നമസ്‌കാരത്തിന്റെ രൂപം സ്ഥിരപ്പെട്ട ഹദീസുകളിലും മദ്ഹബീ വീക്ഷണത്തിലും
എ അബ്ദുല്‍അസീസ് മദനി
ഒരു മുസ്‌ലിം ദിനേന നമസ്‌കരിക്കേണ്ടത് എങ്ങനെയെന്ന് വ്യക്തമായ ഹദീസുകളില്‍ വന്നിട്ടുണ്ട്. നമസ്‌കരിക്കാനുള്ള ആഹ്വാനവുമായി ജിബ്രീല്‍(അ) വന്നപ്പോള്‍ അതിന്റെ രൂപം നബി(സ)ക്ക് പഠിപ്പിച്ചു. ആ രൂപത്തില്‍ നമസ്‌കരിച്ച് നബി(സ) സ്വഹാബികള്‍ക്കും കാണിക്കുകയുണ്ടായി. എന്നിട്ട് പ്രവാചകന്‍ (സ) പറഞ്ഞു: ‘ഞാന്‍ നമസ്‌കരിക്കുന്നത് കണ്ടതുപോലെ നിങ്ങള്‍ നമസ്‌കരിക്കുവിന്‍.’ നമസ്‌കാരത്തിന്റെ റുക്നായ ഖിയാമിന് മുമ്പ് തന്നെ ഇന്ന നമസ്‌കാരമാണ് നിര്‍വഹിക്കുന്നത് എന്ന ഉദ്ദേശ്യം നമസ്‌കരിക്കുന്നവന്റെ മനസ്സില്‍ ഉണ്ടാവണം. നിയ്യത്ത് ഏത് ആരാധനയുടെയും അവിഭാജ്യ ഘടകമാണ്. ‘ഇന്നമല്‍ അഅ്മാലു ബിന്നിയ്യാത്തി’ എന്ന പ്രവാചകവചനം അതിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. ‘വമാ ഉമിറു ഇല്ലാ ലിയഅ്ബുദല്ലാഹ മുഖ്ലിസ്വീന ലഹുദ്ദീന്‍’ എന്ന ഖുര്‍ആന്‍ വചനം അതാണ് വ്യക്തമാക്കുന്നത്. നിയ്യത്തിന്റെ കേന്ദ്രം ഹൃദയമാണ്. എന്നാല്‍ നിയ്യത്ത് നാവു കൊണ്ട് വെളിവാക്കി പറയുന്ന രീതി ഇന്ന് കണ്ടുവരുന്നുണ്ട്. ഹജ്ജിനോ ഉംറക്കോ ഇഹ്റാം കെട്ടുമ്പോള്‍ മാത്രമാണ് നിയ്യത്ത് ഉച്ചരിക്കല്‍ സുന്നത്തായി നബി(സ) പഠിപ്പിച്ചിട്ടുള്ളത്.
നിയ്യത്ത്
മദ്ഹബുകളില്‍
നിയ്യത്ത് ഉച്ചരിക്കല്‍ സുന്നത്താണെന്ന് ശാഫിഈ മദ്ഹബില്‍ പറയുന്നു. എന്നാല്‍ നിയ്യത്ത് ഉച്ചരിക്കല്‍ ഖിലാഫല്‍ ഔലാ (ഏറ്റവും നല്ലതിന് എതിരായത്) ആണെന്ന് ഹനഫി മദ്ഹബില്‍ പറയുന്നു. നിയ്യത്ത് ഉച്ചരിക്കല്‍ ബിദ്അത്താണെന്ന് മാലികി മദ്ഹബില്‍ പറയുന്നു. ഹന്‍ബലി മദ്ഹബിലെ അഭിപ്രായവും അത് തന്നെയാണ്. ഇബ്നുല്‍ ഖയ്യിം (റ) പറയുന്നു:
‘റസൂല്‍(സ) നമസ്‌കരിക്കാന്‍ നിന്നാല്‍ അല്ലാഹു അക്ബര്‍ എന്നു പറയും. അതിന്റെ മുമ്പായി യാതൊന്നും പറയാറുണ്ടായിരുന്നില്ല. നിയ്യത്ത് ഉച്ചരിക്കാറുണ്ടായിരുന്നില്ല. ഞാന്‍ അല്ലാഹുവിന് വേണ്ടി ഇന്ന നമസ്‌കാരം ഖിബ്ലക്ക് നേരെ തിരിഞ്ഞ് നാല് റക്്അത്തുകള്‍ ഇമാമായോ മഅ്മൂമായോ അദാഅ് ആയോ ഖളാഅ് ആയോ ഇന്ന സമയത്തെ ഫര്‍ള് നമസ്‌കാരമെന്നോ പറയാന്‍ പാടില്ല. ഇങ്ങനെ പറയല്‍ ബിദ്അത്താവുന്നു. സ്വഹീഹായ പരമ്പരയിലൂടെയോ ദുര്‍ബലമായ പരമ്പരയിലൂടെയോ മുസ്നദോ മുര്‍സലോ ആയ പരമ്പരയിലൂടെയോ മുകളില്‍ പ്രസ്താവിച്ചത് പോലെയുള്ള ഒരു പറ്റം പോലും നബി(സ) ഉച്ചരിച്ചതായി ആരും ഉദ്ധരിച്ചിട്ടില്ല. സ്വഹാബികള്‍ ഒരാളും അങ്ങനെ ഉദ്ധരിച്ചിട്ടില്ല. താബിഉകളോ നാല് ഇമാമുകളോ ഒരാളും തന്നെ അത് നല്ലതായി കണ്ടിട്ടുമില്ല.
എന്നാല്‍ നോമ്പിനെപ്പോലെയല്ല നമസ്‌കാരമെന്ന ഇമാം ശാഫിഈ(റ)യുടെ വാക്ക് പില്‍ക്കാലക്കാരായ ചിലരെ വഞ്ചിച്ചു. ദിക്റ് കൊണ്ടല്ലാതെ ഒരാളും നമസ്‌കാരത്തില്‍ പ്രവേശിക്കുകയില്ല എന്ന വാക്കിനെ ചിലര്‍ തെറ്റിദ്ധരിച്ചു. ദിക്റ് എന്നത് കൊണ്ട് ശാഫിഈ ഇമാം ഉദ്ദേശിച്ചത് നിയ്യത്ത് ഉച്ചരിക്കലാണെന്ന് ചിലര്‍ വിചാരിച്ചു. എന്നാല്‍ ശാഫിഈ ഇമാം ദിക്റ് കൊണ്ട് ഉദ്ദേശിച്ചത് തക്ബീറത്തുല്‍ ഇഹ്‌റാമാണ്. ഒരു നമസ്‌കാരത്തിലും നബി(സ) ചെയ്തിട്ടില്ലാത്ത ഒരു കാര്യം ശാഫിഈ ഇമാം എങ്ങനെയാണ് സുന്നത്തായി കാണുക.’ (സാദുല്‍ മആദ് 1:201)
നിന്നു നമസ്‌കരിക്കല്‍
നിന്ന് നമസ്‌കരിക്കാന്‍ കഴിവുള്ളവന്‍ നിന്നു തന്നെ നമസ്‌കാരം നിര്‍വഹിക്കണം. സൂറത്ത് ആലുഇംറാനില്‍ അല്ലാഹു പറയുന്നു: ‘അല്ലദീന യദ്കുറൂനല്ലാഹ ഖിയാമന്‍ വ ഖുഊദന്‍, വഅലാ ജുനൂബിഹിം…’ (നിന്ന് കൊണ്ടും ഇരുന്നുകൊണ്ടും കിടന്നുകൊണ്ടും അല്ലാഹുവിനെ സ്മരിക്കുന്നവര്‍ അഥവാ നമസ്‌കരിക്കുന്നവര്‍). നിന്ന് നമസ്‌കരിക്കാന്‍ കഴിയാത്തവര്‍ ഇരുന്നും അതിനു കഴിയാത്തവര്‍ കിടന്നും എന്നിങ്ങനെ ക്രമപ്രകാരമായിട്ടാണ് നമസ്‌കാരത്തെക്കുറിച്ച് പ്രതിപാദിച്ചത്. നബി(സ) കാണിച്ച് തന്നതും അങ്ങനെ തന്നെ. വളരെ അവശനായ സന്ദര്‍ഭത്തില്‍ മാത്രമാണ് നബി(സ) ഇരുന്ന് നമസ്‌കരിച്ചത്.
ജമാഅത്ത് ആയി നമസ്‌കരിക്കുമ്പോള്‍ സ്വഫ്ഫ് വളയാതെയും വിടവുകളില്ലാതെയും ശ്രദ്ധിക്കണം. നബി(സ) എല്ലാ നമസ്‌കാര വേളയിലും പറയാറുണ്ട്: ‘നിങ്ങള്‍ അണികള്‍ ശരിപ്പെടുത്തുവിന്‍. അണികള്‍ ശരിപ്പെടുത്തല്‍ നമസ്‌കാരത്തിന്റെ പൂര്‍ണതയില്‍പ്പെട്ടതാണ്.’ കാല്‍ മടമ്പുകള്‍ നോക്കിയാണ് സ്വഫ്ഫ് ശരിയാക്കേണ്ടത്. ജമാഅത്തായി നമസ്‌കരിക്കണമെന്ന് നബി(സ) പറഞ്ഞത് മാനസിക ഐക്യവും സാഹോദര്യവും നിലനിര്‍ത്താനാണ്.
തക്ബീറത്തുല്‍
ഇഹ്റാം
സുഫ്യാനിബ്‌നു ഉയൈന സുഹ്രിയില്‍ നിന്നും സുഹ്രി സാലിമില്‍ നിന്നും സാലിം തന്റെ പിതാവില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്യുന്നു: ‘റസൂല്‍(സ) നമസ്‌കാരം ആരംഭിച്ചാല്‍ തന്റെ രണ്ട് കൈകളും രണ്ടു ചുമലുകള്‍ക്കു നേരെ ഉയര്‍ത്തുന്നതായി ഞാന്‍ കണ്ടു’ (മുസ്‌ലിം 390). ഇബ്നു ശിഹാബ് സാലിമിബ്‌നു അബ്ദുല്ലയില്‍ നിന്നു ഉദ്ധരിക്കുന്നു: ഇബ്നു ഉമര്‍(റ) പറഞ്ഞു: റസൂല്‍(സ) നമസ്‌കാരത്തിന് വേണ്ടി നിന്നാല്‍ തന്റെ രണ്ട് കരങ്ങളും ചുമലിന് നേരെ ഉയര്‍ത്തും (മുസ്്ലിം). രണ്ട് കൈകളും ഉയര്‍ത്തണമെന്ന കാര്യത്തില്‍ മാലികി മദ്ഹബുകാര്‍ ഒഴികെ മറ്റെല്ലാവരും യോജിപ്പിലാണ്. ഉയര്‍ത്തിയ കൈകള്‍ എവിടെ എങ്ങനെ വെക്കണമെന്ന കാര്യത്തില്‍ മദ്ഹബുകള്‍ വിയോജിക്കുന്നു.
വാഇലിബ്‌നു ഹജര്‍ പറയുന്നു: താന്‍ നബി(സ)യുടെ കൂടെ നമസ്‌കരിച്ചപ്പോള്‍ അവിടുന്ന് തന്റെ വലത് കൈ ഇടത് കൈയിന്മേല്‍ ആയി നെഞ്ചത്ത് വെച്ചു. ഇബ്നു ഖുസൈമ അബൂദാവൂദ്, നസാഈ തുടങ്ങിയ പണ്ഡിതന്മാര്‍ ഇത് ഉദ്ധരിച്ചിട്ടുണ്ട്. നബി(സ) തന്റെ വലത് കൈ ഇടത് കൈപടത്തിന്റെ സന്ധിയില്‍ പിടിച്ചുവെന്നും ഹദീസുകളില്‍ വന്നിട്ടുണ്ട്. ശേഷം അത് നെഞ്ചിന്മേല്‍ വെച്ചു. ചിലര്‍ രണ്ട് കൈപ്പടങ്ങളും പൊക്കിളിന് മുകളിലാണ് വെക്കേണ്ടതെന്ന് അഭിപ്രായപ്പെട്ടിട്ടുണ്ട്. അതാണ് ശാഫിഈ മദ്ഹബിലുള്ളത്. എന്നാല്‍ രണ്ട് കൈപടങ്ങളും പൊക്കിളിന് താഴെ വെക്കണമെന്ന് ഹനഫി മദ്ഹബ് അഭിപ്രായപ്പെടുന്നു. കൈ രണ്ടും തുടമേല്‍ വെച്ചാല്‍ മതി എന്ന് മാലികി മദ്ഹബുകാര്‍ അഭിപ്രായപ്പെടുന്നു.
പ്രാരംഭ പ്രാര്‍ഥന
തക്ബീറത്തുല്‍ ഇഹ്്റാമിന് ശേഷം പ്രാരംഭ പ്രാര്‍ഥന ചൊല്ലുന്നത് സുന്നത്താണ്. അബൂഹുറയ്‌റ പറയുന്നു: തക്ബീര്‍ ചൊല്ലിയതിന് ശേഷം നബി(സ) അല്‍പസമയം മൗനം പാലിക്കും. അതില്‍ ‘അല്ലാഹുമ്മ ബാഇദ് ബൈനീ വബൈന ഖത്വായായ കമാ ബാഅദ്ത്ത ബൈനല്‍ മശ്രിഖി വല്‍ മഗ്രിബി, അല്ലാഹുമ്മ നഖ്ഖിനീ മിന്‍ ഖത്വായായ കമാ യനഖ്വസ്സൗബുല്‍ അബ്‌യളു മിനദ്ദനസി, അല്ലാഹുമ്മഗ്സില്‍നീ മിന്‍ ഖത്വായായ ബിസ്സല്‍ജി വല്‍ മാഇ വല്‍ ബര്‍ദി’ എന്ന് ചൊല്ലുമായിരുന്നു. ഇമാം ബുഖാരി, മുസ്‌ലിം, അബൂദാവൂദ്, ഇബ്നുമാജ, നസാഈ തുടങ്ങിയവര്‍ ഇത് ഉദ്ധരിച്ചിട്ടുണ്ട്.
അലി(റ) നിവേദനം ചെയ്ത ഹദീസില്‍ വന്നത് ഇപ്രകാരമാണ്: ‘വജ്ജഹ്തു വജ്ഹിയ ലില്ലദീ ഫത്വറസ്സമാവാത്തി വല്‍ അര്‍ള ഹനീഫന്‍ മുസ്‌ലിമന്‍ വമാ അന മിനല്‍ മുശ്രിക്കീന്‍, ഇന്ന സ്വലാത്തീ വനുസുകീ വമഹ്‌യായ വമമാതി ലില്ലാഹി റബ്ബില്‍ ആലമീന്‍, ലാശരീക ലഹു വബിദാലിക ഉമിര്‍ത്തു വ അനമിനല്‍ മുസ്‌ലിമീന്‍. അല്ലാഹുമ്മ അന്‍തല്‍ മലികു ലാഇലാഹ ഇല്ലാ അന്‍ത്ത റബ്ബീ വഅന അബ്ദുക ദ്വാലമത്തു നഫ്സീ വളഅതറഫ്തു ബിദന്‍ബീ…’. വേറെയും പ്രാര്‍ഥനകള്‍ ഹദീസുകളില്‍ വന്നിട്ടുണ്ട്.
ഫാത്തിഹ ചൊല്ലല്‍
നമസ്‌കാരത്തില്‍ സൂറതുല്‍ ഫാതിഹ പാരായണം ചെയ്യല്‍ നിര്‍ബന്ധമാണ്. ഇമാമിന്റെ കൂടെയാണെങ്കിലും ഒറ്റക്കാണെങ്കിലും ഫാതിഹ ഓതണം. ഇമാമും മഅ്മൂമും ഫാതിഹ ഓതണം. ഓരോ റകഅത്തിലും ഫാത്തിഹ ഓതല്‍ നിര്‍ബന്ധമാണെന്ന് സ്വഹീഹായ ഹദീസുകളില്‍ വന്നിട്ടുണ്ട്. ഫാതിഹ പാരായണം ചെയ്യുമ്പോള്‍ അല്‍ ഇസ്തആദത്ത് (അഊദു ബില്ലാഹി മിനശൈത്വാനി റജീം) എന്ന് ചൊല്ലേണ്ടതുണ്ടോ എന്ന കാര്യത്തില്‍ പണ്ഡിതന്മാര്‍ക്കിടയില്‍ ഭിന്നാഭിപ്രായമുണ്ട്. ചൊല്ലണമെന്ന് അഭിപ്രായപ്പെട്ടവര്‍ ‘ഫഇദാ ഖറഅ്ത്തുല്‍ ഖുര്‍ആന ഫസ്തഇദ്ബില്ലാഹി’ എന്ന വചനമാണ് തെളിവായി പറയുന്നത്. എന്നാല്‍ ഇസ്തആദത്ത് ചൊല്ലേണ്ടതില്ല എന്ന് പറയുന്നവര്‍ അത് പൊതുവില്‍ പറഞ്ഞതാണെന്നും നബി(സ) ഫാതിഹ ചൊല്ലിയപ്പോള്‍ ഇസ്തിആദത്ത് ചൊല്ലിയതായി ഹദീസുകളില്‍ വന്നിട്ടില്ലെന്നും പറയുന്നു.
ബസ്മലത്ത്
സൂറത്തുനംലിലെ ഒരു ആയത്താണ് ബിസ്മില്ലാഹി റഹ്‌മാനി റഹീം എന്നതില്‍ എല്ലാ പണ്ഡിതന്മാരും ഏകോപിച്ചിട്ടുണ്ട്. എന്നാല്‍ മറ്റ് സൂറത്തുകളില്‍ ബിസ്മി ഒരു ആയത്തായി ഉള്‍പ്പെടുമോ എന്ന കാര്യത്തില്‍ മൂന്ന് അഭിപ്രായങ്ങള്‍ വന്നിട്ടുണ്ട്.
ഫാത്തിഹയിലും മറ്റ് സൂറത്തുകളിലും പെട്ട ആയത്താണ് ബിസ്മില്ലാഹിര്‍റഹ്്മാനിര്‍റഹീം എന്നതാണ് ഒരു അഭിപ്രായം. ‘അബൂഹുറയ്‌റയുടെ പിന്നില്‍ നിന്ന് ഞാന്‍ നമസ്‌കരിച്ചപ്പോള്‍ അദ്ദേഹം ഫാതിഹ ഓതിയപ്പോള്‍ ബിസ്മി ചൊല്ലി’ എന്നു നുഐമുല്‍ മുജമ്മിര്‍ റിപ്പോര്‍ട്ട് ചെയ്ത ഒരു അസര്‍ ആണ് ഈ വിഭാഗം തെളിവായി ഉദ്ധരിക്കുന്നത്.
എന്നാല്‍ ബിസ്മി ഫാത്തിഹയിലെ ഒരു ആയത്തല്ല എന്നതാണ് രണ്ടാമത്തെ അഭിപ്രായം. അനസ്(റ) റിപ്പോര്‍ട്ട് ചെയ്ത ഹദീസാണ് ഇതിന് തെളിവായി ഉദ്ധരിക്കുന്നത്. അനസ്(റ) പറഞ്ഞു: ‘ഞാന്‍ റസൂലിന്റെയും(സ) അബൂബക്കര്‍, ഉമര്‍, ഉസ്മാന്‍(റ) എന്നിവരുടെയും പിന്നില്‍ നിന്നു നമസ്‌കരിച്ചിട്ടുണ്ട്. അവരാരും ബിസ്മില്ലാഹി റഹ്‌മാനി റഹീം എന്ന് ഉറക്കെ ഓതിയിരുന്നില്ല.’ ഇമാം ബുഖാരിയും മുസ്‌ലിമും പരിഗണിക്കുന്ന നിബന്ധനയോട് യോജിച്ചു വന്ന പരമ്പരയോടെയാണ് നസാഈ, ഇബ്നുഹിബ്ബാന്‍, ത്വഹാവി എന്നീ ഹദീസ് പണ്ഡിതന്മാര്‍ ഈ ഹദീസ് ഉദ്ധരിച്ചിട്ടുള്ളത്. ഈ വിഷയത്തില്‍ വന്ന ഏറ്റവും പ്രബലമായ ഹദീസാണിത്.
മൂന്നാമത്തെ അഭിപ്രായം, ഫാത്തിഹയിലോ മറ്റ് സൂറത്തുകളിലോ ബിസ്മില്ലാഹിര്‍ റഹ്‌മാനി റഹീം എന്നത് ആയത്ത് ആയി വന്നിട്ടേയില്ല എന്നതാണ്. ഇത് പ്രബലമായ അഭിപ്രായമല്ല. ഏതായിരുന്നാലും നബി(സ) എപ്പോഴും ബിസ്മി ഉറക്കെ ഓതിയിരുന്നില്ല എന്ന് പ്രസിദ്ധ പണ്ഡിതനായ ഇബ്നുല്‍ ഖയ്യിം(റ) അഭിപ്രായപ്പെട്ടിട്ടുണ്ട്.
ആമീന്‍ ചൊല്ലല്‍
ഫാതിഹ ഓതി തീരുമ്പോള്‍ ആമീന്‍ പറയല്‍ സുന്നത്താണ്. ജമാഅത്തായോ ഒറ്റക്കായോ നമസ്‌കരിക്കുമ്പോഴും ആമീന്‍ പറയണം. ഉറക്കെ ഓതുന്ന നമസ്‌കാരത്തില്‍ ഉറക്കെയും പതുക്കെ ഓതുന്ന നമസ്‌കാരത്തില്‍ പതുക്കെയും ആമീന്‍ പറയണം. അബൂഹുറയ്‌റ പറയുന്നു: റസൂല്‍(സ) ‘ഗൈ്വരില്‍ മഗ്ദ്വൂബി അലൈഹിം വലദ്ദ്വാലീന്‍’ എന്ന് ഓതിക്കഴിഞ്ഞാല്‍ ആമീന്‍ എന്ന് ചൊല്ലുമായിരുന്നു. ശബ്ദം ഉയര്‍ത്തിയാണ് അവിടുന്ന് ഇത് ചൊല്ലിയിരുന്നത്. ഇമാം അഹ്‌മദ്, അബൂദാവൂദ് എന്നിവര്‍ ഈ ഹദീസ് ഉദ്ധരിച്ചിട്ടുണ്ട്.
‘ഇമാം ‘വലദ്ദ്വാലീന്‍’ എന്ന് പറഞ്ഞാല്‍ നിങ്ങള്‍ ആമീന്‍ എന്ന് പറയുവിന്‍. കാരണം തന്റെ ആമീന്‍ ചൊല്ലലിനോട് മലക്കുകളുടെ ആമീന്‍ ചൊല്ലലും യോജിച്ച് വന്നാല്‍ അവന്റെ കഴിഞ്ഞ തെറ്റുകള്‍ അവന് പൊറുക്കപ്പെടും.’ ഇമാം ബുഖാരി പ്രസ്തുത ഹദീസ് ഉദ്ധരിച്ചു. സൂറത്തുല്‍ ഫാത്തിഹക്ക് ശേഷം ഏതെങ്കിലും സൂറത്തുകള്‍ ഓതല്‍ സുന്നത്താണ്.
റുകൂഅ്
നമസ്‌കാരത്തിന്റെ റുകുനുകളില്‍ പെട്ട മറ്റൊന്നാണ് റുകൂഅ്. താഴ്മയോടെ കുമ്പിട്ട് നില്‍ക്കലാണ് റുകൂഇന്റെ രൂപം. വിരലുകള്‍ വിടര്‍ത്തി വലത് കൈപത്തിയുടെ ഉള്‍ഭാഗം വലത് കാല്‍മുട്ടിന്മേലും ഇടത് കൈപ്പത്തിയുടെ ഉള്‍ഭാഗം ഇടതു കാല്‍മുട്ടിന്മേലും വെച്ച് മുതുകും പുറവും ഒരേ രീതിയില്‍ വരുന്ന വിധം കുനിഞ്ഞ് നില്‍ക്കലാണ് റുകൂഇന്റെ ശരിയായ രൂപം. നബി(സ) അങ്ങനെയാണ് റുകൂഅ് ചെയ്തിരുന്നതെന്ന് അഹ്‌മദ്, അബൂദാവൂദ്, നസാഈ തുടങ്ങിയവര്‍ ഉദ്ധരിച്ചിട്ടുണ്ട്.
ഹുദൈഫ(റ) പറയുന്നു: ഞാന്‍ നബി(സ)യുടെ കൂടെ നമസ്‌കരിച്ചു. അദ്ദേഹം റുകൂഇല്‍ ‘സുബ്ഹാന റബ്ബിയല്‍ അദ്വീം’ എന്ന് ചൊല്ലുമായിരുന്നു. ഇമാം മുസ്‌ലിം, തിര്‍മിദി, ഇബ്നുമാജ, അബൂദാവൂദ്, നസാഈ എന്നിവര്‍ ഇത് ഉദ്ധരിച്ചിട്ടുണ്ട്. റുകൂഇലും സുജൂദിലും ഖുര്‍ആന്‍ ഓതുന്നത് റസൂല്‍(സ) വിരോധിച്ചിട്ടുണ്ടെന്ന് അലി(റ) പറഞ്ഞതായി ഇമാം മുസ്‌ലിം ഉദ്ധരിച്ചിട്ടുണ്ട്.
ഇബ്നു അബ്ബാസ്(റ) പറയുന്നു: റുകൂഅ് ചെയ്യുന്നവനായിരിക്കെ ഖുര്‍ആന്‍ ഓതുന്നതില്‍ നിന്നു നിരോധിക്കപ്പെട്ടു. റുകൂഇല്‍ അല്ലാഹുവിനെ പ്രകീര്‍ത്തിക്കുകയാണ് (തസ്ബീഹ്) ചെയ്യേണ്ടത്. ആഇശ(റ) പറയുന്നു: ‘റസൂല്‍(സ) റുകൂഇലും സുജൂദിലും അധികമായി ചൊല്ലിയിരുന്നത് ‘സുബ്ഹാനകല്ലാഹുമ്മ റബ്ബനാ വബിഹംദികല്ലാഹുമ്മഗ്ഫിര്‍ലീ’ എന്നായിരുന്നു.’ റുകൂഇലും സുജൂദിലും ഒന്നും ചൊല്ലിയില്ലെങ്കിലും നമസ്‌കാരത്തിന്റെ സ്വീകാര്യതക്ക് തടസ്സമാവുകയില്ല. റുകൂഇല്‍ തുമഅ്നീനത്ത് (അടക്കം) ആവശ്യകത തന്നെയാണ്.
ഇഅ്തിദാല്‍
റുകൂഇല്‍ നിന്നു ‘സമിഅല്ലാഹു ലിമന്‍ ഹമിദഹു’ എന്നു ചൊല്ലി രണ്ട് കൈകളും ഉയര്‍ത്തി ഇഅ്തിദാലില്‍ പ്രവേശിക്കണം. നബി(സ) റുകൂഇല്‍ നിന്നും തല ഉയര്‍ത്തിയാല്‍ രണ്ട് കൈകളും ഉയര്‍ത്തുമായിരുന്നു എന്ന് ഇമാം ബുഖാരിയും മുസ്്ലിമും ഉദ്ധരിച്ച ഹദീസുകളില്‍ പറയുന്നു.
ഇഅ്തിദാലില്‍ നെഞ്ചത്ത് കൈവെക്കുന്ന ചിലരെ കാണാം. ഇഅ്തിദാലില്‍ നബി(സ) കൈ നെഞ്ചത്ത് വെച്ചിരുന്നതായോ അങ്ങനെ നിര്‍ദേശിച്ചതായോ ഹദീസുകളില്‍ വന്നിട്ടില്ല. റുകൂഇലേക്ക് പോകുന്നതിന്റെ മുമ്പ് അഥവാ ഖിയാമില്‍ നെഞ്ചത്ത് കൈവെച്ചിരുന്നുവെന്നും റുകൂഇനു ശേഷം ആദ്യത്തെ അവസ്ഥയിലേക്ക് മടങ്ങണമെന്ന് പറഞ്ഞതിന്റെ ഉദ്ദേശ്യം ഖിയാമിന്റെ അവസ്ഥയിലേക്കു തന്നെ മടങ്ങണമെന്നാണ് എന്ന നിലയില്‍ ചിലര്‍ മനസ്സിലാക്കിയതാണ് അങ്ങനെ ചെയ്യാനുള്ള കാരണം.
പിന്നീട് നബി(സ) ചൊവ്വായ രൂപത്തില്‍ ശിരസ്സ് റുകൂഇല്‍ നിന്നും ഉയര്‍ത്തി. എല്ലാ കശേരുക്കളും ചൊവ്വായ അവസ്ഥയില്‍ വരത്തക്ക വിധം നിവര്‍ന്ന് നിന്നുകൊണ്ട്. കൈ എവിടെ വെക്കണം എന്ന് പറഞ്ഞിട്ടില്ലാത്തതിനാല്‍ അസ്ലിലേക്ക് മടങ്ങണമെന്നാണ് സുഊദി ഗ്രാന്റ് മുഫ്തിയായിരുന്ന ഇബ്നുബാസ്(റ) പറഞ്ഞത്. ഇത് തന്റെ അഭിപ്രായമാണെന്ന് കൂടി ഇബ്നു ബാസ് പറഞ്ഞിട്ടുണ്ട്.
‘സമിഅല്ലാഹു ലിമന്‍ ഹമിദഹു’ എന്ന് ഇമാമിനെപ്പോലെ മഅ്മൂമും പറയണമെന്നുണ്ടോ എന്നതില്‍ ഭിന്നാഭിപ്രായമുണ്ട്. മഅ്മൂമും സമിഅല്ലാഹു ലിമന്‍ ഹമിദഹു എന്ന് പറയല്‍ സുന്നത്താണെന്ന് സ്വഹാബിമാരെ ദര്‍ശിച്ച അത്വാഅ്(റ) പറയുന്നു. (മുസന്നഫ്- അബ്ദുര്‍റസാഖ്), ഇഅ്തിദാലില്‍ ‘റബ്ബനാ ലകല്‍ ഹംദു മില്‍അസ്സമാവാത്തി വ മില്‍അല്‍ അര്‍ളി വ മില്‍അ മാ ശിഅ്ത്ത മിന്‍ ശൈഇന്‍ ബഅ്ദു’ എന്നു പ്രാര്‍ഥിക്കല്‍ നല്ലതാണ്. (മുസ്‌ലിം).