നല്‍കുന്നതിലാണ് ധന്യത
സി കെ റജീഷ്
ടീച്ചര്‍ ക്ലാസിലേക്ക് വന്നത് കുറെ ബലൂണുകളുമായിട്ടാണ്. കുട്ടികളുടെയെല്ലാം കൈയില്‍ ഓരോ ബലൂണ്‍ കൊടുത്തിട്ട് പറഞ്ഞു: ”എല്ലാവരും ഇത് വീര്‍പ്പിച്ച് കെട്ടി സ്വന്തം പേരെഴുതുക.”
എല്ലാവരും എഴുതിക്കഴിഞ്ഞപ്പോള്‍ ടീച്ചര്‍ ബലൂണുകള്‍ മുഴുവന്‍ കൂട്ടിക്കലര്‍ത്തി ക്ലാസ് മുറിക്കുള്ളില്‍ നിരത്തി. പിന്നെയൊരു മത്സരമായിരുന്നു. അഞ്ച് മിനിറ്റിനുള്ളില്‍ എല്ലാവരും സ്വന്തം ബലൂണ്‍ കണ്ടെത്തണം. ആദ്യം കണ്ടെത്തുന്നവര്‍ക്ക് സമ്മാനം. എല്ലാവരും സ്വന്തം ബലൂണ്‍ കണ്ടെത്താനുള്ള ഓട്ടത്തിലാണ്. ഏറെ സമയം കഴിഞ്ഞിട്ടും ആര്‍ക്കും സ്വന്തം ബലൂണ്‍ കണ്ടെത്താനായില്ല. ടീച്ചര്‍ അവരെ അടുത്തു വിളിച്ച് പറഞ്ഞു: ”എല്ലാവരും ഓരോ ബലൂണ്‍ എടുക്കുക. അതില്‍ എഴുതിയിരിക്കുന്ന പേര് നോക്കി കൈമാറുക.” ചുരുങ്ങിയ സമയമേ വേണ്ടി വന്നുള്ളൂ. എല്ലാവര്‍ക്കും സ്വന്തം ബലൂണ്‍ കിട്ടി.
സ്വന്തം എന്ന ചിന്താഗതിയിലേക്ക് മനസ്സ് ചുരുങ്ങിപ്പോകുന്ന ചിലരുണ്ട്. അവര്‍ ഓര്‍ത്തിരിക്കേണ്ട ജീവിതപാഠമാണ് ടീച്ചര്‍ ഇവിടെ പകര്‍ന്ന് നല്കിയത്. സ്വന്തം നേട്ടത്തിനുവേണ്ടി മാത്രം നെട്ടോട്ടമോടുന്നവരാണവര്‍. അപരന്റെ അവകാശങ്ങളെ ചവിട്ടി മെതിച്ചാണെങ്കിലും അവനവന്‍ സ്വന്തമാക്കിയതിന് ഒരു പോറലുമേല്ക്കാതിരിക്കാനുള്ള തത്രപ്പാടിലായിരിക്കുമിവര്‍. കാണുന്ന കാഴ്ചകളിലും കൂട്ടുകൂടുന്ന ചങ്ങാത്തങ്ങളിലും ഇവര്‍ക്ക് ഒരു തേട്ടമേയുള്ളൂ. സ്വന്തം ലാഭമെന്ന ആര്‍ത്തി ചിന്ത മാത്രം.
സ്വന്തം താല്പര്യങ്ങളുടെ സങ്കുചിത വൃത്തത്തില്‍ കഴിയുന്നവര്‍ക്ക് അപരന്റെ ആവശ്യങ്ങളെ കാണാനാകില്ല. സ്വകാര്യ ഇഷ്ടങ്ങളുടെ മുന്‍ഗണനാക്രമത്തില്‍ ജീവിച്ചുപോകുന്നവരില്‍ നിന്ന് സാമൂഹിക നന്മ മുളച്ചുപൊങ്ങില്ല. എല്ലാ നേട്ടങ്ങളും സ്വകാര്യ അഹങ്കാരത്തിന്റെ ഇടങ്ങളാക്കിയവരാണവര്‍. ആവശ്യങ്ങളേക്കാള്‍ ആഗ്രഹങ്ങള്‍ക്ക് മുന്‍ഗണന നല്‍കുന്നവരാണവര്‍. അതുകൊണ്ടു തന്നെ ആര്‍ത്തി ചിന്ത അസംതൃപ്തമായ ജീവിതം മാത്രമേ ബാക്കി വെക്കുകയുള്ളൂ.
പ്രസിദ്ധ പണ്ഡിതനായ ഇമാം ഇബ്‌നുല്‍ ജൗസി ആത്മസംസ്‌കരണത്തിന് ഇങ്ങനെയൊരു ഉപദേശം നല്‍കുന്നുണ്ട്. ‘ഓരോ ദിനവും അവസാനിക്കുമ്പോള്‍ ഒരു ചോദ്യം സ്വയം ചോദിക്കണം. ഇന്നത്തെ ഓട്ടം കൊണ്ട് ഞാന്‍ എന്ത് നേടി? എന്ത് മറ്റുള്ളവര്‍ക്ക് നല്‍കി?’ ആവശ്യങ്ങളെ തിരിച്ചറിഞ്ഞ്, ആഗ്രഹങ്ങളെ നിയന്ത്രിച്ച് ജീവിക്കുന്നവര്‍ക്ക് അപരന്റെ ജീവിതത്തിലും പ്രതീക്ഷയുടെ പ്രഭ പരത്താനാവും. അപരന് വേണ്ടി ജീവിക്കുന്നവരുടെ ചോരയിലും നീരിലും മനുഷ്യത്വത്തിന്റെ കണികകളുണ്ട്. അത്തരം സുമനസ്സുകള്‍ക്കാണ് അഴകേറിയ ബന്ധങ്ങളും അര്‍ഥമുള്ളൊരു ജീവിതവുമുണ്ടായിരിക്കുക.
ആവശ്യങ്ങളും ആഗ്രഹങ്ങളുമാണ് ജീവിതത്തെ രൂപപ്പെടുത്തുന്നത്. അര്‍ഹമായത് നേടാനും അര്‍ഹതപ്പെട്ടവര്‍ക്ക് നല്‍കാനുമുള്ള സന്മനസ്സ് നമുക്കുണ്ടാവണം. എല്ലാവരും എല്ലാവര്‍ക്കും വേണ്ടി നിലകൊള്ളുമ്പോള്‍ താന്‍ മാത്രം ഒന്നിന്റെയും അവകാശിയല്ലെന്നുള്ള തിരിച്ചറിവുണ്ടാകുന്നു. കുടില തന്ത്രങ്ങളോ ആര്‍ത്തി ചിന്തയോ ഇല്ലാതെ കൂടെയുള്ളവരെ കൂടെപ്പിറപ്പുകളായി കാണുന്നവരില്‍ കരുണയും കരുതലുമുണ്ടാവും.
കുട്ടികള്‍ക്ക് നല്‍കാന്‍ വെച്ച ഭക്ഷണമല്ലാതെ മറ്റൊന്നുമില്ലാതിരുന്ന അന്‍സാരിയുടെ വീട്ടില്‍ ദരിദ്രനായ അതിഥിക്ക് ഭക്ഷണം നല്‍കിയ സംഭവം, ചരിത്രത്തിലുണ്ട്. വിളക്കണച്ചു, വീട്ടുകാര്‍ ഇരുളിന്‍ മറവില്‍ ആഹരിക്കുന്നതായി അഭിനയിച്ചു. വയര്‍ നിറയുന്ന അതിഥിയെ കണ്ട് ഒഴിഞ്ഞ വയറുമായി ആതിഥേയര്‍ ആത്മസായൂജ്യമടഞ്ഞു. സമ്പന്നത കൊണ്ട് നാം ഉദാരമതികളാവുന്നില്ല. നല്കാനുള്ള മനസ്സുണ്ടെങ്കില്‍ ധന്യതയും സമൃദ്ധിയും ജീവിതത്തില്‍ വഴിയെ വന്നുകൊള്ളും. മനനസ്സില്‍ നിന്ന് പിശുക്കിനെ പിഴുതെറിയാന്‍ സാധിച്ചവരെയാണ് അല്ലാഹു വിജയികളെന്ന് പരിചയപ്പെടുത്തിയത്. (59:9)