28 Thursday
November 2024
2024 November 28
1446 Joumada I 26

മലക്കുകളുടെ പേരുകള്‍

പി മുസ്തഫ നിലമ്പൂര്‍


അല്ലാഹുവിന്റെ വിശിഷ്ട സൃഷ്ടികളാണ് മലക്കുകള്‍. പ്രകാശം കൊണ്ടാണ് അവയുടെ സൃഷ്ടിപ്പ്. വിശുദ്ധ ഖുര്‍ആനിലും തിരുവചനങ്ങളിലും വന്നിട്ടുള്ള മലക്കുകളെ സംബന്ധിച്ച പരാമര്‍ശങ്ങള്‍ അവര്‍ ഇതര സൃഷ്ടികളില്‍ നിന്നെല്ലാം തീര്‍ത്തും വിഭിന്നരാണെന്ന് വ്യക്തമാവുന്നു. വിവിധ പേരുകളില്‍ അറിയപ്പെടുന്ന മലക്കുകളെക്കുറിച്ച് വിവരിക്കാം:
ജിബ്രീല്‍
അല്ലാഹുവിന്റെ അടുക്കല്‍ ഉന്നത സ്ഥാനത്തിന്റെ ഉടമയും മലക്കുകളുടെ നേതാവും പ്രഗല്‍ഭനും പ്രത്യേക മഹത്വത്തിന്റെ ഉടമയുമാണ് ജിബ്രീല്‍. ഇദ്ദേഹത്തിന് റൂഹുല്‍ അമീന്‍, റൂഹ്, റൂഹുല്‍ ഖുദുസ് എന്നും ഖുര്‍ആനില്‍ പേര് വിളിച്ചിട്ടുണ്ട്. ഹദീസില്‍ നാമൂസ് എന്നും പ്രസ്താവിച്ചിട്ടുണ്ട്. പ്രവാചകന്മാര്‍ക്ക് ദൈവിക സന്ദേശം എത്തിക്കുന്നത് ജിബ്‌രീല്‍ മുഖേനയാണ്. ”തീര്‍ച്ചയായും ഇത് (ഖുര്‍ആന്‍) മാന്യനായ ഒരു ദൂതന്റെ വാക്കാകുന്നു. ശക്തിയുള്ളവനും സിംഹാസനസ്ഥനായ അല്ലാഹുവിങ്കല്‍ സ്ഥാനമുള്ളവനുമായ (ദൂതന്റെ). അനുസരിക്കപ്പെടുന്നവനും വിശ്വസ്തനുമായ (ദൂതന്റെ)”(81:1921).
ജിബ്രീല്‍(അ) വളരെ മാന്യനായ ഒരു ദൈവദൂതനാകുന്നു. വളരെ ശക്തിമാനും ലോകാലോകങ്ങളുടെ സിംഹാസനാധിപതിയായ അല്ലാഹുവിന്റെ അടുക്കല്‍ ഉയര്‍ന്ന സ്ഥാനമാനങ്ങളുള്ള മഹാനുമത്രെ. മാത്രമല്ല, അവിടെ അഥവാ മലക്കുകളുടെ ആവാസകേന്ദ്രമായ ‘മലഉല്‍ അഅ്‌ലാ’ യില്‍ അനുസരിക്കപ്പെടുന്ന നേതാവുമാണ്. വേദഗ്രന്ഥത്തില്‍ മാറ്റം വരുത്തിയവര്‍ക്ക്, അല്ലാഹുവിന്റെ യഥാര്‍ഥ വചനം കൊണ്ടുവരുന്ന ജിബ്രീല്‍ നോടും അദ്ദേഹത്തിന് ശേഷം മഹത്വം നല്‍കപ്പെട്ട മീകാഈല്‍നോടും ശത്രുതയുണ്ടാവുമെന്നത് പറയേണ്ടതില്ല. ജൂതന്മാരുടെ ദുഷ്ട സ്വഭാവം നിമിത്തം അല്ലാഹു പറയുന്നു.
”(നബിയേ,) പറയുക: (ഖുര്‍ആന്‍ എത്തിച്ചുതരുന്ന) ജിബ്രീല്‍ എന്ന മലക്കിനോടാണ് ആര്‍ക്കെങ്കിലും ശത്രുതയെങ്കില്‍ അദ്ദേഹമത് നിന്റെ മനസ്സില്‍ അവതരിപ്പിച്ചത് അല്ലാഹുവിന്റെ ഉത്തരവനുസരിച്ച് മാത്രമാണ്. മുന്‍വേദങ്ങളെ ശരിവെച്ചുകൊണ്ടുള്ളതും വിശ്വാസികള്‍ക്ക് വഴി കാട്ടുന്നതും സന്തോഷവാര്‍ത്ത നല്‍കുന്നതുമായിട്ടാണ് (അത് അവതരിച്ചിട്ടുള്ളത്). ആര്‍ക്കെങ്കിലും അല്ലാഹുവോടും അവന്റെ മലക്കുകളോടും അവന്റെ ദൂതന്‍മാരോടും ജിബ്രീലിനോടും മീകാഈലിനോടുമെല്ലാം ശത്രുതയാണെങ്കില്‍ ആ നിഷേധികളുടെ ശത്രുതന്നെയാകുന്നു അല്ലാഹു.” (2:97,98).
മീകാഈല്‍
ജിബ്രീല്‍(അ)ന്റെ കൂടെ പരാമര്‍ശിച്ച മലക്കാണ് മീകാഈല്‍. മഴയും സസ്യലതാദികളുടെയും ചുമതലയാണ് അദ്ദേഹം ഏല്‍പ്പിക്കപ്പെട്ടിട്ടുള്ളത്. സുദീര്‍ഘമായ ഒരു ഹദീസില്‍ നബി(സ) പറഞ്ഞതായി ഇബ്‌നു അബ്ബാസ്(റ) രേഖപ്പെടുത്തുന്നു: ”ഞാന്‍(നബി) ജിബ്രീലിനോട് ചോദിച്ചു: എന്തെല്ലാം കാര്യങ്ങള്‍ക്കാണ് താങ്കള്‍ ചുമതലപ്പെടുത്തപ്പെട്ടത്? ജിബ്രീല്‍(അ) പറഞ്ഞു: കാറ്റിനും സൈന്യത്തിനും വേണ്ടി. മീകാഈല്‍(അ)ന്റെ ചുമതല എന്താണ്? ജിബ്രീല്‍(അ) പറഞ്ഞു: മഴയും സസ്യലതാദികളും (ത്വബ്‌റാനി)
റഖീബ്, അത്തീദ്
അബൂഹുറൈറ(റ) റിപ്പോര്‍ട്ട് ചെയ്യുന്നു: ”റസൂല്‍(സ) പറഞ്ഞു ഒരു കൂട്ടം മലക്കുകള്‍ രാത്രിയും ഒരു കൂട്ടം മലക്കുകള്‍ പകലിലുമായി നിങ്ങളുടെ കൂടെ ഉണ്ടായികൊണ്ടേയിരിക്കും. സുബ്ഹി നമസ്‌കാരത്തിനും അസ്വര്‍ നമസ്‌കാരത്തിനുമായി അവര്‍ ഒരുമിച്ച് ചേരും. രാത്രിയില്‍ ഉത്തരവാദിത്തം നിര്‍വഹിച്ചവര്‍ കയറി ചെല്ലുമ്പോള്‍ അല്ലാഹു അവരോട് ചോദിക്കും. അല്ലാഹു (അവന്റെ പടപ്പുകളെ പറ്റി) ഏറ്റവും കൂടുതലായി അറിയുന്നവനാണ്. ഏത് അവസ്ഥയിലാണ് എന്റെ അടിയന്മാരെ നിങ്ങള്‍ വിട്ടു പോന്നത്? അവര്‍ പറയും: ഞങ്ങള്‍ അവരുടെ അടുക്കല്‍ ചെന്നത് അവര്‍ നമസ്‌കരിച്ചു കൊണ്ടിരിക്കുമ്പോഴായിരുന്നു. ഞങ്ങള്‍ അവരെ വിട്ടു പിരിയുന്നതും നമസ്‌കരിച്ചു കൊണ്ടിരിക്കുമ്പോഴായിരുന്നു.” (ബുഖാരി 555, മുസ്ലിം 632).
പകലില്‍ ഉത്തരവാദിത്തമുള്ള മലക്കുകളോടും ഇപ്രകാരം ചോദിക്കപ്പെടുകയും അപ്രകാരം മറുപടി പറയുകയും ചെയ്യുമെന്ന് ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്. നമ്മുടെ കാര്യങ്ങള്‍ രേഖപ്പെടുത്തി വെക്കുന്നതിന് രണ്ട് വിഭാഗം മലക്കുകളെയും അല്ലാഹു ചുമതലപ്പെടുത്തിയിട്ടുണ്ട്. ‘വലതുഭാഗത്തും ഇടതുഭാഗത്തും ഇരുന്നു കൊണ്ട് രണ്ടുപേര്‍ ഏറ്റുവാങ്ങുന്ന സന്ദര്‍ഭം. അവന്‍ ഏതൊരു വാക്ക് ഉച്ചരിക്കുമ്പോഴും അവന്റെ അടുത്ത് തയ്യാറായി നില്‍ക്കുന്ന നിരീക്ഷകന്‍ ഉണ്ടാവാതിരിക്കുകയില്ല.” (50:17,18). റഖീബ്, അത്തീദ് എന്നത് മലക്കുകളുടെ പേരുകളാണ് എന്ന് അഭിപ്രായമുണ്ടെങ്കിലും അത് അവരുടെ വിശേഷണമാണ് എന്നതാണ് പ്രബലമായ അഭിപ്രായം.
”അതല്ല, അവരുടെ രഹസ്യവും ഗൂഢാലോചനയും നാം കേള്‍ക്കുന്നില്ല എന്ന് അവര്‍ വിചാരിക്കുന്നുണ്ടോ? അതെ, നമ്മുടെ ദൂതന്‍മാര്‍ (മലക്കുകള്‍) അവരുടെ അടുക്കല്‍ എഴുതിയെടുക്കുന്നുണ്ട്”(43:80). ”ഇതാ നമ്മുടെ രേഖ. നിങ്ങള്‍ക്കെതിരായി അത് സത്യം തുറന്നു പറയുന്നതാണ്. തീര്‍ച്ചയായും നിങ്ങള്‍ പ്രവര്‍ത്തിച്ചു കൊണ്ടിരുന്നതെല്ലാം നാം എഴുതിവെക്കുന്നുണ്ടായിരുന്നു” (45:29).
ഇസ്‌റാഫീല്‍
അല്ലാഹുവിങ്കല്‍ ഉന്നതമായ സ്ഥാനമുള്ള മലക്കാണ് ഇസ്‌റാഫീല്‍. കാഹളത്തില്‍ ഊതാന്‍ ചുമതല ഏല്‍പ്പിക്കപ്പെട്ട മലക്കാണ് അദ്ദേഹം എന്ന് പണ്ഡിതന്മാര്‍ക്കിടയില്‍ ഏകാഭിപ്രായമുണ്ടെന്ന് ഇബ്‌നു ഹജറുല്‍ അസ്ഖലാനി(ഫത്ഹുല്‍ ബാരി 11/368) രേഖപ്പെടുത്തിയിട്ടുണ്ട്. കാഹളത്തില്‍ ഊതുന്നതിനെ സംബന്ധിച്ച് അനേകം ഖുര്‍ആന്‍ വചനങ്ങള്‍ ഉണ്ട് (18:99,23:10,36:51, 39:68, 50:20,69:13).
നബി(സ) പറഞ്ഞു: ”എനിക്ക് എങ്ങനെയാണ് സുഖാസ്വാദനത്തില്‍ കഴിച്ചുകൂട്ടാനാവുക! കാഹളത്തില്‍ ഊതുന്ന മലക്ക് അത് (കാഹളം) അദ്ദേഹത്തിന്റെ വായില്‍ പിടിച്ചു, നെറ്റ് ചുളിച്ചു, ചെവി കൂര്‍പ്പിച്ചു കാഹളത്തില്‍ ഊതാനുള്ള കല്‍പ്പനയെ പ്രതീക്ഷിച്ചിരിക്കുകയാണ്.”(തിര്‍മിദി 3243)
മലക്കുല്‍ മൗത്ത്
”(നബിയേ,) പറയുക: നിങ്ങളുടെ കാര്യത്തില്‍ ഏല്‍പിക്കപ്പെട്ട മരണത്തിന്റെ മലക്ക് നിങ്ങളെ മരിപ്പിക്കുന്നതാണ്. പിന്നീട് നിങ്ങളുടെ രക്ഷിതാവിങ്കലേക്ക് നിങ്ങള്‍ മടക്കപ്പെടുന്നതുമാണ്” (32:11).
ഈ മലക്കിന്റെ പേര് ഖുര്‍ആനിലോ സുന്നത്തിലോ വന്നിട്ടില്ല. ചില അസറുകളില്‍ അസ്‌റാഈല്‍ എന്ന് കാണുന്നു. അല്ലാഹുവാണ് കൂടുതല്‍ അറിയുന്നവന്‍. വിശ്വാസികളുടെ ആത്മാവിനെ പിടിക്കുന്ന രൂപവും കുറ്റവാളികളുടെ ആത്മാവിനെ പിടിക്കുന്ന രൂപവും വ്യത്യസ്തമാണ്. വിശുദ്ധ ഖുര്‍ആനിലും തിരുവചനത്തിലും അതിനെ സംബന്ധിച്ച് പരാമര്‍ശിച്ചിട്ടുണ്ട്. മനുഷ്യന്‍ ഗര്‍ഭാശയത്തില്‍ ആകുമ്പോള്‍ റൂഹ് ഊതുന്നത് മുതല്‍ മരണപ്പെടുന്നത് വരെ മാത്രമല്ല, പിന്നീടങ്ങോട്ടും എല്ലാ ജീവിതകാലത്തും മലക്കുകളുടെ സാന്നിധ്യം നമ്മളുമായി ഉണ്ടാകും.
മാലിക്
നരകത്തിന്റെ കാവല്‍ക്കാരായ 19 മലക്കുകളില്‍ പ്രഥമനായ മലക്കാണ് മാലിക്. നരകത്തിലേക്ക് തള്ളിയിടപ്പെട്ട കുറ്റവാളികള്‍ സഹിക്കവയ്യാതെ വിലപിക്കുന്ന രംഗം ഖുര്‍ആന്‍ ഇപ്രകാരം പറയുന്നു: ‘അവര്‍ വിളിച്ചുപറയും; ഹേ, മാലിക്! താങ്കളുടെ രക്ഷിതാവ് ഞങ്ങളുടെ മേല്‍ (മരണം) വിധിക്കട്ടെ. അദ്ദേഹം (മാലിക്) പറയും: നിങ്ങള്‍ (ഇവിടെ) താമസിക്കേണ്ടവര്‍ തന്നെയാകുന്നു. (അല്ലാഹു പറയും:) തീര്‍ച്ചയായും നാം നിങ്ങള്‍ക്ക് സത്യം കൊണ്ടു വന്ന് തരികയുണ്ടായി. പക്ഷെ നിങ്ങളില്‍ അധിക പേരും സത്യത്തെ വെറുക്കുന്നവരാകുന്നു”(43:77,78). നബിയുടെ നിശാപ്രയാണ യാത്രയില്‍ ഈ മലക്കിനെ നബി(സ) നേരില്‍ ദര്‍ശിക്കുകയുണ്ടായി.
അബൂഹൂറയ്‌റ(റ) പറയുന്നു: നബി(സ) പറഞ്ഞു: ”ഞാന്‍ അവര്‍ക്ക് ഇമാമായി നമസ്‌കരിച്ചു. നമസ്‌കാരം പൂര്‍ത്തീകരിച്ചപ്പോള്‍ ഒരാള്‍ പറഞ്ഞു: ഇതാ മാലിക്. നരകത്തിന്റെ ചുമതല ഏല്‍പ്പിക്കപ്പെട്ട മലക്ക്. അദ്ദേഹത്തോട് സലാം പറയുക. ഞാന്‍ അദ്ദേഹത്തിലേക്ക് തിരിഞ്ഞപ്പോഴേക്കും അദ്ദേഹം എന്നോട് സലാം പറഞ്ഞു.” (മുസ്ലിം 172).
രിദ്‌വാന്‍
സ്വര്‍ഗ്ഗത്തിന്റെ മലക്ക് രിദ്‌വാന്‍ എന്ന് വിളിക്കപ്പെടുന്നു. ചില ഹദീസുകളില്‍ ഇത് വ്യക്തമായി വന്നിട്ടുണ്ട് എന്ന് ഇബ്‌നു കസീര്‍ ബിദായ വന്നിഹായ 1/53ല്‍ രേഖപ്പെടുത്തി. ഈ ഹദീസുകള്‍ വിമര്‍ശന വിധേയമാണെന്ന് (ഇമാം ഇബ്‌നുല്‍ ജൗസി മൗളൂആത് 2/547, കാമില്‍ 2/99, അല്‍ബാനി അഹാദീസു ദ്വഈഫ5870) അഭിപ്രായമുണ്ട്. അല്ലാഹുവാണ് കൂടുതല്‍ അറിയുന്നവന്‍.
മുന്‍കര്‍, നകീര്‍
മരണാനന്തരം ബര്‍സഖി ജീവിതത്തില്‍ നാം ചില ചോദ്യങ്ങളെ നേരിടുകയും പരീക്ഷണങ്ങളെ അഭിമുഖീകരിക്കുകയും ചെയ്യേണ്ടതുണ്ട്. ഏതൊരാളെയും ഖബര്‍ ഒരു പിടുത്തം പിടിക്കും എന്ന് നബി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മനുഷ്യനെ ഖബറില്‍ വെച്ച് ബന്ധുക്കള്‍ പിരിഞ്ഞു പോയാല്‍ ഉടനെ തന്നെ രണ്ടു മലക്കുകള്‍ അവനെ ചോദ്യം ചെയ്യുന്നതിന് വേണ്ടി ആഗതമാകുമെന്ന് നബി(സ) പഠിപ്പിച്ചിട്ടുണ്ട്. കറുത്ത നീല വര്‍ണം ഉള്ളവരായ ഈ മലക്കുകളുടെ പേര് മുന്‍കര്‍ എന്നും നകീര്‍ എന്നുമാണെന്ന് (തിര്‍മിദി 1071) റിപ്പോര്‍ട്ടില്‍ വന്നിരിക്കുന്നു.

Back to Top