6 Thursday
March 2025
2025 March 6
1446 Ramadân 6

ജനങ്ങളോട് നന്മ കല്പിക്കുക

എ അബ്ദുസ്സലാം സുല്ലമി

സൂറത്തുല്‍ ബഖറയിലെ 44-ാം വചനം അടിസ്ഥാനമാക്കിയുള്ള ഖുതുബയാണിത്.(1) ജനങ്ങളോട് നന്മ കല്‍പ്പിക്കുകയും സ്വന്തം ജീവിതത്തില്‍ അത് ഇല്ലാതിരിക്കുകയും ചെയ്യുന്നതിനെ അല്ലാഹു ഗൗരവമായി താക്കീത് ചെയ്യുന്നു. നാവുകൊണ്ടുള്ള കല്പന മാത്രമല്ല, മനസ്സുകൊണ്ടുള്ള കല്പനയും ഇവിടെ ഉദ്ദേശിക്കുന്നുണ്ട്. ചില ഉദാഹരണങ്ങള്‍ കാണുക.
1. ഏതു മനുഷ്യനും തനിക്ക് മറ്റുള്ളവര്‍ ഗുണം ചെയ്യണമെന്ന് ആഗ്രഹിക്കുന്നു. മറ്റുള്ളവര്‍ തനിക്കും തന്റെ കുടുംബത്തിനും ഉപദ്രവം ചെയ്യരുതെന്ന് ആഗ്രഹിക്കുന്നു. എന്നാല്‍ മറ്റുള്ളവര്‍ക്ക് ഞാനും നന്മ ചെയ്യട്ടെ എന്ന വിചാരമില്ല. മറ്റുള്ളവരെയും അവരുടെ കുടുംബത്തെയും ഉപദ്രവിക്കുന്നു.
2. തന്റെ ഭാര്യ തനിക്ക് നന്മ മാത്രം ചെയ്യാന്‍ ആഗ്രഹിക്കുന്നു. എന്നാല്‍ തന്റെ ഭാര്യയും തന്നില്‍ നിന്ന് ആഗ്രഹിക്കുന്നത് നന്മ മാത്രമാണെന്ന ചിന്തയില്ല.
3. തന്നെ ഒരാളും ഒരു രംഗത്തും ചതിക്കുകയും വഞ്ചിക്കുകയും വിമര്‍ശിക്കുകയും ചെയ്യരുതെന്ന് ആഗ്രഹിക്കുന്നു. എന്നാല്‍ മറ്റുള്ളവരും തന്നില്‍ നിന്ന് ഇതാണ് ആഗ്രഹിക്കുന്നതെന്ന് വിസ്മരിക്കുന്നു.
നാവ് കൊണ്ടുള്ള കല്പനകള്‍ക്ക് ഉദാഹരണം:
1. തന്റെ പുത്രിയോട് അവളുടെ ഭര്‍ത്താവ് മോശമായി പെരുമാറിയാല്‍ അവനെ ശാസിക്കുന്നു. മകളോട് നല്ല നിലയില്‍ പെരുമാറാന്‍ ഉപദേശിക്കുന്നു. എന്നാല്‍ തന്റെ കീഴിലുള്ള ഭാര്യ മറ്റൊരുവന്റെ പുത്രിയാണെന്ന വിചാരമില്ലാതെ അവളോട് മോശമായി പെരുമാറുന്നു.
2. താന്‍ ഒരാളുമായി സാമ്പത്തിക ഇടപാട് നടത്തുന്നു. അയാള്‍ തന്നെ ചതിക്കുകയും വഞ്ചിക്കുകയും ചൂഷണം ചെയ്യുകയും ചെയ്താല്‍ അവനെ ശാസിക്കുന്നു. ഇവ ഉപേക്ഷിക്കുവാന്‍ ഉപദേശിക്കുന്നു. എന്നാല്‍ ഇയാള്‍ മറ്റുള്ളവരോട് സാമ്പത്തിക രംഗത്ത് ഇവയെല്ലാം ചെയ്യുന്നു.
3. ഒരാള്‍ തനിക്ക് തരാനുള്ള കടം സമയത്തു തന്നിട്ടില്ലെങ്കില്‍ അവനെ ശാസിക്കുന്നു. കരാര്‍ ലംഘനത്തെ വിമര്‍ശിക്കുന്നു. എന്നാല്‍ താന്‍ മറ്റുള്ളവര്‍ക്ക് കടം നല്‍കുവാന്‍ ഉണ്ടെങ്കില്‍ പറഞ്ഞ സമയത്തു നല്‍കാതിരിക്കുന്നു. കരാര്‍ ലംഘനം നടത്തുന്നു.
4. മദ്യപാനത്തെയും വ്യഭിചാരത്തെയും സ്ത്രീധനത്തെയും കൈക്കൂലിയെയും എതിര്‍ക്കുന്ന മഹാന്‍ അവസരം ലഭിക്കുമ്പോള്‍ ഇവയെല്ലാം അനുഭവിക്കുന്നു. തന്റെ മകളെ ഒരാള്‍ വ്യഭിചരിച്ചാല്‍ അതിനെ നിഷിദ്ധമായി കാണുന്നു. മറ്റൊരാളുടെ മകളെ ഇവന്‍ വ്യഭിചരിക്കുന്നു. ലഹരിയുടെ ദോഷം മറ്റുള്ളവരോടു പറയുന്നു. എന്നാല്‍ പറയുന്ന ആള്‍ ലഹരി ഉപയോഗിക്കുകയും ചെയ്യുന്നു.
നാം ഒരു തെറ്റ് ചെയ്യുന്നുവെന്ന് കരുതുക, എങ്കിലും അതിന്റെ ഇസ്‌ലാമിക വിധി ഒരാള്‍ ചോദിച്ചാല്‍ തെറ്റാണെന്ന് തന്നെ പറയാന്‍ നമുക്ക് ബാധ്യതയുണ്ട്. ഉദാ: മദ്യപിക്കുന്നവന്‍, സ്ത്രീധനം വാങ്ങിയവന്‍, വ്യഭിചാരി. ഇവരോട് ഈ പ്രവര്‍ത്തനത്തിന്റെ ഇസ്‌ലാമിക വിധി ചോദിച്ചാല്‍ നിഷിദ്ധമാണെന്ന് തന്നെ പറയണം. ഇവയില്‍ ഏര്‍പ്പെട്ടവരെ ആക്ഷേപിച്ചുകൊണ്ട് ഇവ ഹറാമാണ്, നീ എന്തുകൊണ്ട് ഇവ ചെയ്യുന്നു എന്ന് പറയുകയും അതേ സമയം സ്വയം ഇതിലെല്ലാം ഏര്‍പ്പെടുകയും ചെയ്യുന്നത് ഏറെ ഗൗരവകരമാണ്. സ്വയം പാലിക്കാത്ത കാര്യങ്ങള്‍ മറ്റുള്ളവരോട് ഉപദേശിക്കാന്‍ നില്‍ക്കരുത് എന്നാണ് അല്ലാഹു ഇവിടെ പറയുന്നത്. ഒരു മഹാന്‍ പാടി:(2)

നന്മ കല്‍പ്പിക്കുകയും അത് ജീവിതത്തില്‍ പകര്‍ത്താതിരിക്കുകയും ചെയ്യുന്ന നിങ്ങള്‍ വേദഗ്രന്ഥം പാരായണം ചെയ്യുന്നു എന്ന് അല്ലാഹു പറയുന്നു. എല്ലാ വേദഗ്രന്ഥത്തിലും ഈ സ്വഭാവത്തെ നിഷിദ്ധമാക്കുന്നുണ്ടെന്ന് നമുക്ക് കാണാന്‍ സാധിക്കും. ഒരു ഹദീസ് കാണുക:
അബു സൈദ് ഉസാമ ബിന്‍ സൈദ് ബിന്‍ ഹാരിസില്‍ നിന്ന് നിവേദനം. റസൂല്‍ (സ) പറയുന്നതായി ഞാന്‍ കേട്ടു. അദ്ദേഹം പറഞ്ഞു; ഉയിര്‍ത്തെഴുന്നേല്‍പിന്റെ നാളില്‍ ഒരു മനുഷ്യനെ കൊണ്ടുവരപ്പെടും, അവന്‍ നരകാഗ്‌നിയില്‍ എറിയപ്പെടും, അവന്റെ വയറു പുറത്തുവരും, ഒരു കഴുത ചക്കിന് ചുറ്റും നടക്കുന്നതു പോലെ അവന്‍ അതില്‍ ചുറ്റിനടക്കും, നരകത്തിലെ ജനങ്ങള്‍ ഒരുമിച്ചുകൂടി. അവനോട് ചോദിക്കും: നിങ്ങള്‍ക്ക് എന്താണ് കുഴപ്പം? നിങ്ങള്‍ നന്മ കല്‍പിക്കുകയും തിന്മ വിരോധിക്കുകയും ചെയ്തിരുന്നല്ലോ? അപ്പോള്‍ അവന്‍ പറയും: അതെ, ഞാന്‍ ശരിയായത് കല്‍പിക്കുകയും അത് ചെയ്യാതിരിക്കുകയും തെറ്റായതിനെ വിലക്കുകയും അത് ചെയ്യുകയും ചെയ്യുമായിരുന്നു. (ബുഖാരി 3267, മുസ്‌ലിം 2989)
ഇങ്ങനെ നന്മ കല്‍പിക്കുകയും അത് ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കാതിരിക്കുകയും ചെയ്യുക എന്നത് അല്ലാഹു വിരോധിച്ച കാര്യമാണ്.
കുറിപ്പുകള്‍
(1) നിങ്ങള്‍ ജനങ്ങളോട് നന്മ കല്‍പിക്കുകയും നിങ്ങളുടെ സ്വന്തം കാര്യത്തില്‍ (അത്) മറന്നുകളയുകയുമാണോ? നിങ്ങള്‍ വേദഗ്രന്ഥം പാരായണം ചെയ്തുകൊണ്ടിരിക്കുന്നുവല്ലോ. നിങ്ങളെന്താണ് ചിന്തിക്കാത്തത് (അല്‍ബഖറ 44)
(2) തിരുത്തല്‍ സ്വന്തത്തില്‍ നിന്ന് തുടങ്ങണമെന്ന് പ്രേരിപ്പിക്കുന്ന അമവീ കാലത്തെ കവി അല്‍മുതവക്കില്‍ അല്ലൈസിയുടെ കവിതയില്‍ നിന്നുള്ള ഒരു ഭാഗമാണിത്.
(3) അര്‍ഥം: മറ്റുള്ളവരെ പഠിപ്പിക്കുന്ന മനുഷ്യാ, സ്വയം സ്വാഗതം ചെയ്യുന്നതാണ് വിദ്യാഭ്യാസം. അസുഖമുള്ളവര്‍ക്കും പനി ബാധിച്ചവര്‍ക്കും മരുന്ന് കുറിക്കുക, അതിനാല്‍ നിങ്ങള്‍ രോഗിയായിരിക്കുമ്പോള്‍ അത് ശരിയാണ്.

Back to Top