പുസ്തകത്താളില്‍ നനവിറങ്ങിയ ജീവിതാഖ്യാനം
ശംസുദ്ദീന്‍ പാലക്കോട്
‘നമ്മളൊക്കെ ജീവിതത്തില്‍ തിരക്കിട്ടോടുകയാണ് മക്കള്‍ക്കു വേണ്ടി. മക്കളും തിരക്കിട്ടോടും അവരുടെ മക്കള്‍ക്കു വേണ്ടി. ഈ ഓട്ടമത്സരങ്ങള്‍ക്കിടയില്‍ നഷ്ടപ്പെട്ടു പോകുന്ന വിലയേറിയ നിമിഷങ്ങളാണ് ജീവിതമെന്ന് എനിക്ക് തിരിച്ചറിയാന്‍ സാധിച്ചു. അതുകൊണ്ട് ഓരോ നിമിഷവും മനോഹരമായി നന്മകള്‍ നിറച്ച് ആസ്വദിക്കാന്‍ എനിക്ക് സാധിക്കുന്നുണ്ട്’ – മനോഹരമായ കാവല്‍ എന്ന ജീവിതാഖ്യാന ഗ്രന്ഥത്തിന്റെ രചയിതാവായ ഡോ. കെ പി ഹവ്വയുടെ വാക്കുകളാണിത്.
30-ാം വയസ്സില്‍ ബ്രൈന്‍ ട്യൂമര്‍ ബാധിച്ച ഇവര്‍ക്ക് രണ്ട് തവണയായി മേജര്‍ ഓപ്പറേഷന്‍ നടന്നു. റേഡിയേഷനും കീമോ തെറാപ്പിയും മാസങ്ങള്‍ നീണ്ട ആശുപത്രി വാസവും. എല്ലാം അതിജീവിച്ച അവര്‍ പിന്നീട് മക്കയിലെത്തി ഉംറ കര്‍മവും നിര്‍വഹിച്ചു.
രോഗത്തിന്റെ കയറ്റിറക്കങ്ങളെ പറ്റി ഒരതിജീവനത്തിന്റെ കഥയെന്ന് പറയാന്‍ ഡോ. ഹവ്വ തയ്യാറല്ല. പിന്നെന്താണ് അവര്‍ പറഞ്ഞതെന്ന് അവരുടെ തന്നെ വാക്കുകളിതാ: ‘മുന്നോട്ടിനിയെന്ത് എന്ന ചോദ്യത്തിന് മുമ്പില്‍ എല്ലാം ഏകനായ ദൈവത്തില്‍ പൂര്‍ണമായി ഭരമേല്‍പിച്ച് ഞാന്‍ മുന്നോട്ട് നീങ്ങിയപ്പോള്‍ എനിക്കെന്റെ റബ്ബ് ചുറ്റും വിരിച്ചു തന്ന മനോഹരമായ കാവലിന്റെ കഥയാണിത്’. (പേജ് 133)
പുസ്തകത്താളുകളെ നനയിക്കുന്ന ആഖ്യാന ശൈലിയാണ് ഈ ഗ്രന്ഥത്തിന്റെ സവിശേഷത. കഠിനമായ രോഗപീഡയിലൂടെ കടന്നുപോയ ഒരാള്‍ ആ രോഗം തനിക്ക് അനുഗ്രഹമാണെന്ന് പറയണമെങ്കില്‍ അങ്ങേയറ്റത്തെ ജീവിതാവബോധം അവര്‍ക്കുണ്ടായിരിക്കണം. ‘രോഗം അനുഗ്രഹമാണ്’ എന്ന അധ്യായമെഴുതിച്ചേര്‍ത്തിട്ടാണ് ‘മനോഹരമായ കാവല്‍’ എന്ന ജീവിതാഖ്യാനം അവസാനിപ്പിക്കുന്നത്. ഇത്തരമൊരു ജീവിതാവബോധത്തിലേക്ക് ഗ്രന്ഥകാരി ഉയരാനും വളരാനുമുളള കാരണങ്ങളും പുസ്തകത്താളുകളെ നനയിക്കുന്ന വായനാ സന്ദര്‍ഭത്തിലൂടെ കടന്നുപോകുമ്പോള്‍ വരികളിലൂടെയും വരികള്‍ക്കിടയിലൂടെയും വായനക്കാര്‍ക്ക് സുതരാം കണ്ടെത്താനും കഴിയും.
സുഖ, ശീതള വഴിത്താരയിലൂടെ മാത്രം സഞ്ചരിക്കുമ്പോള്‍ ചെറിയ വിപരീതാവസ്ഥകളെപ്പോലും വലിയ പ്രയാസങ്ങളായി മനുഷ്യന്‍ പരാതിപ്പെട്ടുകൊണ്ടിരിക്കും. അനുഭവിച്ചു കൊണ്ടിരിക്കുന്ന അനുഗ്രഹങ്ങളെ കാണാതിരിക്കുന്ന വിധം കണ്ണിന് അന്ധത ബാധിക്കുകയും ചെയ്യും. പലരുടെയും കാര്യത്തില്‍, അവര്‍ സഞ്ചരിച്ചുകൊണ്ടിരിക്കുന്നത് ഈ ദുരന്ത പാതയിലാണ്. കഠിനമായ ഈ രോഗാവസ്ഥ വരുന്നതിന് മുമ്പ് തന്റെ അവസ്ഥയും വ്യത്യസ്തമായിരുന്നില്ല എന്ന തുറന്നു പറച്ചിലാണ് ഈ പുസ്തകം പകര്‍ന്നു തരുന്ന ഒരു ജീവിതാവബോധം.
മനുഷ്യന്‍ എത്ര പ്രഗല്‍ഭനാണെങ്കിലും എത്ര നിസ്സഹായനും നിസ്സാരനുമാണ് എന്ന ജീവിത സത്യത്തിന്റെ അനാവരണമാണ് ഈ പുസ്തകം പകര്‍ന്നു തരുന്ന രണ്ടാമത്തെ ജീവിതാവബോധം. ‘എന്നെ ചിന്തിപ്പിച്ച മൂന്ന് പേര്‍’ എന്ന ലഘു തലവാചകത്തോടെ ലേഖിക ഈ അപ്രിയമായ സത്യം വിവരിക്കുന്നുണ്ട്. തന്നെപ്പോലെ ബ്രെയിന്‍ ട്യൂമര്‍ വന്ന പ്രഗത്ഭയായ ഒരു ഗൈനക്കോളജിസ്റ്റ് ആറ് മാസത്തിലധികമായി ഓര്‍മ നശിച്ച്, ശരീര ചലനം നിലച്ച് പ്രശസ്തനായ നെഫ്രോളജിസ്റ്റിന്റെയും(ഭര്‍ത്താവ്) ഭാവിയിലേക്ക് പ്രതീക്ഷയോടെ വളരാന്‍ വെമ്പുന്ന ബി ഡി എസ് ഡോക്ടറുടെയും(മകള്‍) നിസ്സഹായാവസ്ഥക്കു മുമ്പില്‍ മരിക്കാതെ മരിച്ചു കിടക്കുന്ന അവസ്ഥയാണ് അതിലൊന്ന്. ഇത്തരം തിരിച്ചറിവുകളിലൂടെയും നേരറിവുകളിലൂടെയും നേര്‍കാഴ്ചകളിലൂടെയും കടന്നുപോയ ജീവിതാനുഭവങ്ങള്‍ക്ക് ശേഷവും രോഗം അനുഗ്രഹമാണ് എന്ന് ആത്മാവിഷ്‌കാരത്തോടെ പറയാന്‍ കഴിയുന്നു എന്നതാണ് ഈ ഗ്രന്ഥത്തെ വ്യത്യസ്തമാക്കുന്നത്.