നമുക്ക് മുളപ്പാലമില്ല പാലിയേറ്റീവ് കെയറുണ്ട്
ഡോ. അബ്ദുല്ല മണിമ
1993 ല്‍ ആരംഭിച്ച സാമൂഹ്യാധിഷ്ഠിത പാലിയേറ്റീവ് കെയര്‍ സംവിധാനം മൂന്ന് പതിറ്റാണ്ട് പൂര്‍ത്തിയാക്കുമ്പോള്‍ അത് കേരളത്തെ, കേരളത്തില്‍ മലബാറിനെ, മലബാറില്‍ തന്നെ മലപ്പുറം ജില്ലയെ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പാലിയേറ്റീവ് കെയര്‍ ലഭ്യതയുള്ള പ്രദേശമാക്കി മാറ്റിയിരിക്കുന്നു. കോഴിക്കോടായിരുന്നു പിറവിയെങ്കിലും ആണ്ടുകള്‍ക്കിപ്പുറം ‘പാലിയേറ്റീവ് അയല്‍പക്കങ്ങള്‍’ (ചലശഴവയീൗൃ വീീറ ചലംേീൃസ ശി ജമഹഹശമശേ്‌ല ഇമൃല ചചജഇ) രൂപീകരിച്ചുകൊണ്ട് സാമൂഹികാധിഷ്ഠിത പാലിയേറ്റീവ് കെയര്‍ പ്രസ്ഥാനത്തിന് വേരോട്ടം നല്‍കിയ ജില്ലയായതു കൊണ്ടാവണം മലപ്പുറം ഇക്കാര്യത്തില്‍ മുന്നില്‍ എത്തിയത്. ജില്ലയില്‍ ഏത് ഭാഗത്തും പത്ത് കിലോമീറ്റര്‍ യാത്ര ചെയ്താല്‍ സുശിക്ഷിതമായ സുസംഘടിതമായ ഒരു പാലിയേറ്റീവ് കെയര്‍ സംവിധാനത്തിന്റെ സാന്നിധ്യം നമുക്കനുഭവപ്പെടും. സര്‍ക്കാര്‍- സര്‍ക്കാറേതര മേഖലയിലായി ഇരുനൂറ്റമ്പതോളം പാലിയേറ്റീവ് കെയര്‍ പരിശീലനം നേടിയ കമ്മ്യൂണിറ്റി നഴ്‌സുമാരും അമ്പതോളം ഡോക്ടര്‍മാരും ഭാഗികമായോ പൂര്‍ണമായോ ഈ മേഖലയില്‍ പ്രവര്‍ത്തിച്ചു വരുന്നു. ആഗോള പാലിയേറ്റീവ് കെയര്‍ ദിനം ഒക്ടോബറിലാണെങ്കിലും മലപ്പുറം ജില്ലയില്‍ തുടങ്ങി കേരളം പൊതുവില്‍ ജനുവരി 15 ആണ് പാലിയേറ്റീവ് കെയര്‍ ദിനമായി ആചരിച്ചു വരുന്നത്.
‘കിടപ്പിലായവര്‍ക്ക് അന്തസ്സുറ്റ പരിചരണം വീടകങ്ങളില്‍’ എന്ന വര്‍ഷങ്ങള്‍ക്ക് മുമ്പ് ജില്ലയിലെ പാലിയേറ്റീവ് കെയര്‍ കൂട്ടായ്മ ഉയര്‍ത്തിയ പാലിയേറ്റീവ്ദിന സന്ദേശത്തിന്റെ ചുവടുപിടിച്ചാണ് മലപ്പുറം ജില്ല സമ്പൂര്‍ണമായും ഹോം കെയര്‍ അധിഷ്ഠിത പാലിയേറ്റീവ് പ്രവര്‍ത്തനങ്ങളിലേക്ക് മാറിയത്. വസ്തുനിഷ്ഠമായി സാമൂഹിക യാഥാര്‍ഥ്യങ്ങള്‍ വിലയിരുത്തിയ ശേഷമായിരുന്നു ക്ലിനിക്കുകളിലെ ഔട്ട്‌പേഷ്യന്റ് കെയര്‍ സംവിധാനത്തില്‍ നിന്ന് ഹോം കെയറിലേക്കുള്ള മാറ്റം സംഭവിച്ചത്. തുടര്‍ന്നത് കേരളത്തിന്റെ പാലിയേറ്റീവ് കെയര്‍ ഡെലിവറി സംവിധാനത്തിന്റെ റോള്‍മോഡലായി തീര്‍ന്നു. തുടര്‍ന്ന് വര്‍ഷങ്ങളില്‍, ‘ഒാരോ പഞ്ചായത്തിലും ഓരോ പാലിയേറ്റീവ് ഹോം കെയര്‍ സംവിധാനം’, ‘ഓരോ വീട്ടിലും ഒരു പാലിയേറ്റീവ് കെയര്‍ വളണ്ടിയര്‍’, ‘ഗുണമേന്മയുള്ള പരിചരണം-മൂല്യാധിഷ്ഠിതമായ സംഘാടനം’ തുടങ്ങിയ വാര്‍ഷിക തീമുകളില്‍ തുടര്‍ച്ചയായി പാലിയേറ്റീവ് കെയര്‍ കൂട്ടായ്മകള്‍ പണിയെടുത്തു വന്നു. അതുകൊണ്ട് മഹാമാരിക്കാലത്തും പാലിയേറ്റീവ് കെയര്‍ നിലച്ചുകൂടാ എന്ന വാര്‍ഷിക തീമിലൂന്നി (കേരളത്തില്‍ പലയിടത്തും പാലിയേറ്റീവ് സംവിധാനങ്ങള്‍ അറച്ചു നിന്നപ്പോഴും) ഇടമുറിയാതെ രോഗികള്‍ക്ക് സേവനമെത്തിക്കാന്‍ പ്രവര്‍ത്തകര്‍ക്ക് കഴിഞ്ഞു.
ശയ്യാവലംബികളായ രോഗികള്‍ പലയിടത്തും മഹാമാരിക്കാലത്ത് കൊടിയ ദുരിതം നേരിട്ടപ്പോള്‍ ഈ കാമ്പയിന്‍ അവര്‍ക്ക് മലപ്പുറം ജില്ലയില്‍ കിടക്കക്കരികില്‍ പരിചരണവും സമാശ്വാസവും എത്തിച്ചുകൊടുത്തു. ഒരു പടി കൂടി കടന്ന് ഈ വര്‍ഷം പാലിയേറ്റീവ് കെയര്‍ ക്ലിനിക്കുകള്‍ക്കപ്പുറം എന്ന സമഗ്ര തീമാണ് പ്രവര്‍ത്തകര്‍ ഉയര്‍ത്തുന്നത്. ഇരുപത്തയ്യായിരത്തിലേറെ ശയ്യാവലംബികളായ രോഗികള്‍ക്ക് ശുശ്രൂഷയും ആശ്വാസവുമെത്തിക്കാന്‍ സജീവമായി പ്രവര്‍ത്തിക്കുന്ന പതിനായിരത്തിലേറെ പാലിയേറ്റീവ് കെയര്‍ വളണ്ടിയര്‍മാര്‍ ഈ തീമുയര്‍ത്തുമ്പോള്‍ നിലവിലെ സാമൂഹിക യാഥാര്‍ഥ്യങ്ങളിലേക്കവര്‍ ഒന്നുകൂടി അടുത്തുനില്ക്കാന്‍ ശ്രമിക്കുകയാണ്.
കേവലമായ മെഡിക്കല്‍-നഴ്‌സിംഗ് പരിചരണത്തിനപ്പുറം ഒരു സമൂഹത്തിന് സുരക്ഷാ കവചമായി നില്‍ക്കാനുള്ള തയ്യാറെടുപ്പിലേക്കുള്ള ആദ്യ ചുവടുവെപ്പാണ് ഇത്. മഹാമാരി നമ്മെ പഠിപ്പിച്ച ഒരു മഹാപാഠമുണ്ട്. ഒരു ഗ്രാം തൂക്കം തികയത്തക്ക ഒരുപറ്റം പരമാണുക്കള്‍ക്ക് വേണമെങ്കില്‍ ഈ ഭൂഗോളത്തെ കൈപ്പിടിയിലൊതുക്കാം. മനുഷ്യന്റെ ഇച്ഛാശക്തിയും തന്മയീഭാവവും പാരസ്പര്യവും കൊണ്ട് മാത്രമേ നമുക്ക് മുന്നോട്ട് പോകാനാവൂ. ഒന്നുകില്‍ നാമൊരുമിച്ച് കരകയറുന്നു, അല്ലെങ്കില്‍ ഒരുമിച്ച് മുങ്ങുന്നു. ആഫ്രിക്കയോട്/ചെറുമനുഷ്യരോട് നാം ചെയ്തു വരുന്ന കൊടുംക്രൂരതകള്‍ ചരിത്രത്തില്‍ ഒമിക്രോണുകളായി പുനരവതരിക്കുമ്പോള്‍ സാങ്കേതികത്വത്തിന്റെ തണല്‍ വിരിപ്പില്‍ നാം കടന്നുകൂടുകയില്ല എന്നാണല്ലോ ലോകാരോഗ്യ സംഘടന ഓര്‍മിപ്പിച്ചു കൊണ്ടിരിക്കുന്നത്. ക്ലിനിക്കുകള്‍ക്കപ്പുറത്ത് രോഗിയെ പൊതിഞ്ഞു നില്‍ക്കുന്ന യാഥാര്‍ഥ്യങ്ങളെ കാണാനും അംഗീകരിക്കാനുമുള്ള സന്നദ്ധത അറിയിച്ചു കൊണ്ട് പാലിയേറ്റീവ് പ്രവര്‍ത്തകന്മാര്‍ സ്വയം അറിയാനും പറയാനും ശ്രമിക്കുന്നതെന്താണ്?
വികേന്ദ്രീകരണവും സ്വയം നിര്‍ണയാവകാശവും ജനാധിപത്യത്തിന്റെ ആധാര ശിലകളാണ്. അപരിചിതയായ ഒരതിഥി എന്ന നിലയില്‍ നിന്ന് പാലിയേറ്റീവ് കെയര്‍ ഇന്ന് അടുക്കള വര്‍ത്തമാനത്തിന്റെ പതിവ് ചേരുവയായി കഴിഞ്ഞിട്ടുണ്ട്. സ്വാഭാവികമായും ഈ മാറ്റം പാലിയേറ്റീവ് കെയര്‍ നടത്തിപ്പുകാര്‍ തിരിച്ചറിയുകയും തലമുറ കൈമാറ്റവും സംഘാടനത്തില്‍ ശൈലീമാറ്റവും സ്വീകരിക്കാന്‍ അവര്‍ സന്നദ്ധരായിക്കഴിയുകയും ചെയ്തു. അതിന്റെ ഭാഗമായി വര്‍ഷങ്ങള്‍ക്ക് മുമ്പ് പഞ്ചായത്തുകളില്‍ ഒരു പാലിയേറ്റീവ് കെയര്‍ എന്നതാണെങ്കില്‍ സമീപഭാവിയില്‍ മഹല്ലുകള്‍ തോറും പാലിയേറ്റീവ് സംവിധാനങ്ങള്‍ രൂപപ്പെടുന്നതിന് സാധ്യതയേറിയിരിക്കുകയാണ്. ഇത് ജനപങ്കാളിത്തം വര്‍ധിപ്പിക്കുകയും പരിചരണ സംവിധാനങ്ങള്‍ കൂടുതല്‍ രോഗികള്‍ക്കടുത്ത് എത്തിക്കുകയും ചെയ്യുന്നുണ്ട്.
കാരുണ്യവും ആര്‍ദ്രതയും സഹവര്‍ത്തിത്വവുമൊന്നും പാലിയേറ്റീവ് പ്രവര്‍ത്തകന്മാര്‍ കണ്ടുപിടിച്ച സൗഭാഗ്യങ്ങളല്ല. നാം മനുഷ്യര്‍ സമൂഹമായി ജീവിച്ചു തുടങ്ങിയ കാലത്തേ ഉണ്ടായിരുന്ന മാനവിക ഗുണങ്ങളും മൂല്യങ്ങളുമാണ്. നമ്മുടെ അയല്‍പക്കങ്ങളിലെ രോഗികളെ പൊതിഞ്ഞു സൂക്ഷിക്കുന്ന നന്മകളാണവ. ഓരോ രോഗിക്ക് ചുറ്റും ചുരുങ്ങിയത് അഞ്ച് പേരെങ്കിലും ബാഡ്ജ് തൂക്കാത്ത, അംഗീകാരം ചോദിക്കാത്ത സന്നദ്ധ പ്രവര്‍ത്തകരുണ്ട് എന്നത് നമ്മുടെ അനുഭവമാണല്ലോ. എന്നു വെച്ചാല്‍ ഇരുപത്തയ്യായിരം രോഗികളെ പൊതിഞ്ഞ് എഴുപത്തയ്യായിരം സന്നദ്ധ പ്രവര്‍ത്തകര്‍ ജാഗരൂകരായി പ്രവര്‍ത്തിക്കുന്നുണ്ട്. അവര്‍ ഏതെങ്കിലും പാലിയേറ്റീവ് കെയര്‍ പ്രവര്‍ത്തന സംഘത്തിന്റെ ബാനറിലല്ല. ഇവരെ പ്രഥമ വളണ്ടിയര്‍മാരായി പാലിയേറ്റീവ് കെയര്‍ സംഘങ്ങള്‍ തിരിച്ചറിയുന്നു. അവരോടൊപ്പം നിന്ന് അയല്‍പക്കത്തെ രോഗിയുടെ യാതനകള്‍ ലഘൂകരിക്കുന്നതിനും പോരായ്മകള്‍ പൂര്‍ത്തിയാക്കുന്നതിനും നോക്കുന്നു. രോഗിക്കും ഈ പ്രഥമ വളണ്ടിയര്‍ക്കും വേണ്ടിയല്ല അവരോടൊപ്പവും അവരില്‍ ഒരാളുമാകാനാണ് ക്ലിനിക്കുകള്‍ക്കപ്പുറം പാലിയേറ്റീവ് കെയറിന്റെ സാധ്യതകള്‍ അന്വേഷിക്കുന്ന പാലിയേറ്റീവ് കെയര്‍ പ്രവര്‍ത്തകര്‍ ശ്രമിക്കുന്നത്.
മഹാമാരിയുടെ ഭീഷണി ഒഴിഞ്ഞിട്ടില്ലാത്ത ഒരു സാഹചര്യത്തിലാണ് മഹാമാരിയുടെ താണ്ഡവത്തിന് പിറകെ നാം ഈ തീം ഉയര്‍ത്തുന്നത്. കോവിഡ് മരണത്തിന്റെ കണക്ക് ഔദ്യോഗികമായി 4 ലക്ഷം എന്ന് കണക്കാക്കുമ്പോള്‍ അനൗദ്യോഗിക കണക്കുകള്‍ 40 ലക്ഷത്തോളമാണെന്ന് ഈയടുത്ത് പത്രവാര്‍ത്തകള്‍ നാം കണ്ടു. കോവിഡിനാല്‍ മരിച്ചവരെക്കാള്‍ എത്രയോ പേര്‍ കോവിഡ് കാലത്ത് ചികിത്സകള്‍ കിട്ടാതെ മരിച്ചു പോയിട്ടുണ്ട്. ഒരു പ്രഭാതയാത്രയും തൊട്ടടുത്ത് ചായക്കടയിലേക്കോ പലചരക്കുകടയിലേക്കോ ഉള്ള യാത്രയും മുടങ്ങിയ ഒട്ടനേകം കാരണവന്മാര്‍ നമുക്ക് മുന്നില്‍ ഇക്കഴിഞ്ഞ രണ്ട് വര്‍ഷക്കാലം ശയ്യാവലംബികളായി തീര്‍ന്നിട്ടുണ്ട് എന്നതിന് നമ്മളോരോരുത്തരും സാക്ഷികളാണ്. പാവപ്പെട്ടവരുടെ ആശ്രയമായ സര്‍ക്കാര്‍ ആശുപത്രികള്‍ കഴിഞ്ഞ രണ്ട് വര്‍ഷക്കാലം കോവിഡ് ആശുപത്രികളായി മാറിയപ്പോള്‍ കാത്തിരുന്ന ശസ്ത്രക്രിയകളടക്കം ചികിത്സകള്‍ ലഭിക്കാതെ പോവുകയും ഒരു പക്ഷെ മരിച്ചുപോവുകയും ചെയ്തവരെത്ര എന്നതിന് നമുക്ക് കണക്കുകളൊന്നുമില്ല. തൊഴില്‍ നഷ്ടം, സ്മൃതിനാശം, എണ്ണിയാലൊടുങ്ങാത്ത ശാരീരിക-മാനസിക-സാമൂഹിക ദുരിതങ്ങളിലൂടെയാണ് നമ്മുടെ ജനം(പൊതുവിലും) മഹാമാരിക്കാലത്ത് പ്രത്യേകിച്ചും കടന്നുപോയ്‌ക്കൊണ്ടിരിക്കുന്നത്. നമ്മുടെ സമൂഹ ഗാത്രത്തിലെ ദുര്‍ബലതകളെ മലര്‍ക്കെ നഗ്നമാക്കിയാണ് ഓരോ ദുരന്തവും കഴിഞ്ഞു പോകുന്നത്.
ഇക്കാലത്ത് യൂ ട്യൂബില്‍ സാമാന്യം പ്രേക്ഷകരുടെ ശ്രദ്ധയാകര്‍ഷിച്ച ഒരു വീഡിയോ ഉണ്ടായിരുന്നു. ‘മ്യാന്മറിലെ മുളപ്പാലം’. ബര്‍മയില്‍ ഇരാവദി നദിയിലെ ഒരു ദ്വീപും അതിലെ നിവാസികളുമാണ് ഇതിലെ കഥാപാത്രങ്ങള്‍. ദ്വീപിനെ മുഴുനാടുമായി കൂട്ടിമുട്ടിക്കുന്നത് ഒരു മുളപ്പാലമാണ്. ഓരോ വര്‍ഷകാലവും മുളപ്പാലം നദിയെടുത്ത് കടലിലെത്തിക്കും. പ്രളയം കഴിയുമ്പോള്‍ നാട്ടുകാര്‍ അത് മുളയില്‍ തന്നെ പുനര്‍നിര്‍മിക്കും.
പാലങ്ങള്‍ (കോണ്‍ക്രീറ്റ് പാതകള്‍) സുലഭമായ നമുക്ക് തോന്നും എന്തൊരു പോഴന്മാര്‍ ഇവരെന്ന്. ഇതേ സന്ദേഹവുമായാണ് ഇത് റിപ്പോര്‍ട്ട് ചെയ്ത് ജര്‍ണലിസ്റ്റും അവരെ സമീപിച്ചത്. പക്ഷെ അവര്‍ക്കിത് പോഴത്തമല്ല – അവരുടെ സമൂഹ ജീവിതത്തിന്റെ ആഴത്തമാണ്. പാലം നിര്‍മിതി ഒരു ഗ്രാമോത്സവമാണ്. മുള ചീന്തി ഒരുക്കുന്നവര്‍,. കെട്ടുവള്ളികള്‍ ശേഖരിക്കുന്നവര്‍, നദിയില്‍ തൂണുറപ്പിക്കുന്നവര്‍, അളവെടുക്കുന്നവര്‍,…. ആബാലവൃദ്ധം ഗ്രാമീണര്‍ അന്ന് പാലത്തിന്നടുത്ത് തമ്പുകെട്ടും. രോഗികളും ഗര്‍ഭിണികളും ഇന്നലെ പ്രസവിച്ച സ്ത്രീകളും വരെ. ഒരാണ്ട് ജിവിക്കാനുള്ള ഊര്‍ജവും കൂടിയാണ് പുതിയ പാലത്തോടൊപ്പം അവര്‍ പുനര്‍നിര്‍മിക്കുന്നത്.
ഇരാവതിയിലെ ആ മുളപ്പാലം നല്‍കുന്ന ജീവിതത്തിന്റെ ഉപ്പും നീരും മറ്റൊരു സൗകര്യത്തിനും വെച്ചുമാറാന്‍ അവര്‍ തയ്യാറല്ല. നമുക്കൊരു മുളപ്പാലമില്ല. പക്ഷെ നമുക്ക് പാലിയേറ്റീവ് കെയറുണ്ട്. നമ്മുടെ ഗ്രാമ-നഗര ജീവിതത്തിന്റെ തീക്ഷ്ണതകളില്‍ ആത്മബന്ധങ്ങളെ അത് കരുപ്പിടിപ്പിക്കും. അറിയാത്ത ബന്ധങ്ങള്‍ അറിയിക്കും (ഡിാമസെ വേല ൃലഹമശേീി)െ, പരസ്പരം പോഷിപ്പിക്കുകയും ജീവിതത്തില്‍ വിശ്വാസം ജനിപ്പിക്കുകയും ചെയ്യുന്ന പ്രതികരണ കണ്ണികള്‍ അതുല്പാദിപ്പിക്കുകയും ചെയ്യും (ഇൃലമശേിഴ ളലലറ യമരസ ഹീീു)െ. നിര്‍ദയത്വത്തിന് കാരുണ്യവും സംഘര്‍ഷത്തിന് സഹവര്‍ത്തിത്വവും പരാശ്രിതത്വത്തിന് സാശ്രയത്വവും വെറുപ്പിന് സ്‌നേഹവും അത് പകരം വെക്കും. രോഗത്തിന്റെ പരിസരങ്ങളെ അതിലംഘിച്ചുകൊണ്ട് മനുഷ്യവ്യവഹാരങ്ങളെ സമഗ്രമായി ഉള്‍ക്കൊളളാനും അതിന് കഴിഞ്ഞേക്കും. രാഷ്ട്രതന്ത്രജ്ഞനും ചിന്തകനുമായ അലിജാ ഇസ്സത്ത് ബെഗോവിച്ച് പങ്കുവെക്കുന്ന ആശങ്ക – സാമൂഹിക സുരക്ഷാ സംവിധാനങ്ങളുടെ മറവില്‍ വ്യക്തിനിഷ്ഠ ഉത്തരവാദിത്തങ്ങള്‍ വെച്ചുമാറ്റപ്പെടുകയെന്ന ദുരന്തം സംഭവിക്കാതെ നോക്കാനും നമുക്ക് ശ്രമിക്കാം. പാലിയേറ്റീവ് കെയര്‍ ക്ലിനിക്കുകള്‍ക്കപ്പുറത്തേക്ക് നീങ്ങുമ്പോള്‍ തുറന്നുവരുന്ന സാധ്യതകള്‍ ഇത്തരത്തില്‍ അനവധിയാണ്.