9 Saturday
August 2025
2025 August 9
1447 Safar 14

നനച്ചുകുളി കേവലം വൃത്തിയാക്കലല്ല

സി എം സി ഖാദര്‍ പറവണ്ണ

വീണ്ടുമൊരു റമദാനിലാണ് നാം. റമദാനെ വിശ്വാസികള്‍ സ്വീകരിക്കുന്നതിന്റെ മുന്നോടിയാണ് നനച്ചുകുളി എന്ന മുഖ്യചടങ്ങ്. ഈ ആധുനിക ഇന്റര്‍നെറ്റ് യുഗത്തിലും നോമ്പിനെ വരവേല്‍ക്കുന്നതിന്റെ ലക്ഷണമായി മുസ്ലിം ഭവനങ്ങളും പള്ളികളും കഴുകി വൃത്തിയാക്കുന്നത് പഴയ ആചാരങ്ങളും വിശ്വാസങ്ങളും തങ്ങള്‍ കൈവിട്ടിട്ടില്ല എന്നതിന്റെ ലക്ഷണം തന്നെയാണ്. നിര്‍ബന്ധമല്ലെങ്കിലും, നിര്‍ബന്ധം പോലെ തന്നെയാണ് പാരമ്പര്യമായി ചെയ്തു പോരുന്ന ഈ ചടങ്ങിനെ മുസ്ലിം സമൂഹം കണക്കാക്കി വരുന്നത്.
പണ്ടു മുതലേ മലബാറിലെ മുസ്ലിംകള്‍ക്കിടയില്‍ റമദാന്‍ തുടങ്ങുന്നതിന്റെ രണ്ടാഴ്ച മുന്നേ വീടുകളും വീട്ടുസാധനങ്ങളും വൃത്തിയാക്കി തുടങ്ങുന്ന രീതിയുണ്ടായിരുന്നു. ഇരുപത്തഞ്ച് വര്‍ഷം മുമ്പ് വരെ കൂട്ടുകുടുംബങ്ങളായിട്ടാണ് ജീവിച്ചുവന്നിരുന്നത്. ഇരുപതും മുപ്പതും വരെ പേര്‍ ഒരു വീട്ടില്‍ ജീവിച്ചിരുന്നു, വീടുകള്‍ വലുതാണെങ്കിലും ചെറുതാണെങ്കിലും. ഇന്നത്തെ അണുകുടുംബത്തേക്കാള്‍ ഭദ്രവും സഹകരണവും അക്കാലത്ത് വീടുകളില്‍ ഉണ്ടായിരുന്നു. 1960-ന് മുമ്പാണെങ്കില്‍ മലബാര്‍ ഭാഗത്ത് വൈദ്യുതി സൗകര്യവും ഇല്ലായിരുന്നു. അതുകൊണ്ട് തന്നെ മോട്ടോറുകളും പൈപ്പുകളും ഇല്ല. കിണറുകളില്‍ നിന്നോ കുളങ്ങളില്‍ നിന്നോ (കുളങ്ങള്‍ സുലഭം) മണ്‍കുടങ്ങളില്‍ വെള്ളമെടുത്ത് വേണം വീടുകളും പള്ളികളും കഴുകാന്‍. കൂട്ടുകുടുംബമായതിനാല്‍ ജോലിക്ക് അംഗങ്ങള്‍ക്ക് പഞ്ഞമില്ലായിരുന്നു. കട്ടില്‍, ബെഞ്ച്, പായ, വസ്ത്രം, നമസ്‌കാരകുപ്പായം തുടങ്ങിയവ കുളത്തില്‍ കൊണ്ടുപോയാണ് കഴുകാറ്. ഉത്സാഹപൂര്‍വം വലിയവരും കുട്ടികളും ഇത്തരം ജോലികളില്‍ പങ്കെടുത്തിരുന്നു. ഇതിന് പ്രധാനപ്പെട്ടൊരു കാരണവും ഉണ്ട്. എല്ലാവര്‍ക്കും മനസ്സുകളില്‍ നോമ്പുകാലം എന്ന വിചാരം മാത്രമാണ് ഉണ്ടാകുക. തങ്ങളുടെ പ്രിയപ്പെട്ട നോമ്പിനെ സ്വീകരിക്കാന്‍ എന്ത് ത്യാഗവും തങ്ങള്‍ ചെയ്യുമെന്ന മനോഭാവമായിരുന്നു അക്കാലത്തെ ആളുകള്‍ക്ക്.
ഇന്നത്തെ പോലെ അക്കാലത്ത് മാര്‍ബിള്‍-ടൈല്‍സ്-വാര്‍പ്പ് വീടുകള്‍ അല്ല, മറിച്ച് ഓലവീടുകളോ ഓട് വീടുകളോ ആയിരുന്നു. പല വീടുകളുടെയും ചുമര്‍ മണ്‍കട്ട കൊണ്ടായിരുന്നു നിര്‍മിച്ചിരുന്നത്. വീടുകളുടെയും റൂമുകളുടെയും അടിഭാഗം മണ്ണുകൊണ്ടോ സിമന്റുകൊണ്ടോ ആയിരുന്നു തേച്ചിരുന്നത്. പിന്നീട് അത് പരിഷ്‌കരിച്ച് കാവിയായി, ചിപ്സ് ആയി, ഈ വര്‍ത്തമാന കാലത്ത് മാര്‍ബിളും ടൈല്‍സും ആയി.
സാധാരണ വീടുകള്‍ ദിവസം തോറും നനച്ചു തുടക്കുന്നുണ്ടെങ്കിലും അക്കാലങ്ങളില്‍ മണ്‍തറകളും മറ്റും ആയതിനാല്‍ ദിവസം തോറുമുള്ള കഴുകി തുടക്കല്‍ ഇല്ലായിരുന്നു. ചൂലുകൊണ്ടുള്ള അടിച്ചുവാരല്‍ മാത്രമാണ് ഉണ്ടായിരുന്നത്. ഈ മണ്‍തറയിലാണ് കുട്ടികള്‍ തൊണ്ട് കുഴിച്ചിട്ട് അതില്‍ ചില്ലറ നാണയങ്ങള്‍ ഇട്ടിരുന്നത് പെരുന്നാളിന് തൊണ്ട് എടുത്ത് പൊട്ടിച്ച് സാധനങ്ങളും വാങ്ങും. റമദാനില്‍ തങ്ങളുടെ ഭവനങ്ങളും സാമഗ്രികളും മറ്റും ശുദ്ധിയായിരിക്കണമെന്ന് നിര്‍ബന്ധമാണ്. അതിനാലാണ് റമദാന്‍ അടുപ്പിച്ച് പണ്ടു മുതല്‍ തന്നെ മുസ്ലിം ഗൃഹങ്ങള്‍ വൃത്തിയാക്കി വെക്കണമെന്ന വിശ്വാസത്തിലലിഞ്ഞു ചേര്‍ന്ന ലക്ഷ്യം മുസ്ലിം സമൂഹത്തിനുണ്ടായത്.
എന്നാല്‍ ഇന്ന് കുറേയേറെ വീടുകള്‍ മാര്‍ബിളും ടൈല്‍സും ആയി മാറിയതിനാല്‍ ദിവസവും തുടച്ചുവൃത്തിയാക്കുന്നുണ്ട്. എന്നാലും നനച്ചുകുളി എന്ന നിയ്യത്തോടെ ഇന്നും എല്ലാം മുസ്ലിം ഗൃഹങ്ങളും റമദാന്‍ അടുപ്പിച്ച് പ്രത്യേകമായി വൃത്തിയാക്കിവരുന്നു. ഇതു സൂചിപ്പിക്കുന്നത് മുസ്ലിംകള്‍ക്ക് റമദാന്‍ മാസത്തോടുള്ള ബഹുമാനവും ഭക്തിയും തന്നെയാണ്. ഒരു കോട്ടവും ഇന്നും ഇതിന് തട്ടിയിട്ടില്ലെന്നത് എടുത്ത് പറയേണ്ടതാണ്. ഇത് പോലെ തന്നെ പള്ളികള്‍ കഴുകലും പാരമ്പര്യമായി നടത്തിവരുന്നുണ്ട്, പള്ളികള്‍ പെയിന്റ് ചെയ്യലും ഇക്കാലത്ത് തന്നെയാണ്. നമ്മുടെ ഹൃദയത്തിലും ഒരു നനച്ചു കുളി നടക്കേണ്ടതുണ്ട്.

Back to Top