3 Tuesday
December 2024
2024 December 3
1446 Joumada II 1

നാട്ടുകാരുടെ അബ്ദുറി

ഡോ. ലബീദ് നാലകത്ത്‌


ആരോഗ്യ, വിദ്യാഭ്യാസ, സാമൂഹ്യ രംഗങ്ങളില്‍ പ്രശോഭിച്ചു നിന്ന ഡോ. കെ അബ്ദുറഹ്മാനെ ഞങ്ങള്‍ കുടുംബക്കാരും നാട്ടുകാരും അബ്ദുറി എന്നാണ് സ്‌നേഹത്തോടെ വിളിച്ചിരുന്നത്. എവിടെ വെച്ച് കണ്ടാലും പുതിയ ഏതെങ്കിലും പുസ്തകത്തിന്റെ പേര് പറഞ്ഞ് അത് വായിച്ചിട്ടുണ്ടോ എന്ന് ചോദിക്കും. ഇല്ല എന്നാണ് ഉത്തരമെങ്കില്‍ വാങ്ങി വായിക്കണമെന്ന് പറയും. ഉണ്ട് എന്നാണെങ്കില്‍ അതിനെക്കുറിച്ച ചര്‍ച്ചയും ഉണ്ടാകും. അബ്ദുറിക്ക് പരിചയമുള്ളവരോടൊക്കെ ജോഷോ ഫ്രീഡ്മാന്റെ ഹോള്‍ ഹെര്‍ട്ടഡ് പാരന്റിങ് വായിക്കാന്‍ പറഞ്ഞിട്ടുണ്ടാകും.
അരീക്കോട്ട് അദ്ദേഹം ആരംഭിച്ച ഒരു സംരംഭമാണ് അറ്റ്‌ലസ് സെന്റര്‍ (അരീക്കോട് ടീച്ചര്‍ ലൈബ്രറി ആന്റ് സ്റ്റഡി സെന്റര്‍). പുസ്തകങ്ങളെ ചില ഭാഗങ്ങളാക്കി ഫോട്ടോകോപ്പി എടുത്ത് വായിപ്പിക്കുകയും രണ്ടാഴ്ച കഴിഞ്ഞ് ഓരോരുത്തരായി അതിന്റെ ഉള്ളടക്കം അവതരിപ്പിക്കുകയും വേണം. ഇത് ശ്രവിക്കുന്നവര്‍ക്ക് ആ പുസ്തകം വായിച്ച പ്രതീതിയുണ്ടാകും. ആ പുസ്തകത്തില്‍ പ്രതിപാദിച്ച വിഷയങ്ങളും ഉദാഹരണങ്ങളും അവരവരുടെ വീക്ഷണത്തില്‍ അവതരിപ്പിക്കുന്ന രീതിയായിരുന്നു അറ്റ്‌ലസ് സെന്ററില്‍ ഉണ്ടായിരുന്നത്. ആ വിശദീകരണങ്ങള്‍ സൂക്ഷ്മമായി കേള്‍ക്കാന്‍ ഡോക്ടറുമിരിക്കും. അറ്റ്‌ലസ് സെന്ററിന് തുടക്കത്തില്‍ വന്ന ചെലവ് മകള്‍ ഡോ. ഷിഫയുടേതാണെന്ന് അദ്ദേഹം പറഞ്ഞിരുന്നു. സെന്റര്‍ തുടങ്ങി മൂന്ന് മാസം കഴിഞ്ഞ ശേഷമേ ഞങ്ങള്‍ക്ക് ചിലവഴിക്കാനുള്ള അവസരം ലഭിച്ചിരുന്നുള്ളൂ.
സമൂഹത്തില്‍ ഉപകാരപ്രദമാകും എന്ന് തോന്നുന്ന വ്യക്തികളെ കണ്ടാല്‍ അദ്ദേഹം മൂന്ന് പുസ്തകങ്ങള്‍ വാങ്ങി വായിക്കാന്‍ പറയാറുണ്ട്. സൂസന്‍ റെനോള്‍ഡ്‌സ് എഴുതിയ മൈ മോം ഈസ് മൈ ഹീറോ, മൈ ഡാഡ് ഈസ് മൈ ഹീറോ, മൈ ടീച്ചര്‍ ഈസ് മൈ ഹീറോ എന്നിവയാണിത്. ഈ മൂന്ന് പുസ്തകങ്ങളും വായിച്ചാല്‍ എന്തെങ്കിലുമൊക്കെ സമൂഹത്തില്‍ ചെയ്യേണ്ടി വരുമെന്നാണ് അദ്ദേഹം പറയാറുള്ളത്. ചെയ്ഞ്ച് ക്ലാസ് റൂം ചെയ്ഞ്ച് സൊസൈറ്റി. ചെയ്ഞ്ച് ആറ്റിറ്റിയൂഡ് ചെയ്ഞ്ച് സൊസൈറ്റി എന്നീ ആപ്തങ്ങള്‍ പുലരാന്‍ ഇത്തരം പുസ്തകങ്ങള്‍ പ്രചോദകമാവും എന്നാണ് അദ്ദേഹത്തിന്റെ അനുഭവം.
ഏത് കാര്യം ചെയ്യുമ്പോഴും തന്റെ സ്വദേശമായ അരീക്കോട്ട് വെച്ച് അതിന്റെ ട്രയല്‍ നടത്തുക പതിവായിരുന്നു. അറ്റ്‌ലസ് സെന്റര്‍, ബേസിക് ലൈഫ് സപ്പോര്‍ട്ട് (ബി എല്‍ എസ്), ഓട്ടിസം വന്ന കുട്ടികള്‍ക്ക് അവരുടെ കഴിവിനനുസരിച്ച് വഴികാണിച്ചു കൊടുക്കാന്‍ ഓട്ടിസം സെന്റര്‍, പാലിയേറ്റീവ് കെയറിലെ വ്യത്യസ്ത വിഭാഗങ്ങള്‍ എന്നിവ അരീക്കോട്ട് ട്രയല്‍ നടത്തിയ ശേഷമായിരുന്നു അദ്ദേഹം മറ്റു സ്ഥലങ്ങളില്‍ പ്രയോഗവത്കരിച്ചത്.
എം എസ് എമ്മിന്റെ ജില്ലാ പ്രസിഡന്റായിരിക്കുന്ന കാലം. ഒരു ശില്‍പശാലയില്‍ അബ്ദുറഹ്മാന്‍ ഡോക്ടര്‍ പ്രസംഗിക്കാന്‍ വന്നു. ‘മെന്‍ഡര്‍’ എന്നതായിരുന്നു വിഷയം. ആഴത്തിലും രസകരമായുമാണ് വിഷയം അവതരിപ്പിച്ചത്. അന്ന് ‘മെന്‍ഡര്‍’ന്റെ പ്രാധാന്യം ഉള്‍ക്കൊള്ളാനായിരുന്നില്ല. പിന്നീടുള്ള കാലത്തും വളരെ അപൂര്‍വമായേ ഈ സംജ്ഞ കേട്ടിരുന്നുള്ളൂ. എന്നാല്‍ 20 വര്‍ഷങ്ങള്‍ക്കു ശേഷം സര്‍ക്കാര്‍ പരിശീലനങ്ങളില്‍ ഈ ‘മെന്‍ഡര്‍’ സംജ്ഞ സ്ഥിരമായി കേള്‍ക്കുന്നു. ബി ആര്‍ സികളില്‍ ഈ വിഷയത്തില്‍ ക്ലാസ്സെടുക്കുമ്പോള്‍ പഴയ കാലത്ത് കേട്ട പലതും ഉപകാരപ്രദമാകുന്നു. മിക്ക വിഷയങ്ങളിലും ഡോക്ടര്‍ വളരെ അപ്‌ഡേറ്റഡ് ആയിരുന്നു എന്നതിന് തെളിവാണിത്.

Back to Top