21 Thursday
November 2024
2024 November 21
1446 Joumada I 19

നന്മയുടെ വറ്റാത്ത ഉറവിടം

അബ്ദുസ്സലാം പുത്തൂര്‍


പ്രപഞ്ചത്തിലെ സൂക്ഷ്മവും സ്ഥൂലവുമായ വസ്തുക്കളെല്ലാം ദൈവികമായ നിയമങ്ങള്‍ക്കും നിയന്ത്രണങ്ങള്‍ക്കും വിധേയമാണ്. ഇതില്‍ മനുഷ്യനെന്ന സൃഷ്ടിയുടെ പ്രത്യേകത അവന് വിശേഷ ബുദ്ധി നല്‍കിയിരിക്കുന്നു എന്നതാണ്. തന്നെക്കാള്‍ പേശീബലം കൊണ്ട് ശക്തമായ ഏതൊന്നിനെയും നിയന്ത്രണത്തില്‍ കൊണ്ടുവന്ന് അതിനെ ഭരിക്കാന്‍ കഴിയുന്നത് അവന്റെ വിശേഷ ബുദ്ധി എന്ന അനുഗ്രഹം കൊണ്ടാണ്. ഖുര്‍ആന്‍ 40:57, 3:190 വചനങ്ങള്‍ മനുഷ്യന്റെ വിശേഷ ബുദ്ധി ഉപയോഗപ്പെടുത്തി പ്രപഞ്ച വീക്ഷണം രൂപപ്പെടുത്താനാവശ്യപ്പെടുന്നു.
ചിന്തയും ആലോചനാശേഷിയും ഉപയോഗപ്പെടുത്തി പ്രപഞ്ച വീക്ഷണം നടത്താന്‍ മനുഷ്യനൊഴികെ ഒരു സൃഷ്ടിയോടും അല്ലാഹു കല്‍പിച്ചിട്ടില്ല. നന്മ തിന്മകളെ വിവേചിച്ചറിയാനുള്ള കഴിവും ശേഷിയും മനുഷ്യനില്‍ നിക്ഷിപ്തമായത് കൊണ്ടത്രെ അത്. നിരന്തരം പ്രവാചകന്‍മാരെ നിയോഗിച്ചു കൊണ്ട് അല്ലാഹു പ്രപഞ്ച വീക്ഷണത്തിന് ഗൈഡ്‌ലൈന്‍ നല്‍കി. പ്രവാചകന്‍മാര്‍ മനുഷ്യര്‍ക്ക് ജീവിതപാഠങ്ങള്‍ നല്‍കി. തിരിച്ചു പോകുമ്പോള്‍ ദൈവത്തിനു മുമ്പില്‍ സമര്‍പ്പിക്കേണ്ട ജീവിത ഫയല്‍ കൃത്യപ്പെടുത്തണമെന്ന നിര്‍ദേശം നല്‍കി. ഒരു തുടര്‍ ജീവിതമുള്ളതു കൊണ്ടാണ് മനുഷ്യന് അല്ലാഹു വിശേഷ ബുദ്ധി നല്‍കിയത്. ഖുര്‍ആന്‍ 7:44 ല്‍ മനുഷ്യന്‍ ആ ജീവിതം നേരില്‍ കാണുന്നത് അനുഭവ സാക്ഷ്യമായി വിവരിക്കുന്നു.
ഭൗതിക ലോകമെന്നത് ശ്രേഷ്ഠ ജീവിയായ മനുഷ്യന്റെ പരീക്ഷണത്തിന്റെ ഇടമാണ്. ഏത് തരം പരീക്ഷകളെയാണ് അവന്‍ അഭിമുഖീകരിക്കേണ്ടത് എന്നത് ടെക്സ്റ്റുകളായി വേദ ഗ്രന്ഥങ്ങളും ഗൈഡുകളായി പ്രവാചകന്‍മാരും മനുഷ്യനെ പഠിപ്പിച്ചു. ആ പാഠം മുഖവിലക്കെടുക്കാത്തവരുടെ അബദ്ധ വീക്ഷണം ഖുര്‍ആന്‍ 23:37 ല്‍ വര്‍ണിച്ചിരിക്കുന്നു. പ്രപഞ്ച സത്യത്തിന്റെ പിന്‍ബലമില്ലാത്ത, കേവല ഭാവനയുടെയും ഊഹങ്ങളുടെയും സൃഷ്ടിയായ ബഹുദൈവാരാധന ജാഹിലീ കാലഘട്ടമായ ആറാം നൂറ്റാണ്ടില്‍ വ്യാപകമായി പ്രചാരം നേടി. ഏഴാം നൂറ്റാണ്ടിന്റെ പ്രാരംഭത്തില്‍ അല്ലാഹു ലോകഗുരുവും അന്ത്യപ്രവാചകനുമായ മുഹമ്മദ് നബിയെ നിയോഗിച്ചു. ഖുര്‍ആന്‍ 3:164 ല്‍ ഈ നിയോഗം ലോകത്തിന് ലഭിച്ച മഹാ അനുഗ്രഹമായി പരാമര്‍ശിച്ചു. നീണ്ട ഒരു കാലയളവില്‍ ലോകത്തെ ഗ്രസിച്ച ബഹുദൈവ സങ്കല്‍പത്തിന്റെ തമസ്സില്‍ നിന്ന് ഏകദൈവ വിശ്വാസത്തിന്റെ വിശ്വദീപ്തിയിലേക്കും വിശ്വമാനവികതയിലേക്കും പ്രവാചകന്‍ മനുഷ്യ കുലത്തെ നയിച്ചു.
ബഹുദൈവത്വത്തിന്റെ കൂടപ്പിറപ്പുകളായ സകല തിന്മകളില്‍ നിന്നും മാനവര്‍ക്ക് പ്രവാചക ശിക്ഷണത്തിലൂടെ വിമോചനം ലഭിച്ചു. ഇത് വളരെ എളുപ്പം സാധ്യമാകുന്ന ഒന്നായിരുന്നില്ല. തുല്യതയില്ലാത്ത പ്രതിസന്ധികള്‍ നിറഞ്ഞ ദുര്‍ഘടപാത താണ്ടിക്കൊണ്ട് വേണമായിരുന്നു പ്രവാചകനും അനുചരര്‍ക്കും ഈ പ്രഭ പ്രസരിപ്പിക്കാന്‍ ഖുര്‍ആന്‍ 9:32 ല്‍ ഇക്കാര്യം വിശദീകരിക്കുന്നു. പ്രപഞ്ച നാഥന് ജീവിതം സമര്‍പ്പിക്കുക എന്ന ആശയമാണ് ഇസ്ലാം എന്ന സംജ്ഞ കൊണ്ടര്‍ഥമാക്കുന്നത്. ഈ അര്‍ഥ കല്‍പനയില്‍ മനുഷ്യര്‍ രണ്ടു വിഭാഗമായി അറിയപ്പെട്ടു. പ്രാപഞ്ചിക സത്യത്തിന്റെ, പ്രകൃതിക്കനുയോജ്യമായ ഏകദൈവ വിശ്വാസം തെരഞ്ഞടുത്ത വിശ്വാസി സമൂഹവും ഇതിനെ നിഷേധിച്ച് കേവല ഭൗതികതയും അന്ധവിശ്വാസങ്ങളും സ്വീകരിച്ച നിഷേധികളുമാണവര്‍. ഖുര്‍ആന്‍ 76:2,3 വചനങ്ങളില്‍ ഇക്കാര്യം വ്യക്തമാക്കുന്നു.
ചെവി കൊടുത്തും ദൃഷ്ടി പതിപ്പിച്ചും കാര്യങ്ങളെ വ്യവഛേദിച്ചറിയാന്‍ ശേഷിയുള്ള മനുഷ്യര്‍ അന്ത്യനാള്‍ വരെ ഈ രണ്ട് ചേരികളിലായി നിലകൊള്ളാന്‍ വിധിക്കപ്പെട്ടിരിക്കുന്നു. പ്രപഞ്ച നാഥനോടുള്ള നന്ദിയുടെ മാര്‍ഗം തെരഞ്ഞെടുത്തവര്‍ മന:സമാധാനം എന്ന അവന്റെ മഹാ അനുഗ്രഹങ്ങളുടെ തണലില്‍ ജീവിക്കുന്നു. എന്നാല്‍ ആ മാര്‍ഗത്തെ അവഗണിച്ച് തള്ളിയവര്‍ മഹാനഷ്ടത്തിലും കടുത്ത വേദനയിലുമാണ് കഴിഞ്ഞുകൂടുക. ഭൗതികവിഭവങ്ങളുടെ പങ്കുപറ്റി ജീവിക്കുന്നതില്‍ ഈ രണ്ടു വിഭാഗങ്ങള്‍ക്കിടയിലും അല്ലാഹു വിവേചനം കാണിച്ചിട്ടില്ല. വിഭവങ്ങള്‍ നല്‍കിക്കൊണ്ടാണവന്റെ പരീക്ഷ നടക്കുന്നത്.
ഇസ്ലാം അതിന്റെ സമഗ്രമായ ദര്‍ശനം മുഖേന മനുഷ്യ ജീവിതത്തിലെ സകലമാന ഇരുട്ടുകളെയും നീക്കി, അതിശക്തമായ ഒരു പ്രപഞ്ച വീക്ഷണം രൂപപ്പെടുത്തി. പ്രപഞ്ച വ്യവസ്ഥയിലെ എല്ലാ സൃഷ്ടികള്‍ക്കും മാതൃകയായി അവന്റെ ജീവിത വീക്ഷണം ഉയര്‍ന്നു നിന്നു.
ലോകത്ത് വ്യാപകമായി പ്രചരിച്ച നിര്‍ര്‍ഥകമായ ബഹുദൈവ വിശ്വാസത്തില്‍ നിന്ന് ഇസ്ലാം അവനെ വിമോചിപ്പിച്ചു. വ്യതിയാനം സംഭവിച്ച എല്ലാ ചിന്തകളില്‍ നിന്നും അവന് മുക്തി ലഭിച്ചു. മനുഷ്യന് തന്റെ ജീവിതത്തില്‍ കൈവരിക്കാന്‍ കഴിയുന്ന സമ്പൂര്‍ണമായ ദൈവാനുഗ്രമായി വിശുദ്ധ ഖുര്‍ആന്‍ 6:3 വചനത്തിലൂടെ ഇതിനെ വിശേഷിപ്പിച്ചു.
എന്നാല്‍ മനുഷ്യരില്‍ നിന്ന് അധികപേരും ഈ അനുഗ്രഹത്തെ അനുഭവിക്കാന്‍ തയ്യാറായില്ല. അവര്‍ അന്ധകാരത്തില്‍ തന്നെ അഭിരമിക്കാന്‍ തീരുമാനിച്ചു. അവരുടെ ഉള്‍ക്കണ്ണുകള്‍ക്ക് അന്ധത ബാധിച്ചു. ഈ അരുണോദയത്തിന്റെ വെളിച്ചം ദര്‍ശിക്കാന്‍ അവരുടെ അന്ധത ബാധിച്ച കണ്ണുകള്‍ക്ക് കഴിയാതെ പോയി. വേദ വെളിച്ചവുമായി നിയോഗിതനായ പ്രവാചകന്റെ മാര്‍ഗത്തെ നിത്യദീപ്ത വിളക്കായി ഖുര്‍ആന്‍ 33 : 45,46 വചനങ്ങളില്‍ വിവരിച്ചു. വേദ വെളിച്ചത്തെ പ്രവാചകന്‍ തന്റെ ജീവിതത്തിലൂടെ പ്രയോഗവല്‍ക്കരിച്ച് മനുഷ്യര്‍ക്ക് മാതൃകയായി.
സയ്യിദ് അബുല്‍ ഹസന്‍ അലി നദ്‌വി വിവരിക്കുന്നു: പ്രവാചകന്‍ നവോത്ഥാന പ്രബോധനവുമായി മനുഷ്യ പ്രകൃതിയുടെ കവാടത്തിലെ പൂട്ടിനടുത്തേക്ക് തന്റെ താക്കോലുമായി ആഗതനായി. അന്ധകാര യുഗത്തില്‍ ഒരു നവോത്ഥാന നായകനും ആ പൂട്ട് തുറക്കാന്‍ സാധിച്ചിരുന്നില്ല. പ്രവാചകന്റെ ആഗമന ശേഷം അവിടുന്ന് ഉപയോഗിച്ച താക്കോല്‍ ഒഴിവാക്കി മറ്റു താക്കോലുകള്‍ കൊണ്ട് ശ്രമിച്ചവര്‍ക്കും അത് തുറക്കാന്‍ കഴിഞ്ഞിട്ടില്ല. അദ്ദേഹം ഉപയോഗിച്ച ഒന്നാമത്തെ താക്കോല്‍ ഏകദൈവ വിശ്വാസത്തിലേക്കുള്ള ക്ഷണമായിരുന്നു. അവിടുന്ന് ജനങ്ങളോടായി വിളംബരം ചെയ്തു: അല്ലയോ ജനങ്ങളേ, അല്ലാഹുവല്ലാതെ ഒരു ആരാധ്യനുമില്ലെന്ന് നിങ്ങള്‍ പ്രഖ്യാപിക്കുക. എങ്കില്‍ നിങ്ങള്‍ വിജയിക്കും. തുടര്‍ന്ന് അവിടുന്ന് തന്റെ രിസാലത്തിലും പരലോകത്തിലുമുള്ള വിശ്വാസത്തിലേക്കും ജനങ്ങളെ ക്ഷണിച്ചു. (മുസ്ലിംകളുടെ അധ:പതനം മൂലം ലോകത്തിന് എന്ത് നഷ്ടപ്പെട്ടു എന്ന ഗ്രന്ഥത്തില്‍ നിന്ന്. ഉദ്ധരണി അല്‍ ബഅസുല്‍ ഇസ്ലാമി വാള്യം 66)
ലോകത്ത് കോളനിവല്‍ക്കരണത്തിന് ബീജാവാപം നല്‍കിയ പാശ്ചാത്യരും അറേബ്യന്‍, പൗരസ്ത്യ ജനപഥത്തില്‍ ബഹുദൈവത്വത്തിന് വിത്ത് പാകിയ ജൂത ക്രൈസ്തവ പേര്‍ഷ്യന്‍ നാഗരികതയും, പ്രപഞ്ചത്തോട് നീതി പുലര്‍ത്തുന്ന വേദ വെളിച്ചത്തെ തല്ലിക്കെടുത്താല്‍ ശ്രമിച്ചു കൊണ്ടിരിക്കുന്നു. അതിനുവേണ്ടി അവരുടെ ആവനാഴിയിലെ സകല അസ്ത്രങ്ങളുമെടുത്തവര്‍ പ്രയോഗിച്ചു കൊണ്ടേയിരിക്കുന്നു. ഇസ്ലാം ശക്തമായ ഈ വെല്ലുവിളികളെയെല്ലാം അതിജീവിച്ചു. തുടക്കത്തില്‍ സാവധാനമായിരുന്നു അതിന്റെ പ്രചാരണം. ക്രമേണ അത് ശക്തിപ്രാപിച്ചു. അതിന്റെ സ്വീകാര്യത അറേബ്യന്‍ ഉപദ്വീപ് കടന്ന് ലോകത്തിന്റെ കിഴക്കും പടിഞ്ഞാറും വ്യാപിച്ചു. പ്രവാചക സ്‌നേഹത്തില്‍ ചാലിച്ചെടുത്ത കടുത്ത പരീക്ഷണങ്ങളുടെ ദുര്‍ഘട പാത താണ്ടിയ പ്രവാചക അനുചരന്‍മാര്‍ ലോകത്തിന്റെ നാനാദിക്കുകളിലേക്കും ഈ വെളിച്ചവുമായി സഞ്ചരിച്ചു. മാനവ കുലത്തിന്റെ സര്‍വ നന്മകളുടെയും പ്രതാപത്തിന്റെയും ആദരവിന്റെയും വറ്റാത്ത ഉറവിടമായി വിശുദ്ധ ഖുര്‍ആന്‍ നില കൊള്ളുന്നു. ജനത ഈ വെളിച്ചത്തിലേക്ക് ഒഴുകിയെത്തുന്നതിനെ ഖുര്‍ആന്‍ അധ്യായം 110 ല്‍ വിവരിക്കുന്നു. യാതൊരു ഏറ്റക്കുറച്ചിലുകള്‍ക്കും പഴുതില്ലാതെ തികച്ചും പ്രായോഗികമായ ജീവിത മാര്‍ഗമായി ഇസ്ലാം ശക്തമായി നിലകൊള്ളുന്നു. പൈശാചികത അതിനോട് നിരന്തരം യുദ്ധത്തിലാണ്. ആ ശത്രുതക്ക് മനുഷ്യാരംഭത്തോളം പഴക്കമുണ്ടെന്നാണ് ഖുര്‍ആനിന്റെ പക്ഷം (ഖുര്‍ആന്‍ 2:34)
ശാസ്ത്രത്തിന്റെയും കണ്ടുപിടുത്തങ്ങളുടെയുമൊക്കെ മറപിടിച്ചു കൊണ്ട് വേദദീപ്തിയുടെ വഴിയില്‍ ഇരുട്ട് പരത്താനുള്ള ശ്രമങ്ങള്‍ക്ക് ചരിത്രം സാക്ഷിയാണ്. ഇസ്ലാമിനെതിരില്‍ നിരന്തരം അവര്‍ ദുഷ്പ്രചാരവേലകള്‍ നടത്തി കൊണ്ടിരിക്കുന്നു. ലോകത്ത് ശാസ്ത്ര പഠനത്തിന്റെ വ്യാപനം ഇസ്ലാമിന്റെ സംഭാവനയാണെന്ന സത്യം അവര്‍ മറച്ചുവെക്കാന്‍ പാടുപെടുന്നു.
എന്നാല്‍ അവര്‍ നിരാശയിലാണ്. ഇസ്ലാം അതിന്റെ വ്യാപന വിസ്തൃതി അനുദിനം വര്‍ധിപ്പിച്ചു കൊണ്ടിരിക്കുയാണ്. ഇത് ഇസ്ലാമിന്റെ ശത്രുക്കളെ വല്ലാതെ അലോസരപ്പെടുത്തുന്നു. ഇസ്ലാമിന്റെ വൈജ്ഞാനിക, ശാസ്ത്രീയ പാരമ്പര്യങ്ങളെയും പൈതൃകങ്ങളെയും ചരിത്രത്തില്‍ നിന്ന് പിഴുത് മാറ്റുന്ന തിരക്കിലാണവര്‍. ഇസ്ലാമിനെതിരില്‍ ലോക്ഡൗണ്‍ തീര്‍ക്കുന്നതില്‍ അവര്‍ ഐക്യമുന്നണിയിലാണ്. ഇസ്ലാം അതിനെയൊക്കെ അതിജീവിച്ചു മുന്നോട്ട് ഗമിക്കുക തന്നെ ചെയ്യും. കാരണം അത് വിശ്വമാതവികതക്കുള്ള പ്രപഞ്ച നാഥന്റെ വെളിച്ചമാണ്. അതിനെ ഊതിക്കെടുത്തുക അസാധ്യവുമാണ്.

Back to Top