക്കളഞ്ഞ ജിന്ന് സേവ, പിശാചിനെ അടിച്ചിറക്കല്‍, മാരണം തുടങ്ങിയ അന്ധവിശ്വാസങ്ങള്‍ പുനരുജീവിപ്പിച്ച് മുസ്‌ലിം സമുദായത്തെ യാഥാസ്ഥിതികതയിലേക്ക് തിരിച്ചു തെളിക്കുന്നവര്‍ സമുദായത്തിന്റെ ശത്രുക്കളാണ്. അറബിയിലെഴുതിയതൊക്കെ പ്രമാണങ്ങളാണെന്ന് പ്രചരിപ്പിക്കുകയും വിശുദ്ധ ഖുര്‍ആനിന്റെ അധ്യാപനങ്ങളെ തമസ്‌കരിക്കുകയും ചെയ്തുകൊണ്ടാണ് യാഥാസ്ഥിതികതയിലേക്ക് തിരിച്ചു തെളിക്കുന്നത്. അന്ധവിശ്വാസങ്ങള്‍ പഠിപ്പിക്കുകയും പ്രചരിപ്പിക്കുകയും നവോത്ഥാന പാരമ്പര്യം അവകാശപ്പെടുകയും ചെയ്യുന്ന ഇരട്ടമുഖങ്ങളെ ഇസ്‌ലാഹീ കേരളം തിരിച്ചറിയണമെന്നും സംഗമം ആവശ്യപ്പെട്ടു. കെ എന്‍ എം മര്‍കസുദ്ദഅ്‌വ സംസ്ഥാന സെക്രട്ടറി കെ പി സകരിയ്യ ഉദ്ഘാടനം ചെയ്തു. ഐ എസ് എം സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. സുഫ്‌യാന്‍ അബ്ദുസ്സത്താര്‍ അധ്യക്ഷത വഹിച്ചു.
അലി മദനി മൊറയൂര്‍, കെ എന്‍ എം മര്‍കസുദ്ദഅ്‌വ സംസ്ഥാന സെക്രട്ടറി അബ്ദുല്ലത്തീഫ് കരുമ്പുലാക്കല്‍, ഐ എസ് എം സംസ്ഥാന ജന. സെക്രട്ടറി ഡോ. കെ ടി അന്‍വര്‍ സാദത്ത്, കെ എന്‍ എം മര്‍കസുദ്ദഅവ സംസ്ഥാന വൈസ് പ്രസിഡന്റ് കെ പി അബ്ദുറഹിമാന്‍ സുല്ലമി, അബ്ദുസ്സലാം പുത്തൂര്‍, പി ടി അബ്ദുല്‍ മജീദ് സുല്ലമി, ശരീഫ് കോട്ടക്കല്‍, ജിസാര്‍ ഇട്ടോളി, നസീം മടവൂര്‍ പ്രസംഗിച്ചു.