1 Tuesday
July 2025
2025 July 1
1447 Mouharrem 5

നാവിനെ നിയന്ത്രിക്കുക

എം ടി അബ്ദുല്‍ഗഫൂര്‍

മുആദുബ്‌നു ജബല്‍(റ) പറയുന്നു: ഒരിക്കല്‍ നബി(സ)യോടൊപ്പം യാത്രയിലായിരുന്നു ഞാന്‍. രാവിലെ അദ്ദേഹത്തിനോടൊപ്പം നടക്കുമ്പോള്‍ ഞാന്‍ ചോദിച്ചു: പ്രവാചകരേ, എനിക്ക് സ്വര്‍ഗപ്രവേശം നേടിത്തരുന്നതും നരകത്തില്‍ നിന്ന് അകറ്റുന്നതുമായ ഒരു പ്രവര്‍ത്തനം എനിക്ക് പറഞ്ഞുതന്നാലും. അവിടുന്ന് പറഞ്ഞു: തീര്‍ച്ചയായും വലിയൊരു വിഷയത്തെക്കുറിച്ചാണ് നീ ഇപ്പോള്‍ ചോദിച്ചിരിക്കുന്നത്. അല്ലാഹു എളുപ്പമാക്കി കൊടുക്കുന്നവര്‍ക്ക് തീര്‍ച്ചയായും അത് എളുപ്പമാണ്. അല്ലാഹുവെ, മറ്റൊന്നിനെയും അവനോട് പങ്കാൡയാക്കാതെ ആരാധിക്കുക, നമസ്‌കാരം നിലനിര്‍ത്തുക, സകാത്ത് നല്‍കുക, റമദാന്‍ വ്രതമനുഷ്ഠിക്കുക, വിശുദ്ധ ഗേഹത്തില്‍ പോയി ഹജ്ജ് നിര്‍വഹിക്കുക.
പിന്നീട് നബി(സ) പറഞ്ഞു: നന്മയുടെ കവാടങ്ങള്‍ നിനക്ക് ഞാന്‍ അറിയിച്ചുതരട്ടെയോ? നോമ്പ് ഒരു പരിചയാണ്. ദാനം വെള്ളം അഗ്നിയെയെന്നവണ്ണം പാപത്തെ കെടുത്തിക്കളയുന്നു. പിന്നീട് രാത്രിയുടെ ഉള്ളില്‍ ഒരാള്‍ നടത്തുന്ന നമസ്‌കാരവും. എന്നിട്ട് ഭയത്തോടും പ്രത്യാശയോടും തങ്ങളുടെ രക്ഷിതാവിനോട് പ്രാര്‍ഥിക്കുവാനായി കിടപ്പറയില്‍ നിന്ന് അവരുടെ ശരീരം ഉണര്‍ന്ന് ഉയരുന്നു… എന്ന് തുടങ്ങുന്ന സൂറതുസ്സജദയിലെ 16,17 ആയത്തുകള്‍ തിരുമേനി ഓതി. പിന്നീട് നബി(സ) ചോദിച്ചു: കാര്യങ്ങളുടെയെല്ലാം നെടുംതൂണും പൂഞ്ഞയുടെ ഉച്ചിയിലുള്ളതുമായ കാര്യം ഞാന്‍ നിനക്ക് അറിയിച്ചുതരട്ടെയോ? ഞാന്‍ പറഞ്ഞു: അതെ പ്രവാചകരേ. നബി(സ) പറഞ്ഞു: കാര്യങ്ങളില്‍ മുഖ്യം ദൈവത്തിനുള്ള സമര്‍പ്പണം (ഇസ്്‌ലാം) ആകുന്നു. അതിന്റെ നെടുംതൂണ്‍ നമസ്‌കാരവും അതിന്റെ തലപ്പത്തുള്ളത് ത്യാഗപരിശ്രമവുമാകുന്നു. പിന്നീട് അവിടുന്ന് ചോദിച്ചു: ഇതിന്റെയെല്ലാം ആധാരം അഥവാ നിയന്ത്രണം അറിയിച്ചുതരട്ടെയോ? ഞാന്‍ പറഞ്ഞു: അതെ തിരുദൂതരേ. അപ്പോള്‍ തന്റെ നാവ് പിടിച്ചുകൊണ്ട് നബി(സ) പറഞ്ഞു: ഇതിനെ നീ നിയന്ത്രിക്കുക. ഞാന്‍ ചോദിച്ചു: ഞങ്ങള്‍ നടത്തുന്ന സംസാരത്തിന്റെ പേരില്‍ ഞങ്ങള്‍ ശിക്ഷിക്കപ്പെടുമോ? തിരുമേനി പറഞ്ഞു: നിന്നെ നിന്റെ മാതാവിന് നഷ്ടമാകട്ടെ, മുആദേ, ജനങ്ങളെ നരകത്തിലേക്ക് മുഖം കുത്തി വീഴ്ത്തുന്നത് അവരുടെ നാവ് കൊയ്‌തെടുക്കുന്ന തിന്മകള്‍ കൊണ്ടല്ലാതെ മറ്റെന്തെങ്കിലും കൊണ്ടാണോ? (തിര്‍മിദി, ഇബ്‌നുമാജ, അഹ്മദ്)

*****
വിശ്വാസിയുടെ ജീവിതലക്ഷ്യം സ്വര്‍ഗപ്രവേശവും നരകമോചനവുമാണ്. അത് കരസ്ഥമാക്കാനുതകുന്ന കാര്യങ്ങളെക്കുറിച്ചന്വേഷിച്ച സതീര്‍ഥ്യനോട് വിശ്വാസവും ആരാധനയും കര്‍മാനുഷ്ഠാനങ്ങളും പരിചയപ്പെടുത്തിയശേഷം അതിന്റെയെല്ലാം ആധാരമായ ഏറ്റവും പ്രധാനപ്പെട്ട കാര്യം നാവിനെ നിയന്ത്രിക്കുക എന്നതാണെന്നാണ് നബി(സ) പഠിപ്പിക്കുന്നത്. നരകത്തില്‍ മൂക്ക് കുത്തി വീഴാതിരിക്കാന്‍ നല്ലത് പറയുക എന്നത് ശീലമാക്കിയേ മതിയാകൂ. സാഹചര്യങ്ങളുടെ സമ്മര്‍ദങ്ങള്‍ എത്രയുണ്ടായാലും സത്യത്തിന്റെ കൂടെനില്‍ക്കാന്‍ വിശ്വാസി ശ്രദ്ധിക്കേണ്ടതുണ്ട് എന്നാണ് നബിതിരുമേനി(സ) പഠിപ്പിക്കുന്നത്.
അല്ലാഹു നല്‍കിയ അനുഗ്രഹങ്ങളില്‍ പ്രധാനപ്പെട്ടതായ നാവിനെ നിയന്ത്രിക്കാന്‍ കഴിഞ്ഞാല്‍ കര്‍മങ്ങള്‍ നന്നാക്കാനും പാപങ്ങള്‍ പൊറുക്കപ്പെടാനും പര്യാപ്തമാകും.

Back to Top