‘നഖ്ബ’യുടെ അര്‍ഥമെന്താണെന്ന് പലര്‍ക്കുമറിയില്ലെന്ന് റാഷിദ തലൈബ്
ഫലസ്തീന്‍ നഖ്ബയുടെ വേദനയും ആഘാതവും കോണ്‍ഗ്രസ് അംഗങ്ങള്‍ മനസ്സിലാക്കേണ്ടത് പ്രധാനമാണെന്ന് യു എസ് കോണ്‍ഗ്രസ് അംഗമായ റാഷിദ തലൈബ്. മനുഷ്യാവകാശങ്ങള്‍ ഇസ്‌റാഈല്‍ വകവെക്കുന്നത് കണക്കിലെടുത്ത് സഹായം നല്‍കണമെന്ന് റാഷിദ തലൈബ് ആവശ്യപ്പെട്ടു. 1948-ല്‍ ഇസ്‌റാഈല്‍ രാഷ്ട്രത്തിന്റെ രൂപീകരണത്തിന്റെ ഭാഗമായി ലക്ഷക്കണക്കിന് ഫലസ്തീനികളെ നിര്‍ബന്ധിതമായി കുടിയൊഴിപ്പിച്ച നഖ്ബയെ ഔദ്യോഗികമായി അംഗീകരിക്കുന്നതിന് ഈ വാരാദ്യം റാഷിദ തലൈബ് കോണ്‍ഗ്രസില്‍ പ്രമേയം അവതരിപ്പിച്ചിരുന്നു. ”നഖ്ബ അവസാനിച്ചിട്ടില്ല. കുടിയൊഴിപ്പിക്കുന്നത് നാം കാണുകയാണ്. ജനങ്ങള്‍, അവര്‍ തലമുറകളായി ജീവിച്ചിരുന്ന വീടുകളില്‍ നിന്ന് പുറത്താക്ക പ്പെടുകയാണ്. എന്റെ സഹപ്രവര്‍ത്തകരില്‍ പലര്‍ക്കും നഖ്ബ എന്ന പദത്തിന്റെ അര്‍ഥം പോലും അറിയില്ല” -റാഷിദ തലൈബ് പറഞ്ഞു. നഖ്ബയില്‍ നിന്ന് അതിജീവിച്ച ദശലക്ഷക്കണക്കിന് ഫലസ്തീനികളും അവരുടെ പിന്‍ഗാമികളും വെസ്റ്റ് ബാങ്കിലെയും ഗസ്സയിലെയും അയല്‍ അറബ് രാജ്യങ്ങളിലെയും അഭയാര്‍ഥി ക്യാമ്പുകളിലാണ് കഴിയുന്നത്. നഖ്ബയുടെ 74-ാം വാര്‍ഷികത്തോടനുബന്ധിച്ച് കഴിഞ്ഞ ദിവസം തലൈബ് അവതരിപ്പിച്ച പ്രമേയത്തെ ‘ചരിത്രപരം’ എന്നാണ് ഫലസ്തീന്‍ മനുഷ്യാവകാശ സംഘടനകള്‍ വിശേഷിപ്പിച്ചത്.