1 Tuesday
July 2025
2025 July 1
1447 Mouharrem 5

നമ്മുടെ സംരക്ഷകന്‍ അല്ലാഹുവോ ബദ്രീങ്ങളോ?

പി കെ മൊയ്തീന്‍ സുല്ലമി


യാഥാസ്ഥിതിക മുസ്‌ലിയാക്കന്മാര്‍ അല്ലാഹുവിനോട് സഹായം തേടുന്ന പോലെ ബദ്‌രീങ്ങളോട് സഹായം തേടിയത് സോഷ്യല്‍മീഡിയയിലും മറ്റും കാണാനിടയായി. ഒരു പുരോഹിതന്‍ പറഞ്ഞത് ഇപ്രകാരമായിരുന്നു: ബദ്രീങ്ങളേ, നിങ്ങളല്ലാതെ രക്ഷിക്കാനാരുമില്ല. നിങ്ങളല്ലാതെ എനിക്ക് വിളിക്കാനാരുമില്ല. മറ്റൊരു മുസ്‌ലിയാര്‍ പറഞ്ഞത് ഇപ്രകാരം: മുഹ്‌യുദ്ദീന്‍ ശൈഖ് കാക്കുന്നതുപോലെ ബദ്‌രീങ്ങളും കാക്കും.
ഈ രണ്ടുപേരുടെയും പ്രാര്‍ഥനയും പ്രസ്താവനയും ശിര്‍ക്കാണെന്നതില്‍ മുസ്ലിംകളില്‍ ആര്‍ക്കും സംശയമില്ല. കാരണം, അദൃശ്യമായ നിലയില്‍ നമുക്ക് സംരക്ഷണം നല്‍കാനും ഖൈറും ശര്‍റും വരുത്താനും അല്ലാഹുവിന് മാത്രമേ കഴിയൂ എന്നത് ഈമാനിന്റെ കാതലും തൗഹീദിന്റെ അടിത്തറയുമാണ്. അല്ലാഹു പറയുന്നു: തങ്ങളുടെ രക്ഷിതാവിങ്കലേക്ക് ഒരുമിച്ചു കൂട്ടപ്പെടുമെന്ന് ഭയപ്പെടുന്നവരെ ഇതു (ഖുര്‍ആന്‍) കൊണ്ട് നീ താക്കീത് ചെയ്യുക. അവനു പുറമെ യാതൊരു സംരക്ഷകനും ശുപാര്‍ശകനും അവര്‍ക്കില്ല. അവര്‍ സൂക്ഷ്മത പാലിക്കുന്നവരായേക്കാം.” (അന്‍ആം 51)
സംരക്ഷകരും ശുപാര്‍ശകരുമുണ്ടെങ്കില്‍ അവരുടെ സംരക്ഷണവും ശുപാര്‍ശയും ഉണ്ടെന്നു കരുതി അത്തരം ആളുകളുടെ ജീവിതത്തില്‍ സൂക്ഷ്മത കുറയും എന്നാണ് അല്ലാഹു അരുളുന്നത്. ”അവന്‍ ജീവിപ്പിക്കുകയും മരിപ്പിക്കുകയും ചെയ്യുന്നു. അല്ലാഹുവിന് പുറമെ നിങ്ങള്‍ക്ക് യാതൊരു സംരക്ഷകനും സഹായിയുമില്ല.” (തൗബ 116). ഈ ആശയം ഉള്‍ക്കൊള്ളുന്ന ഖുര്‍ആന്‍ വചനങ്ങള്‍ നിരവധിയുണ്ട്.
രണ്ടാമതായി, അദൃശ്യശക്തികളെ വിളിച്ചുതേടല്‍ അവര്‍ക്കുള്ള ആരാധനയാണ്. അത് അല്ലാഹുവോടാണെങ്കില്‍ അവനുള്ള ഇബാദത്തും. അല്ലാഹു അല്ലാത്തവരോടാണെങ്കില്‍ അല്ലാഹു അല്ലാത്തവര്‍ക്കുള്ള ഇബാദത്തും ശിര്‍ക്കുമാണ്. ഇതിലൊന്നും മുസ്‌ലിം ലോകത്തെ പണ്ഡിതന്മാര്‍ക്കിടയില്‍ തര്‍ക്കമില്ല. ബദ്‌രീങ്ങള്‍ ബദര്‍ രണാങ്കണത്തില്‍ വെച്ചു ശഹീദായത് അല്ലാഹുവിന്റെ തൗഹീദ് (ഏകത്വം) സ്ഥാപിക്കാനും മര്‍ദിക്കപ്പെട്ടതുകൊണ്ടും മാത്രമായിരുന്നു. ബദ്‌രീങ്ങളെക്കാളും സമുന്നതരായ ഇബ്‌റാഹീം നബി(അ)യെയും ഇസ്മാഈല്‍ നബി(അ)യെയും ലാത്തയേയും വിളിച്ചു തേടിയിരുന്നവരായിരുന്നു അറബ് മുശ്‌രിക്കുകള്‍. അതിന്റെ പേരില്‍ മുശ്‌രിക്കുകളോട് പോരാട്ടം നടത്തിയാണ് ബദ്‌രീങ്ങള്‍ ശഹീദായത്. എന്നിട്ട് ബദ്‌രീങ്ങളോട് പ്രാര്‍ഥിച്ചുകൊണ്ടും വിളിച്ചുതേടിക്കൊണ്ടും പഴയ ശിര്‍ക്കിലേക്കു തന്നെ തിരിച്ചുപോവുകയെന്നത് വിരോധാഭാസമാണ്.

ഖേദകരമെന്നു പറയട്ടെ, പഴയകാല സമസ്തയിലെ പണ്ഡിതന്മാരൊന്നും ഇത്തരം നഗ്‌നമായ ശിര്‍ക്കിലേക്കു പോവുകയോ അതിനെ അംഗീകരിച്ചു കൊടുക്കുകയോ ചെയ്തിരുന്നില്ല. ഇത്തരം നഗ്‌നമായ നിലയില്‍ ഇവര്‍ ശിര്‍ക്കു ചെയ്യാന്‍ തുടങ്ങിയത് പൊന്മള അബ്ദുല്‍ഖാദിര്‍ മുസ്‌ലിയാരുടെ വരവോടെയാണ്. അദ്ദേഹത്തോടുള്ള ഒരു ചോദ്യവും അതിനുള്ള ഉത്തരവും ശ്രദ്ധിക്കുക:
”മുഹ്‌യുദ്ദീന്‍ ശൈഖേ രക്ഷിക്കണേ, ബദ്‌രീങ്ങളേ കാക്കണേ എന്നിങ്ങനെ മരിച്ചുപോയവരെ വിളിച്ചു പ്രാര്‍ഥിക്കുന്നത് അനുവദനീയമാണോ? ഉത്തരം: അനുവദനീയമാണ്. ഖുര്‍ആനിലും സ്വഹീഹായ ഹദീസിലും അത് പറഞ്ഞിട്ടുണ്ട്” (ശിഥില തന്ത്രങ്ങള്‍, ശാന്തിമന്ത്രങ്ങള്‍, പേജ് 21)
എന്നാല്‍ മുന്‍കാല പണ്ഡിതനും സമസ്തയുടെ സ്ഥാപകന്മാരില്‍ ഒരാളുമായിരുന്ന റശീദുദ്ദീന്‍ മൂസ മുസ്‌ലിയാര്‍ രേഖപ്പെടുത്തിയത് ശ്രദ്ധിക്കുക: ”അല്ലാഹുവിന്റെ ഔലിയാക്കളോട് ഞാന്‍ പ്രാര്‍ഥിക്കുന്നു എന്ന് ഒരു മുസ്ലിമും പറഞ്ഞതായി കേള്‍ക്കാനോ അറിയാനോ ഇടവന്നിട്ടില്ല. അങ്ങനെ ഒരു മുസ്‌ലിമും പറയുന്നതുമല്ല” (അല്‍ഖൗലുസ്സദീദ് പേജ്; 133)
അല്ലാഹു പറയുന്നു: ‘നിന്നോട് മാത്രം ഞങ്ങള്‍ സഹായം തേടുന്നു” (ഫാതിഹ: 5) മേല്‍ വചനത്തെ കോഴിക്കോട് വലിയ ഖാദി വിശദീകരിക്കുന്നതു ശ്രദ്ധിക്കുക: ”സഹായം തേടുക എന്നതുകൊണ്ട് പ്രാര്‍ഥനയാണ് ഉദ്ദേശ്യം. പ്രാര്‍ഥനയാകട്ടെ ആരാധനയുടെ ഒരു ഭാഗമാണ് താനും” (ഖുര്‍ആന്‍ പരിഭാഷ: പേജ് 5)
അല്ലാഹു അല്ലാത്തവര്‍ക്ക് ഇബാദത്തു ചെയ്യല്‍ ശിര്‍ക്കാണ് എന്ന കാര്യത്തില്‍ ആര്‍ക്കും തര്‍ക്കമില്ല. ഇബാദത്തിന് മിക്കവാറും എല്ലാ മുഫസ്സിറുകളും വ്യാഖ്യാനം നല്‍കിയിട്ടുള്ളത് ‘ഒരു വസ്തുവിന് മുന്നില്‍ അങ്ങേയറ്റത്തെ വിനയവും താഴ്മയും കാണിക്കുക’ എന്നതാണ്. ഒരു വസ്തുവിനു മുന്നില്‍ അങ്ങേയറ്റത്തെ വിനയവും താഴ്മയും കാണിക്കുന്നതിന്റെ ഏറ്റവും വലിയ രൂപമാണ് പ്രാര്‍ഥന. നബി(സ) താഴെ വരുന്ന ഖുര്‍ആന്‍ വചനം ഉദ്ധരിച്ചു കൊണ്ടാണ് പ്രാര്‍ഥന ഇബാദത്താണ് എന്ന് സ്വഹാബത്തിനെ പഠിപ്പിച്ചത്.
നബി(സ) ഓതിക്കേള്‍പ്പിച്ചു: ”നിങ്ങളുടെ രക്ഷിതാവ് അരുളിയിരിക്കുന്നു: നിങ്ങള്‍ എന്നോട് പ്രാര്‍ഥിക്കൂ. ഞാന്‍ നിങ്ങള്‍ക്ക് ഉത്തരം നല്‍കാം. എന്നെ ആരാധിക്കാതെ അഹങ്കാരം നടിക്കുന്നവരാരോ അവര്‍ പിന്നീട് നിന്ദ്യരായിക്കൊണ്ട് നരകത്തില്‍ പ്രവേശിക്കുന്നതാണ്. തീര്‍ച്ച.” (മുഅ്മിനൂന്‍ 60) ശേഷം അവിടുന്ന് ഇപ്രകാരം പറഞ്ഞു: ‘പ്രാര്‍ഥന അതുതന്നെയാണ് ആരാധന.’ (അബുദാവൂദ്, തിര്‍മിദി, നസാഈ, ഇബ്നുമാജ)
പൊതുവെ പറയപ്പെടാറുള്ളത് അഹ്‌ലുസ്സുന്നത്തി വല്‍ ജമാഅത്തിന്റെ മാര്‍ഗം സ്വീകരിക്കണം എന്നാണ്. ഖുര്‍ആനും സുന്നത്തും പ്രമാണങ്ങളായി അംഗീകരിക്കുന്നവരാണ് യഥാര്‍ഥ അഹ്്ലുസ്സുന്നത്തി വല്‍ ജമാഅത്തിന്റെ വക്താക്കള്‍. അവരെല്ലാം അല്ലാഹു അല്ലാത്തവരോട് പ്രാര്‍ഥിക്കല്‍ ശിര്‍ക്കാണ് എന്ന അഭിപ്രായക്കാരാണ്. അല്ലാഹു പഠിപ്പിക്കുന്നത് അല്ലാഹു അല്ലാത്തവരോട് പ്രാര്‍ഥിക്കല്‍ ശിര്‍ക്കും നരകത്തിലേക്കുള്ള വഴിയുമാണ് എന്നാണ്. നബി(സ)യും പഠിപ്പിക്കുന്നത് അപ്രകാരം തന്നെയാണ്.
എന്നാല്‍ സമസ്തക്കാരുടെ വാദം കൂരിയാറ്റക്കിളിയുടെ കൂടുപോലെയാണ്. അവര്‍ പറയുന്നു, യഥാര്‍ഥ അഹ്്ലുസ്സുന്നത്തി വല്‍ ജമാഅത്തിന്റെ വക്താക്കള്‍ അല്ലാഹു അല്ലാത്തവരോട് പ്രാര്‍ഥിക്കുന്നവരാണ് എന്ന്. നാം ഏത് വിശ്വസിക്കണം. നമ്മുടെ പ്രാര്‍ഥനകള്‍ അല്ലാഹു സ്വീകരിക്കണമെങ്കില്‍ അവന്‍ വെച്ചിട്ടുള്ള ഒന്നാമത്തെ നിബന്ധന തന്നെ പ്രാര്‍ഥന അല്ലാഹുവോടായിരിക്കുകയെന്നതാണ്. അല്ലാഹു പറയുന്നു: ”താങ്കളോട് എന്റെ ദാസന്മാര്‍ എന്നെപ്പറ്റി ചോദിച്ചാല്‍ ഞാന്‍ (അവരോട്) ഏറ്റവും അടുത്തുള്ളവനാകുന്നു (എന്ന് പറയുക). പ്രാര്‍ഥിക്കുന്നവന്‍ എന്നെ വിളിച്ചു പ്രാര്‍ഥിച്ചാല്‍ ഞാന്‍ ആ പ്രാര്‍ഥനക്ക് ഉത്തരം നല്‍കുന്നതാണ്.” (അല്‍ബഖറ 186)
ബദ്‌രീങ്ങളോടും മുഹ്‌യുദ്ദീന്‍ ശൈഖിനോടും പ്രാര്‍ഥിച്ചാല്‍ ഉത്തരം ലഭിക്കുകയില്ലെന്ന് മേല്‍വചനം ഉണര്‍ത്തുന്നു. അല്ലാഹു അല്ലാത്തവരോട് പ്രാര്‍ഥിക്കല്‍ അല്ലാഹു ഒരിക്കലും പൊറുക്കാത്ത ശിര്‍ക്കാണ്. അല്ലാഹു പറയുന്നു: ”നബിയേ പറയുക: ഞാന്‍ എന്റെ രക്ഷിതാവിനെ മാത്രമേ വിളിച്ചു പ്രാര്‍ഥിക്കുകയുള്ളൂ. അവനോട് യാതൊരാളെയും ഞാന്‍ പങ്കു ചേര്‍ക്കുകയില്ല.” (ജിന്ന് 20) അല്ലാഹു മറ്റൊരിടത്ത് പറയുന്നു: ”അല്ലാഹുവിനു പുറമെ ഉയിര്‍ത്തെഴുന്നേല്‍പിന്റെ നാളുവരെയും തനിക്ക് ഉത്തരം നല്‍കാത്തവരെ വിളിച്ചു പ്രാര്‍ഥിക്കുന്നവരെക്കാള്‍ വഴിപിഴച്ചവര്‍ ആരുണ്ട്? അവരാകട്ടെ ഇവരുടെ പ്രാര്‍ഥനയെപ്പറ്റി ബോധമില്ലാത്തവരുമാകുന്നു.” (അഹ്ഖാഫ് 5). ”നിങ്ങള്‍ അവരോട് പ്രാര്‍ഥിക്കുന്ന പക്ഷം അവര്‍ നിങ്ങളുടെ പ്രാര്‍ഥന കേള്‍ക്കുകയില്ല. അവര്‍ കേട്ടാലും നിങ്ങള്‍ക്കവര്‍ ഉത്തരം നല്‍കുന്നതല്ല. അന്ത്യദിനത്തില്‍ നിങ്ങളുടെ ശിര്‍ക്കിനെ (അവരോടുള്ള പ്രാര്‍ഥന) അവര്‍ നിഷേധിക്കുന്നതുമാണ്.” (ഫാത്വിര്‍ 140)
ഈ പ്രാര്‍ഥിക്കപ്പെടുന്നവരില്‍ എല്ലാ മഹത്തുക്കളും ഉള്‍പ്പെടുന്നതാണ്. ഇമാം ഖുര്‍ത്വുബി, തഫ്്സീര്‍ ജമല്‍ തുടങ്ങിയ തഫ്്സീറുകളിലെല്ലാം അപ്രകാരം രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. ഫാത്വിര്‍ 14-ാം വചനത്തിന്റെ തഫ്്സീറില്‍ ഇമാം ഖുര്‍ത്വുബി രേഖപ്പെടുത്തുന്നു: ”മലക്കുകള്‍, ജിന്ന്, പ്രവാചകന്മാര്‍, പിശാചുക്കള്‍ എന്നീ അല്ലാഹു അല്ലാത്ത പ്രാര്‍ഥിക്കപ്പെടുന്നവരെല്ലാം ഈ വചനത്തില്‍ ഉള്‍പ്പെടുന്നതാണ്.” (അല്‍ജാമിഉ ലി അഹ്കാമില്‍ ഖുര്‍ആന്‍, ഫാത്വിര്‍: 14)
‘മുഹ്‌യുദ്ദീന്‍ ശൈഖ് കാക്കുന്നതുപോലെ ബദ്‌രീങ്ങളും കാക്കും’ എന്ന മുസ്‌ലിയാരുടെ വാദം അതിലും വലിയ അബദ്ധമാണ്. കാരണം അല്ലാഹു അല്ലാത്തവരോടുള്ള പ്രാര്‍ഥന ശിര്‍ക്കാണെന്ന് നിരവധി ഖുര്‍ആന്‍ വചനങ്ങള്‍ കൊണ്ട് രേഖപ്പെടുത്തിയ പണ്ഡിതനും മഹാനുമാണ് മുഹ്‌യുദ്ദീന്‍ ശൈഖ്(റ). അദ്ദേഹം രേഖപ്പെടുത്തിയതു ശ്രദ്ധിക്കുക: ”അല്ലാഹു അരുളി: അല്ലാഹുവിന്റെ അനുഗ്രഹത്തില്‍ നിന്ന് നിങ്ങള്‍ തേടുക. അല്ലാഹു അരുളി: അല്ലാഹു അല്ലാത്ത ആരോടാണ് നിങ്ങള്‍ വിളിച്ചു പ്രാര്‍ഥിക്കുന്നത് അവര്‍ നിങ്ങള്‍ക്ക് ഭക്ഷണം ഉടമപ്പെടുത്തുന്നില്ല. നിങ്ങള്‍ അല്ലാഹുവോട് ഭക്ഷണം തേടുക. അല്ലാഹു അരുളി: നിങ്ങള്‍ എന്നോട് പ്രാര്‍ഥിക്കുക. ഞാന്‍ നിങ്ങള്‍ക്ക് ഉത്തരം നല്‍കും.” (ഫുതൂഹുല്‍ ഗൈബ്, പേജ് 50)
അദ്ദേഹം മറ്റൊരിടത്ത് പറയുന്നു: ”അല്ലാഹുവെക്കുറിച്ചുള്ള അറിവുകേടുകൊണ്ടും, വിശ്വാസത്തിന്റെ ദുര്‍ബലത കൊണ്ടും അറിവിന്റേയും മനസ്സുറപ്പിന്റെയും ദൗര്‍ബല്യം കാരണത്താലും ക്ഷമയുടെ പോരായ്മ കൊണ്ടുമാണ് ജനങ്ങള്‍ അല്ലാഹു അല്ലാത്ത മറ്റു മനുഷ്യരോട് തേടുന്നത്” (ഫുതൂഹുല്‍ ഗൈബ്, പേജ് 104)
അല്ലാഹു അല്ലാത്തവരെ വിളിച്ചു തേടല്‍ ശിര്‍ക്കാണ് എന്ന് അദ്ദേഹം രേഖപ്പെടുത്തിയതു ശ്രദ്ധിക്കുക: ”പരീക്ഷണ ഘട്ടത്തില്‍ നീ നിന്റെ വിഷമങ്ങള്‍ ഒരു സൃഷ്ടിയോടും ആവലാതിപ്പെടരുത്. (രക്ഷയെ ആഗ്രഹിച്ചുകൊണ്ട്) നിന്റെ മനസ്സുമായി ഒരു പടപ്പിലേക്കും നീ പോകരുത്. അത് അല്ലാഹുവില്‍ പങ്കുചേര്‍ക്കലാണ്. അല്ലാഹുവോട് മാത്രം സഹായം തേടല്‍ നിനക്ക് അനിവാര്യമാണ്.” (ഫുതൂഹുല്‍ഗൈബ്, പേജ് 137)
അല്ലാഹു അല്ലാത്തവരെ വിളിച്ചു തേടുകയും ലാഇലാഹ ഇല്ലല്ലാഹ് നിരന്തരം ഉരുവിടുകയും ചെയ്യുന്നവരോട് അദ്ദേഹം ചോദിക്കുന്നത് ശ്രദ്ധിക്കുക: ”നീ എങ്ങനെയാണ് ലാഇലാഹ ഇല്ലല്ലാഹ് പറയുക. നിന്റെ മനസ്സില്‍ എത്ര ദൈവങ്ങളാണുള്ളത്? നീ അവലംബിക്കുന്നതും അല്ലാഹു അല്ലാതെ നിന്നെ സംരക്ഷിക്കുമെന്ന് നീ വിശ്വസിച്ചു പോരുന്ന സകലതും നിന്റെ ദൈവങ്ങളാണ്. മനസ്സില്‍ ശിര്‍ക്കുമായി ലാ ഇലാഹ ഇല്ലല്ലാഹ് ഉച്ചരിക്കുന്നതുകൊണ്ട് യാതൊരു പ്രയോജനവുമില്ല.” (ഫത്ഹുര്‍റബ്ബാനി, ഖുത്വുബ 38)
മുസ്്ല്യാക്കള്‍ക്ക് മുഹ്‌യുദ്ദീന്‍ ശൈഖിനെ സംബന്ധിച്ച് യാതൊരു വിധ അറിവുമില്ല. അദ്ദേഹം വിശുദ്ധ ഖുര്‍ആന്‍ പ്രമാണമാക്കിക്കൊണ്ടാണ് തൗഹീദ് സ്ഥാപിക്കുന്നത്. അദ്ദേഹം മുസല്‍മാന് ഉല്‍ബോധനം നടത്തിയത് ശ്രദ്ധിക്കുക: ”നീ നിന്റെ മനസ്സിനെ പള്ളിയാക്കുക. ‘തീര്‍ച്ചയായും പള്ളികള്‍ അല്ലാഹുവിന്റെതാണ്. അല്ലാഹുവോടൊപ്പം നീ ആരേയും വിളിച്ചു പ്രാര്‍ഥിക്കരുത്’ എന്ന് അല്ലാഹു (ഖുര്‍ആനില്‍) പറഞ്ഞതുപോലെ അവനോടൊപ്പം മറ്റൊരുവനോടും നീ വിളിച്ചു പ്രാര്‍ഥിക്കരുത്.” (ഫത്്ഹുര്‍റബ്ബാനി, ഖുത്വുബ: 45)

Back to Top