3 Saturday
December 2022
2022 December 3
1444 Joumada I 9

പരിസ്ഥിതി: സാഹസമല്ല, സംരക്ഷണമാണ് മുഖ്യം

ഷമീം കിഴുപറമ്പ്‌

പരിസ്ഥിതി എന്നു കേള്‍ക്കുമ്പോള്‍ പലര്‍ക്കും ഇന്ന് ചിരിയാണ്. എല്ലാം കാട്ടിക്കൂട്ടലായി മാറുന്ന ഒരു കാലഘട്ടത്തിലൂടെയാണ് നാം സഞ്ചരിക്കുന്നത്. മൃതിയടയാന്‍ ഇരിക്കുന്ന ഭൂമിയെ നോക്കി വ്യാകുലതയോടെ ഒ എന്‍ വി പാടുന്നുണ്ട്, ”ഇനിയും മരിക്കാത്ത ഭൂമി, നിന്നാസന്ന മൃതിയില്‍ നിനക്കാത്മശാന്തി.”
നമ്മുടെ ഭൂമിയുടെ സൗന്ദര്യാത്മകത മുഴുവന്‍ പൊളിച്ചടുക്കപ്പെട്ടിരിക്കുന്നു. വനങ്ങളും മരങ്ങളും പുല്‍മേടുകളും അരുവികളും എല്ലാം തീര്‍ത്തിരുന്ന പ്രകൃതിയുടെ മനോഹാരിത നമ്മുടെ വികൃതമായ കരങ്ങള്‍ കൊണ്ട് മാന്തിപ്പിളര്‍ത്തിയിരിക്കുന്നു. വനനശീകരണത്തിലൂടെ അനേകം ജീവികള്‍ ഈ ഭൂമുഖത്തുനിന്നു നാമാവശേഷമായിരിക്കുന്നു. വേനലിന്റെ തീക്ഷ്ണത സഹിക്കവയ്യാതെ കുഞ്ഞിച്ചിറകുകള്‍ മണ്ണിനോട് ചേര്‍ത്തുവെച്ച് മനുഷ്യനു മുന്നില്‍ പ്രകൃതി അടിയറവു പറയുന്നു. അത്യുഷ്ണത്തില്‍ സൂര്യാഘാതമേറ്റ് നമ്മുടെ സഹോദരങ്ങള്‍ മരണമടയുമ്പോഴും കാരണങ്ങള്‍ തേടാതെ പ്രകൃതിയെ നമ്മള്‍ വികൃതമാക്കിക്കൊണ്ടിരിക്കുന്നു.
ഒരുപാട് പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നുണ്ടെങ്കിലും എല്ലാം അതിനോടൊപ്പം തന്നെ നശിച്ചുപോകുന്നു. യു എന്‍ ഒ വിഭാവനം ചെയ്യുന്ന, 2030 ആകുമ്പോഴേക്കും 780 കോടി മരങ്ങള്‍ ഭൂമിയില്‍ നട്ടു സംരക്ഷിക്കണമെന്ന പദ്ധതി നാം അറിയേണ്ടതാണ്. ഒരിടത്തു മരങ്ങള്‍ നശിപ്പിക്കുന്നു, മറ്റൊരിടത്ത് മരങ്ങള്‍ വെച്ചുപിടിപ്പിക്കുന്നു. ഓരോ പരിസ്ഥിതി ദിനത്തിലും മുന്‍കാലങ്ങളില്‍ നട്ടതിനെ പരിചരിക്കാതെ വീണ്ടും അവിടെ മരം നടുന്നു. പ്രകൃതി സംരക്ഷണമാണ് നമ്മുടെ ലക്ഷ്യമെങ്കില്‍ ഇങ്ങനെയാണോ നമ്മള്‍ ആ ദൗത്യം നിറവേറ്റേണ്ടത്? അന്തരീക്ഷത്തിലെ അമിതമായ കാര്‍ബണ്‍ ഡയോക്‌സൈഡ് വലിച്ചെടുത്ത് വായുമണ്ഡലത്തെ ജീവമണ്ഡലമാക്കി നിലനിര്‍ത്തുന്നത് മരങ്ങളാണ്. ഒരു കാര്‍ 26,000 മൈല്‍ ഓടിയാല്‍ ഫോസില്‍ ഇന്ധനങ്ങളില്‍ നിന്ന് പുറത്തുവരുന്ന കാര്‍ബണ്‍ ഡയോക്‌സൈഡ് വലിച്ചെടുത്ത് ശുദ്ധീകരിക്കാന്‍ വെറും ഒരു ഏക്കര്‍ സ്ഥലത്തെ മരങ്ങള്‍ക്ക് കഴിയുമെന്നു തെളിയിച്ചിട്ടുണ്ട്.
ഇന്ന് എന്താണ് സമൂഹത്തിന്റെ അവസ്ഥ? പ്രകൃതിയെ സംരക്ഷിക്കണമെന്നു വാചാലമാകുന്നവര്‍ എവിടെയാണ് പ്രകൃതിയെ സംരക്ഷിച്ചുകൊണ്ടിരിക്കുന്നത്? നമ്മുടെ മാത്രം ഭൂമിയല്ല ഇത്. ചെടികളും മരങ്ങളും അപ്രത്യക്ഷമാകുന്നതോടെ ഭൂമുഖത്തുനിന്ന് കുറ്റിയറ്റുപോകുന്ന രണ്ടു ജീവജാലങ്ങളുണ്ട്- തേനീച്ചയും വവ്വാലും. ഇവര്‍ നമ്മുടെ ഭക്ഷ്യസുരക്ഷയ്ക്ക് നല്‍കുന്ന ഏറ്റവും വലിയ സംഭാവനയാണ് പരാഗണം. ഇവയെയും ഇല്ലാതാക്കുന്ന അവസ്ഥയിലേക്കാണ് നാം നീങ്ങിക്കൊണ്ടിരിക്കുന്നത്. ധാന്യങ്ങള്‍, പച്ചക്കറികള്‍, പഴവര്‍ഗങ്ങള്‍ എന്നിവ ഉല്‍പാദിപ്പിക്കുന്ന ചെടികളില്‍ പരാഗണം നിലയ്ക്കുന്നതോടെ ഫലങ്ങള്‍ ഉണ്ടാക്കുന്നതും നിലയ്ക്കും. ഇങ്ങനെയാണെങ്കില്‍ എങ്ങനെയാണ് നമുക്ക് പരിസ്ഥിതി സംരക്ഷിക്കാന്‍ കഴിയുക? കാട് നശിപ്പിച്ച് നമ്മള്‍ നടത്തുന്ന വികസന പദ്ധതികള്‍ പലതും ഇന്നത്തെ പ്രകൃതിക്ക് ഭീഷണി തന്നെയാണ്. കപടനാടകവും പൊള്ളയായ വികസനങ്ങളും!
ഒരു തൈ നട്ടു ഫോട്ടോ എടുത്ത് കൈ കഴുകി പോകേണ്ടതല്ല പരിസ്ഥിതി സംരക്ഷണമെന്നു നാം ഓര്‍ക്കണം. പരിസ്ഥിതിയെ സംരക്ഷിക്കാന്‍ നാം ഒരുപാട് മാര്‍ഗങ്ങള്‍ പിന്തുടരേണ്ടതുണ്ട്. ആദ്യമായി നാം പച്ചപ്പുകള്‍ സംരക്ഷിക്കണം. ഒരു മരം നഷ്ടപ്പെട്ടാല്‍ അതിനേക്കാള്‍ ഒരുപാട് മരങ്ങള്‍ നട്ടുപിടിപ്പിക്കാന്‍ ശ്രമിക്കണം. മാത്രമല്ല, അവയെ സംരക്ഷിക്കാനുള്ള മാര്‍ഗങ്ങള്‍ കൂടി കാണുമ്പോഴാണ് പ്രകൃതി സംരക്ഷണം എന്ന ഘടകം നിറവേറുന്നത്.
മറ്റൊന്ന്, ജലാശയങ്ങളെ നമ്മള്‍ നന്നായി പരിരക്ഷിക്കണം. ജലാശയങ്ങളില്‍ മാലിന്യം കലരാതെ സൂക്ഷിച്ചാല്‍ നമുക്ക് പ്രകൃതിയെ നന്നായി സംരക്ഷിക്കാന്‍ കഴിയും. കൃഷികളില്‍ കീടനാശിനികള്‍ ഉപയോഗിക്കുന്നത് തടഞ്ഞാല്‍ ഒരു പരിധി വരെ പരിസ്ഥിതി സംരക്ഷണരംഗത്ത് മുന്നേറാന്‍ നമുക്ക് സാധിക്കും. പരിസ്ഥിതി സംരക്ഷണം നമ്മുടെ ആവശ്യകതയാണ്. നമ്മള്‍ സംരക്ഷിച്ചില്ലെങ്കില്‍ ഭാവിതലമുറക്ക് ഇവിടെ ജീവിക്കാന്‍ കഴിയില്ല. പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ച് നമ്മള്‍ പറയുന്ന വാക്കുകള്‍ പ്രവൃത്തിയില്‍ കൊണ്ടുവന്നാല്‍ തന്നെ പ്രകൃതിയെ സംരക്ഷിക്കാന്‍ കഴിയും.

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x