നമസ്‌കാരത്തിന്റെ രൂപം സുജൂദും ഇടയിലെ ഇരുത്തവും
എ അബ്ദുല്‍അസീസ് മദനി
നമസ്‌കാരത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു റുക്നാണ് സുജൂദ്. സാഷ്ടാംഗ പ്രണാമം, ആരാധന, വന്ദനം, കുനിയല്‍, നമിക്കല്‍, വണക്കം, കീഴടങ്ങല്‍ എന്നെല്ലാം സുജൂദ് എന്ന പദത്തിന്റെ അര്‍ഥങ്ങളാണ്. സുജൂദില്‍ എത്ര സമയം വരെയും പ്രാര്‍ഥിക്കാമെന്ന് നബി(സ) അരുളിയിട്ടുണ്ട്. മൂക്ക് ഉള്‍പ്പടെ ഏഴ് അവയവങ്ങള്‍ നിലത്ത് വെച്ച് കാലിന്റെ വിരലുകള്‍ ഖിബ്്ലക്കു നേരെ വരുംവിധം ചേര്‍ത്തു വെച്ചാണ് സുജൂദ് നിര്‍വഹിക്കേണ്ടതെന്ന് റസൂല്‍ പറഞ്ഞിട്ടുണ്ട്. രണ്ട് കൈപ്പടങ്ങള്‍ വെക്കുന്നതിന് മുമ്പ് രണ്ട് കാല്‍മുട്ടുകള്‍ വെക്കലാണ് സുന്നത്ത് എന്ന് ഭൂരിപക്ഷം പണ്ഡിതന്മാരും അഭിപ്രായപ്പെടുന്നു.
ഇബ്നുല്‍ മുന്‍ദിര്‍ ഉമറുന്നഖഇയില്‍ നിന്നും മുസ്്ലിമു ബിന്‍ യസാറില്‍ നിന്നും സുഫ്‌യാനുസ്സൗരിയില്‍ നിന്നും അഹമ്മദ്, ഇസ്ഹാഖ് എന്നിവരില്‍ നിന്നും ഈ അഭിപ്രായം ഉദ്ധരിച്ചിട്ടുണ്ട്. ഇബ്നുല്‍ ഖയ്യിം പറയുന്നു: നബി(സ) രണ്ട് കൈപ്പടങ്ങള്‍ക്കും മുമ്പ് രണ്ട് കാല്‍മുട്ടുകള്‍ വെക്കുമായിരുന്നു. പിന്നീട് രണ്ട് കൈകളും നെറ്റിയും മൂക്കും വെക്കുമായിരുന്നു. ഇതാണ് സ്വഹീഹ് ആയ ഹദീസ്. വാഇലിബ്‌നി ഹുജ്ര്‍ പറയുന്നു: ‘നബി(സ) സുജൂദ് ചെയ്യുമ്പോള്‍ തന്റെ രണ്ട് കൈപ്പടങ്ങള്‍ വെക്കുംമുമ്പ് രണ്ടു കാല്‍മുട്ടുകള്‍ വെക്കുന്നതായി ഞാന്‍ കണ്ടിരുന്നു’.
എന്നാല്‍ ഇമാം മാലിക്, ഔസാഈ, ഇബ്നു ഹസം തുടങ്ങിയവരുടെ അഭിപ്രായം കാല്‍മുട്ടുകള്‍ വെക്കുന്നതിന് മുമ്പ് രണ്ട് മുന്‍കൈകള്‍ വെക്കണമെന്നാണ്. അഹമ്മദില്‍ നിന്നുള്ള റിപ്പോര്‍ട്ടാണിത്. കാല്‍മുട്ടുകള്‍ക്ക് മുമ്പ് കൈകള്‍ വരുന്നതായി ജനങ്ങളെ ഞാന്‍ കണ്ടുവെന്ന് ഇമാം ഔസാഈ അഭിപ്രായപ്പെട്ടു. സുജൂദ് ചെയ്യുന്നവന്‍ നിലത്ത് തന്റെ രണ്ട് കൈകളും നെറ്റിയും മൂക്കും വെക്കാന്‍ സൗകര്യപ്പെടും വിധമായിരിക്കല്‍ സുന്നത്താണ്. വാഇലിബ്‌നി ഹുജ്ര്‍ പറയുന്നു: ‘നബി(സ) സുജൂദ് ചെയ്തപ്പോള്‍ തന്റെ രണ്ട് കൈപ്പടങ്ങള്‍ക്കിടയിലായി നെറ്റിവെച്ചു. രണ്ട് കക്ഷങ്ങളേയും അകറ്റിവെക്കുകയും ചെയ്തു. രണ്ട് മുഴകൈകളും നിലത്ത് നിന്നുയര്‍ത്തി വെക്കുകയും ചെയ്തു. അബൂദാവൂദ്, തിര്‍മിദി, ഇബ്നു ഖുസൈമ തുടങ്ങിയവര്‍ ഈ ഹദീസ് ഉദ്ധരിച്ചു. റുകൂഇല്‍ കൈവിരലുകള്‍ വിടര്‍ത്തി വെക്കുകയും സുജൂദില്‍ കൈവിരലുകള്‍ ചേര്‍ത്ത് വെക്കുകയുമാണ് വേണ്ടത്.
സുജൂദില്‍ സുബ്ഹാനകല്ലാഹുമ്മ റബ്ബനാ വബിഹംദി അല്ലാഹുമ്മ ഗ്ഫിര്‍ലീ എന്ന് ചൊല്ലല്‍ സുന്നത്താണ്. കഴിയുന്നത്ര പ്രാര്‍ഥന ചൊല്ലിക്കൊണ്ട് സുജൂദ് ദീര്‍ഘിപ്പിക്കുന്നത് നല്ലതാണ്. സുജൂദില്‍ സ്ത്രീയും പുരുഷനും കൈകള്‍ ശരീരത്തില്‍ നിന്ന് അകറ്റണം. കൈമുട്ടുകള്‍ ഭൂമിയില്‍ പതിക്കാന്‍ പാടില്ല. ഒരു മനുഷ്യന്‍ തന്റെ കണങ്കൈകള്‍ മൃഗങ്ങള്‍ പരത്തിവെക്കുന്നത് പോലെ പരത്തി വെക്കുന്നതിനെ നബി(സ) തിരുത്തിയിട്ടുണ്ട്.
തിലാവത്തിന്റെ സുജൂദ്
ഖുര്‍ആനില്‍ തിലാവത്തിന്റെ സുജൂദ് 15 സ്ഥലങ്ങളില്‍ വന്നിട്ടുണ്ട്. സൂറത്തുല്‍ അഅ്്റാഫ്-206, റഅ്്ദ്-15, നഹ്്ല്‍ 49, ഇസ്റാഅ് 107, മര്‍യം 58, ഹജ്ജ് 18, 77, ഫുര്‍ഖാന്‍ 60, നംല് 25, സജദ 15, സ്വാദ് 24, നജ്മ് 62, ഇന്‍ശിഖാഖ് 21, ഫുസ്സ്വിലത്ത് 38, അലക് 19 എന്നിവയാണവ. ഈ സുജൂദ് നമസ്‌കരിക്കുമ്പോഴും നമസ്‌കാരത്തിലല്ലാതെ ഖുര്‍ആന്‍ പാരായണം ചെയ്യുമ്പോഴും നിര്‍വഹിക്കല്‍ സുന്നത്താണ്. ഈ സുജൂദില്‍ ‘സജദ വജ്ഹിയ ലില്ലദീ ഖലഖഹു വശഖ്ഖ സംഅഹു വബസ്വറഹു ബി ഹവ്്ലിഹി വഖുവ്വതിഹി’ എന്ന് ചൊല്ലല്‍ സുന്നത്താണ്.
ഇമാം ഹാമിം ഈ ഹദീസ് ഉദ്ധരിക്കുകയും ഇമാം തിര്‍മിദി അതിനെ സ്വഹീഹ് ആക്കുകയും ചെയ്തിട്ടുണ്ട്. തന്നെ സന്തോഷിപ്പിക്കുന്ന വല്ല അനുഗ്രഹമോ, അല്ലെങ്കില്‍ തന്നില്‍ നിന്ന് തിന്മകള്‍ തിരിച്ച് വിടപ്പെടുകയോ ചെയ്യുമ്പോള്‍ നടത്തുന്ന ഒരു സുജൂദുണ്ട്. അതിന് സജ്ദത്തുശ്ശുക്‌റ് എന്ന് പറയപ്പെടുന്നു.
സുജൂദുകള്‍ക്കിടയിലെ ഇരുത്തം
രണ്ട് സുജൂദുകള്‍ക്കിടയില്‍ അല്‍പം ഇരിക്കുക എന്നത് നബിചര്യയില്‍ പെട്ടതാണ്. ഇഫ്തിറാശിന്റെ ഇരുത്തം (ഇടതുകാല്‍ പരത്തി വക്കുകയും പൃഷ്ഠം അതിന്മേല്‍ വെക്കുകയും വലത് കാല്‍ നാട്ടിവെക്കുകയും ചെയ്തുകൊണ്ടുള്ള ഇരുത്തം) ആണ് അതില്‍ ചെയ്യേണ്ടത്. ആ ഇരുത്തത്തില്‍ ‘റബ്ബിഗ്ഫിര്‍ലീ വര്‍ഹംനീ വജ്ബുര്‍നീ വര്‍ഫഅ്നീ വര്‍സുഖ്്നീ വഹ്്ദിനി വആഫിനീ’ എന്ന് ചൊല്ലല്‍ സുന്നത്താണ്. വീണ്ടും ഒരു സുജൂദ് ചെയ്യുന്നതോടെ ഒരു റക്അത്ത് പൂര്‍ത്തിയാവുന്നു.
രണ്ടാമത്തെ
റക്അത്തിലേക്ക്
എഴുന്നേല്‍ക്കല്‍
രണ്ട് സുജൂദുകള്‍ നിര്‍വഹിച്ച ശേഷം രണ്ടാം റക്അത്തിലേക്ക് എഴുന്നേല്‍ക്കണം. ഭാരം കാലിന്റെ അറ്റങ്ങളില്‍ വഹിക്കണം. വീഴാതിരിക്കാന്‍ അല്‍പം ഇരുന്ന ശേഷം ഏഴുന്നേല്‍ക്കുന്നതാണ് നല്ലത്. ഇതാണ് ഇമാം ബുഖാരി ഉദ്ധരിച്ച ഹദീസിലുള്ളത്. അബൂഖിലാബ പറയുന്നു: ‘മാലിക്ബിനില്‍ ഹുവൈരിസ് ഞങ്ങളുടെ അടുക്കല്‍ വരികയും ഞങ്ങളെയും കൊണ്ട് പള്ളിയില്‍ വെച്ച് നമസ്‌കരിക്കുകയും ചെയ്തു. അദ്ദേഹം പറഞ്ഞു: ഞാന്‍ നിങ്ങളുടെ കൂടെ നമസ്‌കരിക്കുമ്പോള്‍ നമസ്‌കരിക്കുക എന്നല്ല ഉദ്ദേശിക്കുന്നത്. റസൂല്‍(സ) നമസ്‌കരിക്കുന്നത് ഞാന്‍ കണ്ടത് എങ്ങനെയെന്ന് നിങ്ങളെ കാണിക്കുക എന്നതാണ് ഉദ്ദേശിച്ചത്. അപ്പോള്‍ അയ്യൂബ് അദ്ദേഹത്തോട് പ്രവാചകന്റെ നമസ്‌കാരം എങ്ങനെയായിരുന്നുവെന്ന് ചോദിച്ചു.
അദ്ദേഹം പറഞ്ഞു: നമ്മുടെ ശൈഖായ അംറിബ്‌നി സലമയുടെ നമസ്‌കാരം പോലെ അദ്ദേഹം തക്ബീര്‍ പൂര്‍ണമായും ചൊല്ലും. എന്നിട്ട് അല്‍പമൊന്നിരിക്കും. എന്നിട്ട് നിലത്ത് കൈകള്‍ ഊന്നി ഏഴുന്നേല്‍ക്കും’ (ഇമാം ബുഖാരി). സുജൂദില്‍ നിന്ന് എഴുന്നേല്‍ക്കുമ്പോള്‍ കൈകളില്‍ ഊന്നല്‍ നല്‍കി എഴുന്നേല്‍ക്കുമെന്നാണ് ഹദീസില്‍ ഉള്ളത്. ഇപ്പോള്‍ ചിലര്‍ ചെയ്യുന്നത് പോലെ മാവ് കുഴക്കുന്ന രൂപത്തില്‍ മുഷ്ടി കുത്തി എഴുന്നേല്‍ക്കുമെന്ന് പറഞ്ഞിട്ടില്ല.
അബ്ദുല്ലാഹിബ്‌നി ഉമര്‍(റ) പറയുന്നു: ‘നബി(സ) സുജൂദില്‍ നിന്നു തല ഉയര്‍ത്തിയാല്‍ രണ്ട് കൈകളും ഉയര്‍ത്തുന്നതിന് മുമ്പ് രണ്ട് കൈകളും നിലത്ത് വെച്ച് അതില്‍ ഊന്നിക്കൊണ്ടായിരുന്നു ഖിയാമിലേക്ക് പ്രവേശിച്ചിരുന്നത്’. പൊടികുഴക്കുന്ന രൂപത്തില്‍ എന്നര്‍ഥം വരുന്ന പദം ഈ ഹദീസില്‍ പ്രയോഗിച്ചിട്ടില്ല. ‘മുഅ്തമിദന്‍’ എന്ന പദമാണ് ബുഖാരി ഉദ്ധരിച്ച ഹദീസില്‍ വന്നിട്ടുള്ളത്. (ഫത്ഹുല്‍ ബാരി 3:283) സുനനുന്നസാഇയിലും ‘ഫഅ്തമദ അലല്‍ അര്‍ളി’ എന്നാണ് വന്നിട്ടുള്ളത്. ഔനുല്‍ മഅ്ബൂദ്, കിതാബുസ്സലാത്ത് 3:199ല്‍ പരാമര്‍ശിക്കുന്നതും ഇതു തന്നെയാണ്.
ഇബ്നു ഉമര്‍(റ) റിപ്പോര്‍ട്ട് ചെയ്ത ഹദീസില്‍ ‘മാവ് കുഴക്കുന്ന’ എന്ന അര്‍ഥം വരുന്ന യഅ്ജിനു എന്ന പദം വന്നിട്ടുണ്ടെന്നും അതുകൊണ്ടാണ് മുഷ്ടി നിലത്ത് കുത്തി എഴുന്നേല്‍ക്കുന്നതെന്നും ചിലര്‍ വാദിക്കാറുണ്ട്. എന്നാല്‍ ‘യഅ്ജിനു’ എന്ന പദത്തിന് അവിടെ കൊടുത്ത അര്‍ഥം യഅ്തമിദ എന്നാണ്. ഹദീസില്‍ വന്ന പദങ്ങളുടെ ആശയം വിവരിക്കുന്ന ഗ്രന്ഥമായ നിഹായയില്‍ പറയുന്നതാണ് മുകളില്‍ കൊടുത്തത്. (നിഹായ 3:171).
പ്രസിദ്ധ അറബി നിഘണ്ടുവായ ലിസാനുല്‍ അറബില്‍ പറയുന്നതും ഇതു തന്നെ. (9:72) ഇത്രയും വ്യക്തമായ സ്ഥിതിയില്‍ മുഷ്ടി കുത്തി എഴുന്നേല്‍ക്കുന്നത് പുതിയ വ്യാഖ്യാനമാണ് എന്ന് നിരീക്ഷിക്കാം.