13 Monday
January 2025
2025 January 13
1446 Rajab 13

നമസ്‌കാരം; സ്വഫ്ഫ് ക്രമീകരണം

പി കെ മൊയ്തീന്‍ സുല്ലമി


ജമാഅത്ത് നമസ്‌കാരത്തിന്റെ പ്രതിഫലം സമ്പൂര്‍ണമായി ലഭിക്കണമെങ്കില്‍ നമ്മുടെ സ്വഫ്ഫുകള്‍ ശരിയാകണം, അഥവാ സ്വഫ്ഫുകള്‍ക്കിടയില്‍ വിടവോ വളവോ ഉണ്ടാകാന്‍ പാടില്ല. നബി(സ) പറഞ്ഞതായി അബൂഹുറൈറ(റ) പ്രസ്താവിച്ചു: പുരുഷന്മാരുടെ ഏറ്റവും ശ്രേഷ്ഠമായ സ്വഫ്ഫ് ആദ്യത്തേതും ഏറ്റവും മോശപ്പെട്ടത് അവസാനത്തേതുമാണ്. സ്ത്രീകളുടെ ഏറ്റവും ശ്രേഷ്ഠമായ സ്വഫ്ഫ് അവസാനത്തേതും ഏറ്റവും മോശപ്പെട്ടത് ആദ്യത്തേതുമാണ്’ (മുസ്‌ലിം). മേല്‍പറഞ്ഞ ഹദീസ് അന്യപുരുഷന്മാരോടൊപ്പം സ്ത്രീകള്‍ നമസ്‌കരിക്കുമ്പോഴാണ്. എന്നാല്‍ സ്ത്രീകള്‍ മാത്രം നമസ്‌കരിക്കുന്ന പക്ഷം ഏറ്റവും ശ്രേഷ്ഠമായ സ്വഫ്ഫ് ആദ്യത്തേതും മോശപ്പെട്ടത് അവസാനത്തേതുമാണ്. ഇമാം നവവി(റ)യുടെ പ്രസ്താവന: ‘എന്നാല്‍ സ്ത്രീകള്‍ വേര്‍തിരിഞ്ഞ് (പുരുഷന്മാരില്ലാതെ) നമസ്‌കരിക്കുമ്പോള്‍ അത് പുരുഷന്മാര്‍ സ്വയം നമസ്‌കരിക്കുന്നതുപോലെയാണ്. (ആദ്യത്തെ സ്വഫ്ഫാണ് ശ്രേഷ്ഠം). അപ്പോള്‍ അതില്‍ ഏറ്റവും മോശപ്പെട്ടത് അവസാനത്തെ സ്വഫ്ഫായിരിക്കും’ (സ്വഹീഹ് മുസ്‌ലിം 2:395).
ഒരു സ്വഫ്ഫില്‍ ഒറ്റപ്പെട്ട് നമസ്‌കരിക്കുന്ന ചില വ്യക്തികള്‍ മുന്‍ സ്വഫ്ഫില്‍ നിന്നു താഴെ സ്വഫ്ഫിലേക്ക് പിടിച്ചുവലിക്കുന്ന ചില സമ്പ്രദായമുണ്ട്. അതത്ര നല്ല കാര്യമല്ല. കാരണം ഒരു സ്വഫ്ഫില്‍ ഒരാള്‍ ഒറ്റപ്പെട്ട് നമസ്‌കരിക്കാന്‍ പാടില്ല എന്ന് പറയുന്ന ഹദീസ് അത്രകണ്ട് സ്വീകാരയോഗ്യമൊന്നുമല്ല. ഇബ്‌നു ഹജറുല്‍ അസ്ഖലാനിയുടെ വാക്കുകള്‍: ‘ഒരു സ്വഫ്ഫില്‍ ഒറ്റപ്പെട്ട് നമസ്‌കരിക്കുന്നവന് നമസ്‌കാരമില്ല. അഥവാ അതുകൊണ്ട് ഉദ്ദേശിക്കുന്നത് പുരുഷന്മാരെ പ്രത്യേകം ലക്ഷ്യംവെച്ചുകൊണ്ടാണ്. മേല്‍പറഞ്ഞ ഹദീസ് ഇബ്‌നു ഹിബ്ബാന്‍(റ) അലിയ്യുബ്‌നു ശൈബാനില്‍ നിന്നും ഉദ്ധരിക്കുന്നതാണ്. അത് സ്വഹീഹാണോ എന്ന വിഷയത്തില്‍ തര്‍ക്കമുണ്ട്’ (ഫത്ഹുല്‍ബാരി 3:140). ഇബ്‌നു ഹജര്‍(റ) വീണ്ടും രേഖപ്പെടുത്തി: സ്വഹീഹുല്‍ ബുഖാരിയില്‍ ഇങ്ങനെ ഒരധ്യായമുണ്ട്. സ്വഫ്ഫില്‍ എത്തിപ്പെടുന്നതിനു മുമ്പ് റുകൂഇല്‍ പ്രവേശിക്കുന്ന അധ്യായം. ഈ പ്രസ്താവന ഒരു വ്യക്തി സ്വഫ്ഫില്‍ ഒറ്റയ്ക്ക് നമസ്‌കരിച്ചാലും സ്വീകാരയോഗ്യമാകുമെന്ന് ഇബ്‌നു ബത്വാന്‍(റ) തെളിവാക്കിയിരിക്കുന്നു’ (ഫത്ഹുല്‍ബാരി 3:140).
മേല്‍ പറഞ്ഞ സംഭവം വിശദീകരിക്കപ്പെടുന്നത് ഇപ്രകാരമാണ്. ‘അബൂബക്‌റത്(റ) നബി(സ)യിലേക്ക് പുറപ്പെട്ടു. അദ്ദേഹം നബി(സ) റുകൂഇല്‍ നിലകൊള്ളുന്ന അവസ്ഥയിലായിരുന്നു. അപ്പോള്‍ അദ്ദേഹം (അബൂബകറത്ത്) സ്വഫ്ഫില്‍ എത്തിപ്പെടുന്നതിനു മുമ്പ് റൂകൂഇല്‍ പ്രവേശിച്ചു. അത് നബി(സ)യോട് പറയപ്പെട്ടു. അപ്പോള്‍ നബി(സ) ഇപ്രകാരം പറഞ്ഞു: താങ്കളുടെ അത്യാഗ്രഹം അല്ലാഹു വര്‍ധിപ്പിക്കട്ടെ. ഇപ്രകാരം താങ്കള്‍ ആവര്‍ത്തിക്കരുത്’ (ബുഖാരി 783). മേല്‍ ഹദീസിനെ വിശദീകരിച്ചുകൊണ്ട് ഇബ്‌നു ഹജര്‍(റ) രേഖപ്പെടുത്തിയത് കാണുക: ‘വാബിസ്വ(റ)യില്‍ നിന്നും ഉദ്ധരിക്കുന്ന അബൂബറകതി(റ)ന്റെ ഈ ഹദീസ്, അതില്‍ നബി(സ)യുടെ കല്‍പന സുന്നത്തിനെ സ്പര്‍ശിക്കുന്നതാണെന്ന് ഇമാം ശാഫിഈ(റ)യും മറ്റു ചിലരും പ്രസ്താവിച്ചിരിക്കുന്നു. അദ്ദേഹത്തോട് നബി(സ) പ്രസ്തുത നമസ്‌കാരം മടക്കി നിര്‍വഹിക്കാന്‍ കല്‍പിക്കുകയുണ്ടായില്ല. ഇമാം ബൈഹഖി മുഗീറത്ത്(റ) വഴിയായി ഉദ്ധരിച്ച ഹദീസില്‍ ഇപ്രകാരം വന്നിട്ടുണ്ട്. വല്ലവനും സ്വഫ്ഫിന്റെ പിന്നില്‍ ഒറ്റപ്പെട്ട് നമസ്‌കരിക്കുന്നപക്ഷം അവന്റെ നമസ്‌കാരം സമ്പൂര്‍ണമാണ്. ഈ ഹദീസിന് യാതൊരു ദുര്‍ബലതയുമില്ല’ (ഫത്ഹുല്‍ബാരി 3:228).
പ്രസ്തുത ഹദീസിനെക്കുറിച്ച് ജലാലുദ്ദീനുസ്സുയൂഥിയുടെ പ്രതികരണം ഇപ്രകാരമാണ്: ‘സ്വഫ്ഫില്‍ ഒറ്റയ്ക്ക് നമസ്‌കരിക്കുന്നവന്റെ നമസ്‌കാരം സമ്പൂര്‍ണമാണ്’ എന്ന ബൈഹഖി മുഗീറത്ത്(റ) വഴിയായി ഉദ്ധരിച്ച ഹദീസ് ദുര്‍ബലതയില്ലാത്തതും സ്വഹീഹുമാണ്. പക്ഷെ അവന് ഇരുപതില്‍ ചില്ല്വാനം പ്രതിഫലം ലഭിക്കില്ല. അതാണല്ലോ ജമാഅത്ത് നമസ്‌കാരത്തിന്റെ ശ്രേഷ്ഠത’ (അല്‍ഹാവീ 1:75). പ്രമുഖ പണ്ഡിതനായ സയ്യിദ് സാബിഖി(റ)ന്റെ നിരീക്ഷണം ശ്രദ്ധിക്കുക: ‘നബി(സ) റുകൂഇലായിരിക്കെ സ്വഫ്ഫില്‍ പ്രവേശിക്കുന്നതിനു മുമ്പ് റുകൂഇല്‍ പ്രവേശിച്ച അബൂബകറത്തി(റ)നോട് നബി(സ) പറയുകയുണ്ടായി. അല്ലാഹു താങ്കളുടെ അത്യാഗ്രഹം വര്‍ധിപ്പിക്കട്ടെ. ഇത് താങ്കള്‍ ആവര്‍ത്തിക്കരുത്’ (അഹ്മദ്, ബുഖാരി, അബൂദാവൂദ്, നസാഈ). എന്നാല്‍ സ്വഫ്ഫില്‍ ഒറ്റയ്ക്ക് നമസ്‌കരിക്കുന്നവന്റെ നമസ്‌കാരം സാധുവായിത്തീരും എന്നതാണ് ബഹുഭൂരിപക്ഷം പണ്ഡിതന്മാരുടെയും അഭിപ്രായം. പക്ഷേ കറാഹത്തോടു കൂടിയാണ്. ഒരാള്‍ നമസ്‌കരിക്കാന്‍ വന്നപ്പോള്‍ സ്വഫ്ഫില്‍ നില്‍ക്കാന്‍ സ്ഥലമില്ലാത്തപക്ഷം അയാള്‍ക്ക് സ്വഫ്ഫില്‍ ഒറ്റയ്ക്ക് നമസ്‌കരിക്കാവുന്നതാണ്. അത്തരം സന്ദര്‍ഭത്തില്‍ ഒരാളെ പിടിച്ചുവലിക്കല്‍ കറാഹത്താണ് (ഗുണകരമല്ല)’ (ഫിഖ്ഹുസ്സുന്ന 1: 243, 244).
സ്വഫ്ഫില്‍ ഒരാള്‍ ഒറ്റയ്ക്ക് നമസ്‌കരിക്കുന്നതുകൊണ്ട് കുഴപ്പമൊന്നുമില്ല എന്നാണ് പ്രമുഖ സലഫീ പണ്ഡിതനായ ഇമാം ശൗക്കാനിയുടെ അഭിപ്രായം: ‘സ്വഫ്ഫില്‍ ഒരാള്‍ ഒറ്റയ്ക്ക് നമസ്‌കരിക്കുന്നതിനെക്കുറിച്ച് പണ്ഡിതന്മാര്‍ വ്യത്യസ്ത അഭിപ്രായക്കാരാണ്. ഒരു വിഭാഗം പറയുന്നു. അത് സ്വഹീഹോ അനുവദനീയമോ അല്ല. ഇമാം നസാഈ, ഹസനുബ്‌നു സ്വാലിഹ്, അഹ്മദ്, ഇസ്ഹാഖ്, ഹമ്മാദുബ്‌നു അബീലൈല, വഖീഅ് എന്നിവര്‍ പ്രസ്തുത അഭിപ്രായക്കാരാണ്. ഹസനുല്‍ ബസ്വരി, ഔസാഈ, ഇമാം മാലിക്, ഇമാം ശാഫിഈ എന്നിവരെല്ലാം പ്രസ്തുത നമസ്‌കാരം സ്വഹീഹും അനുവദനീയവുമാകുമെന്ന അഭിപ്രായക്കാരാണ്’ (നൈലുല്‍ ഔത്വാര്‍ 3:210).
ഒരു വിഷയത്തില്‍ പണ്ഡിതന്മാര്‍ക്ക് ഒരുപാട് അഭിപ്രായങ്ങളുണ്ടായേക്കാം. സത്യവിശ്വാസികള്‍ പ്രമാണമാക്കേണ്ടത് വിശുദ്ധ ഖുര്‍ആനും തിരുസുന്നത്തുമാണ്. അല്ലാഹു അരുളി: ‘നിങ്ങള്‍ ഒരു കാര്യത്തില്‍ ഭിന്നിച്ചാല്‍ ഭിന്നിപ്പിനെ അല്ലാഹുവിങ്കലേക്കും റസൂലിലേക്കും മടക്കുവിന്‍’ (നിസാഅ് 59). അപ്പോള്‍ ഈ വിഷയത്തിലും നമുക്ക് നബി(സ)യുടെ ചര്യയിലേക്ക് മടങ്ങാം. നബി(സ)യുടെ പിന്നില്‍ ഒരു സ്വഫ്ഫില്‍ ഒരാള്‍ മാത്രം നമസ്‌കരിച്ച സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഒരു സംഭവം ശ്രദ്ധിക്കുക: ‘ഇബ്‌നു അബ്ബാസ്(റ) പ്രസ്താവിച്ചു: ഞാന്‍ എന്റെ ഇളയുമ്മ മൈമൂന(റ)യുടെ വീട്ടില്‍ രാപാര്‍ക്കുകയുണ്ടായി. നബി(സ) ഇശാ നമസ്‌കാരം നിര്‍വഹിക്കുകയും പിന്നീട് ഉറങ്ങുകയും ചെയ്തു. പിന്നീട് അവിടന്ന് എഴുന്നേറ്റ് നമസ്‌കരിക്കുകയുണ്ടായി. ഞാന്‍ വന്ന് (ഇബ്‌നു അബ്ബാസ്) നബി(സ)യുടെ ഇടതുവശത്ത് നിന്നു. അപ്പോള്‍ നബി(സ) എന്നെ വലതുഭാഗത്തേക്ക് തിരിച്ചു’ (ബുഖാരി 697). ഇവിടെ നബിയുടെ പിന്നില്‍ സ്വഫ്ഫില്‍ ഇബ്‌നുഅബ്ബാസ്(റ) മാത്രമാണുള്ളത്. മറ്റൊരു സംഭവം: ‘അനസുബ്‌നു മാലിക്(റ) പ്രസ്താവിച്ചു. നബി(സ) അദ്ദേഹത്തെയും മാതാവിനെയും ഒപ്പം കൂട്ടി നമസ്‌കരിക്കുകയുണ്ടായി. എന്നെ നബി(സ) വലതുഭാഗത്തു നിര്‍ത്തി. ഞങ്ങളുടെ പിന്നിലാണ് സ്ത്രീ(ഉമ്മ)യെ നബി(സ) നിര്‍ത്തിയത്.’ (സ്വഹീഹു മുസ്‌ലിം 3:176).
ഇവിടെയും അനസ്(റ) നബി(സ)യുടെ വലതുഭാഗത്ത് സ്വഫ്ഫില്‍ ഒറ്റയ്ക്കാണ്. അപ്പോള്‍ ഒരു വ്യക്തി സ്വഫ്ഫില്‍ ഒറ്റയ്ക്കായാല്‍ യാതൊരു പ്രശ്‌നവുമില്ലെന്ന് മനസ്സിലാക്കാം. എന്നാല്‍ മുന്‍ സ്വഫ്ഫില്‍ ഒഴിവുണ്ടായിട്ടും ഒറ്റയ്ക്ക് ഒരു സ്വഫ്ഫില്‍ നില്‍ക്കുന്നപക്ഷം അയാള്‍ക്ക് ജമാഅത്തിന്റെ പ്രതിഫലം പാടേ നഷ്ടപ്പെടുന്നതാണ്. അതുപോലെ സ്വഫ്ഫുകള്‍ നില്‍ക്കുന്ന വിഷയത്തില്‍ ഒരുപാട് മര്യാദകളുണ്ട്. കാല്‍വിരലുകള്‍ ഒപ്പിച്ചല്ല സ്വഫ്ഫുകള്‍ നില്‍ക്കേണ്ടത്. മറിച്ച്, മടമ്പും ചുമലും തോളും കാല്‍മുട്ടുകളും നെഞ്ചും ഒപ്പിച്ചാണ് സ്വഫ്ഫ് നില്‍ക്കേണ്ടത്. കാല്‍വിരലുകള്‍ ഒപ്പിച്ച് സ്വഫ്ഫ് നിന്നാല്‍ സ്വഫ്ഫ് വളയും. കാരണം, ചെറിയ കാല്‍പ്പാദമുള്ളവര്‍ വിരലൊപ്പിക്കാന്‍ വലിയ കാല്‍പ്പാദമുള്ളവര്‍ക്ക് അനുസരിച്ച് കയറി നില്‍ക്കേണ്ടിവരും. അപ്പോള്‍ സ്വഫ്ഫ് വളയും. വിരലൊപ്പിച്ച് സ്വഫ്ഫ് നില്‍ക്കാന്‍ നബി(സ)യുടെ കല്‍പനയുമില്ല. അത് ചില നവയാഥാസ്ഥിതികര്‍ ഈ അടുത്ത കാലത്ത് നിര്‍മിച്ചുണ്ടാക്കിയതാണ്.
അടുത്തു നില്‍ക്കുന്നവരുടെ കാലില്‍ ചവിട്ടുന്ന സമ്പ്രദായവും അപൂര്‍വമായി കാണാറുണ്ട്. അതിന് അടിസ്ഥാനമൊന്നുമില്ല. മറ്റൊരാള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന ഒന്നും നമസ്‌കാരത്തില്‍ കല്‍പിച്ചിട്ടുമില്ല. വിടവില്ലാത്തവിധം ചേര്‍ന്നു നില്‍ ക്കുക എന്നതാണ് ഈ വിഷയത്തിലെ മതപരമായ കല്‍പന. സ്വഫ്ഫിന് ബാഹ്യമായ ഭംഗി നല്‍കുന്നതും അത് തന്നെയാകുന്നു.
സ്വഫ്ഫുകള്‍ ശരിയാക്കാത്തപക്ഷം അല്ലാഹു നമ്മുടെ മനസ്സുകളെ ഭിന്നിപ്പിക്കും എന്നാണ് നബി(സ) പറഞ്ഞത്. നബി(സ) പറഞ്ഞു: ‘നിങ്ങള്‍ നമസ്‌കാരത്തില്‍ നിങ്ങളുടെ സ്വഫ്ഫുകള്‍ വിടവുകള്‍ നികത്തുകയും അടുപ്പിക്കുകയും ചെയ്യുക. തീര്‍ച്ചയായും പിശാച് നിങ്ങളുടെ സ്വഫ്ഫുകള്‍ക്കിടയില്‍ വിടവുണ്ടാക്കുകയും ആ വിടവില്‍ പ്രവേശിക്കുകയും ചെയ്യും’ (അബൂദാവൂദ് 667). ഇവിടെ പിശാച് പ്രവേശിക്കും എന്നത് ഒരു ആലങ്കാരിക പ്രയോഗമാണ്. അതിന്റെ അര്‍ഥം സ്വഫ്ഫുകള്‍ അലങ്കോലപ്പെട്ട് നമസ്‌കാരം ഫസാദാകുന്നത് പിശാചിന് താല്‍പര്യമുള്ള കാര്യമാണ് എന്നാണ്. ഇമാം നവവി പ്രസ്താവിച്ചു: ‘പിശാചിന് താല്‍പര്യമുള്ള എല്ലാ ചീത്ത കാര്യങ്ങളും പിശാചിനോട് ബന്ധപ്പെടുത്തി പറയും’ (ശറഹു മുസ്‌ലിം 7:309).
പിശാചിന് വിരലുകള്‍ക്കിടയില്‍ പ്രവേശിക്കുന്നതിനെക്കാള്‍ സൗകര്യം രണ്ടു കഴുത്തുകള്‍ക്കിടയില്‍ പ്രവേശിക്കലാണല്ലോ. നമസ്‌കാരത്തില്‍ പിശാച് കയറി നില്‍ക്കും എന്ന ഭീതിയില്‍ കഴുത്തുകള്‍ പരസ്പരം അടുപ്പിക്കാന്‍ കഴിയില്ലല്ലോ. സ്വഫ്ഫ് നില്‍ക്കേണ്ട രീതി ഹദീസുകള്‍ പഠിപ്പിക്കുന്നത് ഇങ്ങനെയാണ്: ‘ഞങ്ങള്‍ ഒരാള്‍ തന്റെ കൂട്ടുകാരന്റെ പാദത്തോടും ചുമലിനോടും തന്റെ പാദത്തെയും ചുമലിനെയും ചേര്‍ത്തുവെക്കുമായിരുന്നു’ (ബുഖാരി). മറ്റൊരു ഹദീസ്: ‘ചുമല്‍ ചുമലിനോടും പാദം പാദത്തോടും ചേര്‍ത്തുവെക്കുന്ന അധ്യായം’ (ബുഖാരി, ഫത്ഹുല്‍ബാരി 3:137).
നുഅ്മാനുബ്‌നുല്‍ ബശീര്‍(റ) ഉദ്ധരിക്കുന്ന ഹദീസ്: ‘ഒരിക്കല്‍ നബി(സ) ജനങ്ങളിലേക്ക് മുഖം തിരിച്ചുകൊണ്ട് ആജ്ഞാപിച്ചു: നിങ്ങള്‍ നിങ്ങളുടെ സ്വഫ്ഫുകള്‍ ശരിയാക്കുവിന്‍. മൂന്നു തവണ ആവര്‍ത്തിച്ചു. അല്ലാഹു തന്നെ സത്യം. നിശ്ചയമായും നിങ്ങള്‍ നിങ്ങളുടെ സ്വഫ്ഫുകള്‍ ശരിയാക്കുക തന്നെ വേണം. അല്ലാത്തപക്ഷം അല്ലാഹു നിങ്ങളുടെ മനസ്സുകള്‍ തമ്മില്‍ ഭിന്നിപ്പിക്കും.
റിപ്പോര്‍ട്ടര്‍ പറയുന്നു: അപ്പോള്‍ ഒരാള്‍ തന്റെ ചുമല്‍ തന്റെ സഹോദരന്റെ ചുമലിനോടും കാല്‍മുട്ട് തന്റെ സഹോദരന്റെ കാല്‍മുട്ടിനോടും തന്റെ കാല്‍മടമ്പ് തന്റെ സഹോദരന്റെ കാല്‍മടമ്പിനോടും ചേര്‍ത്തുവെക്കുന്നതായി ഞാന്‍ കണ്ടു’ (അബൂദാവൂദ് 662).

Back to Top