നമസ്‌കാരത്തിന്റെ ആത്മാവ് തമിഴ് പരിഭാഷ പ്രകാശനം ചെയ്തു
തൃശിനാപ്പള്ളി: യുവത ബുക്‌സിന്റെ ഇംപ്രിന്റായ ഉര്‍വ ബുക്‌സ് പ്രസിദ്ധീകരിച്ച ‘നമസ്‌കാരത്തിന്റെ ആത്മാവ്’ പുസ്തകത്തിന്റെ തമിഴ് പരിഭാഷ ‘തൊഴുകൈയിന്‍ ആത്മാ’ പ്രകാശിതമായി. യൂസുഫ് ഫാറൂഖി എഴുതിയ ഈ കൃതിയുടെ നാല് പതിപ്പുകള്‍ ഇതിനകം പ്രസിദ്ധീകരിച്ചിട്ടുണ്ട്. തൃശിനാപ്പള്ളി അല്‍ഹുദാ ഓര്‍ഫനേജിന് കീഴിലുള്ള അല്‍ഹുദാ പബ്ലിക്കേഷന്‍സാണ് തമിഴ് പതിപ്പ് പ്രസിദ്ധീകരിച്ചത്. ട്രിച്ചി ജമാല്‍ മുഹമ്മദ് കോളജിലെ പ്രൊഫ. പി മുഹമ്മദ് നജീബ്, ഡോ. ഡബ്ലിയു മുഹമ്മദ് യൂനുസ് എന്നിവരാണ് പുസ്തകം തമിഴിലേക്ക് പരിഭാഷപ്പെടുത്തിയത്. അല്‍ഹുദാ ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷന്‍ പ്രസിഡന്റ് മൗലവി കമാലുദ്ദീന്‍ മദനി ജംഇയ്യത്തു അഹ്‌ലുല്‍ ഖുര്‍ആന്‍ വല്‍ ഹദീസ് പ്രസിഡന്റ് എസ് ഐ അബ്ദുല്‍ഖാദര്‍ മദനിക്ക് നല്‍കി പ്രകാശനം ചെയ്തു. പി അബ്ദുസ്സമദ് എം എല്‍ എ, പ്രൊഫ. ടി സി അബ്ദുല്‍മജീദ്, ഡോ. ഡബ്ലിയു മുഹമ്മദ് യൂനുസ്, എം യൂസുഫ് മിസ്ബാഹി, പ്രൊഫ. പി മുഹമ്മദ് നജീബ്, പി നൂര്‍ മുഹമ്മദ്, യൂസുഫ് ഫാറൂഖി എന്നിവര്‍ പങ്കെടുത്തു.