20 Thursday
June 2024
2024 June 20
1445 Dhoul-Hijja 13

നല്ല ശീലങ്ങളുടെ ശരീരഭാഷ

ഡോ. ജമാലുദ്ദീന്‍ ഫാറൂഖി


റഹ്മാനായ അല്ലാഹുവിന്റെ ദാസന്‍മാര്‍ ഭൂമിയില്‍ വിനയത്തോടെ നടക്കുന്നവരാണ്. അവിവേകികള്‍ സംസാരിച്ചാല്‍ സമാധാനപരമായി മറുപടി നല്‍കുന്നവരുമാകുന്നു അവര്‍. (ഫുര്‍ഖാന്‍ 63)

ഉല്‍കൃഷ്ട സ്വഭാവങ്ങളാകുന്നു വിശ്വാസിയുടെ വ്യക്തിത്വം നിര്‍ണയിക്കുന്നത്. ഈമാനിലും അനുബന്ധ കര്‍മങ്ങളിലും നിഷ്‌കര്‍ഷതയുളളവര്‍ ഇഷ്ടപ്പെടുന്നതും അതുതന്നെയായിരിക്കും. ഭക്തിയും സല്‍സ്വഭാവവുമാണ് മനുഷ്യനെ കൂടുതലായി സ്വര്‍ഗത്തിലേക്ക് അടുപ്പിക്കുന്നത് എന്ന് നബി(സ) പറയുന്നു. ഫുര്‍ഖാന്‍ അധ്യായത്തിലെ 63-74 വചനങ്ങള്‍ വിശ്വാസ ആരാധന-സ്വഭാവ സമീപന ശീലങ്ങളെ കൃത്യമായി അടയാളപ്പെടുത്തുന്നു. സദാചാര ബോധവും ധര്‍മവിചാരവുമാണ് നമ്മുടെ വ്യക്തിത്വത്തിന് തിളക്കം കൂട്ടുന്നത്. ജീവിതം രചനാത്മകമാക്കാനും അത് ആവശ്യമാണ്. ഈമാന്‍ അടി തെറ്റാതെ നടക്കാനുള്ള ഊന്നുവടിയാണ്. വിളക്കിന്റെ സ്ഥാനത്താണ് ഭൗതികാര്‍ജിത വിജ്ഞാനം. വിളക്ക് അണഞ്ഞു പോയാലും ഊന്നുവടി കൈയിലുണ്ടെങ്കില്‍ സുരക്ഷിതമായിയാത്രതുടരാം.
ഒരാളുടെ വ്യക്തിത്വമെന്താണെന്ന് അയാളുടെ ശരീരഭാഷയില്‍ നിന്ന് വായിച്ചെടുക്കാം. സംസാരത്തിലും സഹവാസത്തിലും നമുക്ക് മറ്റുള്ളവരെ ആകര്‍ഷിക്കാന്‍ കഴിഞ്ഞേക്കാം. എന്നാല്‍ മനസ്സ് വികലമാണെങ്കില്‍ ആ വൈകല്യം ശരീരം പുറത്ത് കാണിക്കും. അത് നാം അറിയണമെന്നില്ല. ശരീരഭാഷ പെട്ടെന്ന് വെളിപ്പെടുന്നത് നടത്തത്തിലാണ്. കാല് കൊണ്ടാണ് നടക്കുന്നതെങ്കിലും, അപ്പോഴുള്ള ശരീരത്തിന്റെ ആംഗ്യവിക്ഷേപങ്ങളില്‍ കണ്ണും കാതും കൈയും പങ്കാളിയാകുന്നുണ്ട്. അതുകൊണ്ടാണ് ശരീരഭാഷയുടെ ആദ്യ പ്രകടനമായി നടത്തത്തെ ഖുര്‍ആന്‍കാണുന്നത്. വിനയമുള്ള നടത്തമാണ് അല്ലാഹു ഏറെ ഇഷ്ടപ്പെടുന്നവരുടെ വ്യക്തിത്വത്തിന്റെ ബാഹ്യതലം.
തുടര്‍ന്ന് പറയുന്നത് വിവേകമാണ്. മറ്റുള്ളവരുമായുളള ഇടപെടല്‍ ഊഷ്മളമാക്കാന്‍ അത് കൂടിയേ തീരൂ. വിനയവും വിവേകവുമാണ് നമ്മുടെ പെരുമാറ്റങ്ങളെ ആകര്‍ഷകമായ കലയാക്കുന്നത്. മറ്റു സദ്ഗുണങ്ങളെല്ലാം മനുഷ്യനില്‍ വളര്‍ത്തുന്നതുംഇവരണ്ടുമാണ്. ഭൂമി പിളര്‍ന്നുപോകുമാറ് ഭൂമിയില്‍ അഹങ്കാരത്തോടെ നടക്കരുതെന്ന് ഖുര്‍ആന്‍ ഉണര്‍ത്തുന്നു (17:37). നടത്തത്തില്‍ മിതത്വം പാലിക്കുകയെന്നതും ഈമാനിക തര്‍ബിയത്തിന്റെ ഭാഗമായി അല്ലാഹു പറയുന്നു. അടിയന്തര ഘട്ടങ്ങളില്‍ വേഗത്തില്‍ നടക്കുകയെന്നത് വിനയരാഹിത്യമല്ല. ഒരാളുടെ സ്വാഭാവിക നടത്തത്തിന് വേഗത കൂടുതലാണ് എന്നതും വ്യക്തിത്വ ന്യൂനതയല്ല. ശരീരത്തിന്റെ ഭാവഭേദങ്ങളില്‍ ദൃശ്യമാകുന്ന അപാകതയാണ് നടത്തം വികലമാക്കുന്നത്. അനാവശ്യങ്ങള്‍ കാണുന്നതും കേള്‍ക്കുന്നതും മറ്റുള്ളവരുടെ സ്വകാര്യതയില്‍ ഇടപെടുന്നതുമെല്ലാം, കേവല നടത്തത്തില്‍ നാം കാണാറുണ്ട്. അശ്ലീല-ആഭാസ സംസാര ഭാവങ്ങളും തെരുവുകളിലെ നടത്തത്തില്‍കാണാം.
നമ്മെ പോലെ എല്ലാവരും ആകണമെന്ന് ശഠിക്കേണ്ടതില്ല. മറ്റുളളവര്‍ക്കനുസരിച്ച് നമ്മുടെ സമീപനം പാകപ്പെടുത്തലാണ് ഫലപ്രദം. അവിവേകികളോട് സ്വീകരിക്കേണ്ട നയത്തെ കുറിച്ചുള്ള ഖുര്‍ആന്‍ സങ്കല്‍പമാണിത്. സംസാരമാണ് വ്യക്തിത്വത്തിന് പരിക്കേല്‍പിക്കുന്ന പ്രധാന രംഗം. എന്ത് എങ്ങനെ എപ്പോള്‍ ആരോട് സംസാരിക്കണമെന്നതിന് നല്ല ആസൂത്രണം ആവശ്യമാണ്. സംസാരിക്കുന്ന സന്ദര്‍ഭവും മറു ഭാഗത്തുള്ളവന്റെ മാനസികാവസ്ഥയും വിഷയത്തിന്റെ പ്രസക്തിയുമെല്ലാം പരിഗണിച്ചുകൊണ്ട് മാത്രമായിരിക്കണം വാക്കുകള്‍ ഉപയോഗിക്കേണ്ടത്. ആയുധം കൊണ്ട് ഉണ്ടാകുന്ന മുറിവുകള്‍ ഉണങ്ങും, എന്നാല്‍ നാവ് ഉണ്ടാക്കുന്ന മുറിവ് ഒരിക്കലും ഉണങ്ങില്ല. നാവിന്റെ അവിവേകത്തിന്റെ ഫലം വെറുപ്പും വൈരവും മാത്രമായിരിക്കും. സത്യമാണ് എന്നതുകൊണ്ട് മാത്രം എല്ലാ കാര്യങ്ങളും സംസാരിക്കേണ്ടതില്ല. പറയുന്ന കാര്യങ്ങള്‍ സത്യമായിരിക്കണമെന്നേയുള്ളൂ. നാവ് യഥാവിധി സൂക്ഷിക്കുന്നവന് സ്വര്‍ഗമാണ് നബി(സ) ഉറപ്പ്നല്‍കിയത്.

4.5 2 votes
Article Rating
Back to Top
0
Would love your thoughts, please comment.x
()
x