27 Saturday
July 2024
2024 July 27
1446 Mouharrem 20

നന്മകളില്‍ മുന്നേറുക

എം ടി അബ്ദുല്‍ഗഫൂര്‍


ആഇശ(റ) പറയുന്നു: ‘രക്ഷിതാവിലേക്ക് തങ്ങള്‍ മടങ്ങിച്ചെല്ലേണ്ടവരാണല്ലോ എന്ന് മനസ്സില്‍ ഭയമുള്ളതോടുകൂടി തങ്ങള്‍ ദാനം ചെയ്യുന്നതെല്ലാം ദാനം ചെയ്യുന്നവര്‍’ എന്ന ഖുര്‍ആന്‍ വചനത്തെക്കുറിച്ച് ഞാന്‍ നബി(സ)യോട് ഇങ്ങനെ ചോദിച്ചു: കള്ളുകുടിക്കുന്നവരെക്കുറിച്ചും മോഷ്ടിക്കുന്നവരെക്കുറിച്ചുമാണോ ഈ വചനം? നബി(സ) പറഞ്ഞു: സിദ്ദീഖിന്റെ മകളേ, ഒരിക്കലുമല്ല. ‘അവര്‍ വ്രതമനുഷ്ഠിക്കുന്നവരും നമസ്‌കരിക്കുന്നവരും ദാനം ചെയ്യുന്നവരുമാകുന്നു. അതോടൊപ്പം തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ അല്ലാഹു സ്വീകരിക്കുകയില്ലേ എന്ന് ഭയപ്പെടുന്നവരാണവര്‍. അവരത്രെ നന്മകളില്‍ ധൃതിപ്പെട്ട് മുന്നേറുന്നവര്‍. അവരത്രെ അവയില്‍ മുമ്പേ ചെന്നെത്തുന്നവര്‍.” (തിര്‍മിദി)

റമദാന്‍; ശ്രേഷ്ഠമായ മാസം. പകലില്‍ നോമ്പനുഷ്ഠിച്ചും രാത്രി നിന്ന് നമസ്‌കരിച്ചും പ്രാര്‍ഥനകള്‍ നിര്‍വഹിച്ചും ദാനധര്‍മങ്ങള്‍ അധികരിപ്പിച്ചും വിശ്വാസികള്‍ അതിനെ വരവേറ്റു. ധാരാളം പരിശ്രമങ്ങള്‍ ചെലവഴിക്കപ്പെട്ട, കണ്ണീരോടെ കൈകളും മനസ്സും മേല്‍പ്പോട്ടുയര്‍ന്ന നിമിഷങ്ങള്‍. കാരുണ്യത്തിന്റെ പാപമോചനത്തിന്റെ നരകമുക്തിയുടെ നാളുകളില്‍ ചെയ്ത പ്രവര്‍ത്തനങ്ങളുടെ പ്രതിഫലമാഗ്രഹിക്കുകയാണ് ഓരോ മനസ്സും.
പാപമോചനവും നരകമുക്തിയുമാണ് നോമ്പിലൂടെ വിശ്വാസി ആഗ്രഹിച്ചത്. സ്രഷ്ടാവിനെ ദര്‍ശിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയാണ് നോമ്പുകാരന്റെ മനസ്സിന്റെ ആനന്ദം. ദൈവസന്നിധിയില്‍ തനിക്കായി നോമ്പും ഖുര്‍ആനും ശുപാര്‍ശകരാവുമെന്നതാണ് പ്രേരണയും പ്രചോദനവും. റയ്യാനെന്ന സ്വര്‍ഗകവാടമാണ് വ്രതമനുഷ്ഠിക്കുന്നവന്റെ താല്പര്യം.
പരമകാരുണികന്റെ സ്‌നേഹം കരസ്ഥമാക്കാന്‍ വേണ്ടി കര്‍മങ്ങള്‍ ചിട്ടപ്പെടുത്തിയ ഒരു മാസം നാം പിന്നിട്ടു. നന്മയിലൂടെ പുണ്യത്തിലൂടെ സഞ്ചരിച്ച ഒരു മാസം ആയുസ്സിന് സാക്ഷിയാവുമ്പോള്‍ വിശ്വാസികള്‍ ആത്മവിചാരണയുടെ പേജുകള്‍ തുറക്കുന്നു. വിശ്വാസ രംഗത്തും സ്വഭാവ സംസ്‌കരണ മേഖലകളിലും വ്രതം എത്രമാത്രം സ്വാധീനമുണ്ടാക്കി എന്ന ചിന്ത ഈ നോമ്പുകാരന്റെ മനസ്സിലുടക്കി നില്‍ക്കുന്നു. മാതാപിതാക്കളോടും മക്കളോടുമുള്ള പെരുമാറ്റത്തിലും കുടുംബബന്ധം ചേര്‍ക്കുന്നതിലും സൗഹൃദങ്ങള്‍ ഇണക്കമുള്ളതാക്കുന്നതിലും നോമ്പ് വരുത്തിയ പുരോഗതിയെക്കുറിച്ച് നോമ്പുകാരന്‍ പുനര്‍വായന നടത്തുന്നു.
റമദാന്‍ വിടപറയുമ്പോള്‍ വിശ്വാസിയുടെ മനസ്സ് വേവലാതിപ്പെടുന്നത്, ഹൃദയം ഭയചകിതമാകുന്നത് തങ്ങളുടെ കര്‍മങ്ങളുടെ സ്വീകാര്യതയെക്കുറിച്ചോര്‍ക്കുമ്പോഴത്രെ. ”റബ്ബിലേക്കുള്ള മടക്കത്തെക്കുറിച്ചോര്‍ത്ത് വീണ്ടും വീണ്ടും കര്‍മനിരതരാവാന്‍ മനസ്സ് പാകപ്പെടുത്തിയ വിശ്വാസികളെ”ക്കുറിച്ചുള്ള (23:60) വിശുദ്ധ ഖുര്‍ആന്റെ പരാമര്‍ശത്തെ തന്റെ പ്രിയപത്‌നിയുടെ സംശയ ദൂരീകരണമെന്ന നിലയ്ക്ക് നബിതിരുമേനി വിശദീകരിക്കുന്നത് നന്മകളില്‍ മുന്നേറാനുള്ള പ്രേരണയാണ്. റമദാന് ശേഷവും കര്‍മങ്ങള്‍ സ്വീകരിക്കുവാന്‍വേണ്ടി പ്രാര്‍ഥിക്കാനും റമദാന്റെ നന്മക്ക് ശേഷവും നന്മകളില്‍ മുന്നേറാനും റമദാന് മുമ്പുണ്ടായിരുന്നതിനേക്കാള്‍ സല്‍ക്കര്‍മങ്ങള്‍ റമദാന് ശേഷവും അധികരിപ്പിക്കുവാനും ഈ തിരുവചനം നമുക്ക് പാഠമാകുന്നു.

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x