24 Friday
March 2023
2023 March 24
1444 Ramadân 2

നരകത്തിന്റെ ആളുകള്‍

എം ടി അബ്ദുല്‍ഗഫൂര്‍


അബൂഹുറയ്‌റ(റ) പറയുന്നു: നബി(സ) പറഞ്ഞിരിക്കുന്നു: രണ്ട് വിഭാഗം ആളുകള്‍ നരകാവകാശികളാണ്. ആ രണ്ട് വിഭാഗത്തെയും ഞാന്‍ കണ്ടിട്ടില്ല. ഒരു കൂട്ടര്‍, അവരുടെ കയ്യില്‍ പശുക്കളുടെ വാല്‍ പോലെയുള്ള ചാട്ടവാര്‍ ഉണ്ട്. അതുകൊണ്ട് അവര്‍ ജനങ്ങളെ അടിച്ചു(ഉപദ്രവിച്ചു)കൊണ്ടിരിക്കും. മറ്റൊരു വിഭാഗം സ്ത്രീകളാണ്, അവര്‍ വസ്ത്രം ധരിച്ചിട്ടുണ്ട്, എങ്കിലും നഗ്നകളായിരിക്കും. കൊഞ്ചിക്കുഴഞ്ഞ് നടക്കുന്നവരുമായിരിക്കും. അങ്ങോട്ടുമിങ്ങോട്ടും ആടിക്കളിക്കുന്ന ഒട്ടകത്തിന്റെ പൂഞ്ഞകള്‍ പോലെയായിരിക്കും അവരുടെ തലകള്‍. അവര്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കുകയില്ല, അതിന്റെ പരിമളംപോലും അവര്‍ അനുഭവിക്കുകയില്ല. അതിന്റെ പരിമളം വളരെ ദൂരെ വരെ അനുഭവപ്പെടുന്നതാണ് (മുസ്‌ലിം)

അനീതിയുടെയും അധാര്‍മികതയുടെയും കൂത്തരങ്ങായി സമൂഹം പരിണമിക്കുന്നതിന്റെ നേര്‍ക്കാഴ്ച വ്യക്തമാക്കുന്ന ഒരു നബിവചനമാണിത്. ഭരണകൂടവും കൈകാര്യ കര്‍ത്താക്കളും അന്യായമായി ജനങ്ങളെ ആക്രമിച്ചുകൊണ്ടിരിക്കുന്ന കാലം വരാനുണ്ടെന്ന മുന്നറിയിപ്പാണ് നബിതിരുമേനി നല്‍കുന്നത്. പൊതുജനങ്ങള്‍ ആക്രമിക്കപ്പെടുകയും നിരപരാധികള്‍ ശിക്ഷിക്കപ്പെടുകയും ചെയ്യുന്നത് ഒരു സമൂഹത്തിന്റെ അധഃപതനത്തിന് ആക്കംകൂട്ടുന്നു. ക്രമസമാധാന പാലകര്‍ തന്നെ അക്രമത്തിന് നേതൃത്വം നല്‍കുകയും ജനങ്ങളെ മര്‍ദിക്കുകയും ചെയ്യുന്നത് അവരിലെ സുരക്ഷിത ബോധത്തെയും ഭരണകൂടത്തിന്റെ വിശ്വാസ്യതയെയും നഷ്ടപ്പെടുത്തുന്നു. സമൂഹത്തില്‍ അരാജകത്വവും അരക്ഷിത ബോധവും വളര്‍ത്താന്‍ മാത്രമേ ഇത് കാരണമാവുകയുള്ളൂ.
നബി(സ)യുടെ പ്രവചനത്തിലെ മറ്റൊരു വിഭാഗം സ്ത്രീകളാണ്. തങ്ങളുടെ വസ്ത്രധാരണത്തില്‍ ശ്രദ്ധ പുലര്‍ത്താത്തവരും അസാന്മാര്‍ഗികതയിലേക്ക് സമൂഹം വലിച്ചിഴയ്ക്കപ്പെടാന്‍ ഒരു പരിധിവരെ കാരണമാവുകയും ചെയ്യുന്നവര്‍.
പ്രകൃതിമതമായ ഇസ്‌ലാം സ്ത്രീകളുടെ സുരക്ഷയ്ക്ക് ആവശ്യമായ വസ്ത്രധാരണ രീതിയാണ് പരിചയപ്പെടുത്തിയത്. എന്നാല്‍ പടിഞ്ഞാറന്‍ സംസ്‌കാരങ്ങളുടെ പിന്നാലെ പോവുകയും ശരീരത്തില്‍ മറയ്‌ക്കേണ്ട ഭാഗങ്ങള്‍ മറയ്ക്കാതിരിക്കുകയും പേരിനു മാത്രം വസ്ത്രം ധരിക്കുകയും ചെയ്യുന്നവരാണിവര്‍ എന്ന് ഈ നബിവചനം വ്യക്തമാക്കുന്നു. മറ്റുള്ളവരെ തിന്മകളിലേക്കും അധര്‍മത്തിലേക്കുമെല്ലാം പ്രേരിപ്പിക്കുമാറുള്ള വേഷവിധാനവും ഇരിപ്പും നടത്തവുമെല്ലാം നിഷിദ്ധമാണെന്ന സന്ദേശമാണ് ഈ നബിവചനം നല്‍കുന്നത്.
ധാര്‍മിക സദാചാരരംഗം അങ്ങേയറ്റം വഷളായിക്കൊണ്ടിരിക്കുന്ന സമകാലിക സാഹചര്യത്തില്‍ സ്ത്രീസുരക്ഷയ്ക്ക് അനുഗുണമായ വസ്ത്രധാരണരീതി സ്വീകരിക്കുന്നത് അവര്‍ ചൂഷണമുക്തരാവാന്‍ ഏറെ പ്രയോജനപ്പെടും. ശരീരഭാഗങ്ങള്‍ വെളിവാകത്തക്കവിധം വസ്ത്രം ധരിക്കുന്നത് ഇസ്‌ലാം വിലക്കുന്നത് അതുകൊണ്ടുതന്നെയാണ്.
ശരീരത്തില്‍ വസ്ത്രങ്ങളുണ്ടെങ്കിലും വസ്ത്രധര്‍മമെന്താണോ അത് നിര്‍വഹിക്കാത്ത തരത്തില്‍ നേരിയതും നിഴലിച്ചുകാണുന്നതുമായ വസ്ത്രധാരണം സ്വീകരിക്കുന്നവരും, മറ്റുള്ളവരെ ആകര്‍ഷിക്കുമാറ് ആടിക്കുഴഞ്ഞും കൊഞ്ചിക്കുഴഞ്ഞും നടക്കുന്നവരും നരകാവകാശികളാണെന്നാണ് നബിതിരുമേനി വ്യക്തമാക്കുന്നത്. അത്തരം ആളുകള്‍ വളരെ വിദൂരത്ത് അനുഭവപ്പെടുന്ന സ്വര്‍ഗത്തിന്റെ പരിമളംപോലും അനുഭവിക്കുകയില്ലെന്ന നബിവചനം ശിക്ഷയുടെ ഗൗരവത്തെയാണ് ബോധ്യപ്പെടുത്തുന്നത്.

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x