2 Monday
December 2024
2024 December 2
1446 Joumada II 0

നല്ലതല്ലേ എന്ന ഒറ്റ യുക്തി ഇസ്്‌ലാമിക ആചാരങ്ങളുടെ സ്രോതസ്സല്ല

സി പി ഉമര്‍ സുല്ലമി


അനാചാരങ്ങള്‍ പുതിയ രൂപത്തിലും ഭാവത്തിലും സമൂഹത്തില്‍ കടന്നുവരുന്നുണ്ട്. ഇത്തരം അനാചാരങ്ങള്‍ക്ക് ബിദ്അത്ത് എന്നാണ് അറബി ഭാഷയില്‍ സാങ്കേതികമായി പറയുന്നത്. മുമ്പ് മാതൃകയില്ലാത്തത് എന്നര്‍ഥം. ആകാശഭൂമികളെ മാതൃകയില്ലാതെ സൃഷ്ടിച്ചവന്‍ അല്ലാഹുവാണ് എന്ന് പറയുന്നിടത്ത് അല്ലാഹുവിനെ ബദീഅ് എന്നാണ് വിശേഷിപ്പിച്ചത്. പ്രവാചകന്റെ കാലത്ത് തന്നെ ഇസ്ലാം പൂര്‍ണത കൈവരിച്ചിട്ടുണ്ട്. വിശുദ്ധ ഖുര്‍ആന്‍ അത് വ്യക്തമായി പ്രസ്താവിച്ചിട്ടുണ്ട്.
ഒരിക്കല്‍ ഒരു ജൂതന്‍ ഉമറിനോട്(റ) പറഞ്ഞു: ഖുര്‍ആനില്‍ അവതരിച്ച ഒരു സൂക്തം ഞങ്ങളുടെ വേദഗ്രന്ഥത്തിലായിരുന്നുവെങ്കില്‍, ആ സൂക്തം ഇറങ്ങിയ ദിനം ഞങ്ങള്‍ ആഘോഷമായി കൊണ്ടാടുമായിരുന്നു. ഉമര്‍(റ) ചോദിച്ചു: ഏതാണ് ആ സൂക്തം? ജൂതന്‍ പറഞ്ഞു: ഇന്ന് ഞാന്‍ നിങ്ങള്‍ക്ക് നിങ്ങളുടെ മതത്തെ പൂര്‍ത്തിയാക്കിത്തന്നിരിക്കുന്നു, എന്റെ അനുഗ്രഹം ഞാന്‍ നിങ്ങള്‍ക്ക് പൂര്‍ത്തിയാക്കിത്തന്നിരിക്കുന്നു, മതമായി ഇസ്ലാമിനെ ഞാന്‍ നിങ്ങള്‍ക്ക് തൃപ്തിപ്പെട്ടു നല്‍കിയിരിക്കുന്നു എന്ന ആശയം ഉള്‍ക്കൊള്ളുന്ന മാഇദയിലെ മൂന്നാമത്തെ വചനം. ഉമര്‍(റ) പറഞ്ഞു: അതെ, ഇതോടെ ഞങ്ങളുടെ ദീന്‍ പൂര്‍ത്തിയായിരിക്കുന്നു. ഇനി അതിലേക്ക് ഒരു തരത്തിലുള്ള ആഘോഷവും ആചാരവും കൂട്ടിച്ചേര്‍ക്കുകയില്ല.
പ്രവാചകന്റെ ജീവിതകാലത്ത് തന്നെ പൂര്‍ത്തിയാക്കി, പൂര്‍ണതയോടെ നടപ്പിലാക്കാനുള്ള അനുഗ്രഹവും നല്‍കി അല്ലാഹു തൃപ്തിപ്പെട്ട മതമാണ് ഇസ്ലാം. പിന്നീട് അതിലേക്ക് വല്ലതും കൂട്ടിച്ചേര്‍ക്കപ്പെട്ടാല്‍ അതാണ് ബിദ്അത്ത്. ദുനിയാവിലെ സൗകര്യങ്ങള്‍ക്ക് വേണ്ടി പുതുതായി കണ്ടുപിടിക്കുന്ന സൗകര്യങ്ങളൊന്നും ബിദ്അത്തിന്റെ ഗണത്തില്‍ പെടില്ല എന്നത് മറ്റൊരു കാര്യം.
ഒരിക്കല്‍ പ്രവാചകന്‍ പറഞ്ഞു: കര്‍മത്തില്‍ ഏറ്റവും നഷ്ടക്കാരായവരെക്കുറിച്ച് ഞാന്‍ നിങ്ങള്‍ക്ക് പറഞ്ഞു തരട്ടെയോ? ഈ ലോകത്തെ പ്രവര്‍ത്തനങ്ങളില്‍ മാര്‍ഗഭ്രംശം സംഭവിച്ചു പോയവരാണവര്‍. അവര്‍ ധരിച്ചുവെച്ചത് നല്ലതാണവര്‍ ചെയ്തുകൊണ്ടിരിക്കുന്നത് എന്നാണ്. എത്ര നല്ലതെന്ന് നമുക്കു തോന്നിയാലും റസൂല്‍(സ) പഠിപ്പിക്കാത്ത ഒരു കാര്യവും മതത്തിലേക്ക് കൂട്ടിച്ചേര്‍ക്കാന്‍ പാടുള്ളതല്ല എന്ന് ഇത് വ്യക്തമാക്കുന്നുണ്ട്.
മതത്തിലേക്ക് പുതുതായി കടന്നുവരുന്ന അനാചാരങ്ങളെ പിന്‍പറ്റിയവരെക്കുറിച്ചാണ് സൂറത്തു ഗാശിയയുടെ ആദ്യ വചനങ്ങളില്‍ സൂചിപ്പിച്ചിരിക്കുന്നത്: അന്നേ ദിവസം ചില മുഖങ്ങള്‍ താഴ്മ കാണിക്കുന്നതും പണിയെടുത്തു ക്ഷീണിച്ചതും ചൂടേറിയ അഗ്‌നിയില്‍ അവ പ്രവേശിക്കുന്നതുമായിരിക്കും. ഇഹലോകത്ത് നന്മയെന്ന് കരുതി ചെയ്ത പ്രവര്‍ത്തനങ്ങളൊന്നും അല്ലാഹുവിന്റെ പക്കല്‍ സ്വീകാര്യമല്ലാതായിത്തീരുന്ന ഒരവസ്ഥ എത്രത്തോളം സങ്കടകരമാണ്.
പലരും ഇത്തരം പ്രവര്‍ത്തനങ്ങളിലേക്ക് കടക്കുന്നത് ത്വരീഖത്തിന്റെ പേരിലോ അനാചാരങ്ങളെ പിന്‍പറ്റുന്ന ആളുകളുടെ എണ്ണം നോക്കിയോ ഒക്കെയാണ്. കൂടുതല്‍ ആളുകള്‍ അങ്ങനെ ചെയ്യുന്നതുകൊണ്ട് അത് ശരിയായിക്കൊള്ളണമെന്നില്ല. ഹുനൈന്‍ യുദ്ധം നടക്കുന്നത് മക്കാ വിജയത്തിന് ശേഷമാണ്. ഇസ്‌ലാമിലേക്ക് ജനങ്ങള്‍ കൂട്ടം കൂട്ടമായി ഒഴുകിയെത്തുന്ന കാലമാണ്. ആള്‍ബലം കൂടുതലുണ്ടായിട്ടും മുസ്ലിംകള്‍ പിന്തിരിഞ്ഞോടുന്ന അവസ്ഥയുണ്ടായി. അതിന് കാരണം കൃത്യമായ ആദര്‍ശം ഉള്‍ക്കൊള്ളാത്തവരും ആ കൂട്ടത്തില്‍ ഉണ്ടായിരുന്നു എന്നതാണ്. എന്നാല്‍ വളരെ ദുര്‍ബലമായ സംഘമായിരുന്നു ബദ്‌റില്‍ വെച്ച് ആള്‍ബലവും ആയുധബലവുമുള്ള എതിരാളികളുമായി ഏറ്റുമുട്ടിയത്. അവിടെ അല്ലാഹുവിന്റെ സഹായമുണ്ടായി. മുസ്ലിംകള്‍ വിജയിക്കുകയും ചെയ്തു. ആള്‍ബലം ഉള്ളിടത്തല്ല ആദര്‍ശമുള്ളിടത്താണ് അല്ലാഹുവിന്റെ സഹായവും അനുഗ്രഹവും ഉണ്ടാവുക എന്ന് വ്യക്തം.
ഇസ്ലാമിലേക്ക് പുതുതായി വന്ന ചിലര്‍ പ്രവാചകനോട് മുശ്രിക്കുകള്‍ക്കുള്ള പോലെ ബര്‍ക്കത്തെടുക്കാന്‍ ഞങ്ങള്‍ക്കുമൊരു കൊളുത്തുമരം വേണമെന്ന് ആവശ്യപ്പെട്ട ചരിത്രം നമുക്കറിയാം. ആവശ്യം കേട്ടപ്പോള്‍ പ്രവാചകന്റെ മുഖം ദേഷ്യം കൊണ്ട് ചുവന്നു. അദ്ദേഹം ചോദിച്ചു: നിങ്ങള്‍ മൂസാനബി(അ)യുടെ സമൂഹം അദ്ദേഹത്തോട് ആവശ്യപ്പെട്ടത് പോലെ ആവുകയാണോ?
പ്രതിസന്ധികളില്‍ നിന്നും ഫറോവയുടെ അക്രമത്തില്‍ നിന്നും അല്ലാഹു രക്ഷിച്ച സമൂഹമായിരുന്നു മൂസാ നബിയുടേത്. അവര്‍, അവിശ്വാസികളുടേത് പോലെ ഞങ്ങള്‍ക്കും വിഗ്രഹങ്ങളെ പോലെ ഒരു ഇലാഹിനെ വേണമെന്ന് മൂസായോട് ആവശ്യപ്പെട്ടു. പ്രവാചകന്റെ ഈ മറുപടിയില്‍ നിന്നും ബര്‍ക്കത്തെടുക്കാന്‍ ഒരു മരം വേണമെന്ന് പറയുന്നതും ആരാധിക്കാന്‍ ഒരു ഇലാഹിനെ വേണമെന്ന് പറയുന്നതും തുല്യമാണെന്ന് വ്യക്തമാവും. ഇന്ന് സമൂഹത്തില്‍ വ്യാപകമാകുന്ന ബര്‍ക്കത്തെടുക്കല്‍, അനുഗ്രഹം തേടല്‍ എന്നിവയെല്ലാം ശിര്‍ക്ക് കൂടി ഉള്‍ക്കൊണ്ട അനാചാരമാണ് എന്ന് മേല്‍ സംഭവങ്ങളില്‍ നിന്ന് വ്യക്തമാണല്ലോ.
കുറച്ചുകാലം മുമ്പ് വന്ന ഒരു പത്രവാര്‍ത്തയുടെ തലക്കെട്ട് ഇങ്ങനെയായിരുന്നു: ‘മുസ്ലിം ഭക്തന്റെ തുലാഭാരം.’ കുട്ടികളില്ലാത്ത ഒരു മുസ്‌ലിം കുട്ടികളുണ്ടാവാന്‍ വേണ്ടി അല്ലാഹുവിനെ വിട്ട് ഔലിയാക്കളെയും മഖ്ബറകളെയും ജാറങ്ങളെയും സമീപിക്കുന്നു. ഫലമൊന്നും കാണാതെ നിരാശനായ അദ്ദേഹത്തോട് ഒരു അമുസ്‌ലിം സുഹൃത്ത് കുട്ടികളുണ്ടായാല്‍ ഗുരുവായൂര്‍ അമ്പലത്തില്‍ തുലാഭാരം നടത്തുമെന്ന് നേര്‍ച്ച ചെയ്യാന്‍ ഉപദേശിക്കുന്നു. ലാ ഇലാഹ ഇല്ലല്ലാഹ് എന്ന് ഉച്ചരിച്ചാല്‍ അത് തൗഹീദായി എന്ന് തെറ്റിദ്ധരിക്കപ്പെട്ട ഒരു സമുദായത്തിലെ വ്യക്തിയെന്ന നിലയില്‍ അദ്ദേഹം ഗുരുവായൂരില്‍ തുലാഭാരത്തിന് നേര്‍ച്ച നേര്‍ന്നു. കുറച്ചു കാലത്തിന് ശേഷം അദ്ദേഹത്തിന് സന്താന സൗഭാഗ്യം ലഭിച്ചു. യഥാര്‍ഥത്തില്‍ അല്ലാഹുവാണ് അദ്ദേഹത്തിന് ഈ സൗഭാഗ്യം നല്‍കിയത്. പക്ഷെ ഗുരുവായൂരിലേക്ക് നേര്‍ന്ന നേര്‍ച്ചയുടെ കഴിവാണെന്ന് ധരിച്ച് അയാള്‍ തന്റെ കുട്ടിയെ അമ്പലത്തില്‍ കൊണ്ടുപോയി തുലാഭാരം നടത്തുന്നു. ഇതായിരുന്നു ആ വാര്‍ത്തയുടെ ഉള്ളടക്കം.
പുരോഹിത വര്‍ഗം എത്ര വലിയ ദുരന്തത്തിലേക്കാണ് ഈ സമൂഹത്തെ നയിച്ചതെന്നു നോക്കൂ. അവരുടെ ലാഭത്തിനു വേണ്ടി ഉണ്ടാക്കിയെടുത്ത, അദൃശ്യ ശക്തികളോടും മണ്‍മറഞ്ഞവരോടുമുള്ള തേട്ടവും ബര്‍കത്തെടുക്കലുമൊക്കെയാണ് ഈ രൂപത്തില്‍ സമൂഹം ശിര്‍ക്കിന്റെ മാര്‍ഗത്തിലെത്തിച്ചേരാനുള്ള കാരണം. മമ്പുറം മഖാമില്‍ പോയി പ്രാര്‍ഥിക്കുന്നത് തൗഹീദും ഗുരുവായൂര്‍ അമ്പലത്തില്‍ പോകുന്നത് ശിര്‍ക്കുമാണെന്ന് എങ്ങനെ പറയാന്‍ സാധിക്കും. രണ്ടും അല്ലാഹു അല്ലാത്തവരോടുള്ള സഹായ തേട്ടമല്ലേ.
റസൂല്‍ പഠിപ്പിച്ചതൊക്കെയും പിന്‍പറ്റാന്‍ നാം ബാധ്യസ്ഥരാണ്. പക്ഷെ റസൂല്‍ ചെയ്ത കാര്യങ്ങളെല്ലാം പിന്‍പറ്റണമെന്ന് നിര്‍ബന്ധമില്ല. കാരണം നബി(സ) ഒരു മനുഷ്യനാണ്. ഭൗതികമായ പല കാര്യങ്ങളും റസൂല്‍ വഹ്‌യിന്റെ അടിസ്ഥാനത്തിലല്ലാതെ ചെയ്തിട്ടുണ്ട്. അതെല്ലാം പിന്‍പറ്റണമെന്ന് പറയാന്‍ നമുക്കു സാധിക്കില്ല. പിന്‍പറ്റി എന്ന് കരുതി അതില്‍ ഒന്ന് പോലും തെറ്റായി തീരുകയില്ല എന്നത് മറ്റൊരു കാര്യം. ഒരു തെറ്റും സംഭവിച്ചിട്ടില്ലാത്ത മനുഷ്യനാണല്ലോ പ്രവാചകന്‍.
പ്രവാചകനും സംഘവും ഒരു യുദ്ധത്തിന് വേണ്ടിയുള്ള യാത്രയിലാണ്. ഒരിടത്തെത്തിയപ്പോള്‍ അവിടെ തമ്പടിക്കാമെന്ന് പ്രവാചകന്‍ പറഞ്ഞു. യുദ്ധ തന്ത്രങ്ങള്‍ നന്നായറിയുന്ന ഒരു സ്വഹാബി പ്രവാചകനോട് ചോദിച്ചു: അല്ലാഹുവിന്റെ ദൂതരേ, ഇവിടെ ക്യാമ്പ് ചെയ്യണമെന്നത് അല്ലാഹുവിന്റെ കല്പനയാണോ? പ്രവാചകന്‍: അല്ല, അതെന്റെ വ്യക്തിപരമായ അഭിപ്രായമാണ്. സ്വഹാബി: എങ്കില്‍ ഇതിനേക്കാള്‍ മറ്റൊരു സ്ഥലമാണ് യുദ്ധം ചെയ്യാന്‍ കൂടുതല്‍ സൗകര്യപ്രദം. റസൂലും സംഘവും ആ സ്വഹാബി പറഞ്ഞ സ്ഥലത്ത് തമ്പടിക്കുകയും യുദ്ധത്തില്‍ വിജയിക്കുകയും ചെയ്തു. ഈ ചരിത്രത്തില്‍ നിന്ന് റസൂല്‍ ചെയ്തതും പറഞ്ഞതുമായ എല്ലാ കാര്യങ്ങളും അതേപോലെ പിന്തുടരുക എന്നതല്ല ഇസ്ലാമിന്റെ രീതി. മറിച്ച് ദീനുമായി ബന്ധപ്പെട്ട് റസൂല്‍ ചെയ്തതും നിര്‍ദേശിച്ചതുമായ കാര്യങ്ങള്‍ പരിപൂര്‍ണമായി പിന്‍പറ്റുക എന്നതാണ് എന്ന് വ്യക്തം.
മറ്റൊരു ഉദാഹരണം: ഈന്തപ്പന കര്‍ഷകര്‍ സ്വീകരിച്ചുവരുന്ന പരാഗണ സമ്പ്രദായം കണ്ടപ്പോള്‍ പ്രവാചകന്‍ പറഞ്ഞു: ഇങ്ങനെ ചെയ്യേണ്ട ആവശ്യമുണ്ടെന്ന് തോന്നുന്നില്ല. പ്രവാചകന്‍ ഒരു അഭിപ്രായം പറഞ്ഞതാണ്. പക്ഷെ ചില കര്‍ഷകര്‍ പ്രവാചകന്‍ പറഞ്ഞതല്ലേ എന്ന് കരുതി പരാഗണം ചെയ്യാതിരുന്നു. ആ വര്‍ഷം അവര്‍ക്ക് വിളവ് തീരെ കുറഞ്ഞു. അവര്‍ പ്രവാചകന്റെ അടുക്കല്‍ ആവലാതിയുമായെത്തി: അങ്ങ് പറഞ്ഞത് കൊണ്ടാണ് ഞങ്ങള്‍ പരാഗണം ചെയ്യാതിരുന്നത്. പ്രവാചകന്‍ പറഞ്ഞു: ദുനിയാവിന്റെ കാര്യത്തില്‍ എന്റെ അഭിപ്രായങ്ങളെ നിങ്ങള്‍ അതേ പടി പിന്തുടരേണ്ടതില്ല. ദീനിന്റെ കാര്യം ഞാന്‍ വഹ്‌യിന്റെ അടിസ്ഥാനത്തില്‍ അല്ലാതെ പറയുകയില്ല. അതുകൊണ്ട് ദീനിന്റെ കാര്യത്തില്‍ നിങ്ങളെന്നെ പിന്‍പറ്റുക.
പ്രവാചകന്റെ ശേഷം മതത്തിലേക്ക് കൂട്ടിച്ചേര്‍ക്കപ്പെട്ട കാര്യങ്ങളാണ് ബിദ്അത്ത് എന്നു പറഞ്ഞുവല്ലോ. ഇത് രണ്ടുതരമുണ്ട്. ഒന്ന്, പരലോകത്ത് പ്രതിഫലം കിട്ടുമെന്ന് പ്രതീക്ഷിച്ച് ചെയ്യുന്ന ആരാധനാ കര്‍മങ്ങള്‍. രണ്ട്, മത പ്രബോധനവും മറ്റ് കാര്യങ്ങളും എളുപ്പമാകാന്‍ വേണ്ടി ചെയ്യുന്ന കാര്യങ്ങള്‍. പരലോകത്തെ പ്രതീക്ഷിച്ച് ചെയ്യുന്ന ആരാധനാ കര്‍മങ്ങളെന്ന നിലയില്‍ കൂട്ടിച്ചേര്‍ത്ത കാര്യങ്ങളാണ് ബിദ്അത്തിന്റെ പരിധിയില്‍ വരുന്നത്. ഉദാഹരണം: പള്ളിയില്‍ കയറിയാല്‍ രണ്ട് റക്അത്ത് തഹിയ്യത്ത് നമസ്‌കരിക്കണമെന്നാണ് പ്രവാചക നിര്‍ദേശം. എന്നാല്‍ നമസ്‌കാരമല്ലേ, അത് നല്ലതല്ലേ എന്ന് വിചാരിച്ച് നാല് റക്അത്ത് തഹിയ്യത്ത് നമസ്‌കരിക്കാന്‍ പാടില്ല. അത് ബിദ്അത്തായി മാറും.
ഒരിക്കല്‍ പ്രവാചകന്റെ കര്‍മങ്ങളെക്കുറിച്ച് അറിയാന്‍ മൂന്ന് സ്വഹാബിമാര്‍ പ്രവാചക പത്‌നി ആയിശ(റ)യുടെ അടുക്കല്‍ ചെന്നു. ആയിശ(റ) പ്രവാചകന്റെ രാത്രി നമസ്‌കാരത്തെക്കുറിച്ചും സുന്നത്ത് നോമ്പുകളെക്കുറിച്ചും മറ്റും വിശദീകരിച്ചു കൊടുത്തു. പാപങ്ങളെല്ലാം പൊറുക്കപ്പെട്ട റസൂല്‍ ഇത്രയധികം ആരാധനാ കര്‍മങ്ങള്‍ ചെയ്യുന്നുണ്ടെങ്കില്‍ നമുക്ക് ഇതിനേക്കാള്‍ ചെയ്യേണ്ടി വരുമെന്ന ധാരണയില്‍ അവര്‍ ഓരോരുത്തരും ചില തീരുമാനങ്ങളെടുത്തു. ഒന്നാമന്‍ പറഞ്ഞു: ഞാന്‍ വിവാഹം കഴിക്കുകയില്ല, എന്റെ ജീവിതം മുഴുവന്‍ ആരാധനകള്‍ക്ക് വേണ്ടി മാറ്റിവെക്കും. രണ്ടാമന്‍ പറഞ്ഞു: രാത്രികളില്‍ ഞാന്‍ ഉറങ്ങുകയില്ല, രാത്രിയിലുടനീളം ഞാന്‍ നമസ്‌കരിക്കും. മൂന്നാമന്‍ പറഞ്ഞു: ഇനിയുള്ള കാലം മുഴുവന്‍ ഞാന്‍ നോമ്പെടുക്കും. ഈ സംഭവം അറിഞ്ഞ നബി(സ) മൂന്ന് പേരെയും വിളിച്ചു വരുത്തി ചോദിച്ചു: നിങ്ങളിങ്ങനെ തീരുമാനമെടുത്തുവെന്ന് കേള്‍ക്കുന്നു, ശരിയാണോ? അവര്‍ പറഞ്ഞു: അതെ. നന്മ മാത്രം ഉദ്ദേശിച്ചാണ് ഞങ്ങള്‍ അങ്ങനെയൊരു തീരുമാനമെടുത്തത്. റസൂല്‍ പറഞ്ഞു: ഞാന്‍ രാത്രി എഴുന്നേറ്റ് നമസ്‌കരിക്കാറുണ്ട്, ഉറങ്ങാറുമുണ്ട്. ഞാന്‍ ചില ദിവസങ്ങളില്‍ നോമ്പ് നോല്‍ക്കാറുണ്ട്, ചില ദിവസങ്ങളില്‍ നോമ്പ് എടുക്കാറില്ല, ഞാന്‍ വിവാഹം കഴിച്ചിട്ടുണ്ട്. ഇതാണ് എന്റെ സുന്നത്ത്. എന്റെ സുന്നത്ത് വിട്ട് ആരെങ്കിലും മറ്റെന്തെങ്കിലും പ്രവര്‍ത്തിച്ചാല്‍ അവര്‍ എന്റെ കൂട്ടത്തില്‍ പെട്ടവരല്ല.
നല്ലതെന്ന് കരുതി മതത്തിലേക്ക് പുതിയ ആരാധന കര്‍മങ്ങള്‍ കൊണ്ടുവരാനോ നിലവിലെ കര്‍മങ്ങളില്‍ മാറ്റം വരുത്താനോ സാധ്യമല്ല. അങ്ങനെ ചെയ്താല്‍ അത് ബിദ്അത്താണ് എന്ന് ഈ സംഭവം വ്യക്തമാക്കുന്നു.
ആരെങ്കിലും നബി(സ)യുടെ കാല ശേഷം നല്ലതെന്ന് കരുതി മതത്തില്‍ ബിദ്അത്ത് കൊണ്ട് വന്നാല്‍ അതിനര്‍ഥം പ്രവാചകന്‍ തന്റെ ദൗത്യനിര്‍വഹണത്തില്‍ വഞ്ചന കാണിച്ചു എന്നാണ്. പ്രതിഫലം കിട്ടുന്ന നല്ലൊരു കാര്യം റസൂല്‍ പഠിപ്പിക്കാതെ പോയി എന്ന് പറയാതെ പറയുകയാണ് ഇത്തരത്തില്‍ കൂട്ടി ചേര്‍ക്കുന്ന ഓരോ പുത്തന്‍ ആചാരങ്ങളും. എത്രത്തോളം പിഴച്ചു പോയൊരു വാദമാണിത്!
ഈ ലോകത്ത് തന്നെ അറിയുന്ന മതത്തോട് ചേര്‍ന്ന് നില്‍ക്കുന്ന ചില കാര്യങ്ങളുണ്ട്. അത്തരം കാര്യങ്ങളെ എങ്ങനെ സമീപിക്കണമെന്ന് അല്ലാഹു വിശദീകരിക്കുന്നു: സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവിനെ അനുസരിക്കുക. (അവന്റെ) ദൂതനെയും നിങ്ങളില്‍ നിന്നുള്ള കൈകാര്യകര്‍ത്താക്കളെയും അനുസരിക്കുക. ഇനി വല്ല കാര്യത്തിലും നിങ്ങള്‍ക്കിടയില്‍ ഭിന്നിപ്പുണ്ടായാല്‍ നിങ്ങളത് അല്ലാഹുവിലേക്കും റസൂലിലേക്കും മടക്കുക. നിങ്ങള്‍ അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നുവെങ്കില്‍ അതാണുത്തമവും കൂടുതല്‍ നല്ല പര്യവസാനമുള്ളതും. (അന്നിസാഅ് 59)
ഇവിടെ അല്ലാഹുവിനെയും റസൂലിനെയും നിങ്ങള്‍ അനുസരിക്കണമെന്ന് പറഞ്ഞതിന് ശേഷം ഉലമാക്കളെയും ഉമറാക്കളെയും അനുസരിക്കണം എന്ന് കൂടി പറയുന്നുണ്ട്. എന്നാല്‍ അവിടെ വല്ല അഭിപ്രായ ഭിന്നതയും സംശയവും വരികയാണെങ്കില്‍ നിങ്ങളത് അല്ലാഹുവിലേക്കും റസൂലിലേക്കും മടക്കണം എന്നാണ് പറഞ്ഞത്. അതായത് ഉലമാക്കളും ഉമറാക്കളും എന്ത് പറഞ്ഞാലും അത് അതേ പടി അനുസരിക്കണം എന്നതല്ല ഇസ്ലാമിന്റെ രീതി. അവര്‍ പറഞ്ഞ കാര്യങ്ങളില്‍ അല്ലാഹുവും റസൂലും എന്ത് പറഞ്ഞു എന്ന് കൂടി പരിശോധിച്ച് വേണം അഭിപ്രായ ഭിന്നതകള്‍ ഉളള വിഷയങ്ങളില്‍ നാം നിലപാട് സ്വീകരിക്കാന്‍ എന്നര്‍ഥം.
ഒരിക്കല്‍ ഒരു സ്വഹാബിയെ റസൂല്‍ ഒരു സംഘത്തിന്റെ അമീറായി നിശ്ചയിച്ചു. അദ്ദേഹം തന്റെ സംഘത്തിലെ അനുയായികളോട് ചോദിച്ചു: എന്നെ അനുസരിക്കണം എന്ന് നിങ്ങളോട് റസൂല്‍ കല്പിച്ചിട്ടില്ലേ. അനുയായികള്‍ പറഞ്ഞു: അതെ, താങ്കള്‍ ഞങ്ങളുടെ അമീറാണല്ലോ. എന്നാല്‍ നിങ്ങളെല്ലാവരും ഓരോ കൊള്ളി വിറക് കൊണ്ട് വരിക. അവര്‍ ഓരോരുത്തരും വിറക് കൊണ്ടുവന്നു. ആ വിറക് കൂട്ടിയിട്ട് കത്തിച്ച ശേഷം സംഘത്തലവന്‍ അനുയായികളോട് ആ തീകുണ്ഠത്തിലേക്ക് ചാടാന്‍ ആവശ്യപ്പെട്ടു. കൂട്ടത്തില്‍ ഉണ്ടായിരുന്ന ഒരു യുവാവ് പറഞ്ഞു: തീയില്‍ നിന്ന് രക്ഷ നേടാന്‍ വേണ്ടിയാണ് നാം റസൂലിനൊപ്പം ചേര്‍ന്നത്. അത്‌കൊണ്ട് ആരും തീയിലേക്ക് ചാടരുത്. നമുക്ക് റസൂലിനോട് ചോദിച്ച ശേഷം തീരുമാനമെടുക്കാം. ആ സംഘം റസൂലിനെ സമീപിച്ചു കാര്യങ്ങള്‍ വിശദീകരിച്ചു. റസൂല്‍ പറഞ്ഞു: ആ തീയിലേക്ക് നിങ്ങള്‍ എടുത്തു ചാടിയാല്‍ നിങ്ങള്‍ പിന്നെ ഒരിക്കലും തീയില്‍ നിന്ന് കരകയറുകയില്ല. നിങ്ങള്‍ക്ക് അല്ലാഹു ബുദ്ധി നല്‍കിയിട്ടില്ലേ. നന്മയിലാണ് നിങ്ങള്‍ അനുസരിക്കേണ്ടത്. സ്രഷ്ടാവിന് വിരുദ്ധമായ കാര്യങ്ങളില്‍ നിങ്ങള്‍ സൃഷ്ടിയെ അനുസരിക്കാന്‍ പാടുള്ളതല്ല.
എത്ര വലിയ ആലിമാണെങ്കിലും ഉലമയാണെങ്കിലും ഇമാം ആണെങ്കിലും ശരി, അന്ധമായി പിന്‍പറ്റുന്നത് ഇസ്ലാമിന്റെ രീതിയല്ല. അങ്ങനെ പിന്‍പറ്റിയാല്‍ നാളെ അല്ലാഹുവിന്റെ മുന്നില്‍ രക്ഷപ്പെടാന്‍ നമുക്ക് കഴിയുകയുമില്ല. എന്തേ നിങ്ങള്‍ വഴികേടിലായി എന്ന് പരലോകത്ത് വെച്ച് അല്ലാഹു ചോദിക്കുമ്പോള്‍ ഇത്തരം ആളുകള്‍ പറയും: നാഥാ, ഞങ്ങള്‍ ഞങ്ങളുടെ നേതാക്കളെയും പണ്ഡിതന്മാരെയുമൊക്കെ പിന്‍പറ്റി. അവര്‍ ഞങ്ങളെ വഴികേടിലാക്കി. അവരെ ശിക്ഷിച്ച് ഞങ്ങളെ രക്ഷിക്ക് റബ്ബേ. അപ്പോള്‍ അല്ലാഹു ചോദിക്കും: അവരെ പിന്‍പറ്റാന്‍ നിങ്ങളോടാരാണ് പറഞ്ഞത്?
ഏതെങ്കിലും ശൈഖിന്റെ പാത പിന്തുടര്‍ന്നാല്‍ നേര്‍വഴിയിലെത്തുമെന്ന് വിശ്വസിക്കുന്ന വലിയൊരു വിഭാഗം മുസ്‌ലിംകളിലുണ്ട്. പൗരോഹിത്യം സമൂഹത്തില്‍ സൃഷ്ടിച്ച വലിയ അപകടങ്ങളിലൊന്നാണിത്. മൗലിദും ഖബര്‍ ആരാധനയും ജാറം മൂടലുമെല്ലാമായി അനേകം ബിദ്ത്തുകള്‍ നമ്മുടെ നാട്ടില്‍ നടമാടുന്നുണ്ട്. ഇത്തരം അനാചാരങ്ങള്‍ക്കെതിരെ പ്രവാചകന്റെ എതിര്‍ശബ്ദമുണ്ടെന്ന കാര്യം ഓര്‍മയിലുണ്ടാവേണ്ടതുണ്ട്. അല്ലാഹുവും റസൂലും പറഞ്ഞത് പ്രകാരം ജീവിക്കാനും അതിലേക്ക് കൂട്ടി ചേര്‍ക്കപ്പെട്ട ബിദ്അത്തുകളില്‍ നിന്ന് വിട്ടുനില്‍ക്കാനും ബിദ്അത്തുകള്‍ക്കെതിരെ ശക്തമായി നിലകൊള്ളാനും നമുക്ക് സാധിക്കേണ്ടതുണ്ട്.
ലേഖനാവിഷ്‌കാരം: ജൗഹര്‍ കെ അരൂര്‍

Back to Top