2 Tuesday
December 2025
2025 December 2
1447 Joumada II 11

നല്ലളം നാസര്‍ മദനി

എം ബാഷിറ ഫാറൂഖിയ്യ


പ്രമുഖ ഇസ്വ്‌ലാഹീ പണ്ഡിതനും നേതാവുമായിരുന്ന നല്ലളം നാസര്‍ മദനി നിര്യാതനായി. പ്രസ്ഥാനത്തിന്റെ വിദ്യാര്‍ഥി വിഭാഗത്തെ സംഘടനാ രംഗത്ത് സുസജ്ജരാക്കുന്നതില്‍ നിര്‍ണായകമായ പങ്ക് വഹിച്ച സാരഥിയായിരുന്നു അദ്ദേഹം. ഇസ്വ്‌ലാഹീ ഘടകങ്ങളുടെ വളര്‍ച്ചയില്‍ നിറസാന്നിധ്യായിരുന്നപ്പോഴും അറബി ഭാഷയുടെ വളര്‍ച്ചയ്ക്കും വികാസത്തിനും സംസ്ഥാനതലത്തില്‍ നേതൃത്വം നല്‍കാനും അദ്ദേഹത്തിന് സാധിച്ചു. വിനയവും ലാളിത്യവും നിഷ്‌കളങ്കതയും മുഖമുദ്രയാക്കിയ അദ്ദേഹം എമ്പാടും മാതൃകകള്‍ സമ്മാനിച്ചാണ് വിടവാങ്ങിയിരിക്കുന്നത്. പ്രസ്ഥാന പ്രവര്‍ത്തനങ്ങള്‍ നിര്‍വഹിക്കുന്നതിന് നിരവധി പ്രതിസന്ധികളും വൈതരണികളും നിലനിന്നിരുന്ന സങ്കീര്‍ണമായ കാലഘട്ടത്തില്‍ ക്ഷമയുടെ കരുത്തുമായി അദ്ദേഹം സംഘടനയ്ക്ക് വിശിഷ്യാ വിദ്യാര്‍ഥി വിഭാഗത്തിന് ദിശാബോധം നല്‍കി. ശാസ്ത്രീയതയോടെയും അച്ചടക്കത്തോടെയുമുള്ള വിവിധ പദ്ധതികള്‍ അദ്ദേഹം സംസ്ഥാന ഭാരവാഹിയായി പ്രവര്‍ത്തിച്ച സമയത്ത് ആവിഷ്‌ക്കരിച്ച് നടപ്പാക്കിയിരുന്നു.
നല്ലളം പരേതനായ മുല്ലവീട്ടില്‍ സുബൈര്‍ സാഹിബിന്റെയും പി പി ആഇശയുടെയും മകനാണ്. വളരെ ചെറുപ്പത്തില്‍ തന്നെ പ്രസംഗത്തിലും എഴുത്തിലും മികവ് തെളിയിച്ചു. രോഗം പിടികൂടുന്നതിന്റെ തൊട്ടു മുമ്പുവരെ പുസ്തക രചനയില്‍ വ്യാപൃതനായിരുന്നു. മുല്ലവീട് തറവാട്ടിലെ എല്ലാ അംഗങ്ങളെയും ഒരു കുടക്കീഴില്‍ കൊണ്ടുവരാനും അവരുടെ ദു:ഖങ്ങളും പ്രയാസങ്ങളും പ്രതിസന്ധികളും പരിഹരിക്കന്നതിനുംവേണ്ടി അഹോരാത്രം പരിശ്രമിക്കുകയും ചെയ്തു. 1972ല്‍ പുളിക്കല്‍ മദീനത്തുല്‍ ഉലൂം അറബ്ക് കോളെജില്‍ ചേര്‍ന്ന അദ്ദേഹം 1978ല്‍ അഫ്ദലുല്‍ ഉലമാ ബിരുദം നേടി. അറബി ഭാഷയ്ക്കും ഭാഷാധ്യാപകര്‍ക്കുംവേണ്ടി സംഘടിത പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി. കോഴിക്കോട്, വയനാട് ജില്ലകളുടെ ഐ എം ഇ ആയി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. പുളിക്കല്‍ എ എം എം ഹൈസ്‌ക്കൂളിലും കോഴിക്കോട് ജില്ലയിലെ വിവിധ സ്‌കൂളുകളിലും സേവനം ചെയ്തു. കോഴിക്കോട് ഗവ. മോഡല്‍ ഹൈസ്‌കൂളില്‍ ജോലി ചെയ്തുകൊണ്ടിരിക്കെയാണ് ജില്ലാ മുസ്‌ലിം വിദ്യാഭ്യാസ ഇന്‍സ്‌പെക്ടറായി നിയമിതനായത്. കെ എന്‍ എം മദ്‌റസാ ബോര്‍ഡ് മുഫത്തിശായി വളരെക്കാലം സേവനം ചെയ്തിരുന്നു. മദ്‌റസകളിലെ സര്‍ഗമേളാ നടത്തിപ്പില്‍ അദ്ദേഹം സജീവമായിരുന്നു. കെ എ എം എയുടെ സംസ്ഥാന ട്രഷററായിരുന്നു. വിവിധ സംഘടനകളുടെ നേതൃനിരയില്‍ പ്രവര്‍ത്തിക്കുമ്പോഴും എല്ലാവരോടും സ്‌നേഹവും സൗഹൃദവും കാത്തുസൂക്ഷിച്ചിരുന്നു.
1978ല്‍ കോഴിക്കോട് ജില്ലാ എം എസ് എം പ്രസിഡന്റും 1980 ല്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായിരുന്നു. 1985 മുതല്‍ സംസ്ഥാന ഓര്‍ഗനൈസറായും പ്രവര്‍ത്തിച്ചു. എം എസ് എം മുഖപത്രമായ ഇഖ്‌റഅ് മാസികയുടെ ചീഫ് എഡിറ്ററായിരുന്നു. ദീര്‍ഘകാലം ബിസ്മി യുടെ ചെയര്‍മാനായിരുന്നു. കോഴിക്കോട് ലിവാഅ് മസ്ജിദ്, വലിയങ്ങാടി ഖലീഫാ മസ്ജിദ്, കപ്പക്കല്‍ സലഫി മസ്ജിദ്, അരേനപ്പൊയില്‍ മസ്ജിദ് എന്നിവിടങ്ങളില്‍ ഖത്തീബായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.
വെള്ളിയാഴ്ചകളിലെ ഓര്‍മത്തെളിമകള്‍, നന്മയുടെ പൂമരങ്ങള്‍ എന്നീ ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്. പുളിക്കല്‍ ജാമിഅ സലഫിയ്യയുടെ ഉദ്ഘാടന ദിവസം പരിപാടിയുടെ വാര്‍ത്ത പത്രങ്ങള്‍ക്ക് നല്‍കാന്‍ കോഴിക്കോട്ടേക്ക് പോകുന്നതിന്നിടയില്‍ വെട്ടുകുത്തി മലയിലെ വലിയ കുഴിയില്‍ വീഴുകയും മാരകമായി പരിക്കേല്ക്കുകയും ചെയ്ത അദ്ദേഹം വളരെ ഗുരുതരമായ അപകടനില തരണം ചെയ്താണ് ജീവിതത്തിലേക്ക് തിരിച്ചുവന്നത്. അധ്യാപകന്‍, സംഘാടകന്‍, പ്രഭാഷകന്‍, ഗ്രന്ഥരചയിതാവ്, അറബി ഭാഷാ പ്രചാരകന്‍ എന്നീ നിലകളിലെല്ലാം സമര്‍പ്പിത ജീവിതമാണ് അദ്ദേഹം കാഴ്ചവെച്ചത്. അല്ലാഹു പരേതന് ജന്നാത്തുല്‍ ഫിര്‍ദൗസ് നല്‍കി അനുഗ്രഹിക്കട്ടെ.

Back to Top